സത്യം ജയിക്കും സത്യദീപം പ്രകാശിക്കും

സത്യത്തിന്‍റെയും ധാര്‍മികതയുടെയും ആത്മീയ പ്രകാശം പരത്തിക്കൊണ്ട് കഴിഞ്ഞ 92 വര്‍ഷങ്ങളായി ജൈത്രയാത്ര തുടരുന്ന സത്യദീപത്തിന്‍റെ തിരി കെടുത്താന്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ ഈയിടെ നടക്കുന്നുണ്ട്. അസത്യത്തിനും അഴിമതിക്കും ഒത്താശ ചെയ്യുന്ന ഏതാനും പേര്‍ അവരുടെ കുത്സിത താല്പര്യങ്ങള്‍ക്കായി സോഷ്യല്‍ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ നിയമിച്ചും പണവും സ്വാധീനവും ഉപയോഗിച്ചും ആടിനെ പട്ടിയാക്കുന്ന സ്ഥിരം തന്ത്രമാണ് ഇവിടെ അരങ്ങു തകര്‍ക്കുന്നത്.

സത്യദീപത്തിന്‍റെ മുന്‍ എഡിറ്ററും ലൈറ്റ് ഓഫ് ട്രൂത്ത് എന്ന ഇംഗ്ലീഷ് വാരികയുടെ ഇപ്പോഴത്തെ എഡിറ്ററും സാംസ്കാരിക ലോകം ഏറെ ആദരിക്കുന്ന വ്യക്തിയുമായ ഫാ. പോള്‍ തേലക്കാട്ട് സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും മുന്‍പന്തിയിലാണ്. ഒരു താപസ്സനെ പോലെ ജീവിതം നയിക്കുന്ന അച്ചനെ അടുത്തറിയാവുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കാന്‍ എളുപ്പമാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി നടക്കുന്ന അന്വേഷണത്തിലും മറ്റും അതിരൂപതയിലെ സീനിയര്‍ വൈദികന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ സത്യത്തിനും നീതിക്കുമൊപ്പമാണ്. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ പല പ്രശ്നങ്ങളും തീര്‍ക്കുവാനായി സീറോ-മലബാര്‍ സഭയുടെ മാത്രമല്ല കത്തോലിക്കാ സഭയുടെ തന്നെ ശബ്ദമായി ദീര്‍ഘവര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന തേലക്കാട്ടച്ചന്‍ ഒട്ടേറെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അക്കാരണത്താലാണ് ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് ചില പണമിടപാടുകള്‍ വ്യക്തമാക്കുന്ന ഏതാനും രേഖകള്‍ അച്ചന് ലഭിച്ചത്. ഒരു സാധാരണ വൈദികന്‍ എന്ന നിലയില്‍ അത്തരം രേഖകളുടെ നിജസ്ഥിതി അറിയാനുള്ള സാഹചര്യം അദ്ദേഹത്തിനില്ല. അവയുടെ സത്യം അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്ന വിചാരത്തോടും ആത്മാര്‍ത്ഥമായ ആഗ്രഹത്തോടും കൂടിയാണ് രേഖകള്‍ ഇപ്പോള്‍ എറണാകുളം അതിരൂപതയുടെ അദ്ധ്യക്ഷന്‍റെ ചുമതലകള്‍ നിര്‍വഹിക്കുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ ഏല്പിച്ചത്. മാര്‍ മനത്തോടത്ത് മേജര്‍ ആര്‍ച്ചുബിഷപ്പിനെ നേരിട്ടു സ്പര്‍ശിക്കുന്ന ചില കാര്യങ്ങള്‍ അതില്‍ ഉള്ളതിനാല്‍ അവ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പാണ് സിനഡില്‍ അവതരിപ്പിച്ചത്. ആ രേഖകള്‍ വ്യാജമാണെങ്കില്‍ ആരാണ് ആ രേഖകള്‍ നിര്‍മിച്ചത് എന്ന് അറിയാനാണ് രേഖകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, അവിടെയാണ് സിനഡ് പിതാക്കന്മാര്‍ ആഗ്രഹിക്കാത്ത കാര്യം നടന്നത്. അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത രീതിയില്‍ ഫാ. പോള്‍ തേലക്കാട്ടച്ചനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പ്രതികളായി മാറി.

