Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> കഥയില്ലാതെ അക്രമാസക്തരാകുന്ന മലയാളികള്‍

കഥയില്ലാതെ അക്രമാസക്തരാകുന്ന മലയാളികള്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

കേരളപ്പിറവി ദിനം. ഓരോ മലയാളിയും തന്‍റെ നാടിനെക്കുറിച്ചും മണ്ണിനെക്കുറിച്ചും ഭാഷയെക്കുറിച്ചും അഭിമാനിക്കുന്ന ദിവസം. ഒരു നാടിന്‍റെ നന്മയെയും ഉണ്മയെയും കുറിച്ച് ഊറ്റം കൊള്ളുന്ന ദിനം. പക്ഷേ 2019 ലെ നാഷണല്‍ ക്രൈം റിപ്പോര്‍ട്ട് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നാം നമ്മുടെ നാടിനെക്കുറിച്ച് കേഴേണ്ടതില്ലേ? അത്യാധുനികതയുടെയും ടെക്നോളജിയുടെയും ഉത്തുംഗത്തിലേക്കു കുതിക്കുന്ന സാക്ഷരകേരളത്തില്‍ നന്മ വറ്റിപ്പോകുന്നുവെന്ന ചിന്തയ്ക്ക് ഈ കേരളപ്പിറവി ദിനത്തില്‍ നാം ഇടം കൊടുക്കണം.

മതത്തെ ഇല്ലാതാക്കി മറ്റൊരു മതത്തിന്‍റെ ഭാവത്തില്‍ കുതിച്ചുയര്‍ന്ന കമ്മ്യൂണിസം എങ്ങനെ അത്തരത്തില്‍ തകര്‍ന്നു പോയെന്ന ചോദ്യത്തിന് ആരോ പറഞ്ഞ ഉത്തരം കമ്യൂണിസത്തില്‍ കഥയില്ലാതെ പോയെന്നാണ്. ഇന്നും മനുഷ്യമനസ്സുകളില്‍ ആര്‍ദ്രതയുടെയും കാരുണ്യത്തിന്‍റെയും നിര്‍ത്സരികള്‍ ഒഴുക്കുന്നത് കഥകളാണ്. മുത്തശ്ശിക്കഥകളിലെ നന്മ നമ്മുടെ പുത്തന്‍ തലമുറയ്ക്ക് കേട്ടറിവില്ലാത്തതായിരിക്കുന്നു. നല്ല കഥകള്‍ പുതിയ തലമുറയെ വായിപ്പിക്കേണ്ട കടമ മുതിര്‍ന്നവര്‍ക്കുണ്ട്. ഡോ മിനിക് ലപ്പിയറിന്‍റെ ‘ആനന്ദ നഗരം’ എന്ന നോവല്‍ ഒരിക്കലെങ്കിലും വായിച്ചവര്‍ക്ക് അപരനോട് കാരുണ്യം കാണിക്കാതെ പിന്നെ ജീവിക്കാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം.

നൊബേല്‍ സമ്മാനര്‍ഹനായ ഹെര്‍മന്‍ ഹെസ്സേയുടെ “അകവും പുറവും” എന്ന പ്രസിദ്ധമായ കഥയുണ്ട്. ബുദ്ധിജീവിയും തത്ത്വചിന്തയെ ഇഷ്ടപ്പെടുന്നവനുമായ ഫെഡറിക് അന്ധവിശ്വാസത്തിന്‍റെ കഥകളെയും മനുഷ്യമനസ്സിനെ സന്തോഷിപ്പിക്കുന്ന മാജിക് മുതലായവയെയും എന്നും വെറുത്തിരുന്നു. തന്‍റെ ചിന്തകളോട് അനുഭാവം കാണിക്കുന്നവരോടു മാത്രമാണ് അദ്ദേഹം സൗഹൃദം സ്ഥാപിച്ചത്. ഒരു ദിവസം തന്‍റെ പഴയ കാല സുഹൃത്ത് ഇര്‍വിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ കുറിച്ചുവച്ചിരിക്കുന്ന ഒരു തത്ത്വത്തെക്കുറിച്ച് ഫെഡറികിന് അങ്കലാപ്പുണ്ടായി. അതിങ്ങനെയായിരുന്നു, “പുറമേ ഒന്നുമില്ല, അകമേ ഒന്നുമില്ല, എന്തെന്നാല്‍ പുറമേയില്ലാത്തത് അകത്തുണ്ട് (There is nothing without and nothing
within. For What is without is within). ഇതിന്‍റെ അര്‍ത്ഥം എന്തെന്ന് ചോദിച്ചപ്പോള്‍ ഇത് ജീവിതത്തിന്‍റെ മാജിക്കാണ് എന്ന് പറഞ്ഞ ഇര്‍വിനുമായി ഫെഡറിക് തെറ്റിപിരിഞ്ഞു. പോകുന്നതിന് മുമ്പ് ഇര്‍വിന്‍ അവരുടെ സൗഹൃദത്തിന്‍റെ പ്രതീകമായി ഒരു ചെറിയ പ്രതിമ നല്കിക്കൊണ്ട് പറഞ്ഞു, ഇത് എന്ന് പുറത്ത് ഇല്ലാതാകുന്നുവോ അപ്പോള്‍ അത് നിന്‍റെ അകത്തുണ്ടാകും അന്ന് നീ എന്നെ കാണാന്‍ വീണ്ടും വരും, അതല്ലാ ഇപ്പോഴത്തെ നിന്‍റെ മനസ്ഥിതി പോലെ ഇത് എന്നും പുറത്താണെങ്കില്‍ നമ്മള്‍ തമ്മിലുള്ള ഏറ്റവും അവസാനത്തെ കൂടികാഴ്ചയായിരിക്കും ഇത്. ഹെസ്സേയുടെ കഥയിലെ ഫെഡറിക് പ്രതിമ നഷ്ടപ്പെട്ടപ്പോള്‍ പിന്നീട് ഇരിക്കപ്പൊറുതിയില്ലാതെ ഇര്‍വിന്‍റെ അടുത്ത് തിരിച്ചെത്തുന്നുണ്ട്.

