Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> മുല്ലപ്പെരിയാര്‍ ഭീഷണി നിലവിളിയാകുമ്പോള്‍

മുല്ലപ്പെരിയാര്‍ ഭീഷണി നിലവിളിയാകുമ്പോള്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

മഴയെക്കുറിച്ചുള്ള കവിതകള്‍ ചൊല്ലി മഴയെ ആസ്വദിച്ചിരുന്ന മലയാളിയുടെ മണ്‍സൂണ്‍ കുളിരിനും കേരളത്തിന്‍റെ മാസ്മരിക പച്ചപ്പിനുമെല്ലാം മീതെ, മഴ ഒരു സംഹാരമൂര്‍ത്തിയാണെന്ന ചിന്തയും വെള്ളപ്പൊക്കത്തിന്‍റെ ഭീതിയും സമകാലീന കേരള ജനതയ്ക്ക് മനസ്സിലായത് 2018-ലെ മഹാപ്രളയത്തോടെയാണ്. ഇപ്പോള്‍ മഴയെക്കുറിച്ചുള്ള കാലാവസ്ഥ നീരിക്ഷകരുടെ മുന്നിറിയിപ്പ് വരുമ്പോള്‍ ഉള്‍ക്കിടിലമാണ് മലയാളി മനസ്സുകളില്‍. ആഗസ്റ്റ് മാസത്തിലെ മഹാപ്രളയം അത്രയ്ക്ക് കേരളത്തെ ഇരുട്ടിലാഴ്ത്തി. പക്ഷേ, ഈ മഹാപ്രളയം ഒരു മനുഷ്യനിര്‍മിത ദുരന്തമാണെന്നു കേരളത്തിലെ അണക്കെട്ടുകളുടെ അന്നത്തെ സ്ഥിതിയെയും അതിന്‍റെ മാനേജുമെന്‍റിനെക്കുറിച്ചും പഠനം നടത്തിയാല്‍ മനസ്സിലാകും. ഇടുക്കിയെയും മുല്ലപ്പെരിയാറിനെയും സംഹാരതാണ്ഡവമാടാന്‍ ഇടകൊടുത്തത് ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ അണക്കെട്ടുകളെ തുറന്നു വിട്ടതുകൊണ്ടു മാത്രമാണ്.

വെള്ളപ്പൊക്കത്തിന്‍റെ ഭീഷണിയില്‍ ആളും അര്‍ത്ഥവും നഷ്ടപ്പെട്ട നിമിഷങ്ങളില്‍ കേരള മുഖ്യമന്ത്രി തമിഴ്നാട് സര്‍ക്കാരിന് എഴുതി ഞങ്ങളുടെ നാട് നശിക്കുകയാണ് നിങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നു വിട്ട് അതിലെ വെള്ളം കുറയ്ക്കണം. പക്ഷേ കേരള മുഖ്യമന്ത്രിയുടെ നിലവിളി കേട്ടില്ല എന്നു മാത്രമല്ല, മുല്ലപ്പെരിയാറിലെ വെള്ളം 142 അടിയില്‍ കൂടുതല്‍ നിര്‍ത്തി ഡാമിന്‍റെ ശക്തിയെ പരീക്ഷിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍ ചെയ്തത്. ഈ നിലവിളിയുടെ അടിസ്ഥാനത്തിലാണ് ആലുവയിലെ അഡ്വ. റസ്സല്‍ ജോയ് സുപ്രീം കോടതിയിലേക്ക് പോയത്. അന്ന് രാജ്യത്തിന്‍റെ പരമോന്നത കോടതി അഡ്വ. റസ്സല്‍ ജോയിയുടെ നിലവിളി കേട്ടു. സുപ്രീംകോടതി കേരള സര്‍ക്കാരിന്‍റെയും തമിഴ്നാട് സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും പ്രതിനിധികളെ അഡ്വ. റസ്സല്‍ ജോയിയുടെ വാദം കേള്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ ഡാം പണിതവര്‍ അന്ന് അതിനു നിശ്ചയിച്ച കലാവധി 50 വര്‍ഷമാണ്. 1882-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ത്തിയായി. 2018-ല്‍ ഡാമിന് 136 വയസ്സായി. എങ്കില്‍ എന്നാണ് ഈ ഡാം നിങ്ങള്‍ നിര്‍വീര്യമാക്കുന്നത്? അതിന് ഉത്തരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കാത്ത അവസ്ഥയില്‍ സുപ്രീം കോടതി ആദ്യമായി തമിഴ്നാട് സര്‍ക്കാരിനോട് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്‍റെ പരമാവധി അളവ് 139-ലേക്ക് താഴ്ത്താന്‍ വിധിച്ചു. കേരളത്തിന് അനുകൂലമായി ആദ്യമായി മുല്ലപ്പെരിയാര്‍ കേസില്‍ വിധിയുണ്ടായത് അഡ്വ. റസ്സല്‍ ജോയിയുടെ ഒറ്റയാള്‍ പോരാട്ടത്തിലാണ്.