മേല്പറഞ്ഞ കേസില്‍ പിന്നെ നടന്ന കാര്യങ്ങള്‍ വളരെ നിയമാനുസൃതമാണ്. സാധാരണ ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുത്താണ് മൊഴിയെടുക്കുന്നത്. പക്ഷേ, ഈ കേസില്‍ ഫാ. പോള്‍ തേലക്കാട്ടിനെ ഒരു സാക്ഷിയെന്ന നിലയിലാണ് പൊലീസ് ചോദ്യം ചെയ്തത്. ആലുവ ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ ഫാ. തേലക്കാട്ട് തനിക്ക് ഈമെയില്‍ വഴി ലഭിച്ച രേഖകളെല്ലാം കൊണ്ടുപോയിരുന്നു. പൊലീസ് അത് കൈപ്പറ്റിയില്ല. പിന്നീട് ആലുവ ഡി.വൈ.എസ്.പി. അച്ചനെ വിളിച്ചുപറഞ്ഞതിനു ശേഷം സത്യദീപം ഓഫീസില്‍ വന്ന് ആ രേഖകള്‍ ഈമെയില്‍ വഴി വന്നതാണ് എന്നു സ്ഥിരീകരിച്ചിട്ടാണ് അവ സ്വീകരിച്ചത്. ഇതാണ് സത്യദീപത്തില്‍ നടന്ന സത്യം.

ആര്‍ക്കോ വേണ്ടി വാര്‍ത്തകള്‍ പാചകം ചെയ്യുന്നവര്‍ സത്യദീപത്തില്‍ റെയ്ഡ്, ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തു, കമ്പ്യൂട്ടര്‍ മുഴുവന്‍ സെര്‍ച്ച് ചെയ്തു എന്നൊക്കെ വിളിച്ചുകൂവുന്നത് അവരുടെ സ്വപ്നങ്ങളും ജല്പനങ്ങളുമാണ്. മഹാഭാരത യുദ്ധം നടക്കുന്നതിനു മുമ്പ് കൗരവന്മാര്‍ക്കുവേണ്ടി ദുര്യോധനനും പാണ്ഡവന്മാര്‍ക്കു വേണ്ടി ധര്‍മപുത്രരും കൃഷ്ണഭഗവാന്‍റെ അടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് ചെന്നു. കൃഷ്ണന്‍ ഉറങ്ങുകയായിരുന്നു. ദുര്യോധനന്‍ കൃഷ്ണന്‍റെ തലഭാഗത്തും ധര്‍മപുത്രര്‍ കാല്‍പാദങ്ങള്‍ക്കു മുമ്പിലും നിലയുറപ്പിച്ചു. കൃഷ്ണന്‍ ഉണര്‍ന്നപ്പോള്‍ ആദ്യം കണ്ടത് ധര്‍മപുത്രരെയായിരുന്നു. കാര്യമാരാഞ്ഞു. മഹാഭാരതയുദ്ധത്തില്‍ 'ഞങ്ങളൊടൊപ്പം അങ്ങ് വേണം' എന്നായിരുന്നു ധര്‍മപുത്രരുടെ അഭ്യര്‍ത്ഥന. ദുര്യോധനന് സന്തോഷമായി. ദുര്യോധനന്‍ കൃഷ്ണന്‍റെ മഹാസേനയെയാണ് ആവശ്യപ്പെട്ടത്. വാട്ട്സാപ്പും, ഫെയ്സ്ബുക്കും, ചാനലുകളും മറ്റെല്ലാ ആധുനിക സേനകളും ഉപയോഗിച്ച് ആയിരങ്ങളെയും പതിനായിരങ്ങളെയും മസ്തിഷ്കക്ഷാളനം നടത്തി കൂടെ നിര്‍ത്തിയാലും സത്യത്തിന്‍റെ ന്യൂനപക്ഷം വിജയിക്കുക തന്നെ ചെയ്യും. അതാണ് ചരിത്രം.

ഫുള്‍സ്റ്റോപ്പ്: സത്യമല്ലാതെ സത്യദീപത്തിന് ഉചിതമായത് ഒന്നുമില്ല. അസത്യത്തിനു ചൂട്ടുപിടിക്കാന്‍ സത്യദീപത്തിന്‍റെ ചരിത്രം സമ്മതിക്കുകയുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org