Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> മഹാത്മഗാന്ധി നമുക്ക് അഭിമാനത്തേക്കാളേറെ വെല്ലുവിളിയാണ്

മഹാത്മഗാന്ധി നമുക്ക് അഭിമാനത്തേക്കാളേറെ വെല്ലുവിളിയാണ്

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

1948-ല്‍ മഹാത്മാഗാന്ധി ഗോഡ്സേയുടെ വെടിയുണ്ടകളേറ്റ് മരിച്ചപ്പോള്‍ ജവഹര്‍ ലാല്‍ നെഹ്റു പറഞ്ഞു, ‘നമ്മുടെ വെട്ടം കെട്ടുപോയി’. യഥാര്‍ത്ഥത്തില്‍ ലോകത്തിലെ കോടിക്കണക്കിനു ജനഹൃദയങ്ങളിലേക്കാണ് ആ പ്രകാശധാര കെടാത്ത അഗ്നി ജ്വാലകളായ് കിനിഞ്ഞിറങ്ങിത്. ലോകസംസ്കാരങ്ങളിലേക്ക് ആര്‍ദ്രതയുടെയും സത്യത്തിന്‍റെയും ധാര്‍മികതയുടെയും ഗാന്ധിവെളിച്ചം അരിച്ചിറങ്ങുകയാണ് ചെയ്തത്. 2019 ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി ജനിച്ചിട്ട് 150 വര്‍ഷം തികഞ്ഞപ്പോള്‍ ലോകരാജ്യങ്ങളെല്ലാം ആ മാഹാത്മന് അര്‍പ്പിച്ച ആദരാഞ്ജലികള്‍ ഗാന്ധിജിയുടെ മണ്ണില്‍ ജനിച്ചവരെല്ലാവര്‍ക്കുമാണ് അഭിമാനവും ആഭിജാത്യവുമായ് ഭവിച്ചത്.

രാമചന്ദ്ര ഗുഹയുടെ ‘ഗാന്ധി: ലോകത്തെ മാറ്റിയെടുത്ത വര്‍ഷങ്ങള്‍ 1914-48’ എന്ന പുസ്തകത്തില്‍ ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് ന്യൂസ് ക്രോണിക്കിള്‍ എന്ന പത്രത്തെ ഉദ്ധരിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു, “കുരിശില്‍ ആണിയടിച്ച അതേ കരങ്ങള്‍ തന്നെയാണ് മഹാത്മഗാന്ധിയെ കൊന്നത്. അത് എന്‍റെയും നിങ്ങളുടെയും കരങ്ങളാണ്.” ഗാന്ധിജിയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ഗാന്ധിജിയുടെ ജീവനില്ലാത്ത പ്രതിമകള്‍ വഴിനീളെ സ്ഥാപിക്കുകയും മാഹാത്മന്‍റെ പേര് വഴികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നല്കുകയും ചെയ്യുന്ന നാം ഗാന്ധിജിയുടെ ജീവിത സന്ദേശത്തില്‍നിന്ന് ഏറെ അകലെയാണ്. മതത്തിന്‍റെയും ജാതിയുടെയും വര്‍ഗത്തിന്‍റെയും പേരില്‍ ജനാധിപത്യപ്രക്രിയയെ തന്നെ അധികാരത്തിനും പണത്തിനുമായി കേവലം രാഷ്ട്രീയ കലാപരിപാടികളായി തരംതാഴ്ത്തുന്നവര്‍ക്ക് എങ്ങനെ ഗാന്ധിജിയെക്കുറിച്ച് ഉച്ചരിക്കാന്‍ സാധിക്കുന്നു? നാം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവ തമ്മിലുള്ള സംഘര്‍ഷത്തില്‍ സത്യവും ധാര്‍മികതയും നമ്മില്‍ നിന്നും ഏറെ അകലെയാണ്.

