മാറ്റങ്ങളുടെ വെല്ലുവിളികള്‍ ഉയര്‍ത്തി ആമസോണ്‍ സിനഡ്

2019 ഒക്ടോബര്‍ 6 മുതല്‍ 27 വരെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആമസോണ്‍ സിനഡ് നടക്കുകയാണ്. ഏകേദശം 180-ഓളം സിനഡ് പിതാക്കന്മാര്‍ പങ്കെടുക്കുന്ന ഈ സിനഡില്‍ ആമസോണിലെ പരിസ്ഥിതിയെ സംബന്ധിച്ചും ആ പ്രദേശങ്ങളിലെ പ്രാദേശികമായ ജനവിഭാഗത്തിന്‍റെ സുവിശേഷവത്ക്കരണത്തെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകളാണ് നടക്കുന്നത്. ആമസോണ്‍ മഴക്കാടുകളുടെ നിഴല്‍ വീഴുന്ന ഏകദേശം പത്തോളം രാജ്യങ്ങളിലെ പ്രതിനിധികളാണ് ഈ സിനഡില്‍ പങ്കെടുക്കുന്നത്. 2.8 ദശലക്ഷം ജനങ്ങളുള്ള ഈ പ്രദേശങ്ങളില്‍ ഏകദേശം 400 വംശജരുണ്ട്. 49 ഭാഷാ കുടുംബത്തില്‍പെട്ട 240 ഭാഷകളാണ് ഇവിടത്തെ ജനങ്ങള്‍ സംസാരിക്കുന്നത്. പണ്ടു കാലം മുതലേ കുത്തക മുതലാളിമാരുടെ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന ഇവിടത്തെ പ്രാദേശികവാസികളുടെ കാര്യത്തില്‍ ഇനിയും സഭ ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട് എന്ന അറിവിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആമസോണ്‍ സിനഡ് വിളിച്ചുകൂട്ടിയിരിക്കുന്നത്.

സഭയ്ക്ക് പാനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഒരു ആമസോണിയന്‍ മുഖം ആവശ്യമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹമനുസരിച്ചാണ് ഈ സിനഡിന്‍റെ വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ആ പ്രദേശങ്ങളില്‍ ഇന്ന് ജനങ്ങള്‍ പ്രത്യേകിച്ച് ആ മണ്ണിന്‍റെ മക്കളായ ആദിവാസികളും ഗോത്രവര്‍ഗക്കാരും അനുഭവിക്കുന്ന ഒറ്റപ്പെടലിനും ചൂഷണത്തിനും അറുതി വരുത്താനുതകുന്ന ചിന്തകളാണ് ഈ സിനഡിനെ അസാധാരണമാക്കുന്നത്. അവരുടെ മണ്ണില്‍ നിന്നും അവരെ അകറ്റുന്ന ചൂഷണത്തിന്‍റെ സംവിധാനങ്ങള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ സിനഡില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആമസോണ്‍ പ്രദേശങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളൊടൊപ്പം, പരിസ്ഥിതിയുടെ അവകാശ ലംഘനങ്ങളും പരിഹരിക്കപ്പെടണം. ഒരു പക്ഷേ സഭയുടെ നിലനില്‍ക്കുന്ന ഘടനയില്‍ പോലും മാറ്റം വരുത്തിയാലേ ഈ പ്രദേശങ്ങളിലെ മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ സുസ്ഥിതിയില്‍ ക്രിയാത്മകമായി സഭയ്ക്ക് ഇടപെടാനാവുകയുള്ളൂ.

