Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> പാവങ്ങളെ നെഞ്ചിലേറ്റുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ

പാവങ്ങളെ നെഞ്ചിലേറ്റുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

വാക്കുകളിലല്ല സ്നേഹിക്കേണ്ടത് പ്രവൃത്തികളിലൂടെയാണ് എന്ന പ്രഥമ അഖിലലോക പാവങ്ങളുടെ ദിനത്തിന്‍റെ ആപ്തവാക്യം അതിന്‍റെ ചാരുതയില്‍ നടപ്പാക്കി ലോകത്തിന് മാതൃക കാട്ടിയത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഏകദേശം ഏഴായിരത്തോളം ഭിക്ഷാടകരും അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും വത്തിക്കാന്‍ സ്ക്വയറില്‍ മാര്‍പാപ്പയുടെ കുര്‍ബാനയ്ക്ക് വിശേഷ അതിഥികളായി എത്തി. പാവപ്പെട്ടരെക്കൊണ്ട് കരുണയുടെ പാപ്പ വത്തിക്കാന്‍ നിറച്ചു. അവരോടൊപ്പം ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ചു.

കരുണയുടെ ജൂബിലി വര്‍ഷാവസാനം വത്തിക്കാനിലെയും മറ്റും വിശുദ്ധ വാതിലുകള്‍ അടച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു, വിശുദ്ധവാതില്‍ അടച്ചാലും വിശ്വാസികളുടെ ഹൃദയത്തിന്‍റെ വാതില്‍ പാവപ്പെട്ടവര്‍ക്കു നേരെ തുറന്നുവയ്ക്കണം. പാവങ്ങളുടെ പക്ഷം ചേര്‍ന്ന യേശുവിനെപ്പോലെ ലോകമെങ്ങുമുള്ള പാവങ്ങളെ ഓര്‍ക്കാന്‍ അവരുടെ കണ്ണീരൊപ്പാന്‍ എല്ലാവര്‍ഷവും ക്രിസ്തു രാജത്വതിരുനാളിന്‍റെ മുമ്പുള്ള ഞായറാഴ്ച പാവങ്ങളുടെ ദിനാചരണമായി മാര്‍പാപ്പ പ്രഖ്യാപിച്ചു. രോഗങ്ങളാലും ഒറ്റപ്പെടുത്തലുകളാലും വലയുന്നവരും ഭയത്താലും അസ്വസ്ഥതകളാലും നിറഞ്ഞവരും സ്വന്തം മണ്ണ് നഷ്ടപ്പെട്ടവരും സ്വന്തം സമുദായത്തില്‍ നിന്ന് അകറ്റപ്പെട്ടവരും ആര്‍ക്കും വേണ്ടാത്തവരും സമൂഹത്തില്‍ ഭ്രഷ്ട് കല്പിക്കപ്പെട്ടവരുമായ മനുഷ്യരോട് ക്രിസ്തുവിന്‍റെ നാമത്തില്‍ നിങ്ങള്‍ തനിച്ചല്ല എന്ന് ഉറക്കെ പറയുവാന്‍, അവരോടു കരുണ കാണിക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസം മാറ്റിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെങ്ങുമുള്ള കത്തോലിക്കരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

‘കുഞ്ഞുമക്കളേ, നിങ്ങള്‍ വാക്കുകളിലല്ല സ്നേഹിക്കേണ്ടത് സത്യത്തിലും പ്രവൃത്തിയിലുമാണ്’ എന്ന യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പാവങ്ങളുടെ ദിനാചരണത്തിനായുള്ള സന്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു നല്കിയത്. ഇവിടെ ആരുടെയും സ്വാതന്ത്ര്യത്തെ മാര്‍പാപ്പ ചോദ്യം ചെയ്യുന്നില്ല. തിരഞ്ഞെടുപ്പാണ് പ്രധാനം, ഒന്നുകില്‍ ഈ ഭൂമിയില്‍ നിധി കണ്ടെത്താനുള്ള പരിശ്രമം, അല്ലെങ്കില്‍ ഉള്ളത് അപരരുമായി പങ്കിട്ട് സ്വര്‍ഗം നേടല്‍. ഇതില്‍ യേശുക്രിസ്തുവിന്‍റെ മനസ്സിന് ഇഷ്ടപ്പെട്ടത് മറ്റുള്ളവര്‍ക്കായുള്ള പങ്കുവയ്ക്കലാണ്. നിങ്ങള്‍ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടതു നിങ്ങള്‍ നല്കും. യേശുവിനെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ അവിടെത്തേയ്ക്ക് ഏറ്റവും ഇഷ്ടം ദാഹിക്കുന്നവനു കുടിക്കാന്‍ കൊടുക്കുന്നതും വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും വസ്ത്രമില്ലാത്തവന് വസ്ത്രം നല്കുന്നതും പരദേശിയെയും കാരഗൃഹവാസിയെയും സന്ദര്‍ശിക്കുന്നതുമാണ്. മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാതെ സ്വര്‍ഗത്തിലേയ്ക്കുള്ള സുവിശേഷാത്മക പരീക്ഷ പാസ്സാകുവാന്‍ നമുക്കാവില്ല.

