Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഇന്ത്യന്‍ ജനാധിപത്യത്തെ മഹത്വമണിയിച്ച വിധി

ഇന്ത്യന്‍ ജനാധിപത്യത്തെ മഹത്വമണിയിച്ച വിധി

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

തന്‍റെ ഭാരതപര്യടനത്തിലൂടെ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 130-ാം ജന്മദിനത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്ത്യയുടെ ആത്മാവ് മതത്തിന്‍റെയും ജാതിയുടെയും വര്‍ഗത്തിന്‍റെയും ബഹുസ്വരതയിലാണെന്നും, സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും അടിയുറച്ച സാമൂഹ്യവ്യവസ്ഥിതിക്കു മാത്രമേ ഇന്ത്യയെ സമാധാനത്തിന്‍റെയും ആത്മഹര്‍ഷത്തിന്‍റെയും ഇടമാക്കാന്‍ സാധിക്കുകയുള്ളുമെന്നുമാണ് “ഇന്ത്യയെ കണ്ടെത്തല്‍” എന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ ചാച്ചാജി എഴുതിയത്. എന്തായാലും വിശ്വാസത്തിന്‍റെ പേരില്‍ ഇന്ത്യയ്ക്കുണ്ടായ അസ്തിത്വ പ്രതിസന്ധിയെ സുപ്രീം കോടതി വിധിയാല്‍ തല്ക്കാലം പരിഹരിച്ച സാഹചര്യത്തിലാണ് 2019-ലെ ചാച്ചാജിയുടെ ജന്മദിനം നാം ആഘോഷിച്ചത്. വര്‍ഗീയതയുടെ തീയാളികത്തിക്കുന്ന ഏതൊരു വിഷയവും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന അവസരവാദികള്‍ക്കു പോലും അയോദ്ധ്യയെക്കുറിച്ചുള്ള ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ഡിവിഷന്‍ ബഞ്ചിന്‍റെ വിധിയെ സ്വീകരിക്കാതിരിക്കാനായില്ല. നൂറ്റാണ്ടുകളായി ഇന്ത്യയിലെ സുമനസ്സുകളില്‍ ഭയത്തിന്‍റെ നിഴല്‍ വീഴ്ത്തിയിരുന്ന അയോദ്ധ്യയിലെ രാമജന്മഭൂമിയെക്കുറിച്ചുള്ള തര്‍ക്കത്തിനു ഒരു പരിഹാരം എന്നത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും ബഹുസ്വരതയ്ക്കും ലഭിച്ച അംഗീകാരമാണ്.

1992-ലെ ഡിസംബര്‍ 6-ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖത്ത് ചാര്‍ത്തിയ കളങ്കത്തിന്‍റെ കറുത്ത അടയാളത്തെ പാടെ മാച്ചുകളയുവാന്‍ തക്കവിധം ഇന്ത്യയിലെ ജനാധിപത്യം വളര്‍ന്നിരിക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ആത്മീയതയുടെ വളക്കൂറുള്ള ഈ രാജ്യത്തിന് സാധിച്ചിരിക്കുന്നു. ഇന്ത്യയുടെ ചരിത്രം ഇതിഹാസങ്ങളാലും ഐതീഹ്യങ്ങളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. അയോദ്ധ്യയിലെ രാമ ജന്മഭൂമിയെ സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതി ഇതെല്ലാം വിലയിരുത്തി. നാലു ഹര്‍ജികളാണ് അയോദ്ധ്യയെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നത്, രാമ ഭക്തനായ ഗോപാല്‍സിംഗ് വിശാരദിന്‍റെത്, നിര്‍മോഖി അഖാഡയുടെത്, രാംലല്ല വിരാജ്മാനിന്‍റെത്, യു.പി സുന്നി വഖഫ് ബോര്‍ഡിന്‍റേത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നീണ്ടുനിന്ന രണ്ടാമത്തെ വാദമാണ് അയോദ്ധ്യകേസിലുണ്ടായത്. അതിന് 40 ദിവസങ്ങളെടുത്തു.

