പട്ടിണിയും ചിന്താദാരിദ്ര്യവും കൂടിക്കലരുന്ന ഇന്ത്യ

കോവിഡ്-19 നെ ഭയന്ന് സ്വന്തം ഭവനങ്ങള്‍ താണ്ടുന്ന അതിഥി തൊഴിലാളികളുടെ ദുരിതകാഴ്ചകളാണ് പോയവാരത്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ സുമനസ്സുകളുടെ കരളലിയിപ്പിച്ചത്. ഡല്‍ഹിയില്‍നിന്നും ഗുജറാത്തില്‍ നിന്നും മറ്റും സ്വന്തം നാട്ടിലേയ്ക്ക് കാല്‍നടയായി പോയവരുടെ ദുരിതങ്ങള്‍ ഭീകരമാണ്. നല്ലവഴി തേടിയും ദിശമാറാതിരിക്കാനും റെയില്‍വേയിലൂടെ യാത്ര ചെയ്ത നിരക്ഷരരായ പട്ടിണിപാവങ്ങളുടെ മേല്‍ ട്രെയിന്‍ കയറി മരിച്ച വാര്‍ത്തകളും വേറെ. കൊറോണ വൈറസിനെ അതിവിദഗ്ധമായി കൈകാര്യം ചെയ്തുവെന്ന് നിരന്തരം പത്രസമ്മേളനം നടത്തി പറയുന്ന നരേന്ദ്രമോദിയും കൂട്ടരും പക്ഷേ ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ കണ്ണീരിനെ ശ്രദ്ധിക്കുന്നു പോലുമില്ല. അവര്‍ മരിച്ചാലെന്ത്, ജീവിച്ചാലെന്ത്. നമുക്ക് അവരുടെ വോട്ടു മാത്രം മതി. അത് ആ സമയത്ത് കുറച്ച് പണം നല്കി വാങ്ങിക്കാവുന്നതേയുള്ളു. പട്ടിണിപാവങ്ങളെ എന്നും ദരിദ്രരായി നിലനിര്‍ത്തി പട്ടണത്തെരുവുകളില്‍ കുടിപാര്‍പ്പിച്ച് കോര്‍പ്പറേറ്റുകളുടെ കെട്ടിടങ്ങളും മറ്റും പണിയാനുള്ളതല്ലേ. അത്തരം പണിക്ക് ആളില്ലാതാകരുതല്ലോ. വാസ്തവത്തില്‍ കേന്ദ്രത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇന്ത്യയിലെ കോടിക്കണക്കിനു ദരിദ്ര നാരായണന്മാരുടെ ഉന്നതിക്കു വേണ്ടി ഗ്രാമതലങ്ങളില്‍ എന്തു വികസനങ്ങള്‍ വരുത്തി എന്ന ചോദ്യത്തിനു ഇന്നും ഉത്തരമില്ല. അവരുടെ ദുരിതങ്ങളെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ പോലും അവരുടെ ജീവിതാവസ്ഥ ഉയര്‍ത്തുവാന്‍ ക്രിയാത്മകമായ റിപ്പോര്‍ട്ടിംഗ് നടത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ അതിനും മറുപടിയില്ല. ഉത്തരേന്ത്യയില്‍ പട്ടിയും പശുവും റോഡില്‍ ചത്താല്‍ ചോദിക്കാന്‍ ആളുണ്ടായാലും ഈ പാവങ്ങള്‍ മരിച്ചാല്‍ അവരെ മാന്യമായ് കുഴിച്ചിടാന്‍ പോലും ആരും മുതിരില്ല. അത് അവരുടെ വിധി എന്നാണ് വിലയിരുത്തല്‍.

കോവിഡ്-19 നെ പ്രതിരോധിക്കാനും പ്രതിസന്ധിയിലായ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താനും ഇന്ത്യ 20 ലക്ഷം കോടി രൂപ മാറ്റി വച്ചിരിക്കുന്നു എന്നു പറയുമ്പോഴും മേല്‍പറഞ്ഞ പാവങ്ങളുടെ കാര്യത്തില്‍ എന്ത് നടപടി എന്നതിന് ഉത്തരമില്ല. മൊബൈല്‍ ഫോണ്‍ പോലും മര്യാദയ്ക്ക് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് എങ്ങനെ സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ പദ്ധതികളുടെ മെച്ചം ലഭിക്കും? കീലോമീറ്ററോളം നടന്ന് കാലു തേഞ്ഞ് പൊട്ടി ഈച്ചയാര്‍ക്കുന്ന മുറിവുകളുമായി തൊങ്ങി തൊങ്ങി നടക്കുന്ന കുട്ടികളുടെ ദുരിത പൂര്‍ണമായ ചിത്രങ്ങളും വിഡീയോകളും മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും കാണുന്നുണ്ടോ? അറിയില്ല. അറിയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ മൊത്തം ജി.ഡി. പി. യുടെ 10 ശതമാനമാണ് 20 ലക്ഷം കോടി എന്നു പറയുമ്പോള്‍ അത് പാക്കിസ്ഥാന്‍റെ ജി.ഡി.പി. യുടെ 83 ശതമാനമാണ് എന്ന് പോസ്റ്റിട്ട ഹിന്ദുത്വവാദിയുടെ പൊങ്ങച്ചം. ഇത് മഹാദുരന്തമാണ്. കാരണം കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ ശ്രിലങ്കയും പാക്കിസ്ഥാനും എന്തിനേറെ നമ്മേക്കാളും ദരിദ്രമായ കെനിയായും ഇന്ത്യയേക്കാള്‍ ഒത്തിരി മുന്നിലാണ്.

