ഫ്രാന്‍സിസ് മാര്‍പാപ്പയെ നാം മനസ്സിലാക്കുന്നുണ്ടോ?

Published on

2019 മാര്‍ച്ച് 13. ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ സാരഥ്യം ഏറ്റെടുത്തിട്ട് ആറു വര്‍ഷം പൂര്‍ത്തിയാക്കി. ലോകം ഇതുവരെ കണ്ട മാര്‍പാപ്പമാരില്‍ നിന്നും ഏറെ വ്യത്യസ്തനാണ് അര്‍ജന്‍റീനക്കാരനായ ജോര്‍ജ് ബര്‍ഗോളിയോ. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ലോകമെങ്ങുമുള്ളവരോട് അദ്ദേഹം ഹൃദയത്തിന്‍റെ ഭാഷയിലാണ് സംവദിച്ചുകൊണ്ടിരിക്കുന്നത്. അതു മനസ്സിലാക്കാന്‍ വലിയ ദൈവശാസ്ത്ര പഠനമോ തത്ത്വശാസ്ത്ര പശ്ചാത്തലമോ ആവശ്യമില്ല. അത്രയ്ക്ക് ലളിതമായാണ് ദൈവവചനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യഖ്യാനിക്കുന്നത്. കേള്‍ക്കുന്നതുപോലെ പ്രായോഗികമാക്കാന്‍ അത്ര എളുപ്പമല്ല. അതിന് അപാരമായ കരുത്തു വേണം.

സഭയ്ക്കുള്ളില്‍ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ കൊണ്ടുവന്ന മാറ്റങ്ങള്‍ ഈടുറ്റ ആദ്ധ്യാത്മികതയുടെ സാക്ഷ്യമാണ്. ഇതുവരെ മാര്‍പാപ്പമാര്‍ താമസിച്ചിരുന്ന മുറി ഉപേക്ഷിച്ച് സാന്താ മാര്‍ത്തായില്‍ ചെന്ന് താമസിക്കുന്നതുതന്നെ വിപ്ലവമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് എത്രമാത്രം തുറവി ആവശ്യമാണോ അത്രമാത്രം തുറവിക്കുള്ള ഇടം ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്നുണ്ട്. പക്ഷേ, സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട സഭയുടെ ഘടനയ്ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അത്ര എളുപ്പമല്ല. അതിനു ശക്തമായ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്‍റെ വാര്‍ഷിക വേളയിലാണ് മാര്‍പാപ്പയുടെ ചില വചനങ്ങള്‍ ഒരു വൈദികന്‍ പള്ളിയില്‍ കുര്‍ബാന മധ്യേ ആവര്‍ത്തിച്ചു പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പ 2019 മാര്‍ച്ച് 7 ന് പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ പൊതുകൂടികാഴ്ചയുടെ സമയത്താണ് വിശുദ്ധ കുര്‍ബാന പണം കൊടുത്ത് ക്രമീകരിക്കുന്ന രക്ഷയല്ലെന്നു വിശദീകരിച്ചത്. മാര്‍പാപ്പ പറഞ്ഞു, "നിങ്ങള്‍ കുര്‍ബാനയ്ക്ക് ഒന്നും തന്നെ നല്കേണ്ടതില്ല. ക്രിസ്തുവിന്‍റെ ബലി എല്ലാവര്‍ക്കും സൗജന്യമാണ്. രക്ഷ സൗജന്യമാണ്. നിങ്ങള്‍ എന്തെങ്കിലും ദാനമായി നല്കുകയാണെങ്കില്‍ അതു ചെയ്തോളു. നിങ്ങള്‍ പണം കൊടുത്തുവാങ്ങുന്നതല്ല ക്രിസ്തുവിന്‍റെ രക്ഷ." ഇവിടെയാണ് പ്രശ്നം. മാര്‍പാപ്പ പറഞ്ഞത് എന്ത്? നാം മനസ്സിലാക്കിയത് എന്ത്? മാര്‍പാപ്പ ഉദ്ദേശിച്ചത് ചിലര്‍ കുര്‍ബാനയ്ക്ക് പണം കൊടുത്ത് ഏല്പിച്ചാല്‍ തങ്ങളുടെ അപ്പനോ അമ്മയ്ക്കോ അതുവഴി രക്ഷ ലഭിക്കുമെന്നാണ് ചിന്തിക്കുന്നത്. അതു ശരിയല്ല. അങ്ങനയല്ലെ. നിങ്ങള്‍ കുര്‍ബാനയില്‍ പങ്കുകാരായിക്കൊണ്ടുവേണം ദൈവം ക്രിസ്തുവിന്‍റെ ബലിയിലൂടെ നമുക്കു നല്കിയ രക്ഷയുടെ ഫലം മരിച്ചുപോയവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും നല്കേണ്ടത്. അല്ലാതെ ഞാന്‍ നല്കുന്ന പണമല്ല രക്ഷ പ്രദാനം ചെയ്യുന്നത്. യേശുക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിക്ക് ഒരിക്കലും വിലയിടാന്‍ പറ്റില്ല. കുര്‍ബാന പണത്തിന്‍റെ ഇടപാടല്ല.

