Latest News
|^| Home -> Pangthi -> പലവിചാരം -> വീട്ടിലേക്കുള്ള വഴിയില്‍ പെണ്ണിനെന്തു സംഭവിക്കുന്നു?

വീട്ടിലേക്കുള്ള വഴിയില്‍ പെണ്ണിനെന്തു സംഭവിക്കുന്നു?

Sathyadeepam

ലിറ്റി ചാക്കോ

വാക്കുകള്‍ക്കു ചിലപ്പോഴൊക്കെ ഒരു ദുരന്തം നേരിടേണ്ടി വരും. പറഞ്ഞുപഴകി കാണാതാവുന്ന ഒരവസ്ഥ. കുറച്ചുകാലമായി അങ്ങനെയൊരു അപകടത്തില്‍പ്പെട്ടുപോയ ഒരു വാക്കാണു സ്ത്രീ സുരക്ഷ.
നിര്‍ഭയ ഒരു പേരു മാത്രമല്ലെന്നും അതൊരു പ്രതീകമാണെന്നും തിരിച്ചറിഞ്ഞപ്പോഴാണു നാം സര്‍ക്കാര്‍ തലത്തില്‍ തന്നെയും നിരവധി പദ്ധതികള്‍ക്കു രൂപം നല്കിയത്. സെല്‍ഫ് ഡിഫന്‍സടക്കം വിവിധ പരിശീലന പരിപാടികളോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതു നിലവിലുണ്ട്. ‘എന്തടാ’ എന്നു ചോദിച്ചാല്‍ ‘ഏതടാ’ എന്നു തിരിച്ചു ചോദിക്കാന്‍ പാകത്തില്‍ അവയോരോന്നും പെണ്‍കുട്ടികളെ സഹായിക്കുന്നുമുണ്ട്. അപ്പോള്‍ നോക്കൂ, കാര്യങ്ങള്‍ ഇതിനുമപ്പുറമാണ്. സന്ധ്യാനേരത്തു സ്വന്തം വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള വഴിയില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്‍റിലാണു സൗമ്യയെ നഷ്ടപ്പെട്ടത്. ജോലി കഴിഞ്ഞ് ഇന്‍ഡസ്ട്രി ഏര്‍പ്പാടാക്കിയ വാഹനത്തില്‍ തിരക്കേറിയ പാതയിലാണ് ഒടുവില്‍ മലയാളത്തിന്‍റെ പ്രിയ നടിയും ആക്രമിക്കപ്പെട്ടത്.
തങ്ങളാഗ്രഹിക്കുമ്പോഴൊക്കെ കടന്നാക്രമിക്കാവുന്ന പൊതുവസ്തുവാണു സ്ത്രീശരീരം എന്നു ചിലരെങ്കിലും ഇപ്പോള്‍ അടിക്കടി വിചാരിക്കുന്നു. അതിലെന്താണു തെറ്റെന്ന് അവര്‍ സ്വയവും സമൂഹത്തോടും ചോദിക്കുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ പൊലീസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സുകളില്‍ ഒന്നില്‍വച്ച്, പ്രായമേറിയ ഒരു ഡ്രൈവര്‍ ഇങ്ങനെ ചോദിച്ചു: “നിങ്ങള്‍ ഗോവിന്ദച്ചാമിയെ കണ്ടിട്ടുണ്ടോ?”
“ഇല്ല.”
“എങ്കില്‍ കാണണം. സിനിമാനടനെ വെല്ലുന്ന സൗന്ദര്യവും ആരോഗ്യവുമായി അയാളിപ്പോള്‍ ജയില്‍വാസം തുടരുന്നു. പുറത്തു പിച്ചതെണ്ടി നടന്നു ക്ഷീണിക്കുന്നവനു നിയമം കൊടുത്ത ശിക്ഷ! ഇവനെയൊക്കെ ഞങ്ങള്‍ക്കിട്ടു തരാമോ? ഞങ്ങള്‍ നടത്താം ശിക്ഷ!”
