Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ വ്യാജവ്യാളികള്‍

സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ വ്യാജവ്യാളികള്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

സോഷ്യല്‍ മാധ്യമങ്ങളുടെ അതിപ്രസരം വാര്‍ത്തകള്‍ക്ക് വേഗത നല്കുകയും ലോകത്തെ ഒരു മൊബൈല്‍ ഫോണിന്‍റെ സ്ക്രീനിലേക്ക് ചുരുക്കുകയും ചെയ്തിരിക്കുന്നു. പത്രത്തിനും, ടി.വി.ക്കും റേഡിയോയ്ക്കും പകരം ഒരു മൊബൈല്‍ ഫോണ്‍ ലോകത്തിലെ ചൂടുളള വാര്‍ത്തകളും ചിത്രങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ കണ്‍മുമ്പിലെത്തിക്കും. മാധ്യമ വിപ്ലവത്തിന്‍റെ വിജയഗാഥ അനുനിമിഷം പുതുമയുടെ ഈണങ്ങളും താളങ്ങളുമായി നമ്മെ മൊബൈല്‍ സ്ക്രീനിന്‍റെ ആരാധകരാക്കുന്നു. ഫെയ്സ്ബുക്കും വാട്ട് സാപ്പും നമ്മുടെ ജീവിതത്തിന്‍റെ ആകുലതകളെയും ആകാംക്ഷകളെയും പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കുന്നു. പക്ഷേ, പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും വക്താക്കളായിരുന്ന വാര്‍ത്തകളുടെ കാര്‍മ്മികര്‍ക്കു പകരം ഇന്ന് വാളെടുക്കുന്നവര്‍ ഒക്കെ വെളിച്ചപ്പാടായി മാറുന്നു. ഇവിടെ ബലികഴിക്കപ്പെടുന്നതു വസ്തുനിഷ്ഠതയാണ്. ആധുനിക സോഷ്യല്‍ നെറ്റ് വര്‍ക്കിലും സൈബര്‍ ലോകത്തിലും കയറിയിറങ്ങുന്ന വാര്‍ത്തകള്‍ പലതും വിവരക്കേടും നെറികേടുമാണ്.

ഈ അടുത്തയിടെ സൈബര്‍ ലോകത്ത് ഐക്യരാഷ്ട്ര സഭയുടെ യുനെസ്കോ ഇന്ത്യക്കാരെയും ഇന്ത്യന്‍ ദേശീയഗാനത്തെയും ലോകത്തിലെ ഏറ്റവും ‘ബെസ്റ്റ്’ എന്ന് പ്രഖ്യാപിച്ചുവെന്ന വ്യാജവാര്‍ത്ത പരക്കുന്നുണ്ട്. പല വ്യാജവാര്‍ത്തകളുടെയും പുറകില്‍ രാഷ്ട്രീയവും വര്‍ഗീയവും പ്രാദേശികവും മതപരവുമായ താല്പര്യങ്ങളാണ് ഉള്ളത്. വളച്ചൊടിച്ച വാര്‍ത്തകളും ചിത്രങ്ങളും വീഡീയോകളുംകൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇത്തരം വ്യാജവാര്‍ത്തകളെയും അതിന്‍റെ പ്രചാരകരെയും നിയമപരമായി നേരിടാനുള്ള യാതൊരു നിയമവും നിലവിലില്ലതാനും. നുണകളുടെ സൈബര്‍ സാഗരത്തില്‍ നിലയില്ലാതെ മുങ്ങിത്താഴുകയാണ് ആധുനികര്‍.

