പരസ്പരം ആദരിക്കുന്നിടത്താണ് ആത്മീയത

പരസ്പരം ആദരിക്കുന്നിടത്താണ് ആത്മീയത

ഭാരതത്തിന്‍റെ ചരിത്രപൈതൃകമായ താജ്മഹല്‍ പോലും വര്‍ഗീയതയുടെ പേരില്‍ തകര്‍ക്കണമെന്നു പറയുന്നു. അത് ഹൈന്ദവരുടെ ക്ഷേത്രമായിരുന്നുവെന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് വര്‍ഗീയവാദികള്‍ ഭാരതത്തിന്‍റെ സുന്ദരമായ മുഖത്തെ വികൃതമാക്കുകയാണ് ആര്‍എസ്സ്എസ്സും തീവ്ര ഹിന്ദുത്വവാദികളും. ഇതുപോലെയുള്ള അവകാശവാദങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമല്ല. വര്‍ഗീയവാദം പെരുകുമ്പോള്‍ മനുഷ്യര്‍ ചരിത്ര സത്യങ്ങളെ മറക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നു.

ചരിത്രത്തെ തങ്ങളുടെ പക്ഷത്താക്കി രചിക്കുന്നവരും തങ്ങളുടെ ഇടുങ്ങിയ ചിന്താഗതികളുടെ പേരില്‍ സ്വന്തം സമുദായത്തില്‍ പോലും പിളര്‍പ്പുകളുണ്ടാക്കുകയും ചെയ്യുന്നത് തീവ്രവാദികള്‍ക്ക് എന്നും ഹരമാണ്. സമൂഹത്തിലും സഭയിലും ഇതിന്‍റെ വിരലടയാളങ്ങള്‍ കാണാം. ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ചെന്നാല്‍ ആവശ്യമില്ലാത്ത ചര്‍ച്ചകളും അനാവശ്യമായ വളച്ചൊടിക്കലും ധാരാളം കാണാനും കേള്‍ക്കാനും വായിക്കാനും സാധിക്കും. സീറോ മലബാര്‍ സഭാമക്കള്‍ പോലും ചിലപ്പോള്‍ അനാവശ്യമായ അവകാശവാദങ്ങളും തര്‍ക്കങ്ങളും വിതര്‍ക്കങ്ങളും വാരി വിതറി സഭാസമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് ഇപ്പോള്‍ സ്ഥിരം പരിപാടിയാണ്. വിവരമുള്ളവരെന്നു നടിക്കുന്നവര്‍ പോലും വൃത്തി കെട്ട വാദപ്രതിവാദങ്ങള്‍ക്ക് സഭയ്ക്കുള്ളില്‍ വഴിമരുന്നിടുന്നതു കണ്ട് പലരും ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കിലൊന്നും വിശ്വസിക്കാതായിട്ടുണ്ട്. പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് കൃത്യത ഇല്ലെന്നു മാത്രമല്ല, അവ അല്പസത്യവും, അര്‍ദ്ധസത്യങ്ങളും അസത്യങ്ങളുമാണ്.

ഭാരതത്തിലെ സഭാസമൂഹത്തില്‍ നിലനിന്നിരുന്ന ചില ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറവ് കാണിച്ചിരിക്കുന്നു. 2017 ഒക്ടോബര്‍ 7-ന് മാര്‍പാപ്പ ഇന്ത്യയിലെ മെത്രാന്മാര്‍ക്കയച്ച കത്തില്‍ ഇന്ത്യയിലെ സ്വയംഭരണാധികാരമുള്ള മൂന്ന് റീത്തുകളും എങ്ങനെ സഭാമക്കളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് വളരെ വ്യക്തമായും കൃത്യമായും എഴുതിയിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും തന്‍റെ മുന്‍ഗാമികളും ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളുടെയും ഐക്യത്തെയും ഏക ലക്ഷ്യത്തെയും കുറിച്ച് എഴുതിയവയൊക്കെ ഓര്‍മ്മപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വളരെ സുന്ദരമായ ഭാഷയില്‍ ക്രിസ്തുവിനു വേണ്ടി ഒരേ മനസ്സോടെ ഒരേ ചൈതന്യത്തോടെ പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ആത്മീയ സ്വത്തുക്കളും, ഭൗതിക സ്വത്തുക്കളും അപ്പസ്തോലിക പ്രവര്‍ത്തകരെയും ഒരേ സഭയിലെ അംഗങ്ങളെന്ന നിലയില്‍ പരസ്പരം പങ്കിട്ടുകൊണ്ടുവേണം ഭാരതത്തിലെ സഭ സുവിശേഷം ജീവിക്കാന്‍. രണ്ടാം വത്തിക്കാന്‍റെ ഈ ആഹ്വാനത്തിന്‍റെ ചുവടുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു, "സുവിശേഷ ചൈതന്യത്തോടെ സാഹോദര്യത്തിലും പരസ്പര സ്നേഹത്തിലും ഭാരതത്തിലെ സഭകള്‍ മഹാമനസ്കതയും ധൈര്യവും കാണിക്കണം".

