Latest News
|^| Home -> Pangthi -> പുതുജീവിതത്തിലേക്ക് -> വെളിച്ചത്തിന്‍റെ ലോകം

വെളിച്ചത്തിന്‍റെ ലോകം

മാണി പയസ് (ഫ്രീലാന്‍ഡ് പത്രപ്രവര്‍ത്തകന്‍)

ഉയിര്‍പ്പുതിരുനാളിനുശേഷം പന്തക്കുസ്താ തിരുനാളിലേക്കുള്ള യാത്രയിലാണു നാം. നമ്മുടെ വിശ്വാസജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു നല്കുന്ന ബോദ്ധ്യങ്ങള്‍ പങ്കുവയ്ക്കുന്ന ഏഴ് ഒരുക്കചിന്തകള്‍! പ്രാര്‍ത്ഥനാനിര്‍ഭരമായി നമ്മിലെ രോഗങ്ങളെ സമീപിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.

കോറീന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ (1. കോറി. 12:4-11) വി. പൗലോസ് പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു:
“ദാനങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നതു പൊതുനന്മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്‍റെ വചനവും നല്കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്കുന്നു. ഒരുവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും മറ്റൊരുവനു പ്രവചിക്കാന്‍ വരവും വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവനു വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവുതന്നെ നല്കുന്നു. തന്‍റെ ഇച്ഛയ്ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്കുന്ന ഒരേ ആത്മാവിന്‍റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.”

സാവൂളിനെ വിശുദ്ധ പൗലോസ് ആക്കിയതു പരിശുദ്ധാത്മാവിന്‍റെ നിറവാണ് (അപ്പ. പ്ര. 9:17-19). രോഗശയ്യയിലെ രോഗിക്കു പുതിയ കണ്ണുകള്‍ ലഭിക്കുകയാണ്. പഴയ കണ്ണുകള്‍കൊണ്ടു കണ്ട കാഴ്ചകളല്ല ഇനി മുതല്‍ കാണുക. പരിശുദ്ധാത്മാവ് ആവസിച്ചശേഷം യഥാര്‍ത്ഥമായ ഭക്തി നിറഞ്ഞു ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. ദൈവശക്തിക്കു മുന്നില്‍ ശിശുവിനെപ്പോലെ വിസ്മയാധീനനാകാന്‍ തുടങ്ങി. ദൈവവുമായി വ്യക്തിപരമായി ഉണ്ടായ സൗഹൃദം നഷ്ടപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ല. ശരിയായ കാര്യം ചെയ്യാന്‍ അപാരമായ ധൈര്യമുണ്ടാകും. ദൈവികപദ്ധതിക്കു കീഴ്വഴങ്ങി ഏറ്റവും അനുയോജ്യമായ രീതിയില്‍ മുന്നേറാന്‍ കഴിയും. ഇനി മുതല്‍ അയാള്‍ രോഗിയല്ല, ദൈവം മനുഷ്യനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍റെ ജീവിക്കുന്ന അടയാളമാണ്.

യേശു പറഞ്ഞു: “സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.” നിക്കോദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? യേശു പ്രതിവചിച്ചു: “സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല. മാംസത്തില്‍ നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍ നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ട. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു. അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍ അത് എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും” (യോഹ. 3:3-8).

മനുഷ്യനു വീണ്ടും ജനിക്കാനുള്ള അനുഗ്രഹാവസരമാണു രോഗശയ്യയില്‍ പിതാവായ ദൈവം ഒരുക്കുന്നത്. പ്രാര്‍ത്ഥനയുടെ അകമ്പടിയുള്ള കണ്ണീര്‍ പ്രവാഹത്തിലും പരിശുദ്ധാത്മാവിനാലും അവന്‍ വീണ്ടും ജനിക്കുന്നു.

ഡിസ്ചാര്‍ജ് ചെയ്തു രാത്രി ഏഴുമണിയോടെ ഞാന്‍ വീട്ടിലേക്കു പോന്നു. വഴിയില്‍ ഇടവകപ്പളളിയുടെ അതിര്‍ത്തിയില്‍ കുരിശിന്‍റെ വഴി പ്രാര്‍ത്ഥനകള്‍ പലതു കാണാന്‍ കഴിഞ്ഞു. പുത്രന്‍തമ്പുരാന്‍റെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ടു ജീവിതപ്പാതയിലൂ ടെ നിരയായി നീങ്ങുന്ന ഭക്തജനങ്ങള്‍. മെഴുകുതിരികള്‍ക്കൊപ്പം പ്രാര്‍ത്ഥനകളും എരിഞ്ഞു കത്തുന്നു.

ഭക്തിസംവര്‍ദ്ധകമായ ആ കാഴ്ചകളില്‍നിന്നു വീടിനു മുന്നിലെത്തിയപ്പോള്‍ എതിര്‍വശത്തു ശൂന്യമായിരുന്ന വാടകക്കെട്ടിടത്തില്‍ ആകെ വെളിച്ചം. പുതിയ വാടകക്കാര്‍ക്കായി വീടും മതിലുമെല്ലാം വെള്ളപൂശി മനോഹരമാക്കിയിരിക്കുന്നു. വെളിച്ചത്തില്‍ അവ തിളങ്ങുന്നു.

വീട്ടിലേക്കുള്ള തിരിച്ചുവരവില്‍ എന്നോടൊപ്പം എന്‍റെ പ്രിയപ്പെട്ട ദൈവം തമ്പുരാനുമുണ്ട്. ആ കൈകളില്‍ നിന്ന് ഇനിഞാന്‍ പിടിവിടില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവേ എന്നില്‍ കനിയണമേ.

Leave a Comment

*
*