Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> മാര്‍പാപ്പയുടെ കത്തിനെ ഭയപ്പെടുന്നവര്‍

മാര്‍പാപ്പയുടെ കത്തിനെ ഭയപ്പെടുന്നവര്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പാപ്പയുടെ വാക്കുകള്‍ വിശ്വാസികള്‍ക്കെന്നും ഏതാണ്ടു ദൈവവചനം പോലെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെ വിശുദ്ധിയിലും സത്യത്തിലും ധാര്‍മ്മികതയിലും ഉറച്ച ബോധ്യമുള്ള വ്യക്തിയുടേതാകുമ്പോള്‍ ലോകം മുഴുവന്‍ ആ വാക്കുകള്‍ നെഞ്ചിലേറ്റും. പക്ഷേ 2018 ആഗസ്റ്റ് 20 ന് വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ “ദൈവജനത്തിനുള്ള കത്ത്” കേരളത്തിലെ ഏതാനും മെത്രാന്മാര്‍ക്കും ചില വൈദികര്‍ക്കും വായിക്കുവാന്‍ പോലും പേടിയുള്ളതു പോലെ. മാര്‍പാപ്പയുടെ കത്തിനെക്കുറിച്ച് കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും മിണ്ടരുത്, മിണ്ടിയാല്‍ അവരെ നേരിടുമെന്ന മട്ടില്‍ നമ്മുടെ സമുദായവും സഭയും താണിരിക്കുന്നുവെന്ന വിഷമത്താടെയാണ് ഞാന്‍ ഈ വിഷയം ഇവിടെ പ്രതിപാദിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ മുന്‍ഗാമികളായ ബെനഡിക്ട് പതിനാറാമന്‍റെയും വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെയും വാക്കുകളുടെ ചുവടു പിടിച്ചു കൊണ്ട് ഏറെ വേദനയോടെയാണ് ഇന്നത്തെ കത്തോലിക്കാസഭയിലെ പൗരോഹിത്യമേധാവിത്വത്തിനെതിരെ ശക്തമായി സംസാരിച്ചിരിക്കുന്നത്. ദൈവജനത്തിനുള്ള കത്ത് എന്ന് പറയുമ്പോള്‍ ആരാണ് ദൈവജനമെന്നു നാം മനസ്സിലാക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രകാരം മാര്‍പാപ്പയും മെത്രാന്മാരും പുരോഹിതരും സന്ന്യസ്തരും അല്മായരും ഉള്‍ച്ചേരുന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന സമൂഹമാണത്. ആ ദൈവജനത്തെയാണ് മാര്‍ പാപ്പ കത്തില്‍ സംബോധന ചെയ്തിരിക്കുന്നത്. പൗലോസ് ശ്ലീഹാ കൊറീന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്ത് ആരംഭിക്കുന്നത്, “ഒരവയവം വേദനിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദന അനുഭവിക്കുന്നു (12, 26). സഭയില്‍ നടമാടിയ അധികാരത്തിന്‍റെയും മനഃസാക്ഷിയുടെയും ദുരുപയോഗത്താല്‍ ലൈംഗിക പീഡനത്തിന് വിധേയരായ കുട്ടികളുടെയും എളുപ്പത്തില്‍ മുറിപ്പെടുത്തപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്നവരുടെയും നീണ്ട പട്ടികയോര്‍ത്ത് നെടുവീര്‍പ്പിട്ടുകൊണ്ടാണ് മാര്‍പാപ്പ ഈ കത്ത് എഴുതുന്നത്.