ഹെസ്സേയുടെ കഥ ഇവിടെ നില്‍ക്കട്ടെ. നമുക്കു പുറത്തുള്ളതിനെയും നമ്മുടെ അകത്തുള്ളതിനെയും തമ്മില്‍ സമന്വയിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് നാം നന്മസ്വരൂപങ്ങളാകുന്നതെന്ന് മാതൃഭൂമി ആഴ്ചപതിപ്പിലെ (2019 ഒക്ടോബര്‍ 20) സേതുവിന്‍റെ ആംബുലന്‍സ് എന്ന കഥ പറയുന്നു. പാവപ്പെട്ടവന്‍റെ നന്മയ്ക്കു മുമ്പില്‍ നാം ചെറുതായി പോകുന്നതുപോലെ വായനക്കാര്‍ക്കു തോന്നത്തക്കവിധം മനസ്സിനെ നന്മ കൊണ്ട് മൂടുന്ന കഥയാണിത്. മകനെ ഡോക്ടറാക്കി പണവും പ്രശസ്തിയും നേടാമെന്ന അച്ഛനമ്മമാരുടെ മോഹത്തിനപ്പുറത്ത് നിര്‍ദ്ധനര്‍ക്കായ് തന്‍റെ ജീവിതത്തെയും പ്രൊഫഷനെയും സമര്‍പ്പിച്ച പീലിപ്പോസ് ഡോക്ടര്‍, പണവും സ്വാധീനവുമുള്ളവര്‍ ഉപയോഗിച്ചു തെരുവിലെറിയപ്പെട്ട് മുറിവേറ്റു കിടക്കുന്നവരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുന്ന പൊന്നപ്പന്‍ ഡ്രൈവറെയും പോലുള്ള കഥാപാത്രങ്ങള്‍ വായനക്കാരുടെ ഉള്ളത്തെ സ്നേഹം കൊണ്ട് പൊള്ളിക്കും. തോട്ടം തൊഴിലാളി മേഖലയില്‍ രാത്രി ആരോ ഉപയോഗിച്ച് മൃതപ്രായമാക്കിയ പെണ്ണിനെ കൊണ്ട് പോന്ന ആംബുലന്‍സ് ഡ്രൈവര്‍ പൊന്നപ്പനും സര്‍ക്കാര്‍ ആശുപ്രതിയിലെ സിസിലി സിസ്റ്ററും കാരുണ്യ ത്തിന്‍റെ കയ്യൊപ്പുള്ള പീലിപ്പോസ് ഡോക്ടറും പൊന്നപ്പന്‍റെ സ്ഥിരം സഹായി ഷണ്‍മുഖനും കഥയില്‍ നിന്നും ഇറങ്ങിവന്ന് മലയാളി മനസ്സുകളുടെ കാഠിന്യത്തെ ഇടിച്ചുപൊട്ടിക്കുന്നതു പോലെ അനുഭവപ്പെടും. പൊന്നപ്പന്‍ ഡ്രൈവര്‍ പറഞ്ഞു നിര്‍ത്തുന്നത് ഇങ്ങനെയാണ്:

ഫുള്‍സ്റ്റോപ്പ്: “നട്ടപ്പാതിരായ്ക്ക് ബൈക്ക് ഓടിച്ചപോയ പയ്യന്‍ തിരികെ വന്ന് റോഡരികിലെ ആ രുപത്തെ ടോര്‍ച്ചടിച്ചു നോക്കിയില്ലായിരുന്നെങ്കില്‍, ബൈക്ക് തിരിച്ചോടിച്ചു വന്നു തുടരെ ഹോണടിച്ചു, പൂണ്ട ഉറക്കത്തില്‍ നിന്ന് തന്നെ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍, ഉടുത്തിരുന്ന കൈലിയെടുത്ത് താനവളെ പുതപ്പിച്ചില്ലായിരുന്നെങ്കില്‍, കാടിറങ്ങി, മലയിറങ്ങി, ഈ വണ്ടിയോടിയില്ലായിരുന്നെങ്കില്‍…”

Leave a Comment

*
*