ലോകത്തിനു അഹിംസയുടെ സമത്വസുന്ദരപാത സ്വന്തം ജീവിതമാതൃകകൊണ്ട് വെട്ടിത്തുറന്ന മാഹാത്മഗാന്ധിയെ ഹിംസകൊണ്ട് നാം തള്ളിപറയുകയല്ലേ ചെയ്യുന്നത്. മതത്തിന്‍റെയും ജാതീയതയുടെയും പേരിലുള്ള ഹിംസകള്‍ ഇന്ന് നമ്മെ ആരെയും ബാധിക്കുന്നു പോലുമില്ല. 1947-ല്‍ അടിമത്വത്തിന്‍റെ ബ്രിട്ടീഷ് മേധാവിത്വത്തില്‍നിന്നും ഭാരതം സ്വതന്ത്രമായപ്പോള്‍ ഗാന്ധിജി ആഘോഷങ്ങളില്‍ നിന്നെല്ലാം അകന്നുനിന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ മതാത്മകമായ ഹിംസയെ ചെറുക്കാന്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. സ്വന്തം ജീവിതത്തെ അനുഭവങ്ങള്‍കൊണ്ടും ഉത്കൃഷ്ടമായ ചിന്തകള്‍കൊണ്ടും സത്യാന്വേഷണ പരീക്ഷണങ്ങള്‍കൊണ്ടും ജീവിതത്തെ അഗ്നിസ്ഫുടം ചെയ്തെടുത്ത മാഹാത്മഗാന്ധി എന്നും ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്നതോടൊപ്പം വെല്ലുവിളിയുമാണ്. ആ ജീവിതത്തെ അനുകരിക്കുക അത്ര എളുപ്പമല്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങളായ ഗ്രാമീണരെ കണ്ടുവേണം വികസന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ എന്നാണ് മഹാത്മഗാന്ധി പറഞ്ഞത്. അതിനാല്‍ സ്വകാര്യവത്കരണത്തേക്കാളും പൊതുമേഖലാ പദ്ധതികള്‍ക്കാണ് ഗാന്ധിജി മുന്‍തൂക്കം കൊടുക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ഇന്ന് ഗാന്ധിജിയെ കപടതയോടെ സ്തുതിക്കുന്ന ഭരണകര്‍ത്താക്കള്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളീയം കോര്‍പ്പറേഷനെയും, നീപ്കോ, ടിഎച്ച്ഡിസി, ഷിപ്പിംഗ് കോര്‍പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കുമ്പോള്‍ ഇന്ത്യ എവിടെയ്ക്കാണ് നീങ്ങുന്നത്? ഗാന്ധി ഏറെ സ്നേഹത്തോടെ കണ്ടിരുന്ന അരികുജീവിതങ്ങള്‍ നയിക്കുന്നവരുടെയും ദളിതരുടെയും അവസ്ഥയ്ക്ക് ഇന്നും ഇന്ത്യയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടോ? വിദേശത്തും സ്വദേശത്തും തങ്ങളുടെ ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞ് കയ്യടി വാങ്ങിക്കുന്നവര്‍ ഇവിടുത്തെ പട്ടിണിപാവങ്ങളുടെ ഉന്നമനത്തിനായ് എന്തെങ്കിലും ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ? ഗാന്ധിജിയുടെ പൈതൃകം സത്യസന്ധതയാണ്. അതിനു പകരം നമ്മുടെ സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയരംഗങ്ങളില്‍ ഇന്ന് കാപട്യവും മിഥ്യയുമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഗാന്ധിജിയുടെ ജന്മവാര്‍ഷികം ഏറെ കൊട്ടിഘോഷിക്കുമ്പോള്‍ മഹാകവി ടാഗോറിന്‍റെ വരികള്‍ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: ഒറ്റയ്ക്കു പോകൂ, ഒറ്റയ്ക്ക്, ആരും വരാനില്ല കൂടെ – ഹേ, ഭാഗ്യഹീനനായ മനുഷ്യാ, ഒറ്റയ്ക്കു നടക്കുക. അവരെല്ലാം പേടിച്ച് ചുവരില്‍ മുഖമമര്‍ത്തി ചൂളിക്കൂടിയിരിക്കുകയാണ്. ആരും വരികയില്ല ആ മുള്ളുനിറഞ്ഞ വഴിയിലൂടെ നടക്കാന്‍. ഒറ്റയ്ക്കു പോകൂ. ആ വഴി യിലെങ്ങും നിന്‍റെ പാദങ്ങളുടെ ചോരപ്പാടുകള്‍ പതിഞ്ഞു കിടക്കും. ഒറ്റയ്ക്കു നടക്കുന്നവനേ, അവര്‍ രാത്രിയില്‍ വാതിലെല്ലാം അടച്ചുകളയും. ഇരുട്ടാണ്, ശൂന്യതയാണ്, ഭാഗ്യം കെട്ട മനുഷ്യാ, നിന്‍റെ ഉള്‍ച്ചൂടിന്‍റെ തീമിന്നല്‍ വെളിച്ചത്തില്‍ ഒറ്റയ്ക്ക് നടന്നുപോകൂ.

Leave a Comment

*
*