സഭയില്‍ വൈദികരുടെയും മെത്രാന്മാരുടെയും സന്ന്യസ്തരുടെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും അധാര്‍മികതയുടെയും ഫലമായി സഹിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്‍റെയും ഇതര സമൂഹങ്ങളുടെയും വേദന മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ടാണ് മാര്‍പാപ്പ ഈ കത്തില്‍ സഭാധികാരം ദുരുപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരോട് സഭയ്ക്കുവേണ്ടി നെടുവീര്‍പ്പോടെ മാപ്പ് ചോദിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തെ കണക്കെടുത്താല്‍ സഭയില്‍ ഏകദേശം ആയിരത്തോളം കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് പൗരോഹിത്യമേധാവിത്വത്തിന്‍റെ മറവില്‍ നടത്തപ്പെട്ട ലൈംഗിക ദുരുപയോഗത്തിന്‍റെ മുറിവുകളോടെ ജീവിക്കുന്നത്. അവരുടെ വേദനയെ സഭയ്ക്ക് യാതൊരു വിധത്തിലും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു മാര്‍പാപ്പ എടുത്തു പറയുന്നു. “ഏറെ വര്‍ഷങ്ങളോളം നിശ്ശബ്ദരാക്കപ്പട്ട, അവഗണിക്കപ്പെട്ട ഇത്തരം ഇരകളുടെ ചോരവാര്‍ന്നൊഴുകുന്ന ഹൃദയങ്ങളുടെ വേദന സ്വര്‍ഗത്തെ നോക്കി കണ്ണീരൊഴുക്കുകയാണ്. അവരുടെ ഉച്ചത്തിലുള്ള നിലവിളിയെ യാതൊരു വിധത്തിലും ആര്‍ക്കും നിശ്ശബ്ദ മാക്കാനാകില്ല. ലോകം അവരെ കാതോര്‍ക്കുന്നു. മാര്‍പാപ്പ മറിയത്തിന്‍റെ സ്തോത്രഗീതം ഉദ്ധരിച്ചുകൊണ്ടാണ് ഇന്ന് ഇരകളുടെ കരച്ചില്‍ കേള്‍ക്കുകയും ഇത്തരം കുറ്റ കൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. “അവിടുന്ന് തന്‍റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസത്തില്‍നിന്നും മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി.” ഈ അടുത്ത കാലത്തു യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമായി എത്രയെത്ര മെത്രാന്മാരും വൈദികരും സന്ന്യസ്തരുമാണ് തങ്ങളുടെ സിംഹാസനങ്ങളില്‍നിന്നും എടുത്തെറിയപ്പെട്ടതെന്നോര്‍ക്കാം.

ലൈംഗിക ദുരുപയോഗങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു, “ഒരു സഭാഗാത്രമെന്ന നിലയില്‍ ലജ്ജയോടും അനുതാപത്തോടും നാം ഏറ്റുപറയുന്നു, നാം ആയിരിക്കേണ്ടതുപോലെയല്ല നാം ആയിരുന്നത്. നാം കൃത്യസമയത്ത് ഗൗരവത്തോടെ ഇടപെടാതിരുന്നതു മൂലം അനേക ജീവിതങ്ങള്‍ക്ക് വന്നു ഭവിച്ച ദുരിതത്തിന്‍റെ വ്യാപ്തി ഏറെ വലുതാണ്.” വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇവിടെ മാനസാന്തരം ഭവിക്കണം. കര്‍ത്താവ് കാണുന്നതുപോലെ എല്ലാവരെയും എല്ലാത്തിനെയും കാണാനുള്ള ഉള്‍ക്കാഴ്ചയാണ് നമുക്കുണ്ടാകേണ്ടത്.

ഫുള്‍സ്റ്റോപ്പ്: സഭയ്ക്കുള്ളില്‍ സംഭവിക്കുന്നതെല്ലാം മൂടിവച്ച്, അധാര്‍മികതയുടെയും അസത്യത്തിന്‍റെയും മേല്‍ അടയിരുന്നാല്‍ കാലം എല്ലാം മായ്ച്ചുകളയും എന്ന ചിന്തയിലല്ല ഫ്രാന്‍സിസ് മാര്‍ പാപ്പ കത്തെഴുതിയിരിക്കുന്നത്. അത് തുറവിയുടെയും ഏറ്റുപറിച്ചിലിന്‍റയും മാപ്പപേക്ഷയുടെയും സത്യവചനങ്ങളാണ്.

Leave a Comment

*
*