കൊറോണ വൈറസ് മനസ്സിലും മാധ്യമങ്ങളിലും

"സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല" (മത്താ. 24:34). ക്രൈസ്തവ കുടുംബങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ വി. ജോസഫിനോടുള്ള മാസവണക്ക പുസ്തകത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ട്. ഈ പുസ്തകത്തിലും അതുപോലെ മേയ് മാസത്തിലെ മാതാവിന്‍റെ മാസവണക്ക പ്രാര്‍ത്ഥനാപുസ്തകത്തിലും ദൃഷ്ടാന്ത വായനകള്‍ ഉണ്ടാകാറുണ്ട്. അവയില്‍ നിന്നാണ് മഹാമാരികളെക്കുറിച്ചും വിശുദ്ധനോട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള കഥകള്‍ ആദ്യമായ് കേട്ടത്. കേട്ടറിവു മാത്രമുണ്ടായിരുന്ന മഹാമാരി എന്താണെന്ന് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാനില്‍നിന്നും പുറപ്പെട്ട കൊറോണ വൈറസ് ഇതിനകം 102 രാജ്യങ്ങളില്‍ മരണമണവുമായി എത്തിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടന കോവിഡ്-19 മൂലമുള്ള വൈറല്‍ രോഗത്തെ ലോകമെങ്ങും ബാധിച്ച പകര്‍ച്ചവ്യാധിയായി അഥവാ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോഴാണ് ലോകം എത്ര ചെറുതാണെന്നും രോഗം എത്ര വലുതാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാവുന്നത്. ഭൂലോകത്തെ മുഴുവന്‍ ഒരു ആഗോളഗ്രാമമായി ആദ്യം ഭാവനയില്‍ കണ്ട മാര്‍ഷല്‍ മക്ലുഹാന്‍റെ "മാധ്യമം ഒരു ഉഴിച്ചില്‍" (The Medium is the Massage) എന്ന പുസ്തകത്തില്‍ ലോകത്തെ മുഴുവന്‍ കേവലം മനുഷ്യശരീരമായും മാധ്യമങ്ങളെ അതിന്‍റെ കേന്ദ്രനാഡീവ്യൂഹവുമായാണ് ചിത്രീകരിച്ചത്. ഇത് എത്ര സത്യമാണെന്ന് ഇന്ന് കൊറോണ വൈറസ് ബാധ തെളിയിച്ചിരിക്കുന്നു. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ മീന്‍ചന്തയില്‍നിന്നും പട പുറപ്പാട് നടത്തിയ കൊറോണ വൈറസിനെ ചെറുക്കാന്‍ അമേരിക്കയുടെ അത്യാധുനിക ടെക്നോളജിക്കോ ബഹിരാകാശം കീഴടക്കിക്കൊണ്ടിരിക്കുന്ന ലോകശക്തികള്‍ക്കോ ലോകത്തിലെ അത്യാധുനികമായ ലാബുകള്‍ക്കോ സാധിച്ചിട്ടില്ല. ഇതുവരെ ഈ ചെറിയ വൈറസിനെ തടുക്കുവാനുള്ള പ്രതിരോധമരുന്ന് മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല. ഇതിനകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 4300-ല്‍ കവിഞ്ഞു.

