മൃതിയുടെ ചുംബനമേല്‍ക്കാത്ത ആര്‍പ്പോവിളികള്‍

ഇരച്ചുകയറിയ വെള്ളത്തില്‍ ഒലിച്ചുപോയ 2018 ലെ ഓണത്തിന്‍റെ ഓര്‍മകളിലാണ് 2019-ല്‍ നാം ആര്‍പ്പോ വിളിക്കുന്നത്. വരികള്‍ക്കിടയിലും വാക്കുകള്‍ക്കിടയിലും വറുതിയുടെയും കണ്ണുനീരിന്‍റെയും കദനക്കഥകള്‍ ഒലിച്ചുവരുമ്പോള്‍ ആ നാളിലെ നന്മയുടെ നറുതേന്‍തുള്ളികളുടെ രുചി മറക്കാനാകില്ല. ഒ.എന്‍.വി.യുടെ 'ഓണവില്ല്' എന്ന കവിതയില്‍ കിനിയുന്ന നന്മയുടെ താളം കാതില്‍ ഇരമ്പുന്നത് ഈ സ്മൃതിതടത്തിലാണ്:

ആര്‍ദ്രമനസ്സിനാകാശങ്ങളി-
ലിന്ദ്രധനുസ്സണിയുന്നോര്‍
'നരജീവിതമാം വേദന' വാറ്റിയ
നറുതേനുണ്ടു വളര്‍ന്നോര്‍
നല്ലൊരു നാളിന്‍ സ്മൃതി ലഹരികളില്‍
നല്ല കിനാവുകള്‍ കാണ്മോര്‍
ഞങ്ങളിലേക്കു പകര്‍ന്നത്, പാട്ടോ
തെങ്ങിളനീരോ, തേനോ?…

കഴിഞ്ഞരോണത്തിന്‍റെ പൂക്കളങ്ങളില്‍ ജീവനുള്ള കാരുണ്യപ്രവൃത്തികളുടെ ചൂരും ചോരയുമുണ്ടായിരുന്നു. മാലോകരെ ഏകതയോടെ കണ്ട മാവേലി മന്നന്‍റെ ഐതിഹ്യം അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചു തീര്‍ത്തോരോണത്തിന്‍റെ സ്മൃതികളില്‍ ആര്‍ദ്രതയും സ്നേഹത്തിന്‍റെ നറുതേനും ഐക്യത്തിന്‍റെ കനവുകളും നിറഞ്ഞിരുന്നു.

ആ നന്മയുടെ തുടര്‍ച്ചയിലാണ് 2019-ലെ ഉരുള്‍പൊട്ടലിലും വെള്ളപൊക്കത്തിലും നൗഷാദുമാര്‍ ഉയിര്‍ക്കൊണ്ടത്. അപരനിടം കൊടുത്ത മഹാമനസ്കതയെ ലോകം തൊട്ടറിഞ്ഞത് സോഷ്യല്‍ മീഡിയായിലൂടെയാണ്. മറ്റുള്ളവര്‍ക്കു വേണ്ടി ഉള്ളതും ഉള്ളവും പങ്കുവച്ചവരെ പറ്റിയുള്ള ഈരടികളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എറണാകുളം അങ്കമാലി അതിരൂപത പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ ട്വല്‍വ് ബാന്‍ഡിന്‍റേതായിരുന്നു: "പടച്ചോന്‍റെ പേരില്‍ കടകാലിയാക്കി, പുടവ കൊടുത്തോര്‍, ഉയിരെടുത്തു പായും പ്രളയജലത്തെ പിടിച്ച് കെട്ടിയവര്‍' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികളും ഈണവും ആയിരക്കണക്കിന് അധരങ്ങള്‍ ഏറ്റുവാങ്ങിയതും നന്മയുടെ കുളിര്‍മഴയായി.

ആര്‍ദ്രതയുടെ പ്രകരണങ്ങളും പ്രവൃത്തികളും അഗ്നി നാളങ്ങളാണ്. അതു കത്തിപ്പടരും. മാവേലിയുടെ സത്യവും ധര്‍മവും നന്മയും ഇന്നും കേരളീയരുടെ ഹൃദയങ്ങളെ അത്ഭുതകരമായി ജ്വലിപ്പിക്കുന്നു. "അസുരനെന്ന പേരു ചൊല്ലിയാരുവിളിച്ചാലും വസുധയുടെ മക്കളെ" ഒരുപോലെ കണ്ട മഹാബലിയുടെ ജീവിതംതന്നെ ത്യാഗത്തിന്‍റെ ബലിയായിരുന്നു.

