Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഉഗ്രസ്ഫോടനത്തിനു നടുവിലും സമാധാനത്തിന്‍റെ സംഗീതം

ഉഗ്രസ്ഫോടനത്തിനു നടുവിലും സമാധാനത്തിന്‍റെ സംഗീതം

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

മാര്‍ക്ക് യോര്‍ഗന്‍മയറിന്‍റെ “ദൈവത്തിന്‍റെ കണ്ണിലെ ഭീകരത” എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ തീവ്രവാദത്തിന്‍റെ ഭീകരത ലോകമനസ്സാക്ഷിയില്‍ തന്നെ പേടിസ്വപ്നമാക്കാന്‍ മത തീവ്രവാദികള്‍ പലപ്പോഴും ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന സ്റ്റേജും സമയവും കണ്ടെത്തുന്നു. ക്രൈസ്തവര്‍ അവരുടെ വിശ്വാസജീവിതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍ ശ്രീലങ്കയില്‍ ഒരേസമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമായി നടത്തിയ വിസ്ഫോടനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 359 ആയി. ദൈവനാമത്തില്‍ ചെയ്യുന്ന ഭീകരതയുടെ മറ്റൊരു രക്തച്ചൊരിച്ചല്‍കൂടി ലോകത്തെ ഞെട്ടിപ്പിച്ചു. മരിച്ചവരില്‍ മതത്തെക്കുറിച്ചോ ഭീകരതയെക്കുറിച്ചോ യാതൊന്നുമറിയാത്ത 45 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന സത്യം സുമനസ്സുകളുടെ തേങ്ങലുകളില്‍ രോഷം പകരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ദേശീയ തൗഹിത് ജമാ അത്ത് എന്ന ഭീകര സംഘടനയ്ക്കാണ് തുടക്കത്തില്‍ വച്ചുകൊടുത്തതെങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം മതത്തിന്‍റെ പേരില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. എന്തിനു വേണ്ടി ഇത് ശ്രീലങ്കയില്‍ ചെയ്തു എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരമായിട്ടില്ല. ഈസ്റ്റര്‍ രാത്രിയില്‍ ഒരേസമയത്ത് മൂന്നു ക്രൈസ്തവ പള്ളികളിലും മൂന്നു ഹോട്ടലുകളിലുമായിട്ടാണ് ഭീകാരക്രമണത്തിന്‍റെ അരുംകൊല അരങ്ങേറിയത്. കൊളംബോയുടെ വടക്കു ഭാഗത്തു നിന്നും 20 മൈല്‍ അകലെയുള്ള നെഗംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ഏറ്റവും മാരകമായ പ്രഹരമുണ്ടായത്, അവിടെ 100 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ശ്രീലങ്കയുടെ കിഴക്കെ തീരത്തുള്ള വെട്ടിക്കോലാവോയിലെ സീയോന്‍ പള്ളിയിലെ പൊട്ടിത്തെറിയില്‍ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊളംബോയിലെ സെന്‍റ് ആന്‍റണീസ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ ചോരപ്പുഴയാണ് ഒഴുകിയത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവിടെ എത്ര പേര്‍ മരിച്ചെന്ന് ഇതുവരെ കണക്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൊളംബോയിലെ തന്നെ ഷന്‍ഗ്രില, സിനമെന്‍ ഗ്രാന്‍റ്, കിംഗ്സ്ബെറി എന്നീ ഹോട്ടലുകളിലാണ് മറ്റു പൊട്ടിത്തെറികള്‍ നടന്നത്.

