Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ആര്‍ജ്ജവമായ ഭാഷയില്‍ കരുണയുടെ സുവിശേഷവിഭവങ്ങള്‍

ആര്‍ജ്ജവമായ ഭാഷയില്‍ കരുണയുടെ സുവിശേഷവിഭവങ്ങള്‍

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

അവധാനതയ്ക്കും ആര്‍ജ്ജവത്തിനും അറിയപ്പെടുന്ന ആത്മീയ എഴുത്തുകാരാനാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഡോ. പോള്‍ മണവാളന്‍. അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും ലളിതമായ മാതൃഭാഷയില്‍ പുറത്തിറങ്ങിയ ആദ്യ കാല പുസ്തകം ‘ചിറകുള്ള ചിന്തകള്‍’ മുതല്‍ എല്ലാ പുസ്തകങ്ങളുംതന്നെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പോളച്ചന്‍റെ ധ്യാനാത്മകവും അന്വേഷണാത്മവുമായ തൂലികയില്‍ നിന്നും വീണ്ടുമിതാ സാധാരണക്കാരന്‍റെ ബുദ്ധി യുക്തിക്കും മനസ്സിലാകുന്ന വിധത്തില്‍ ഒരു ബൈബിള്‍ ആഖ്യായിക പുറത്തിറങ്ങിയിരിക്കുന്നു. “ലൂക്കാ സുവിശേഷം, ധ്യാനവും വ്യാഖ്യാനവും” എന്ന പുസ്തകത്തിന്‍റെ തലക്കെട്ട് തന്നെ വളരെ സത്യസന്ധമാണെന്ന് ഉള്ളടക്കം വായിക്കുന്നവര്‍ക്ക് മനസ്സിലാകും.

കരുണയുടെ വര്‍ഷത്തില്‍, മാര്‍പാപ്പയായതിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2016 മാര്‍ച്ച് 13-ാം തീയതി ആഞ്ചെലൂസ് പ്രാര്‍ത്ഥനയ്ക്ക് വത്തിക്കാന്‍ ചത്വരത്തില്‍ കൂടിയവര്‍ക്കായി ലൂക്കായുടെ സുവിശേഷത്തിന്‍റെ 40,000 കോപ്പികളാണ് വിതരണം ചെയ്തത്. ലൂക്കായുടെ സുവിശേഷത്തിന്‍റെ ഒരു വിശേഷണം കരുണയുടെ സുവിശേഷമെന്നാണ്. മാപ്പു നല്കലിന്‍റെ സുവിശേഷം, ദരിദ്രരുടെ സുവിശേഷം, സ്ത്രീകളുടെ സുവിശേഷം, വിജാതിയരുടെ സുവിശേഷം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ലൂക്കായുടെ സുവിശേഷത്തിലാണ് യേശുവിന്‍റെ അധരങ്ങളില്‍ നിന്നും അടര്‍ന്നുവീണ ഏറ്റവും മനോജ്ഞമായ കഥകള്‍ നാം വായിക്കുന്നത്. ധൂര്‍ത്തപൂത്രന്‍റെയും നല്ല സമരിയാക്കാരന്‍റെയും മറ്റും കഥകള്‍ ലോകത്തിന്‍റെ തന്നെ ഹൃദയത്തില്‍ കുറിക്കപ്പെട്ട സുന്ദര പാഠങ്ങളാണ്.
ലൂക്കാ വിജാതിയരുടെ അപ്പസ്തോലനായ സെന്‍റ് പോളിന്‍റെ സ്നേഹിതനെന്ന നിലയില്‍ വിജാതിയര്‍ക്കായി തന്‍റെ സുവിശേഷം ക്രമീകരിച്ചത്. അതുകൊണ്ടു തന്നെ അന്നു നിലവിലിരുന്ന ബൈബിള്‍ സ്രോതസുകള്‍ക്കൊപ്പം ലൂക്കായുടെ ഗവേഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സ്രോതസ്സുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവിലൂടെ ദൈവം ലോകത്തിനും മനുഷ്യവര്‍ഗത്തിനും നല്കുന്ന രക്ഷയെ ഇത്രയും മൂര്‍ത്തമായ ഭാഷയില്‍ എഴുതിയ ലൂക്കാതന്നെയാണ് പുതിയ നിയമത്തിലെ നടപടി പുസ്തകത്തിന്‍റെയും ഗ്രന്ഥകര്‍ത്താവ് എന്നോര്‍ക്കണം.

