“സ്ത്രീയാണ് സൃഷ്ടിയുടെ മകുടം”

“സ്ത്രീയാണ് സൃഷ്ടിയുടെ മകുടം”

സാക്ഷര കേരളത്തിന്‍റെ അന്തസ്സും അഭിമാനവും തകര്‍ക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നാം കാണുന്നതും വായിക്കുന്നതും. സ്ത്രീകളെയും കുട്ടികളെയും ഏതു നേരത്തും എവിടെ വച്ചും ആര്‍ക്കും എന്തും ചെയ്യാം എന്ന തലത്തിലേക്കു നമ്മുടെ ധാര്‍മിക നിലവാരം അധഃപതിച്ചിരിക്കുന്നു. ഓരോ സംഭവത്തിനു ശേഷവും ധാരാളം വാര്‍ത്തകളും വിശകലനങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കു ശമനം കാണുന്നില്ല. ഇന്നത്തെ സംസ്കാരം തന്നെ മാറിയിരിക്കുന്നു. പെറ്റ അമ്മ തന്നെ പെണ്‍കുട്ടികളെ കാമുകന്മാര്‍ക്കു മുമ്പില്‍ കാഴ്ചവയ്ക്കാന്‍ മുതിരുമ്പോള്‍ ഇവിടെ കുടുംബസംസ്കാരത്തിലും സാമൂഹ്യ സംസ്കാരത്തിലും അധാര്‍മ്മികതയുടെ അന്ധത നിറയുന്നതായി കാണുന്നു. അല്ലെങ്കില്‍ അത്തരം സ്ത്രീകള്‍ തങ്ങളുടെ ചെറുപ്പത്തിലോ വിവാഹശേഷമോ ക്രൂരമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലെത്തിച്ചേരണ്ടതായി വരുന്നു.

എടപ്പാളിലെ സിനിമാ തിയറ്ററില്‍ ബാലിക പീഡിപ്പിക്കപ്പെട്ടപ്പോള്‍, കാമുകനൊപ്പം ജീവിക്കാന്‍ അമ്മ കുഞ്ഞുങ്ങളെ കൊന്നപ്പോള്‍, വെള്ളറടയില്‍ സ്വന്തം കാമുകന്മാര്‍ക്കു മുമ്പില്‍ ഇരയായി നിന്നു കൊടുക്കാന്‍ ഒമ്പതില്‍ പഠിക്കുന്ന മകളെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍, പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം കേരളത്തിന്‍റെ പ്രതിഛായയാണ് തകര്‍ന്നു വീണത്. സ്ത്രീയെ അമ്മയായും ഭാര്യയായും മകളായും മരുമകളായും മുത്തശ്ശിയായും ആദരവോടെ കാണുന്ന മഹിമയുടെ സംസ്കാരത്തിനാണ് ഇന്ന് മങ്ങലേല്ക്കുന്നത്.

കേരള പൊലീസിന്‍റെ പഠന പ്രകാരം കഴിഞ്ഞ ദശകത്തില്‍ 16,575 കേസുകളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ സാക്ഷരതയില്‍ ഒന്നാമതും സാമൂഹ്യവികസന സൂചികയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതുമായ കേരള സംസ്ഥാനത്തിന്‍റെ സംഭാവന. ഇതില്‍ 11,325 കേസുകള്‍ സ്ത്രീപീഡന കേസുകളാണ്. ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് മറ്റൊരു സത്യം. സ്ത്രീകളുടെ സമത്വത്തിനും അവകാശത്തിനും വേണ്ടി പോരാടുകയും വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന പല സാംസ്കാരിക സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തില്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളെ ചെറുക്കാന്‍ പറ്റിയ ക്രിയാത്മകമായ പരിപാടികളോ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളോ ഈ നാട്ടില്‍ ഉണ്ടാകുന്നില്ല. നമ്മുടെ സാക്ഷര കേരളം ഇനിയും സ്ത്രീയെയും അവളുടെ സാമൂഹിക പങ്കാളിത്തത്തെയും കുറിച്ച് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനു പറ്റിയ ബോധവത്കരണ പരിപാടികള്‍ ഇനിയും ഇവിടെ ധാരാളമായി നടക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം അങ്കമാലി ബസിലിക്കയിലെ കുടുംബയൂണിറ്റുകളുടെ സംയുക്ത വാര്‍ഷികത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രസിദ്ധ വാഗ്മി അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ് സ്ത്രീയെ സൃഷ്ടിയുടെ മകുടമായിട്ടാണ് ചിത്രീകരിച്ചത്. പുരുഷനെ സൃഷ്ടിച്ചതിനു ശേഷം ദൈവം അവിടുത്തെ ചൈതന്യത്തിന്‍റെ നിറവിലാണ് സ്ത്രീയെ സൃഷ്ടിച്ചത്. അവള്‍ ഒടുവിലത്തെ സൃഷ്ടിയായതിന്‍റെ ഒരു പരിപൂര്‍ണത ഉണ്ടെന്നു മാത്രമല്ല, അവളെ സൃഷ്ടിച്ചതിനു ശേഷം പിന്നെ ദൈവം ഒന്നിനെയും സൃഷ്ടിച്ചതായി ബൈബിളില്‍ കാണുന്നുമില്ല. ദൈവം സ്ത്രീയെയാണ് സൃഷ്ടികര്‍മം തുടരാനായി ഏല്പിച്ചത്. അവളെ പുരുഷന്‍റെ ഇടതുഭാഗത്തുള്ള വാരിയെല്ലുകളില്‍ ഏറ്റവും താഴത്തെ എല്ലില്‍ നിന്നാണ് സൃഷ്ടിച്ചതെങ്കില്‍ ഏതൊരു മനുഷ്യശരീരത്തിന്‍റെയും മധ്യഭാഗം ഈ വാരിയെല്ലാണ് എന്ന സത്യം നാം അറിയണം. അതു സമത്വത്തിന്‍റ ഏറ്റവും വലിയ പ്രതീകമാണ്. ഈ വാരിയെല്ലിന്‍റെ മജ്ജയില്‍ നിന്നാണ് ശ്വേത രക്താണുക്കള്‍ ഉത്പാദിക്കപ്പെടുന്നത്. എന്നു വച്ചാല്‍ ശരീരത്തില്‍ എന്തു രോഗം വന്നാലും അതിനെ പ്രതിരോധിക്കുന്നത് ശ്വേത രക്താണുക്കളാണ്. സ്ത്രീയാണ് കുടുംബത്തിലെ എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നവള്‍. ശരീരത്തിലെ ഏറ്റവും നന്നായി വളയുന്ന എല്ലും വാരിയെല്ലാണ്. അത് എത്ര വളഞ്ഞാലും പൊട്ടുകയില്ല. സ്ത്രീയെ പോലെ സാഹചര്യത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സര്‍ഗാത്മകത പുരുഷനില്ല. ഈ കാര്യങ്ങളാണ് സ്തീയെ സൃഷ്ടിയുടെ മകുടമാക്കി തീര്‍ക്കുന്നത്.

ഫുള്‍സ്റ്റോപ്പ്: അമ്മദേവി സങ്കല്പങ്ങളില്‍ കുടുങ്ങാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ശനമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പ്രായോഗികതയിലേക്ക് സര്‍ക്കാരും സമുദായങ്ങളും കടക്കേണ്ട കാലം അതിക്രമിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org