ഇന്ത്യക്കാരും അമേരിക്കക്കാരും ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഈ കൊടുംഭീകരതയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ ഒരു സംഘടനയാണ് തൗഹിത്ജമാഅത്ത് ഇസ്ലാം എന്ന ഭീകരവാദികളുടെ സംഘടന. ഇതിനു മുമ്പ് ബുദ്ധമതക്കാരുടെ ഏതാനും പ്രതിമകള്‍ ഇവര്‍ അശുദ്ധമാക്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ഇവരുടെ പേരില്‍ ശ്രീലങ്കയില്‍ ചെയ്തിട്ടില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. പക്ഷേ വര്‍ഷങ്ങളുടെ ആസൂത്രണ പദ്ധതിയില്ലാതെ, ഐ.എസ്. പോലുളള തീവ്രവാദി സംഘടനകളുടെ സഹായം കൂടാതെ തൗഹിത്ജമാ അത്തിന് ഇത്രയും ശാസ്ത്രീയമായും കൃത്യമായും ഒരേ സമയം ആറ് സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്തനാവില്ല എന്നത് വാസ്തവമാണ്. ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിഭാഗം ശ്രീലങ്കന്‍ സര്‍ക്കാരിന് ഭീകരാക്രമണത്തെക്കുറിച്ച് പല പ്രാവശ്യം താക്കീത് നല്കിയിട്ടും അത് ഗൗരവമായി എടുത്ത് സരുക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താതെ പോയ ശ്രീലങ്കന്‍ സര്‍ക്കാരിനും ഈ അരുംകൊലയില്‍ നിന്നും കൈ കഴുകാനാവില്ല.

ആത്മഹത്യാ ബോംബുകളായി ആക്രമണം നടത്തിയവരുടെ പേരുകള്‍ തെളിഞ്ഞു വരുന്നതൊടൊപ്പം ഏകദേശം 60 ഓളം പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മദ്ധ്യവര്‍ഗത്തില്‍ പെട്ട കുടുംബങ്ങളില്‍ നിന്നുള്ള നല്ല വിദ്യാഭ്യാസവും ടെക്നോളജയിലും മറ്റും പരിചയസമ്പന്നരുമായ ശ്രീലങ്കക്കാരെതന്നെയാണ് ഐ.എസ്. ചാവേറുകളായി ഉപയോഗിച്ചത്. ന്യൂസിലന്‍ ലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്കുകളില്‍ നടന്ന വെടിവയ്പിന്‍റെ പ്രതികാരമായിട്ടാണ് ശ്രീലങ്കയില്‍ ഇത്തരം ക്രൂരതയുടെ സ്റ്റേജ് ഷോ നടത്തിയതെന്ന ഐഎസിന്‍റെ വാദമാകട്ടെ പകരത്തിനു പകരം എന്ന തത്ത്വത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് ലോകത്തില്‍ എന്തെങ്കിലും ശാന്തിയോ സമാധാനമോ കിട്ടുമെന്നു പ്രതീക്ഷിക്കരുത്. പ്രകോപനങ്ങള്‍ ഉണ്ടാക്കി ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും നീതിപൂര്‍വകമായ ഭരണത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം ഭീകരപ്രവര്‍ത്തനത്തെ ലോകം ഒന്നടങ്കം ചെറുത്തു തോല്പിക്കേണ്ട സമയമാണിത്.

ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ വധിക്കപ്പെട്ടവരുടെ പേരില്‍ ലോകത്തില്‍ യുദ്ധങ്ങള്‍ക്കും മതങ്ങളുടെ പേരിലു ള്ള സംഘര്‍ഷത്തിനും പരിഹാരം കണ്ടെ ത്താന്‍ ലോകം ഒന്നടങ്കം കരുതലോടെ പ്രവര്‍ത്തിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലവിളി ലോകമനസ്സാക്ഷിയിലെ മുറിവുകളെ സുഖപ്പെടുത്തട്ടെ.

ഫുള്‍സ്റ്റോപ്പ്: സംഘര്‍ഷങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ഒരിക്കലും ഒന്നിനും പരിഹാരമല്ല. യഥാര്‍ത്ഥ സമാധാനം പരസ്പര സംഭാഷണത്തിനുള്ള ഇച്ഛാശക്തിയില്‍ നിന്നേ ഉയിര്‍ക്കൊള്ളുകയുള്ളൂ.

Leave a Comment

*
*