ആമസോണ്‍ സംസ്കാരത്തിന്‍റെ വൈവിധ്യങ്ങളെ ആദരിച്ചുകൊണ്ട് അവിടത്തെ പ്രശ്നങ്ങളെയും പ്രസിസന്ധികളെയും അഭിമുഖീകരിക്കണമെങ്കില്‍ നീതിബോധത്തിന്‍റെയും അനുരജ്ജനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ശുശ്രൂഷയുടെയും വഴികളാണ് തേടേണ്ടത്. ആമസോണ്‍ പ്രദേശം പീഡിപ്പിക്കപ്പെട്ട സ്ത്രീയെ പോലെയാണ്. അവളുടെ കരച്ചില്‍ നാം കേള്‍ക്കണം. അക്രമം ആ സംസ്കാരത്തെ മൃഗീയമാക്കുകയാണ്. അവിടെ കൊല്ലപ്പെട്ട മിഷനറിമാരുടെ ജീവിതങ്ങളും സഭയെ ഏറെ വെല്ലുവിളിക്കുന്നു. പക്ഷേ ഇപ്പോള്‍ ആവശ്യത്തിന് വൈദികരില്ലാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. വിവാഹിതരായവര്‍ക്ക് പട്ടം കൊടുക്കാന്‍ പോലും സഭ തയ്യറായാലേ ഈ പ്രദേശങ്ങളിലെ ആത്മീയനേതൃത്വത്തിന്‍റെ കുറവ് പരിഹരിക്കാനാവുകയുള്ളൂ.

ആമസോണ്‍ പ്രദേശങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്നവര്‍ അവരുടെ ചിന്താഗതികളല്ല ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കേണ്ടത്. ജനങ്ങള്‍ എന്തു ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കി അവരുടെ സംസ്കാരത്തില്‍ അവര്‍ക്കു മനസ്സിലാവുന്ന ഭാഷയിലാണ് യേശുക്രിസ്തുവിന്‍റെ വചനം നല്കേണ്ടത്. ഇവിടെയാണ് സാംസ്കാരികാനുരൂപണത്തിന് ഇടം നല്കേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ ക്രിസ്തുവിന്‍റെ കാരുണ്യവും ക്ഷമയുമാണ് ഇവരുടെ ജിവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷ. ബ്രസീലിലെ കസ്താന്‍ഹാളിലെ മെത്രാന്‍ കാര്‍ലോ വളരെ വ്യത്യസ്തമായ കാര്യമാണ് സിനഡില്‍ അവതരിപ്പിച്ചത്. ആമസോണ്‍ നദിയുടെ മുഖാതാവിലുള്ള അദ്ദേഹത്തിന്‍റെ രൂപതയില്‍ വേണ്ടത്ര വൈദികരില്ല. വര്‍ഷത്തില്‍ ഒന്നു രണ്ടു പ്രാവശ്യം മാത്രമാണ് ജനങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാനാവൂ. അതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ പട്ടണത്തില്‍ ഇപ്പോള്‍ 50 പള്ളികളുണ്ടെങ്കില്‍ 750 വ്യത്യസ്ത പന്തക്കൊസ്ത് വിഭാഗങ്ങളുണ്ട്. ഏകേദേശം 110 ഓളം സ്ഥിരം ഡീക്കന്മാരെ അദ്ദേഹം അഭിഷേകം ചെയ്ത് സുവിശേഷവത്കരണ പ്രക്രിയ സജീവമാക്കിയിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്‍റെ ഭാഷയില്‍ വിവാഹിതരായ വ്യക്തികള്‍ക്ക് പട്ടം കൊടുത്ത് അവരെ വൈദികരാക്കിയാലേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂവെന്നാണ്. ഒട്ടേറെ വെല്ലുവിളികളിലൂടെയാണ് ആമസോണ്‍ പ്രദേശങ്ങളിലെ സഭ ഇന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. വളരെ പ്രായോഗികമായി കത്തോലിക്കാസഭയ്ക്ക് ആ മേഖലയില്‍ ചെയ്യാവുന്നവ ഏതെന്നു കണ്ടെത്തി ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് ആമസോണ്‍ സിനഡ്.

ഫുള്‍സ്റ്റോപ്പ്: പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ലോകത്തില്‍ ഉണര്‍വിന്‍റെ ചൈതന്യം കൊടുക്കാന്‍ കത്തോലിക്കാ സഭയ്ക്കാവും. പക്ഷേ, കാലഘട്ടത്തിന്‍റെ നാഡിമിടിപ്പുകള്‍ അറിഞ്ഞ് മാറ്റങ്ങളെ ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമേ സഭയ്ക്ക് വിപ്ളവകാത്മകമായ പുതുവെളിച്ചം പകരാനാവുകയുള്ളു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org