മാര്‍പാപ്പയെ നാം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. സഭയില്‍ ഇപ്പോഴുള്ള സംവിധാനത്തില്‍ കുര്‍ബാനയ്ക്ക് പണം നിശ്ചയിച്ചിട്ടുണ്ട്. അതു കുര്‍ബാനയുടെ രക്ഷാകരമായ ഫലത്തിന്‍റെ അളവനുസരിച്ചുള്ള പണമല്ല. മറിച്ച് തരുന്നയാളുടെ മനോഗതമനുസരിച്ച് എന്തെങ്കിലും ഒരു വഴിപാട് എന്ന നിലയില്‍ മാത്രമാണ് കരുതേണ്ടത്. ആളുകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അതിനു നിയതമായ രീതികള്‍ സംവിധാനം ചെയ്തിരിക്കുന്നുവെന്നു മാത്രം. അതില്‍ കച്ചവട മാനദണ്ഡമില്ല.

കുര്‍ബാനയുടെ കാര്യത്തിലായാലും മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലാണെങ്കിലും സഭയ്ക്കുള്ളില്‍ ഘടനാപരമായ മാറ്റം വരുത്താതെ ചില കാര്യങ്ങള്‍ മാര്‍പാപ്പയോ ഒരച്ചനോ പറഞ്ഞതുകൊണ്ടു മാറുകയില്ല. മാറ്റത്തെ ഭയപ്പെടുന്നവര്‍ സഭയ്ക്കുള്ളില്‍ തന്നെയുണ്ട്. അതിനാലാണ് ചിലിയിലെ മെത്രാന്മാരുടെ കേസിലും അമേരിക്കന്‍ കര്‍ദിനാള്‍ മക്കാരിക്കിന്‍റെ കാര്യത്തിലും സഭയ്ക്കുള്ളിലെ വലതുപക്ഷ തീവ്രവാദികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തന്നെ പരസ്യമായി വിമര്‍ശിച്ചത്. പൗരോഹിത്യമേധാവിത്വത്തിനെതിരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍. സഭ സൗന്ദര്യമുള്ളവര്‍ക്കും നന്മചെയ്യുന്നവര്‍ക്കുമുള്ള ഒരു രാജ്യാന്തര ക്ലബല്ലായെന്നും, പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പാവങ്ങളുടെ സഭയാണെന്നുമാണ് പരിശുദ്ധ സിംഹാസനത്തില്‍ ഇരുന്ന നിമിഷം മുതല്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നത്. സഭയ്ക്കുള്ളിലെ ഏതു പ്രശ്നത്തെ പറ്റിയും തുറന്നു ചര്‍ച്ച ചെയ്യാനും ഈ മാര്‍പാപ്പ തയ്യാറാണ്. ഒന്നും ഒളിച്ചു വയ്ക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. യൂറോപ്പിലെ നവോത്ഥാനത്തിന്‍റെ 500-ാം വാര്‍ഷികാഘോഷത്തില്‍ ഒരു ലൂഥറന്‍ ബിഷപ്പിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ വേദി പങ്കിട്ടതും, ഇമാം അല്‍-അഷാറുമായി നടത്തുന്ന മതാന്തരസംഭാഷണവും മറ്റും യാഥാസ്ഥികരുടെ നെറ്റിചുളിപ്പിക്കുന്നതാണ്. പക്ഷേ, ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്‍റെ ഹൃദയത്തില്‍ ഇതിനകം നന്മയുടെയും സത്യത്തിന്‍റെയും ധാര്‍മികതയുടെയും ആള്‍രൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശക്തി ജനങ്ങളെ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന അജപാലകന്‍റെ ഹൃദയമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org