പക്ഷേ സുപ്രീം കോടതിയുടെ വിധിയോടൊപ്പം മുല്ലപ്പെരിയാര്‍ ഡാം നിര്‍വിര്യമാക്കുന്നതിന്‍റെ കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിക്കാനും, മുല്ലപ്പെരിയാര്‍ ദുരിതനിവാരണ കര്‍മസമിതിക്ക് രൂപം കൊടുക്കാനും മറ്റും പറഞ്ഞിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അങ്കമാലി സി.എസ്.എ ഹാളില്‍ സേവ് കേരള എന്ന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള സംഭാഷണത്തില്‍ അഡ്വ. റസ്സല്‍ ജോയി മുല്ലപ്പെരിയാര്‍ ദുരന്തം കേരളത്തിലും അയല്‍ സംസ്ഥാനങ്ങള്‍ക്കും വരുത്താവുന്ന മഹാദുരന്തത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളത്തിലെ കേവലം 6 ജില്ലകള്‍ മാത്രമല്ല കേരളവും അയല്‍ സംസ്ഥാനങ്ങള്‍ പോലും ഇല്ലാതാകുന്ന ഒരു ഭീകരാവസ്ഥയിലേക്കാണ് നാം നീങ്ങുന്നത്.

സാധാരണ ലോകത്തിലെ അണക്കെട്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ പല രാജ്യങ്ങളും കലാവധി കഴിഞ്ഞ അണക്കെട്ടുകള്‍ നിര്‍വിര്യമാക്കിയതിന്‍റെ രേഖകള്‍ എളുപ്പത്തില്‍ നമുക്ക് കണ്ടെത്താം. അമേരിക്ക തന്നെ 1150 അണക്കെട്ടുകള്‍ ഇപ്രകാരം കാലാവധിക്കു ശേഷം ഇല്ലാതാക്കിയിട്ടുണ്ട്. അത് അവരുടെ ജീവിതാനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്. ചൈനയിലെ ബാങ്കിയാവോ അണക്കെട്ടിന്‍റെ അവസ്ഥ നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റേതുമായി ഒത്തിരി സാമ്യമുള്ളതാണ്. ചൈനീസ് സര്‍ക്കാര്‍ ബാങ്കിയാവോ അണക്കെട്ടിന്‍റെ മുമ്പില്‍ 66 ചെറിയ ഡാമുകള്‍ നിര്‍മിച്ചുകൊണ്ട് അത് പൊട്ടിയാലും മുമ്പിലുള്ള അണക്കെട്ടുകള്‍ തകരുകയില്ല എന്ന ആത്മവിശ്വാസത്തില്‍ ഇരുന്നു. 1975-ല്‍ ബാങ്കിയാവോ അണക്കെട്ട് പൊട്ടി. ദൃക്സാക്ഷികള്‍ അതിനെ വിശേഷിപ്പിച്ചത് ആകാശം ഇടിഞ്ഞു വീണിരിക്കുന്നു എന്നാണ്. ബാങ്കിയാവോയുടെ മുമ്പിലുണ്ടായിരുന്ന ഓരോ അണക്കെട്ടും ഒന്നിനു പുറകെ ഒന്നായി പൊട്ടി 2 ലക്ഷത്തോളം പേര്‍ക്കാണ് ജീവന്‍ ന്ഷ്ടമായത്. ഇത്തരം ദുരവസ്ഥ കേരളത്തിലും വരാതിരിക്കാന്‍ നാം മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് ഇപ്പോഴേ ഇച്ഛാശക്തിയോടെ പ്രതികരിക്കണം. ഇത് കേരളീയരുടെ ജീവന്‍ മരണ വിഷയമാണ്.

ഫുള്‍സ്റ്റോപ്പ്: കേരളത്തിലെ സാമന്ത രാജാവിനെ ഭയപ്പെടുത്തിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് 999 വര്‍ഷത്തേക്ക് മുല്ലപ്പെരിയാര്‍ കരാര്‍ ഉണ്ടാക്കിയത്. അത് സ്വാതന്ത്ര്യത്തിന് ശേഷം അത് റദ്ദാക്കാവുന്ന അവസ്ഥ ഉണ്ടായിട്ടും കേരളത്തിലെ ജനാധിപത്യസര്‍ക്കാരുകള്‍ അതില്‍ അലംഭാവം കാണിച്ചു. ജീവിക്കാനുള്ള മനുഷ്യന്‍റെ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഈ കരാര്‍ റദ്ദാക്കാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരിനു സാധിക്കേണ്ടതാണ്.

Leave a Comment

*
*