പൗരസമൂഹത്തെ തകര്‍ക്കുന്ന സര്‍ക്കാരുകള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ മഹത്ത്വത്തിന് മങ്ങലേല്പിക്കുന്ന തരത്തിലാണ് കേന്ദ്രത്തിലെ ഭരണാധികാരികള്‍ ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരക്കസേരയില്‍ ഇരിക്കുന്നവര്‍ക്ക് തോന്നിയതുപോലെ എന്തും ചെയ്യാം, എന്തും പറയാം എന്ന തരത്തിലാണ് അവരുടെ പോക്ക്. വലതുപക്ഷ തീവ്രവാദ നിലപാടെടുക്കുന്ന ഏതാനും പ്രസ്ഥാനങ്ങളുടെ തോന്ന്യാസങ്ങള്‍ ഇന്ത്യയിലെ ഉജ്ജ്വലമായ ജനാധിപത്യത്തെ മുറിവേല്പിക്കുകയാണ്. ഇന്ത്യ മുന്നേറുകയാണെന്ന് വെറുതെ പരസ്യപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്യുന്നത്. വലതുപക്ഷ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിലാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ശ്രദ്ധ മുഴുവന്‍. ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ സംസ്ഥാനത്തിന്‍റെ പരിമതികളില്ലാതെ വിശാലമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉദാത്തമായ പാരമ്പര്യത്തെയും നരേന്ദ്രമോദി ഇന്ന് വെല്ലുവിളിക്കുകയാണ്. ഒരു നൂറ്റാണ്ടിനിടെ കേരളത്തെ വിഴുങ്ങിയ പ്രളയകെടുതിയില്‍ കേരളത്തോടു കാണിച്ച ചിറ്റമ്മനയത്തില്‍ നിന്ന് ഇതു വ്യക്തമാണ്.

മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളോടെ ബിജെപി ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തു കൊണ്ടാണ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഗ്രൂപ്പുകളോടും പ്രസ്ഥാനങ്ങളോടും പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിച്ചിരിക്കുന്നു. പുനെയിലെ ഭീമ-കൊരേഗാവില്‍ കഴിഞ്ഞ ജനുവരി 1-ാം തീയതി ദളിതര്‍ മറാഠ പേഷ്വാമാരോട് ഏറ്റുമുട്ടി ജയിച്ചതിന്‍റെ 200-ാം വാര്‍ഷികം ആഘോഷിച്ചു. ആ ആഘോഷം തങ്ങളുടെ ആധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് മനസ്സിലാക്കിയ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനക്കാര്‍ ദളിതരുമായി ഏറ്റുമുട്ടി. അത് ഒരു കലാപത്തിലേക്കു നിണ്ടു. അതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ബി.ജെ.പി. ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പൊലീസ് ദളിതരുടെ പക്ഷം നില്‍ക്കുന്ന സാഹിത്യകാരന്മാരേയും സാംസ്കാരിക പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്തായാലും പ്രസിദ്ധ ചരിത്രകാരിയായ റോമിള ഥാപ്പര്‍, പ്രഭാത് പട്നായിക്, ദേവകി ജെയ്ന്‍, സതീഷ് ദേശ്പാണ്ഡെ, മാജ ദാരുവാല എന്നിവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. "ജനാധിപത്യ രാജ്യത്തില്‍ എതിര്‍ക്കാനുള്ള അവകാശം സുരക്ഷാ വാല്‍വാ"ണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അറസ്റ്റു ചെയ്ത ആറു പേരെയും വീട്ടുതടങ്കലില്‍ വച്ചാല്‍ മതിയെന്നു വിധിച്ചത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ ഒത്താശയോടു കൂടി അവരുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെ ലേഖനങ്ങളിലൂടെയും ഇതര സാഹിത്യ രചനകളിലൂടെയും പരസ്യമായി എതിര്‍ക്കുന്നവരെയും മനുഷ്യാവകാശമായി ബന്ധപ്പെട്ട ആശയങ്ങളും ചിന്തകളും പ്രചരിപ്പിക്കുന്നവരെയും എന്തെങ്കിലും കാരണമുണ്ടാക്കി അറസ്റ്റ് ചെയ്ത് മൗലികവകാശമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഭീമ-കൊരേഗാവ് സംഭവത്തില്‍ യാതൊരു പങ്കുമില്ലാത്ത തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നര്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നാവ്ലാഖ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

"രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഏക സംഘടനയായി ആര്‍.എസ്.എസിനെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത്" എന്നാണ് കോണ്‍ഗ്രസ്സിന്‍റെ ദേശീയാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവത്തോട് പ്രതികരിച്ചത്. നീരാ ചാന്‍ദോക് ദ ഹിന്ദു പത്രത്തില്‍ എഴുതിയത്, ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും മേലെ അവരുടെ സ്വന്തമായ പ്രസ്ഥാനങ്ങള്‍ക്കു മാത്രം ഇടം നല്കിയാല്‍ അത് പിന്നീട് തിരിച്ചടിയാകുമെന്നാണ്. അന്തോണിയോ ഗ്രാംഷി പറഞ്ഞതു പോലെ കാറല്‍ മാര്‍ക്സ് കാപ്പിറ്റലിസ്റ്റ് സംവിധാനമുണ്ടായിരുന്ന പാശ്ചാത്യ രാജ്യത്ത് വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിച്ചെങ്കിലും, സെമി ഫ്യൂഡല്‍ വ്യവസ്ഥിതിയുണ്ടായിരുന്ന റഷ്യയിലെ സാര്‍ ഭരണസംവിധാനത്തിലാണ് വിപ്ലവം ഉണ്ടായത്. വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് ഭരിക്കുന്നവര്‍ നേരിട്ട് ലജ്ജയില്ലാതെയും ക്രൂരമായും തങ്ങളുടെ അധികാരം ഉപയോഗിക്കുന്നിടത്താണ്. അല്ലാതെ പൗരസമൂഹത്തെ ഗൗരവമായി എടുക്കുന്ന സര്‍ക്കാര്‍ ഉള്ളിടത്തല്ല. അവിടെ അധീശ്വത്തിനും പ്രതിരോധത്തിനും ഇടമുള്ളതു കൊണ്ട് വിപ്ലവത്തിന്‍റെ ആവശ്യം വരില്ല എന്നതാണ് ചരിത്രം.

ഫുള്‍സ്റ്റോപ്പ്: റോമിള ഥാപ്പര്‍ പറഞ്ഞു "വര്‍ത്തമാനകാലം ഭൂതകാലത്തില്‍ സ്വന്തം മുഖം നോക്കി കാണുന്നതാണ് ചരിത്രം" – ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നെങ്കിലും ബിജെപി സര്‍ക്കാര്‍ ഒരു പാഠം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org