കത്തോലിക്കരുടെ കേന്ദ്രമായ വത്തിക്കാനും മുസ്ലീമുകളുടെ പുണ്യസ്ഥലങ്ങളായ മക്കയും മദീനയും ഹൈന്ദവരുടെ പ്രസിദ്ധമായ ക്ഷേത്രപരിസരങ്ങളും ശൂന്യമായി. ലോകത്തിലെ ത്രസിപ്പിക്കുന്ന പല സ്പോര്‍ട്ട്സ് മേളകളും ഒഴിവാക്കി. ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളങ്ങള്‍ കാലിയായി. ആത്യാധുനിക ലോകത്തിന്‍റെ പൊക്കിള്‍ക്കൊടി ബന്ധങ്ങളായ ഫെയ്സ്ബുക്കും ആമസോണും അവരുടെ ഓഫിസുകള്‍ അടച്ചുപൂട്ടി. മനുഷ്യന്‍ ഒറ്റപ്പെട്ടു. മരണഭയത്താല്‍ രോഗികളായവരെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ അവരുടെ മുറികളില്‍ തന്നെ സീലു ചെയ്ത് മരിക്കാന്‍ വിടുകയും ചെയ്യുന്ന ചില ക്ലിപ്പുകള്‍ കണ്ടപ്പോള്‍ പണ്ട് വസൂരി വന്നപ്പോള്‍ പലരെയും ജീവനോടെ കുഴിച്ചിട്ട കഥകള്‍ പറഞ്ഞ എന്‍റെ അപ്പച്ചനെ ഓര്‍ത്തുപോയി.

ഇന്ന് സോഷ്യല്‍ മീഡിയായും വാര്‍ത്താ വിനിമയ സംവിധാനങ്ങളും ശക്തമായതു കൊണ്ടല്ലേ ഇത്രയെങ്കിലും ജാഗ്രത പുലര്‍ത്താന്‍ പറ്റുന്നതെന്ന ചിന്ത പോസിറ്റീവാണ്. പക്ഷേ, ചൈനയില്‍നിന്നും ആയിരക്കണക്കിനു കിലോ മീറ്ററുകള്‍ അകലെയുള്ള രാജ്യങ്ങളിലെ ജനങ്ങളുമായി ചൈനീസ് മാര്‍ക്കറ്റിന് ഒരു ദിവസത്തെ പോലും അകലമില്ലാത്തതിനാലല്ലേ വുഹാനില്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഈ രോഗം ലോകത്തിലെങ്ങും എത്തിയത് എന്ന എതിര്‍ചിന്തയുമുണ്ട്.

കൊറോണ വൈറസ് വായുവിലൂടെയല്ല പടരുന്നത് മറിച്ച് സ്പര്‍ശത്തിലൂടെയാണ്. കൊറോണയേക്കാള്‍ വലിയ വൈറസായി മാറിയത് സ്പര്‍ശത്തിന്‍റെ ആധുനിക പര്യായമായ സോഷ്യല്‍ മീഡിയായിലൂടെ പടരുന്ന അപക്വമായ പ്രതികരണങ്ങളും പ്രവചനങ്ങളും രോഗാതുരമായ തെറ്റിദ്ധാരണകളുമല്ലേ. മതമാണോ ശാസ്ത്രമാണോ വലുത് എന്ന സംവാദത്തിനായും പെന്തകൊസ്ത്-കരിസ്മാറ്റിക് പ്രാര്‍ത്ഥനക്കാരെ കണക്കിനു കളിയാക്കാനും പ്രാര്‍ത്ഥനകളെയും മതപരമായ വിശ്വാസങ്ങളെയും അവഹേളിക്കാനുള്ള ഉപകരണമാക്കി കൊറോണ വൈറസിനെ മാറ്റുന്നവര്‍ക്കും വേണം മരുന്ന്. അന്ധവിശ്വാസത്തിലുടെയും അയുക്തിപരമായ ആചാരങ്ങളിലൂടെയും മനുഷ്യനെ മാനസിക രോഗിയാക്കി മനുഷ്യന്‍റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്യുന്ന പ്രസ്ഥാനക്കാര്‍ക്കും വേണം ആന്‍റിവൈറസ് പ്രതിവിധി.

ഫുള്‍സ്റ്റോപ്പ്: ചുംബനങ്ങള്‍ക്കും ആലിംഗനങ്ങള്‍ക്കും മാര്‍ക്കറ്റ് കുറഞ്ഞപ്പോള്‍ എല്ലാവരുമായും നിശ്ചിതമായ അകലത്തില്‍നിന്നു കൊണ്ടുള്ള ഭാരതത്തിന്‍റെ നമസ്തേ ചൊല്ലല്‍ കൊറോണ പകരാതിരിക്കാനുള്ള അടയാളമായി മാറി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org