Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഒരു വൈദികന്‍റെ കൊലപാതകവും സത്യത്തിന്‍റെ നേരറിവും

ഒരു വൈദികന്‍റെ കൊലപാതകവും സത്യത്തിന്‍റെ നേരറിവും

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

2018 മാര്‍ച്ച് 1-ാം തീയതി ഉച്ചയൂണ് കഴിക്കുന്നതിനിടയിലാണ് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലച്ചന്‍ വിളിച്ചു പറയുന്നത്, കുരിശുമുടി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടച്ചന്‍ മലയാറ്റൂര്‍ മലയുടെ മുകളില്‍ വച്ച് കുത്തേറ്റു മരിച്ചുവെന്ന്. വാസ്തവത്തില്‍ ബോധമില്ലാതെയാണ് ഞാന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പാഞ്ഞെത്തിയത്. അപ്പോഴേയ്ക്കും അവിടെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. എങ്കിലും ഡയറക്ടറച്ചനോടൊപ്പം മോര്‍ച്ചറിയില്‍ കടക്കാന്‍ പൊലീസ് എന്നെയും അനുവദിച്ചു. സേവ്യറച്ചന്‍റെ രക്തത്തില്‍ കുളിച്ച ശരീരവും ഇടതുതുടയിലെ ആഴമേറിയ മുറിവും ഇന്ന് മനസ്സിനെ കുത്തിമുറിവേല്പിച്ചുകൊണ്ടിരിക്കുന്നു. അച്ചന്‍റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ വരുന്ന മുഖമില്ലാത്തവരും കൂടി നടത്തിയ അപവാദപ്രചരണങ്ങളും മനസ്സിനെ വല്ലാതെ മഥിച്ചു. നാടും വീടും ഉപേക്ഷിച്ച് 25 വര്‍ഷങ്ങള്‍ ജനത്തിനുവേണ്ടി ജീവിതം ഹോമിച്ച ഒരു വൈദികനോടു കാട്ടിയ ക്രൂരതയില്‍ എന്നിലെ വൈദികനെന്ന സ്വത്വം കലഹിക്കാന്‍ തുടങ്ങി. ഇവിടെ തെരുവിലെ നായ ചത്താല്‍, മേഞ്ഞു നടക്കുന്ന പശുവിന്‍റെമേല്‍ വണ്ടി കയറിയാല്‍ ചോദിക്കാന്‍ ആളുണ്ട്, പ്രസ്ഥാനങ്ങളുണ്ട്. ഇവിടെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാരന്‍ കൊല ചെയ്യപ്പെട്ടാല്‍ സംഘര്‍ഷങ്ങളും സമരങ്ങളും ഉണ്ട്. പക്ഷേ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍, അതും ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികളുടെ പിതാവായ മാര്‍ തോമാ ശ്ലീഹായുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍, ഒരു വൈദികന്‍റെ രക്തം വീണപ്പോള്‍ ആരും ചോദിക്കാനോ പറയാനോ ഇല്ലാത്ത അവസ്ഥ ഭീകരവും ദയനീയവുമാണ്. ആരോരുമില്ലാത്തവന്‍റെ ദാരുണമായ കൊലപാതകത്തിന്‍റെ സാക്ഷി കറിക്കരിയുന്ന കത്തി മാത്രം.

ജോണി എന്ന കപ്യാര്‍ മാന്യമായ വേതനം സ്വീകരിച്ച് തന്‍റെ ജോലി ചെയ്തിരുന്ന വ്യക്തി. തിരുനാള്‍ സീസണില്‍ ഏകദേശം 2.5 ലക്ഷം രൂപവരെ തിരുക്കര്‍മങ്ങളുടേതായി കപ്യാര്‍ക്കു ലഭിക്കുമായിരുന്നു. പക്ഷേ ജോണി കുടുംബ പ്രശ്നങ്ങളും മറ്റുമായി മുഴുക്കുടിയനായി മാറുകയും സ്ത്രീകളോടും മറ്റും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരാളെ എങ്ങനെ കപ്യാര്‍ ജോലിയില്‍ നിലനിര്‍ത്തും. അതുകൊണ്ടായിരിക്കണം സേവ്യര്‍ അച്ചന്‍ ഏറെ ഉപദേശങ്ങള്‍ക്കു ശേഷവും മാനസാന്തരത്തിന്‍റെ ലവലേശം പോലും കാണിക്കാത്ത ജോണിയെ കപ്യാര്‍ ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. എന്നിട്ടും 2018 ഫെബ്രുവരി മാസം വരെ ശമ്പളവും കൃത്യമായി കൊടുത്തു.