മാര്‍പാപ്പ പറയുന്നത് ഇങ്ങനെയാണ്, “പലപ്പോഴും നാം പറയുന്നത് ഞങ്ങള്‍ മറ്റുള്ളവര്‍ക്കു ദോഷകരമായി ഒന്നും ചെയ്തിട്ടില്ല. നാം നല്ലവരും നീതിന്മാരുമാണെന്ന ചിന്തയില്‍ നാം ആത്മനിവൃതിയിലാണ്. പക്ഷേ അതു ശരിയല്ല.” പോപ്പ് ഫ്രാന്‍സിസ് പറയുന്നു, നാം തെറ്റു ചെയ്യുന്നില്ല എന്നതു കൊണ്ടായില്ല, നാം മറ്റുള്ളവര്‍ക്കായി എന്തു ചെയ്യുന്നുവെന്നതാണ് പ്രധാനം. ദൈവം അന്വേഷിക്കുന്നത് അവിടുത്തെ പദ്ധതിയും പരിസരവും ഏല്പിക്കാന്‍ വിശ്വസ്തതയുള്ളവരെയാണ്. അതിനാല്‍ നിസ്സംഗതയും നിഷ്ക്രിയത്വവും വെടിയാനാണ് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. ലോകത്തിന്‍റെ കണ്‍മുമ്പില്‍ പാവപ്പെട്ടവര്‍ക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും ഇല്ലായിരിക്കാം. വാസ്തവത്തില്‍ അവരാണ് നമുക്ക് സ്വര്‍ഗത്തില്‍ എത്തിച്ചേരുവാനുള്ള വഴിയൊരുക്കുന്നത്, പറുദീസായിലേയ്ക്കുള്ള പാസ്പോര്‍ട്ട് നമുക്കു റെഡിയാക്കി തരുന്നത് പാവപ്പെട്ടവരാണ്.

പാവപ്പെട്ടവരിലൂടെ നമ്മുടെ സ്നേഹത്തിനുവേണ്ടി ദാഹിച്ചു കൊണ്ട് യേശുവാണ് നമ്മുടെ ഹൃദയവാതിലില്‍ മുട്ടിവിളിക്കുന്നത്. സത്യസന്ധമായ നന്മയും കരുത്തും ചുരുട്ടിപ്പിടിച്ച മുഷ്ടിയിലോ കൈ കെട്ടിയ നില്പിലോ അല്ല. മറിച്ച് മുറിവേറ്റ യേശുവിനെ സ്പര്‍ശിക്കാന്‍ പാവങ്ങളുടെ നേര്‍ക്കു നീളുന്ന വിടര്‍ന്ന കരങ്ങളിലാണ്. പാവപ്പെട്ട കുഷ്ഠരോഗിയുടെ നേര്‍ക്ക് നീട്ടപ്പെട്ട കരങ്ങളിലൂടെയാണ് ധനാഢ്യനായ ഫ്രാന്‍സിസ് അസ്സീസി ദൈവത്തെ സ്പര്‍ശിച്ചത്. ആ പ്രചോദനത്തില്‍ ഫ്രാന്‍സിസ് തന്‍റെ പിതാവിന്‍റെ കയ്യില്‍ നിന്നും ലഭിച്ച ഉടുതുണി പോലും തെരുവില്‍ അഴിച്ചുവച്ച് പാവപ്പെട്ടരോട് താദാത്മ്യം പ്രാപിക്കാനാണ് ശ്രമിച്ചത്. പിന്നീട് ഫ്രാന്‍സിസ് മനസ്സിലാക്കി പാപത്തില്‍ ചരിച്ചുകൊണ്ടിരുന്നപ്പോഴാണ് കുഷ്ഠരോഗികളെ കണ്ടപ്പോള്‍ അറപ്പു തോന്നിയതെന്ന്. അവരുടെ കൂടെ പോയി ജീവിച്ചപ്പോള്‍ ലഭിച്ച ആത്മനിര്‍വൃതിയുടെ ആനന്ദത്താല്‍ അവരെ വിട്ടുപോരാന്‍ പോലും തോന്നിയില്ലായെന്ന് വിശുദ്ധന്‍ പറയുന്നുണ്ട്.

ഫുള്‍സ്റ്റോപ്പ്: പാവങ്ങളുടെ ദിനാചരണത്തില്‍ അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കയിലെ വൈദികരും സന്ന്യാസിനികളും മറ്റു പാരീഷ് കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും പള്ളിജീവനക്കാരും അവരുടെ കൈപൊള്ളിക്കുന്ന രീതിയില്‍ നവംബര്‍ മാസത്തിലെ വരുമാനത്തിന്‍റെ ഓഹരി ജീവകാരുണ്യ പദ്ധതിയായ “കരുണയുടെ കൈനീട്ട”ത്തിനു നല്കി.

Leave a Comment

*
*