ലോകം കണ്ട ഏറ്റവും ക്രൂരനായ ഹിറ്റ്ലര്‍ അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ (Mein Kampf) ഇ ങ്ങനെ പറയുന്നു, “ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള നുണകള്‍ വഴി സ്വര്‍ഗത്തെ നരകമാക്കാനും നരകത്തെ സ്വര്‍ഗമാക്കാനും നമുക്കാവും.” ഈ പ്രസ്താവന അദ്ദേഹത്തിന്‍റെ ജീവിതാനുഭവത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാകണം. നാസി പട്ടാളത്തെക്കൊണ്ട് ദശലക്ഷക്കണക്കിന് യഹൂദരെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ യഹൂദവിരോധം ജര്‍മ്മന്‍കാരുടെ മേല്‍ അടിച്ചേല്പിച്ചത് തന്‍റെ പ്രൗഢഗംഭീരമായ പ്രസംഗത്തിലൂടെയും അതിന്‍റെ റേഡിയോ പ്രക്ഷേപണവും വഴിയാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ നുണകളിലൂടെ പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും നിഷ്കളങ്കരെ കുറ്റക്കാരാക്കാനും കുറ്റവാളികളെ മാന്യന്മാരാക്കാനും മാധ്യമങ്ങള്‍ക്കാകും. നോട്ട് നിരോധനം മുതല്‍ ജി.എസ്.ടി. വരെ ഭാരതത്തിലെ സാധാരണക്കാര്‍ രാഷ്ട്രീയക്കാരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും കേള്‍ക്കുകയും വായിക്കുകയും കാണുകയും ചെയ്യുന്ന നുണകളുടെ കണക്കെടുക്കാന്‍ പോലും നമുക്കാവില്ല. സര്‍ക്കാരിന്‍റെ ജനക്ഷേമകാര്യങ്ങള്‍ ജനങ്ങളിലെത്തിക്കേണ്ട മാധ്യമങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രീണനത്തിനൊപ്പം അവരുടെ അജണ്ട സെറ്റ് ചെയ്യുന്ന അധാര്‍മ്മികതയുടെ അതിപ്രസരത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.

വാസ്തവത്തില്‍ മാധ്യമങ്ങള്‍ ജനാധിപത്യപ്രക്രിയയില്‍ സംഭവങ്ങള്‍ അറിയാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അറിവു നേടാനും ജ്ഞാനം പങ്കുവയ്ക്കാനുമുള്ള നഗ്നമായ പൊതുചത്വരമാണ് (naked public square). മതേതരത്വത്തിലൂന്നിയ ഭരണഘടനയുള്ള ഇന്ത്യയിലെ ഈ പൊതുചത്വരത്തില്‍ മതപരമായ അറിവും സംവാദവും സൗഹൃദവുമൊക്കെ പങ്കുവയ്ക്കാനുള്ള ഇടം (space) ലഭ്യമാക്കണം. ഉത്തരവാദിത്വപൂര്‍ണമായ മാധ്യമപ്രവര്‍ത്തനം എന്നു പറയുന്നത് ജനങ്ങള്‍ അറിയേണ്ടതു ജനങ്ങളെ അറിയിക്കുന്നതോടൊപ്പം സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലപാടെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ചങ്കൂറ്റവുമാണ്. “sensational” എന്ന് വിശേഷിപ്പിക്കുന്ന വ്യക്തികള്‍ക്കും സംഭവങ്ങള്‍ക്കും തങ്ങളുടെ മാധ്യമത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ പൊതു നന്മ എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും നാം അകലുന്നു.

ഫെയ്സ് ബക്കിലൂടെയും വാട്ട്സാപ്പിലൂടെയും എന്തും ഏതും പടച്ചുവിടാം എന്ന ചിന്ത അത് ഉപയോഗിക്കുന്നവര്‍ മാറ്റണം. എന്‍റെ ചിന്തകളും എന്‍റെ താല്പര്യങ്ങളും മാത്രം പോസ്റ്റ് ചെയ്ത് ലൈക്കുകളും ഷെയറിങ്ങുകള്‍ക്കും വേണ്ടി ദാഹാര്‍ത്തരായി കഴിയുന്ന കഴുകന്മാരെ സാധാരണക്കാര്‍ തിരിച്ചറിയണം.

ഫുള്‍സ്റ്റോപ്പ്: സോഷ്യല്‍ മീഡിയയെ ‘സത്യ പ്രവര്‍ത്തന’ (act of truth) മാക്കി മാറ്റിയാല്‍ ഇന്നത്തെ സമൂഹത്തിലെ വിഷമിറക്കാനുതകുന്ന ജനാധിപത്യോപകരണമായി അതു മാറ്റാം. ഇച്ഛാശക്തിയും സത്യസന്ധതയും ഉള്ളവര്‍ക്കേ അതു സാധിക്കൂ.

Leave a Comment

*
*