യുദ്ധം ഒരു ക്രൈംത്രില്ലര്‍ സിനിമയല്ല

എല്ലാ ചാനലുകളിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരു ക്രൈം ത്രില്ലര്‍ ആസ്വദിക്കുന്നതുപോലെ ഇന്ത്യയുടെ മിഗ്വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ ചിത്രീകരണങ്ങളില്‍ നാം രസിക്കുകയാണ്. എല്ലാവരും ദേശസ്നേഹം എന്ന ഒരൊറ്റ വാക്കില്‍ വൈരുദ്ധ്യങ്ങളും വ്യത്യസ്തതകളും മറന്ന് ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധം എന്നു കൊട്ടിഘോഷിക്കുന്നു. ഇലക്ഷന്‍ യുദ്ധത്തിനു കോപ്പുകൂട്ടി നിന്നവരൊക്കെ ഓരൊറ്റ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഫലമായി പാക്കിസ്ഥാനു നേരെ യുദ്ധം എന്നാക്രോശിച്ച് പ്രധാനമന്ത്രി മോദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. എങ്ങും എവിടെയും ജാഗ്രത, സുരക്ഷ, മിസ്സൈലുകള്‍, വ്യോമസേന, യുദ്ധത്തിനായുള്ള 'സ്റ്റാറ്റര്‍ജി' എന്നീ പദങ്ങള്‍ അടക്കി വാഴുന്നു. നാടിനെ കാക്കുന്ന ജാവന്മാരോടുള്ള സ്നേഹവും യുദ്ധത്തിന്‍റെ ത്രില്ലും വര്‍ദ്ധിക്കുന്നു. എല്ലായിടത്തും ആകാശത്തില്‍ പറന്നുയരുന്ന ഇന്ത്യയുടെ യുദ്ധവിമാനങ്ങളുടെ വേഗതയ്ക്കും അക്രമണ ശക്തിക്കും സ്തുതിയും പുകഴ്ചയും നേരുന്നു. യുദ്ധം എല്ലാത്തിനും പരിഹാരമാണോ എന്ന് ചിന്തിക്കുന്നതുപോലും അപകടകരമാണെന്ന് തോന്നിക്കുന്ന അവസരത്തില്‍ സമാധാനത്തിനായി ദാഹിക്കുന്നവര്‍ക്ക് ദ ഹിന്ദു പത്രത്തില്‍ സിവ് വിശ്വനാഥന്‍റെ "Think like a civilisation"-"സംസ്കാരസമ്പന്നതയോടെ ചിന്തിക്കുക" എന്ന ലേഖനം ഏറെ ആശ്വാസമായി. സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും രാജ്യദ്രോഹമാണെന്ന് പറയുന്ന കാലത്ത് ഭയമില്ലാതെ സമാധാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ഭാഷയില്‍ ഇന്ത്യ-പാക്ക് ബന്ധത്തെക്കുറിച്ചും ജനാധിപത്യമര്യാദയെക്കുറിച്ചും അതിന്‍റെ സ്റ്റാറ്റര്‍ജിയെക്കുറിച്ചും എഴുതിയിരിക്കുന്നു.