മറ്റൊരാള്‍ക്ക് ആവര്‍ത്തിക്കാതിരിക്കാന്‍ തോന്നുന്ന വിധത്തില്‍, എന്തു ശിക്ഷയാണ് ഒറ്റക്കയ്യനു ലഭിച്ചത്!
വെറും ഓട്ടോ ഡ്രൈവര്‍ മാത്രമല്ല ഇതു പറഞ്ഞത്. ആര്‍മിയില്‍ മേജര്‍ റാങ്കു വഹിച്ച ഒരു പട്ടാളക്കാരന്‍ സംവിധായകന്‍ “ആമ്പിള്ളേരുണ്ടെങ്കില്‍ വാടാ, ചങ്കൂറ്റമുള്ള ഒരു പട്ടാളക്കാരനാണിതു പറയുന്നത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.”
എന്തെങ്കിലും തെറ്റാണെന്നോ ശരിയാണെന്നോ സ്ഥാപിക്കാനുദ്ദേശിക്കുന്നില്ല. മണ്ഡരി ബാധിച്ച തെങ്ങുകള്‍ അപ്പാടെ വെട്ടിക്കളയാം. എന്നിട്ടും മണ്ഡരി ചാവുന്നില്ലെങ്കില്‍!? അതാണു പറഞ്ഞത്, പെണ്ണ് ഒരു ശരീരം മാത്രമാണെന്നും അതു പുരുഷന് ഏതു നിമിഷവും കീഴ്പ്പെടുത്താനുള്ളതാണെന്നുമുള്ള ക്രൗര്യത്തിനാണു വിലങ്ങു വീഴേണ്ടത്. സാമൂഹികരോഗമായി പടര്‍ന്നുപിടിച്ചിരിക്കുന്ന ലൈംഗികാതിക്രമങ്ങളെ ചെറുത്തു തോല്പിക്കുവാന്‍ കുരുന്നുകളില്‍ തുടങ്ങണം ബോധവത്കരണം.
വാലന്‍റൈന്‍സ് ഡേയില്‍ പരസ്യം വിറ്റു കാശാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്ന ഇക്കാലത്തു കുട്ടികള്‍ക്കിടയില്‍ ശരീരത്തിനപ്പുറത്തു മനസ്സിന്‍റെ പ്രണയം ചിന്തയില്‍പ്പോലുമില്ല. ഫെബ്രുവരി രണ്ടാംവാരം മുതല്‍ ചുവന്ന റോസാപുഷ്പങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യുന്ന പൂവിപണി വളര്‍ത്തിവിടുന്ന സംസ്കാരവും നല്ലതല്ല. കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ അദ്ധ്യാപകന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘ആവിഷ്കാര സ്വാതന്ത്ര്യ’ത്തിന്‍റെ ചുവടുപിടിച്ചു സഹപ്രവര്‍ത്തകര്‍ പോലും മാറിനില്ക്കുന്നതും ആശുങ്കയുണര്‍ത്തുന്നുണ്ട്.
എവിടെയാണു തുടങ്ങുക, എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നിത്തരം കാര്യങ്ങളില്‍ ഒന്നിച്ചൊരു തീരുമാനത്തിലെത്തേണ്ട വിഭാഗങ്ങളെല്ലാം പരസ്പരം മുതലെടുപ്പു നിര്‍ത്തിയാല്‍ത്തന്നെയും പാതിവഴി ശരിയായിക്കൊള്ളും.
പൊള്ളുന്ന മനസ്സും നീറുന്ന ഉത്കണ്ഠയും മാത്രം സ്വരുക്കൂട്ടി ഉറക്കം നഷ്ടപ്പെട്ട അമ്മമനസ്സുകള്‍ ഇവിടെ സംഘടിക്കുമെന്നു പ്രത്യാശിക്കാം.

Leave a Comment

*
*