കറകളഞ്ഞ തെളിവെടുപ്പാണ് സുപ്രീംകോടതി ഈ കേസില്‍ പിന്തുടര്‍ന്നത്. മുസ്ലീമുകളെയും ഹിന്ദുക്കളുടെയും അഭിപ്രായങ്ങള്‍ മാത്രമല്ല, ഐതിഹ്യങ്ങളും ഇതിഹാസങ്ങളും കഥകളും കെട്ടുകഥകളും എല്ലാം പരിശോധിച്ചു. രാമ ജന്മഭൂമിയെക്കുറിച്ചു ക്രൈസ്തവ മിഷനറിമാര്‍ കുറിച്ചുവച്ചിരിക്കുന്ന ചരിത്രങ്ങളും പരിശോധിച്ചു. 1740-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഈശോ സഭാ വൈദികനായ ജോസഫ് ടീഫന്‍ന്താലറിന്‍റെ കുറിപ്പുകളില്‍ അന്നത്തെ അയോദ്ധ്യയെക്കുറിച്ചുള്ള രേഖകള്‍ പോലും പരിശോധിച്ചാണ് എല്ലാവര്‍ക്കും സ്വീകാര്യമായ വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാനും അതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കാനും അതോടൊപ്പം അയോദ്ധ്യയിലെ തന്നെ കണ്ണായ സ്ഥലത്ത് മസ്ജിദ് പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്കുന്നതിനും വിധിച്ചപ്പോള്‍ അത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരേ പോലെ പ്രീതിപ്പെടുത്തുന്നതായി മാറി. ഇതിലൂടെ ബാബ്റി മസ്ജിദ് പൊളിച്ച മതഭീകരവാദികളുടെ സങ്കുചിത്വത്തെ തകര്‍ത്തെറിയാനും പരമോന്നത കോടതിക്ക് സാധിച്ചത് ഏറെ പ്രശംസനീയമാണ്.

മതാചാരത്തെയും അനുഷ്ഠാനത്തെയും കുറിച്ച് സുപ്രീംകോടതിയുടെ നീരിക്ഷണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മതാചാരങ്ങള്‍ ഓരോ സാഹചര്യത്തിനും സംസ്കാരത്തിനും അനുസരിച്ച് മാറുന്നു. ഈ അടുത്തയിടെ കേരളത്തിലെ ഒരു മുസ്ലീംപള്ളിയില്‍ വച്ചു അവിടുത്തെ മൗലവിയുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ നിര്‍ദ്ധനയായ ഒരു ഹിന്ദു യുവതിക്കു കതിര്‍മണ്ഡപം തീര്‍ത്തത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സംസ്കാരമല്ലേ ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യയിലെ വിവിധ മതങ്ങളും ആരാധനാരീതികളും ഈ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാംസ്കാരികാനുരൂപണമാണ് ഉള്‍ക്കൊള്ളേണ്ടതും പ്രായോഗികമാക്കേണ്ടതും. വിദ്വേഷത്തിന്‍റെയും സങ്കുചിത്വത്തിന്‍റെയും ചീഞ്ഞളിഞ്ഞ ഭാഗങ്ങളെ ചെത്തി മാറ്റി ആര്‍ദ്രതയുടെ പുതിയ സംസ്കാരത്തിന്‍റെ വക്താക്കളായി ഓരോ ഭാരതീയനും മാറണം. ജാതിമതവര്‍ഗ സമുദായ ചിന്തകള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചാലേ മൃതശരീരം പോലും വച്ച് വെല്ലുവിളിക്കുന്ന കലഹത്തിന്‍റെ മുള്ളുകള്‍ക്കിടയില്‍നിന്നും സമാധാനത്തിന്‍റെ റോസാപൂക്കള്‍ വിരിയിക്കുവാന്‍ നമുക്കാവുകയുള്ളൂ.

ഫുള്‍സ്റ്റോപ്പ്:
“നിയമസംഹിതകളിലും ജനതയുടെ ഐക്യത്തിലുമൂന്നി ഏതു സങ്കീര്‍ണ പ്രശ്നങ്ങളെ പോലും തരണം ചെയ്യാന്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്നും പ്രാപ്തമാണെന്ന് ലോകത്തിനു മുമ്പില്‍ വിളിച്ചുപറയാന്‍ ഈ വിധി വഴിതുറക്കുന്നു.”
ശശി തരൂര്‍

Leave a Comment

*
*