ഇന്ത്യ ലോകത്തില്‍ അറിയപ്പെടുന്നത് സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും പേരിലാണ്. ശത്രു രാജ്യത്തെ അക്രമിക്കാന്‍ യുദ്ധോപകരണങ്ങളും പട്ടാളക്കാരുമുള്ള ഏതൊരു രാജ്യത്തിനും സാധിക്കും. പക്ഷേ സമാധാനത്തിനും സൗഹൃദത്തിനും പരസ്പര സംഭാഷണത്തിനും ശ്രമിക്കുവാന്‍ ജനാധിപത്യമൂല്യങ്ങളും സംസ്കാരസമ്പന്നതയുടെ ഉള്‍ക്കരുത്തുമുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. പ്രതിസന്ധിയുടെയും യുദ്ധങ്ങളുടെയും കൂരാക്കൂരിരുട്ടില്‍ ലോകത്തിന്‍റെ മുമ്പില്‍ പ്രകാശഗോപുരങ്ങളായി വര്‍ത്തിച്ച ഗൗതമ ബുദ്ധന്‍റെയും, ഗുരുനാനാക്കിന്‍റെയും, കബീറിന്‍റെയും, ഗാഫര്‍ ഖാന്‍റെയും മഹാത്മഗാന്ധിയുടെയും കാലടിപ്പാടുകള്‍ പതിഞ്ഞ ഇന്ത്യയ്ക്കു മാത്രമേ വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുകയുള്ളൂ. സമാധാനത്തിനുവേണ്ടിയുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്തേണ്ട രാഷ്ട്രനേതാക്കളെയാണ് ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അന്തരാത്മാവ് ആഗ്രഹിക്കുന്നത്. പാക്കിസ്ഥാന്‍ നമ്മുടെ ശത്രുവല്ല, നമ്മുടെ സഹോദരങ്ങള്‍ വസിക്കുന്ന അയല്‍രാജ്യമാണ്. ഇത്തരം ചിന്തയ്ക്ക് ഇടം കൊടുക്കാന്‍ പറ്റിയ സമയമല്ലായെന്ന് ചിന്തിക്കുമ്പോഴും അങ്ങനെ ചിന്തിക്കുന്നതല്ലേ എല്ലാവര്‍ക്കും നല്ലതെന്ന് തോന്നുന്നു. ചരിത്രത്തിലെന്നെങ്കിലും യുദ്ധം കൊണ്ട് യുദ്ധത്തെ ജയിക്കാന്‍ സാധിച്ചിട്ടുണ്ടോ? നമ്മെ ആക്രമിച്ചവരെ തിരിച്ചാക്രമിക്കാന്‍ വേണ്ട ശക്തിയേക്കാള്‍ എത്രയോ അധികം ശക്തി വേണം ശത്രുവിനോട് അനുരഞ്ജനപ്പെടാന്‍. ആ ശക്തിയല്ലേ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശക്തിയെന്നു ചിന്തിക്കുന്നത് എത്ര കുലീനമാണ്.

ദേശസ്നേഹത്തിനേക്കാളും ഉത്തരവാദിത്വമുള്ള കാര്യമാണ് സമാധാനയജ്ഞം എന്നത്. വിശ്വനാഥന്‍ എഴുതുന്നു, "ചരിത്രമെടുത്തു നോക്കിയാല്‍ ജര്‍മ്മനിയെപ്പോലെയോ, വിയറ്റ്നാമിനെപ്പോലയോ, റഷ്യയെ പോലെയോ ചരിത്രത്തില്‍ ഇ ന്ത്യ ഒരിക്കലും ഒരു രാജ്യമെന്ന നിലയില്‍ യുദ്ധം എന്താണെന്ന് അനുഭവിച്ചിട്ടില്ല. ഇവിടെ യുദ്ധം കേവലം ട്രാഫിക്ക് നിയന്ത്രണത്തിലേക്ക് മാത്രം ഒതുങ്ങിയേക്കാം. നമുക്കു യുദ്ധം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ മാത്രമാണ്." ആധുനികമായ യുദ്ധം എന്നു പറയുന്നത് പോലും അതിഭീകരതയിലേക്ക് നമ്മെ നയിച്ചേക്കാമെന്നത് മറ്റൊരു സത്യം. അതിന്‍റെ ആധുനിക ഭാഷ നമ്മുടെ വ്യവഹാരങ്ങളില്‍ സുരക്ഷ എന്ന പദമാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കായ് ഓരോ ബജറ്റിലും മാറ്റിവയ്ക്കുന്ന തുകയുടെ വലിപ്പം യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ഏറെ ആകര്‍ഷണീയമാണ്. അവര്‍ രാജ്യങ്ങളുടെ അതിര്‍ത്തികളിലും രാജ്യങ്ങള്‍ക്കുള്ളില്‍ പോലും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പരസ്പരം യുദ്ധത്തിനു പ്രേരിപ്പിക്കുന്നതു കച്ചവടതന്ത്രമാണ്. ഇന്ത്യന്‍ രാഷ്ട്രസമൂഹത്തിന്‍റെ ഏറ്റവും സുന്ദരമായ വിശേഷണം ബഹുസ്വരതയും ജനാധിപത്യവുമാണ്. യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മാറിചിന്തിക്കുന്ന ഇന്ത്യയ്ക്കു മാത്രമേ വ്യത്യസ്തകളുള്ള ഒരു ലോകശക്തിയായി മാറാന്‍ സാധിക്കുകയുള്ളൂ.

ഫുള്‍സ്റ്റോപ്പ്: പാക്കിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന ദേശരാഷ്ട്രമായി മാറുമ്പോള്‍, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും അബ്ദുള്‍ ഗാഫര്‍ഖാനും നെയ്തെടുത്ത സംസ്കാരസമ്പന്നതയുടെ സ്വപ്നങ്ങള്‍ ഇന്ത്യയ്ക്ക് ഉപേക്ഷിക്കാന്‍ സാധിക്കുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org