മറ്റുള്ളവര്‍ക്കായി ജീവിതം പിശുക്കില്ലാതെ നല്കുന്നവരുടെ ചരിത്രമാണ് അന്ധകാരമയമായ ഈ ലോകത്തെ താങ്ങിനിര്‍ത്തുന്നത്. പ്രളയം വിഴുങ്ങിയാലും വരള്‍ച്ച കരിച്ചാലും മനുഷ്യമനസ്സിന്‍റെ നന്മ എന്തിനെയും അതിജീവിക്കും. നന്മയും സത്യവും കാരുണ്യവും നിത്യതയാണ്. അവയിലൂടെയാണ് ഈശ്വരനിലുള്ള വിശ്വാസത്തിന് മാംസം വയ്ക്കുന്നത്. അടുത്തു നില്‍ക്കുന്ന അരചനെ കാണാന്‍ അക്ഷികളില്ലാത്തവര്‍ക്ക് അദൃശ്യനായ ദൈവത്തെ കാണാന്‍ കഴിയുകയില്ല എന്ന വേദവാക്യം സാര്‍ത്ഥകമാകുന്നതും ഇവിടെയാണ്.

പൂക്കളെയും പുഴുക്കളെയും സ്നേഹിക്കേണ്ട മനുഷ്യന്‍ തന്‍റെ സ്വാര്‍ത്ഥതയില്‍ ഈ ഭൂമിയുടെ താളവും ഭാവവും തകര്‍ത്തപ്പോഴാണ് ഭൂമിയും പ്രപഞ്ചവും പ്രതികരിക്കാന്‍ തുടങ്ങിയത്. നാം പുഴയിലേക്ക് നമ്മുടെ സൗകര്യത്തിനെറിഞ്ഞ പ്ലാസ്റ്റിക്കും മാലിന്യങ്ങളും പ്രളയ കാലത്ത് നദികള്‍ നമ്മുടെ ഉമ്മറത്ത് ഛര്‍ദ്ദിച്ചിട്ടതു നാം കണ്ടതല്ലേ? ഓണത്തപ്പനെ വരവേല്ക്കാന്‍ നാം ഉയര്‍ത്തുന്ന പൂവിളികള്‍ അര്‍ത്ഥവത്താകണമെങ്കില്‍ ചെടികളെയും മരങ്ങളെയും നാം നമ്മുടെ ജീവനെന്ന പോലെ സംരക്ഷിച്ചേ തീരൂ.

മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍ കെ.ജി. എസിന്‍റെ 'കുടം' എന്ന കവിതയില്‍ ഇങ്ങനെ പാടുന്നു:
"വെള്ളമല്ല വറ്റിത്താഴുന്നത്, ധര്‍മം; ബന്ധങ്ങള്‍.
ദാഹിക്കാത്ത യുക്തിച്ചരലുകളുമായി വരുമ്പോള്‍
പൊന്തിവരാനില്ലാതായി നമ്മിലൊരാ- ശ്വാസത്തുള്ളി."

പേമാരിയിലും നാം ഭയക്കുന്നതു വരള്‍ച്ചയെയാണ്. മണ്ണിന്‍റെ നനവിനെ ഒരൊറ്റ ദിവസത്തെ കത്തുന്ന സൂര്യന്‍ ഒപ്പിയെടുക്കുമ്പോള്‍ വേനല്‍ച്ചൂട് നമ്മെ ചുഴറ്റിയെറിയും. ഇവിടെ കേവലം വെള്ളമല്ല വറ്റുന്നത.് ജീവിതത്തിന് കുളിര്‍മയും സ്വച്ഛമായ ഒഴുക്കും നല്കുന്ന സത്യവും ധര്‍മവും പരസ്നേഹവുമാണ് ഹൃദയ നിലങ്ങളില്‍ വറ്റിവരണ്ടുപോകുന്നത്.

ഫുള്‍സ്റ്റോപ്പ്: പ്രണയജലത്തില്‍ ഉരുവാകുന്ന ജീവന്‍ മാതൃവുദരത്തിലെ സ്നേഹപ്രളയത്തിലാണ് ഉണ്മയുടെ തുടിപ്പാകുന്നത്. നമ്മുടെ ഓരോ നെഞ്ചിടിപ്പും അപരന്‍റെ ജീവിതതാളത്തോടടുക്കുമ്പോള്‍ മാത്രമേ നമ്മുടെ ആര്‍പ്പോവിളികള്‍ അര്‍ത്ഥപൂരിതമാവുകയുള്ളു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org