വായനയുടെ പേരിമ്പം, പാഠം – 4

വായനയുടെ പേരിമ്പം, പാഠം – 4

ഫാ. പോളി പയ്യപ്പിള്ളി CMI

"കാവ്യരുടെ (അവിശ്വാസികളുടെ) ശാസ്ത്രപുസ്തകങ്ങള്‍ അജ്ഞതയും അറിവില്ലായ്മയും പഠിപ്പിക്കുന്നതാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളും ചിറ്റിമ്പപ്പാട്ടുകള്‍ (അശ്ലീലകവിതകള്‍) അടങ്ങിയ പുസ്തകങ്ങളും ഇടത്തൂട്ടുകാരുടെ (മതവിരോധികളുടെ) പുസ്തകങ്ങളും വീട്ടില്‍വച്ചു സൂക്ഷിക്കുന്നത് വൈക്കോലില്‍ തീ ഒളിച്ചുവെക്കുന്നതിനു സമമാകുന്നു. ഭക്തിയെ വര്‍ദ്ധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്രപുസ്തകങ്ങളും മക്കള്‍ക്കു സമ്പാദിച്ചു വെക്കേണ്ട നിക്ഷേപങ്ങളാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളെ ശക്തിപോലെ വാങ്ങിച്ചു ശേഖരിക്ക" (ചാവരുള്‍ – 21)

വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ പുസ്തകങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നത് തന്‍റെ വൈദികപരിശീലനകാലത്താണ്. സവിശേഷമായ ആശയലോകത്തിന്‍റെ വിശാലതയില്‍ മുഴുകിക്കൊണ്ട് ഗ്രന്ഥങ്ങളുടെ സമ്പന്നമായ നന്മകള്‍ അദ്ദേഹം അനുഭവിച്ചറിഞ്ഞു. പാശ്ചാത്യ മിഷണറിമാരുമായുള്ള ബന്ധം സാഹിത്യത്തിന്‍റെ നൂതന സങ്കേതങ്ങളെയും പ്രസ്ഥാനങ്ങളെയും അദ്ദേഹത്തിനു പരിചിതമാക്കി. വായനയുടെ പേരിമ്പം രുചിച്ചറിഞ്ഞു.

കച്ചിയില്‍ തീ ഒളിച്ചുവെക്കുന്നതിനു തുല്യമാണെന്നു പിതാവ് പറയുന്നത് പുസ്തകങ്ങളെക്കുറിച്ച് മാത്രമല്ല ഇന്ന് സമൂഹത്തെ വളരെയേറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന നവമാധ്യമങ്ങളെക്കുറിച്ചും ശരിയാണ്. ഫെയ്സ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളുടെ പ്രയോജനവും പ്രാധാന്യവും അംഗീകരിക്കുമ്പോഴും അവയൊന്നും പുസ്തകപാരായണത്തിനു പകരമാകുന്നില്ലായെന്ന സത്യം നാം അംഗീകരിക്കണം.

ചെറുപ്പം മുതല്‍ വായന ശീലമാക്കുന്നവര്‍ സവിശേഷമായ പരിണാമ പ്രക്രിയയിലൂടെ കടന്നുപോകുന്നുണ്ട്. നിരന്തരമായ പാരായണത്തിലൂടെയും പരിചിന്തനത്തിലൂടെയും അവരുടെ മനസ്സില്‍ ഭാവനാചിത്രങ്ങളും ബിംബങ്ങളും ആശയരൂപങ്ങളും മുദ്രിതമാകുന്നു.

നവമാധ്യമങ്ങളിലെ ആഴമില്ലാത്തതും തുടര്‍ച്ചയറ്റതുമായ നുറുങ്ങുചിന്തകളുടെ വായന ഇപ്രകാരമൊരു സര്‍ഗ്ഗാത്മക പരിശീലനം പ്രദാനം ചെയ്യുന്നതാണോ? സ്മാര്‍ട്ട് ഫോണിന്‍റെയും കമ്പ്യൂട്ടറിന്‍റെയും ചെറുതിരയില്‍ മിന്നിമറയുന്ന ചിത്രങ്ങള്‍ ക്രിയാത്മകതയെ എന്തുമാത്രം പോഷിപ്പിക്കും?

ചാവറ പിതാവ് തന്‍റെ ആത്മീയപുത്രിമാരായ സി.എം.സി. സഹോദരിമാര്‍ക്ക് എഴുതിയ കത്തില്‍ വായനയെ രണ്ടു തരമായി തിരിക്കുന്നുണ്ട്.: 1) ബുദ്ധിപരമായ അറിവും പ്രകാശവും ലഭിക്കുന്നതിനുള്ള വായന. 2) ഈശോയുടെ ജീവിതരഹസ്യങ്ങളുടെ ആഴവും അര്‍ത്ഥവും കൂടുതല്‍ ഗ്രഹിക്കുവാന്‍ സഹായിക്കുന്ന വായന.

പിതാവിന്‍റെ അനുഭവമനുസരിച്ച് മേല്‍പ്പറഞ്ഞ രണ്ടാമത്തെ തരം വായനയിലൂടെ അറിവും ദൈവൈക്യവും വര്‍ദ്ധിക്കുന്നു. ഇത് പുണ്യത്തില്‍ പുരോഗമിക്കാനും വീഴ്ചകള്‍ ഒഴിവാക്കാനും ഉള്ള നിശ്ചയത്തെ ദൃഢപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമാണ്. ഇതാണ് വായനയുടെ പേരിമ്പം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org