മൂന്നു സഭകള്‍ക്കും അവരവരുടേതായ പൈതൃകങ്ങളും പാരമ്പര്യങ്ങളും ഉണ്ട്. അവ അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ സീറോ മലബാര്‍ സഭയ്ക്ക് അജപാലനാധികാരം ഇന്ത്യ മുഴുവന്‍ നല്കുന്നതിനോടനുബന്ധിച്ചാണ് മാര്‍പാപ്പ മറ്റു സഭകളിലെ മെത്രാന്മാരോടും വൈദികരോടും സഭയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനും ഓരോരുത്തര്‍ക്കുമുള്ള അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാനും ആവശ്യപ്പെടുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യയിലെ സഭകള്‍ക്ക് എഴുതിയ കത്തില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതില്‍ ഏറെ സത്യമുണ്ട്. ഇപ്പോഴും ഇന്ത്യയില്‍ ന്യൂനപക്ഷമായി കഴിയുന്ന കത്തോലിക്കരുടെ ഇടയില്‍ യാതൊരു വിധ പിളര്‍പ്പുകള്‍ക്കോ വിഭാഗീയ ചിന്തകള്‍ക്കോ ഇടം നല്കാതെ എല്ലാവരും ഏകോദരസഹോദരങ്ങളെന്ന നിലയില്‍ ക്രിസ്തുവിനു വേണ്ടി ജീവിക്കണം.

ഓരോ സഭയ്ക്കും അതിന്‍റേതായ പ്രത്യേക പാരമ്പര്യങ്ങളുണ്ട്. അവയെ പരസ്പരം ആദരിക്കുന്നതിലാണ് നമ്മുടെ ക്രിസ്തീയ ചൈതന്യം അടങ്ങിയിരിക്കുന്നത്. ഒരു ഇടവകയില്‍ പരിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചുള്ള ആരാധനയ്ക്കും ധ്യാനത്തിനുമാണ് പ്രധാന്യം കൊടുക്കുന്നതെങ്കില്‍ മറ്റൊരിടത്ത് അത് പുണ്യവാന്മാരോടുള്ള നൊവേനയ്ക്കായിരിക്കും. രണ്ടിടത്തും പോകുന്നത് ഒരേ വി ശ്വാസികളുമാകാം. വിശ്വാസികള്‍ക്ക് ഏതാണോ ആശ്വാസം നല്കുന്നത് അവിടെ അവര്‍ സ്വസ്ഥത കണ്ടെത്തട്ടെ എന്ന വിചാരമാണ് അഭികാമ്യം. അല്ലാതെ ഒന്നിനെ മറ്റൊന്നിനേക്കാള്‍ മെച്ചമായോ, തരംതാഴ്ന്നതായോ കരുതേണ്ടതില്ല. എല്ലാവരും ക്രിസ്തുവിലേക്കാണല്ലോ പോകുന്നത് എന്ന ചിന്തയാണ് കരണീയം.

സ്വയംഭരണാധികാര സഭയ്ക്കുള്ളില്‍ വളര്‍ന്നുവരുന്ന തീവ്രവാദമാണ് പലപ്പോഴും ഐക്യത്തിനു തടസ്സം സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് ഡല്‍ഹി പോലുള്ള ഇടങ്ങളില്‍ ഈയടുത്ത കാലത്താണ് സീറോ മലബാര്‍ സഭ സ്ഥാപിക്കപ്പെട്ടത്. അവിടെയുള്ളവര്‍ ലാറ്റിന്‍ പള്ളികളിലാണ് അവരുടെ ആത്മീയാവശ്യങ്ങള്‍ക്കായി ഇതുവരെ പോയിരുന്നത്. അതിനാല്‍ ആ പള്ളികളോട് അവര്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ അടുപ്പം കാണാം. സീറോ മലബാര്‍ സഭയിലെ ഇടവക ചേര്‍ന്നാലും (ഓരോ റീത്തുകാരും അവരവരുടെ റീത്തില്‍പ്പെട്ട പള്ളികളിലാണ് ഇടവക ചേരേണ്ടത്) ആ വിശ്വാസികള്‍ ലത്തീന്‍ പള്ളികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് അവരെ സ്വന്തം ഇടവകയില്‍ നിന്നും ഭ്രഷ്ട് കല്പിച്ച് പുറത്താക്കാന്‍ പാടില്ല. വാസ്തവത്തില്‍ ഫരീദാബാദ് രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ സ്വന്തം റീത്തുപള്ളിയില്‍ ഇടവക ചേര്‍ന്നാലും അവര്‍ പോയിക്കൊണ്ടിരുന്ന പള്ളിയില്‍ ആത്മീയ കാര്യങ്ങള്‍ക്കായി പോകുന്നതില്‍ അനുവാദം മാര്‍പാപ്പ നല്കിയിട്ടുണ്ട്.

ഫുള്‍സ്റ്റോപ്പ്: സ്വന്തം ഇടവക പള്ളിയില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെങ്കിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലെങ്കിലും ഇടവകയില്‍ കുര്‍ബാനയ്ക്കു പോകാന്‍ വിശ്വാസികള്‍ തയ്യറാകുന്നതും അതിന് അവരെ ഇതര റീത്തിലെ വൈദികര്‍ പ്രോത്സാഹിപ്പിക്കുന്നതും ഐക്യത്തിന് ആക്കം കൂട്ടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org