മേയ് 9, 2020 ലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ചേതന്‍ ഭഗത്തിന്‍റെ ലേഖനത്തിന്‍റെ തലക്കെട്ട് ഇന്ത്യാക്കാരുടെ ചിന്താദാരിദ്ര്യത്തെക്കുറിച്ചായിരുന്നു (A Poor Way of Thinking). അദ്ദേഹം എഴുതി, "നമ്മുടെ ചിരപുരാതനമായ മഹത്ത്വത്തെക്കുറിച്ച് എന്തുപറഞ്ഞാലും, നാളെയെക്കുറിച്ചുള്ള എന്തു സാധ്യതയെക്കുറിച്ച് വിശദീകരിച്ചാലും ഒരു കാര്യം നാം സമ്മതിക്കേണ്ടി വരും, നമുക്കു പണമില്ല. നമ്മുടെ ജനങ്ങള്‍ ദരിദ്രരാണ്. നമ്മുടെ സര്‍ക്കാര്‍ ദരിദ്രമാണ്. അതിനാല്‍ അമേരിക്കയെയും യുറോപ്പിനെയും ഈ കോവിഡ് കാലത്ത് താരതമ്യം ചെയ്യുമ്പോഴും ഇന്ത്യക്കാര്‍ ദരിദ്രരായേ പരിഗണിക്കപ്പെടുകയുള്ളു. സമ്പന്ന രാജ്യങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ ഒരു ചെറിയ ചൊറിച്ചില്‍ മാത്രമാണെങ്കില്‍, നമുക്ക് അത് രക്തം വരുന്ന ചൊറിച്ചില്‍ തന്നെയാണ്." ഇതാണ് സത്യം. സര്‍ക്കാരുകള്‍ വര്‍ഗീതയെയും വംശീയതയെയും അല്ല പ്രോത്സാഹിപ്പിക്കേണ്ടത്. ജനങ്ങളുടെ ദാരിദ്ര്യം മാറാന്‍ എന്തു വേണമെന്നാണ് ചിന്തിക്കേണ്ടത്. നമ്മുടെ കുട്ടികളെ സ്കൂളുകളിലും കോളജുകളിലും പറഞ്ഞയയ്ക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക. ഇനിയും സാക്ഷരത കടന്നു ചെല്ലാത്ത സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ജനങ്ങളെ വിദ്യാസമ്പന്നരാക്കുകയും ധാര്‍മികവും സത്യസന്ധവുമായ രീതിയില്‍ പണം ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യണം. ദാരിദ്ര്യമാണ് പുണ്യം എന്ന് പറഞ്ഞ് അവരെ മതപരമായും സാമൂഹികപരമായും പറ്റിക്കുന്ന ഏര്‍പ്പാടുകള്‍ മതങ്ങളും പാര്‍ട്ടികളും സര്‍ക്കാരും നിറുത്തണം. ഇന്നത്തെ ദുരിതങ്ങള്‍ക്കപ്പുറം സമൃദ്ധിയുടെയും സമ്പത്തിന്‍റെയും നല്ല നാളുകള്‍ സ്വപ്നം കാണുവാനെങ്കിലും കോടിക്കണക്കിനു ദരിദ്രരെ സഹായിക്കണം. കഴിഞ്ഞ ദിവസം കര്‍ശന ലോക്ക്ഡൗണ്‍ ലംഘിച്ച് ഒരു ജൈന സന്യാസിക്ക് സ്വീകരണം കൊടുക്കാന്‍ മധ്യപ്രദേശില്‍ ആയിരക്കണക്കിനു പാവപ്പെട്ടവര്‍ ഒരുമിച്ച് കൂടിയത് ദരിദ്രമായ ചിന്തയുടെ ഫലമാണ്.

ഫുള്‍സ്റ്റോപ്പ്: കോടിക്കണക്കിനു വരുന്ന പാവപ്പെട്ടവരുടെ ചിന്തയ്ക്കും മനോഭാവത്തിനും മാറ്റം വരുത്തുന്നതും അവരെ ക്രമേണ സമ്പന്നരാക്കുന്നതിനുമുള്ള പദ്ധതികളിലൂടെ മാത്രമേ പാവപ്പെട്ടവരുടെ ഇന്ത്യയില്‍ മാറ്റം വരികയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org