2018 ഫെബ്രുവരി മാസം 1-ാം തീയതി സേവ്യറച്ചനെ എറണാകുളത്ത് ആര്‍ച്ചുബിഷപ്സ് ഹൗസില്‍ വച്ച് കണ്ടിരുന്നു. അച്ചന്‍റെ കാറ് എതിരാളികള്‍ തല്ലിപ്പൊളിച്ചതിന്‍റെ ഫലമായി അച്ചന്‍റെ യാത്ര ബസ്സിലായിരുന്നു. എന്‍റെ കാറില്‍ എറണാകുളത്തു നിന്ന് അത്താണി വരെ അച്ചന്‍ വന്നു. ആ യാത്രയില്‍ ഉടനീളം അച്ചന്‍ എന്നോട് സംസാരിച്ചത് മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ അച്ചന്‍ വിഭാവനം ചെയ്യുന്ന വികസന പ രിപാടികളെക്കുറിച്ചും റെക്ടര്‍ ആയതിനുശേഷം അനുഭവിക്കേണ്ടി വന്ന പീഡകളെക്കുറിച്ചുമാണ്. 2006-ല്‍ മലയാറ്റൂര്‍ കുരിശുമുടി അന്തരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചതിന്‍റെ പിന്നാലെയാണ് കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് ഒരു റെക്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്. അതുവരെ കുരിശുമുടിയുടെ കാര്യങ്ങളെല്ലാം നടത്തിയിരുന്നത് മലയാറ്റൂര്‍ താഴത്തെ പള്ളിയിലെ വികാരിയും അധികാരികളുമാണ്. ലോകത്ത് ഒരിടത്തും അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രം ഒരു ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നില്ല.

സേവ്യറച്ചനോട് വ്യക്തിവൈരാഗ്യമുള്ളവരെ തെരഞ്ഞുപിടിച്ച് വാട്ട്സാപ്പ് വക്കീലുമാരുടെ അടുത്തെത്തിച്ച് അച്ചനെതിരെ വികാരം ഉണര്‍ത്തിയവരെ കണ്ടില്ലെന്നു നടിക്കണോ? മലമുകളില്‍ വച്ച് അച്ചനെ കൊന്നിട്ട് കാട്ടിലേക്ക് കടന്ന ജോണിയെ കണ്ടെത്തിയ ചെറുപ്പക്കാരുടെ പക്കലുണ്ടാകാം സത്യത്തിന്‍റെ നേരറിവ്. ഓടുവാന്‍ എളുപ്പമല്ലാത്ത ദുര്‍ഘടം പിടിച്ച ആറാംസ്ഥലത്ത് വച്ച് അച്ചനെ കുത്തിയതും അച്ചന്‍ മുകളിലേയ്ക്ക് പോയ കാര്യം കപ്യാര്‍ ജോണി കൃത്യമായി അറിഞ്ഞതും മറ്റു സാഹചര്യങ്ങളിലും ഗൂഢാലോചനയുണ്ടെന്ന് കണക്കിലെടുത്ത് അച്ചന്‍റെ കൊലപാതകം സമഗ്രമായി പൊലിസ് അന്വേഷിക്കേണ്ടതില്ലേ?

ഫുള്‍സ്റ്റോപ്പ്: കുരിശിലെ ക്ഷമയും സഹനവും പറയുമ്പോള്‍ ഓര്‍ക്കണം കുരിശില്‍ സത്യം മരിക്കുകയായിരുന്നില്ല, ഉയിര്‍ത്തേഴുന്നേല്ക്കുകയായിരുന്നുവെന്ന്.

Comments

3 thoughts on “ഒരു വൈദികന്‍റെ കൊലപാതകവും സത്യത്തിന്‍റെ നേരറിവും”

  1. Jose says:

    Ithumathiri orennam paavam Sr. Abhayakum onnu veeshaamo

  2. Salu Abraham says:

    മലയാറ്റൂർ മല തോമാശ്ലീഹായുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണെന്ന് അങ്ങ് മേൽ എഴുത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങ് പ്രതിനിധാനം ചെയ്യുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീക ഗ്രൂപ്പ് തോമാശ്ലീഹ കേരള ത്തിൽ വന്നിട്ടില്ല എന്നാണല്ലോ പറയുന്നത്. സീറോ മലബാർ വിശ്വാസ സമൂഹം കഴിഞ്ഞ നോമ്പുകാലത്ത് രണ്ട് കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഒന്ന് ഫാ.സേവ്യർ തേലക്കാട്ടിന്റെയും. രണ്ട് ,കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റേയും .ഏകാംഗ കൊലപാതകി ജയിലിലെത്തി. രണ്ടാമത്തേ കേസിലെ പ്രതികൾ ഒരുകൂട്ടം വൈദീകരും ഒരു മെത്രാനും വളരെ കുറച്ച് അത്മായരുമായിരുന്നു. വലിയ ഗണം ജയിലിലെത്തിയില്ല എന്നു മാത്രം .പുതിയ വൃക്തി ഹത്യകൾക്കായി അവർ നൂതന ആയുധങ്ങൾ പണിപ്പുരയിൽ തയ്യാറാക്കുന്ന തിരക്കിലാണ്.

  3. Steephan says:

    നൊന്തു പ്രസവിച്ച അമ്മയ്ക്കും സ്വന്തം ചോരയായ സഹോദരനും ക്ഷമിക്കാമെങ്കിൽ പിന്നെ ആർക്കാണ് ഇവിടെ ക്ഷമിച്ചുകൂടാത്തതു? വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, ചെയ്തുപോയ ഒരു തെറ്റിനെ ന്യായീകരിക്കാൻ ആയിരം തെറ്റ് ചെയണോ? ഗൂഢാലോചന പോലും..

Leave a Comment

*
*