വൃക്കരോഗമെന്ന കൊലപാതകിയെ ചെറുക്കുവാന്‍

അങ്കമാലി ബസിലിക്ക കാരുണ്യജീവന്‍ പദ്ധതിയിലൂടെ വിജയകരമായി ഒരു കിഡ്നി ട്രാന്‍സ് പ്ലാന്‍റേഷന്‍ നടത്തിയതിന്‍റെ വാര്‍ഷികമാഘോഷിക്കുന്നതിനിടയിലാണ് സങ്കടകരമാം വിധം മറ്റൊരു കിഡ്നി ട്രാന്‍സ്പ്ലാന്‍റേഷന്‍റെ കൂടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നത്. ഇത്തവണ 19 വയസ്സുള്ള ഒരു മകന് അവന്‍റെ അപ്പന്‍റെ കിഡ്നി കൊടുക്കേണ്ടി വന്ന ചികിത്സയുടെ ഭാഗമായി കാരുണ്യജീവന്‍-2 എന്ന പദ്ധതി ഞങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കിഡ്നിരോഗം തികച്ചും സാധാരണമായി കഴിഞ്ഞ നമ്മുടെ സാഹചര്യത്തില്‍ അതിന്‍റെ ചികിത്സയും മരുന്നുകളും പക്ഷേ താങ്ങാനാവാത്ത സാമ്പത്തിക ഭാരമാണ് കുടുംബങ്ങളിലും സമൂഹത്തിലും കൊണ്ടുവരുന്നത്. കിഡ്നി രോഗം കേരളത്തില്‍ ജീവിതശൈലിയിലുള്ള മാറ്റവും വിഷമയമായ അന്തരീക്ഷവും, നമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷങ്ങളും കുടിവെള്ളത്തിലെ മാലിന്യവും ഒക്കെ കാരണമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ, അതിന് തക്കതായ ഒരു പരിഹാരം കാണാന്‍ ഇനിയും നമുക്കായിട്ടില്ല.

കിഡ്നിഫൗണ്ടേഷന്‍റെ ചുവടു പിടിച്ച് അങ്കമാലിയില്‍ സാജു ചാക്കോ ജീവധാര ഫൗണ്ടേഷന് രൂപം കൊടുക്കുകയും അതിന്‍റെ പ്രവര്‍ത്തനഫലമായി ധാരാളം വൃക്ക രോഗികള്‍ക്ക് ആശ്വാസവും സൗഖ്യവും നല്കികൊണ്ടിരിക്കുകയുമാണ്. അങ്കമാലിയിലെ എം.വി. ചാക്കോ ജ്വല്ലേഴ്സിന്‍റെ ഉടമസ്ഥനായ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സമയവും സമ്പത്തും ഏതാനും കുറേ വര്‍ഷങ്ങളായി കിഡ്നി രോഗത്തിനെതിരെയുള്ള യുദ്ധത്തിനായി ഉപയോഗിക്കുകയാണ്.

സാജു ചാക്കോ ഒരു എഴുത്തുകാരനല്ലെങ്കിലും അദ്ദേഹത്തിന്‍റെ തീവ്രമായ ആഗ്രഹത്തിന്‍റെ ഫലമായി അദ്ദേഹം ജീവധാരയുടെ പേരില്‍ ഈയിടെ പുറത്തിറക്കിയ "വൃക്കസ്തംഭനവും ഡയാലിസിസും" എന്ന പുസ്തകം രോഗികള്‍ക്കും രോഗീശുശ്രൂഷകര്‍ക്കും ഡോക്ടേഴ്സിനും സാധാരണ ജനത്തിനും വൃക്കരോഗത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്നതാണ്. വൃക്കരോഗികള്‍ കടന്നുപോകുന്ന മാനസികവും ശാരീരികവുമായ വേദനകള്‍ ഒപ്പിയെടുത്ത് തന്‍റെ സന്മനസ്സിന്‍റെ മഷിചേര്‍ത്ത് രചിച്ചിരിക്കുന്ന ഈ പുസ്തകം ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവര്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതാണെന്ന് പറയാതെ തരമില്ല.