ലൂക്കായുടെ തീവ്രതയും ആര്‍ദ്രതയും തീക്ഷ്ണതയുമൊക്കെ തന്നെ ബൈബിള്‍ പണ്ഡിതനല്ലെങ്കിലും പോളച്ചന്‍ തന്‍റെ എഴുത്തിലും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ആമുഖത്തില്‍ അച്ചന്‍ എഴുതുന്നതാണ് ഈ പുസ്തകമെഴുത്തിന്‍റെ ലക്ഷ്യം. “പ്രിയ സുഹൃത്തേ, ഈ സുവിശേഷവിചിന്തനങ്ങള്‍ താങ്കള്‍ക്കും താങ്കളെപ്പോലുള്ളവര്‍ക്കും, അതിലുപരി എനിക്കുംവേണ്ടിത്തന്നെ ഒരുക്കിയതാണ്. ഇത് നിങ്ങളുടെ പ്രഭാതധ്യാനങ്ങളെ ചിന്താബന്ധു രങ്ങളും പ്രദോഷപ്രാര്‍ത്ഥനകളെ ദൈവസ്നേഹതീക്ഷ്ണങ്ങളും ദൈവസ്മരണകളെ ഹൃദയസ്പര്‍ശികളുമാക്കുമെന്ന് ഞാന്‍ കിനാവ് കാണുന്നു! നിങ്ങളെക്കുറിച്ച് ഞാന്‍ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന സാദരസ്മൃതികളുടെ നനുത്തൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ ഗ്രന്ഥം എന്നും മനസ്സിലുണ്ട്”.

സ്നാപകയോഹന്നാന്‍റെ ജനനം മുതല്‍ ലൂക്കായുടെ സുവിശേഷത്തിന്‍റെ ആദ്യാന്തം മുഴുവനും 159 തലക്കെട്ടുകളിലായി കൃത്യമായ ഫ്രെയിം ഉപയോഗിച്ച് വൈദഗ്ദ്ധ്യത്തോടെയും ചാരുതയോടെയും ചെയ്തിരിക്കുന്ന കൃതിയാണിത്. ഓരോ സംഭവവും ബൈബിള്‍ വ്യാഖ്യാനത്തിന്‍റെയും സാധാരണ ജീവിതാനുഭവത്തിന്‍റെയും ആനുകാലിക ജീവിത സാഹചര്യത്തിന്‍റെയും ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് സുന്ദരമായ ഭാഷയില്‍ ചെയ്തിരിക്കുന്ന ബൈബിള്‍ ആഖ്യായിക ലൂക്കായുടെ സുവിശേഷത്തിന്‍റെ സവിശേഷതയും യേശുവിന്‍റെ രക്ഷാകരമായ ജീവിതത്തിന് ഇന്നത്തെ സാഹചര്യങ്ങളിലുള്ള പ്രസക്തിയും സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും അറിയാവുന്ന നല്ല സമരിയാക്കാരന്‍റെ ഉപമ പോളച്ചന്‍റെ മനസ്സില്‍ നിന്നും ധ്യാനാത്മകമായ ചിന്തകളിലൂടെ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഈ ഉപമ ആദ്യമായി വായിക്കുന്നവര്‍ക്കു പോലും അതിലെ ഓരോ കഥാ പാത്രത്തെയും അവരുടെ സാഹചര്യത്തെയും പാരമ്പര്യത്തെയും അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചോദ്യവും വിശകലനവും, ജെറുസലേം – ജറീക്കോ റോഡ്, യാത്രക്കാരന്‍, പുരോഹിതനും ലേവായനും, സമറിയയാക്കാരും യഹൂദരും സമറിയാക്കാരന്‍ എന്നീ ചെറിയ തലക്കെട്ടുകള്‍ കൊടുത്ത് വായനക്കാരന് വളരെ എളുപ്പത്തില്‍ ഈ ഉപമയുടെ ആഴവും അര്‍ത്ഥവും മനസ്സിലാക്കി കൊടുക്കുന്നതില്‍ പോളച്ചന്‍ അനിതര സാധാരണമായ വൈഭവം കാണിച്ചിട്ടുണ്ട്. ഇതില്‍ ചരിത്രവും സാഹിത്യവും അന്നത്തെ രാഷ്ട്രീയാന്തരീക്ഷവും, ജനങ്ങളുടെ ചിന്താ രീതികളും, ആരാധനാരീതികളും, സാമൂഹിക സാഹചര്യവുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവസാനത്തെ ഖണ്ഡികയില്‍ വായനക്കാരനും ഇന്നത്തെ ജനങ്ങളും ഈ ഉപമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എന്തു ചെയ്യണമെന്നും സൂചിപ്പിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: ജീവിച്ചിരിക്കുന്നവരുടെ ജീവിത പരിസരങ്ങളില്‍ യേശുക്രിസ്തുവിന്‍റെ വാക്കും പ്രവൃത്തികളും മനസ്സിലാക്കാനും വ്യാപിപ്പിക്കുവാനും സാധിക്കുന്നതിലാണ് ബൈബിളിന്‍റെ പ്രസക്തി. അതിന് പോളച്ചന്‍റെ ഈ ഗ്രന്ഥം തീര്‍ച്ചയായും വലിയൊരു അനുഗ്രഹമാണ്.

Leave a Comment

*
*