ജീവധാര ഫൗണ്ടേഷന്‍ നടത്തുന്ന വൃക്കരോഗ പഠനങ്ങളും ബോധവത്കരണ ക്ലാസ്സുകളും വൃക്ക രോഗചികിത്സക്കായ് ആശുപത്രികളുമായി സഹകരിച്ച് നടത്തുന്ന ഡയാലിസിസ് യൂണിറ്റുകളും വൃക്കരോഗം നേരത്തെ കണ്ടെത്താനുള്ള സൗജന്യ മെഡിക്കല്‍ ലബോറട്ടറി സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം വിവരിക്കുക മാത്രമല്ല, ഈ മേഖലയില്‍ വൃക്കരോഗികളെയും അവരുടെ കുടുംബങ്ങളെയും സര്‍ക്കാര്‍ സഹായിക്കേണ്ടതിന്‍റെ കാര്യങ്ങളും വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരോ ഇതര വാളണ്ടറി ഓര്‍ഗനൈസേഴ്സോ എത്തിപ്പെടാത്ത മലനാട് പ്രദേശങ്ങളില്‍ തൊട്ടടുത്തുള്ള ആശുപത്രികളുമായി സഹകരിച്ച് ഡയാലിസിസ് യൂണിറ്റുകള്‍ ജീവധാര തുറന്നിട്ടുണ്ടെന്ന കാര്യം അഭിമാനത്തോടെ സാജു ചാക്കോ എടുത്തെഴുതിയിട്ടുണ്ട്. കിഡ്നി ചികിത്സാ രംഗത്ത് സാധാരണക്കാരെ സഹായിക്കാന്‍ ഒരു പൊതു ഇടപെടല്‍ ഇനിയും ആവശ്യമാണ്. അത്തരത്തില്‍ ഈ പുസ്തകം സര്‍ക്കാരിനും മറ്റു സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികള്‍ക്കും നല്ലൊരു കൈപുസ്തകമാണ്.

വൃക്കരോഗം വന്നാല്‍ എത്ര സാമ്പത്തിക ഭദ്രതയുള്ള കുടുംബവും തകര്‍ന്നുപോകും. വൃക്കകള്‍ക്കായ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികളാണ് ഇന്ന് കേരളത്തിലുള്ളത്. ഇവര്‍ക്കൊക്കെ വൃക്കകള്‍ ലഭിക്കുക എന്നതും അത്ര എളുപ്പമല്ല. ആരോഗ്യമുള്ളവര്‍ അവരുടെ വൃക്ക ദാനം ചെയ്യുന്ന തലത്തിലേക്ക് അവരെ പ്രേരിപ്പിക്കുന്ന പ്രവൃത്തികള്‍ക്കും സാജു ചാക്കോ വേണ്ടത്ര ഊന്നല്‍ നല്കുന്നുണ്ട്. കിഡ്നിരോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളും രോഗം നിര്‍ണയിക്കാനുള്ള ടെസ്റ്റുകളുടെ വിവരണവും ഏറെ ഗുണകരമാണ്. മനുഷ്യശരീരത്തില്‍ രക്തശുദ്ധീകരണം, ധാതുലവണം, ജലം ഇവ നിയന്ത്രിക്കല്‍, രക്തസമ്മര്‍ദം നിയന്ത്രിക്കല്‍, രക്താണുക്കളുടെ ഉത്പാദനം തുടങ്ങി ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്ന വൃക്കകളെ വളരെ സൂക്ഷ്മതയോടെ കാത്തുരക്ഷിക്കാനുള്ള ആഹ്വാനമാണ് മൂന്നു ഭാഗങ്ങളായി തിരിച്ച് 21 തലക്കെട്ടുകളിലായി നല്കിയിരിക്കുന്നത്. 'വിഷം തിന്നുന്ന മലയാളി' എന്ന തലക്കെട്ടില്‍ ഇന്ന് കേരളക്കരയിലെ മനുഷ്യര്‍ അകത്താക്കുന്ന പച്ചക്കറികള്‍, മാംസം, മത്സ്യം തുടങ്ങിയവയിലെല്ലാം ഏതെല്ലാം തരത്തിലുള്ള വിഷങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ യുവാക്കളുടെ ഇടയില്‍ ഇന്ന് വൃക്കരോഗം വര്‍ദ്ധിക്കുന്നത് ഭീതിദമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജീവധാര സൗജന്യമായി ഡയാലിസിസ് നല്കുന്ന 26 ആശുപ്രതികളുടെ അഡ്രസ്സ് ഉള്‍പ്പെടെ നല്കി യിരിക്കുന്ന സാജു ചാക്കോയുടെ പുസ്തകം ഭൂമിമലയാളത്തിലെ എല്ലാവര്‍ക്കും ഒരു കൈത്താങ്ങാണ്.

ഫുള്‍സ്റ്റോപ്പ്: കാരുണ്യവും കര്‍മയോഗവും ഒത്തിണിങ്ങിയ മനസ്സില്‍ നിന്നേ ഇത്തരം ജീവന്‍രക്ഷാ ആശയങ്ങള്‍ ഉത്ഭൂതമാകുകയുള്ളു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org