Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> വേണം നമുക്കൊരു സൗരോര്‍ജ്ജ മിഷന്‍

വേണം നമുക്കൊരു സൗരോര്‍ജ്ജ മിഷന്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

സൗരോര്‍ജ്ജം കൊണ്ടു മാത്രം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. വിദേശ ടി.വി. ചാനലുകള്‍ സിയാലിനെപ്പറ്റി വാര്‍ത്തകള്‍ നല്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ടാണു സിയാല്‍ ഊര്‍ജ്ജകാര്യത്തില്‍ സ്വയംപര്യാപ്തത നേടിയെടുത്തത്. പുതിയ അന്തര്‍ദ്ദേശീയ ടെര്‍മിനല്‍ (T3) കെട്ടിടത്തിന്‍റെ മുകളിലും സൗരോര്‍ജ്ജപാനലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സിയാല്‍ എംഡി, വി.ജെ. കുര്യന്‍റെയും സഹപ്രവര്‍ത്തകരുടെയും ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമാണ് ഈ നേട്ടത്തിന്‍റെ പിന്നില്‍.
സ്വാഭാവികമായും ഉദിക്കുന്ന ചോദ്യം എന്തുകൊണ്ട് ഈ മോഡല്‍ കേരളത്തില്‍ മൊത്തം നടപ്പിലാക്കിക്കൂടാ എന്നാണ്. കേരളമിപ്പോള്‍ അതിരൂക്ഷമായ ചൂടും വരള്‍ച്ചയും നേരിടുകയാണ്. എല്ലാ വേനലിലും ഇതുതന്നെയാണ് സ്ഥിതി; ഇക്കൊല്ലം അതു കുറച്ചുകൂടി മോശമാണെന്നു മാത്രമേയുള്ളൂ. ചൂടു കൂടുന്നു, കേരളം വരളുന്നു, ഡാമിലെ വെള്ളം കുറയുന്നു, വൈദ്യുതിക്ഷാമം നേരിടും, ചാര്‍ജ് കൂട്ടേണ്ടി വരും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മാധ്യമങ്ങളും അത് ഏറ്റുപാടുന്നു. അതിനപ്പുറം ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകുന്നുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷം എറണാകുളം കളക്ടറായിരുന്ന രാജമാണിക്യം ജില്ലയിലെ കുളങ്ങള്‍ നവീകരിക്കാന്‍ മുന്നിട്ടിറങ്ങി. കുളങ്ങള്‍ ശുദ്ധീകരിക്കാന്‍ അദ്ദേഹംതന്നെ വെള്ളത്തിലിറങ്ങാന്‍ തയ്യാറായി. അതു കണ്ടു നാട്ടുകാരും. കരയ്ക്കിരുന്നു മീന്‍ പിടിക്കുന്ന പരിപാടി അല്ലാത്തതുകൊണ്ട് ആ ശ്രമം വിജയിച്ചു.
അതുപോലെ ദര്‍ശനവ്യക്തതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും രംഗത്തിറങ്ങുകയാണെങ്കില്‍ ഇവിടെ കാര്യങ്ങള്‍ നടക്കും. ഇപ്പോഴും നല്ല പങ്കു ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരളം മഴ ആവശ്യത്തിനു കിട്ടിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി നേരിടും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ വൈദ്യുതി ലഭ്യമാണ്. അതിവിടെ എത്തിക്കാന്‍ ആവശ്യത്തിനു ലൈനുകളില്ല, ലൈനുകള്‍ വലിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നുമില്ല. നമുക്ക് അവകാശബോധം കൂടുതലാണല്ലോ.
ഈ സാഹചര്യത്തില്‍ അനുയോജ്യമായ ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കുകയെന്നതാണു കരണീയം. വിശാലമായ സൗരോര്‍ജ്ജപ്പാടങ്ങള്‍ക്കു കേരളത്തില്‍ വലിയ സാദ്ധ്യതയില്ലായിരിക്കാം. ജലാശയങ്ങള്‍ക്കു മീതെ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത അപ്പോഴും ആരായാം. കേരളത്തില്‍ എളുപ്പം നടപ്പാക്കാവുന്നതു പുരപ്പുറത്തു സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കലാണ്.
ബോര്‍ഡിന്‍റെ ഗ്രിഡിലേക്കു വൈദ്യുതി നല്കുകയാണെങ്കില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ 70000 രൂപയേ ആകൂ. ഇതു വിജയിക്കണമെങ്കില്‍ വൈദ്യുതിവിതരണ സംവിധാനം കുറ്റമറ്റതാകണം. വൈദ്യുതി ഉത്പാദിപ്പിച്ചു നല്കുന്നവര്‍ക്കു മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്ന സാഹചര്യമുണ്ടാകണം. അതല്ലെങ്കില്‍ ചെലവേറിയ ബാറ്ററി സ്ഥാപിക്കണം. ഗ്രിഡിലേക്കു നല്കുകയാണെങ്കില്‍ നാലോ അഞ്ചോ കിലോവാട്ട് വരെ വൈദ്യുതി ലഭിക്കുന്ന പാനലുകള്‍ സ്ഥാപിക്കുവാന്‍ വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകും. അങ്ങനെ ചെയ്താല്‍ ഓരോ വീടിനും ആവശ്യമായ വൈദ്യുതി അവിടെത്തന്നെ ഉത്പാദിപ്പിക്കാമെന്നു മാത്രമല്ല, പൊതു ആവശ്യത്തിനു കൊടുക്കാനും കഴിയും. സര്‍ക്കാര്‍ സബ് സിഡിയോടെ ഈ പദ്ധതി വ്യാപകമായി നടപ്പിലാക്കാന്‍ ബോര്‍ഡും സര്‍ക്കാരും തയ്യാറാകുന്നില്ലെന്നതു ദുരൂഹമാണ്. ഇപ്രകാരം സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ അനര്‍ട്ട് ഈയിടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് അപേക്ഷിക്കാം, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അനുവദിക്കുമെന്ന അഴകൊഴമ്പന്‍ നിലപാടാണ് അനര്‍ട്ട് സ്വീകരിച്ചിരിക്കുന്നത്. വരള്‍ച്ച നേരിടുന്ന, അസഹനീയമായ ചൂട് അനുഭവിക്കുന്ന സമയത്ത് ഇങ്ങനെയൊരു സമീപനമാണോ സ്വീകരിക്കേണ്ടത്?
അനര്‍ട്ടിന്‍റെയും വൈദ്യുതി ബോര്‍ഡിന്‍റെയും ഉദ്യോഗസ്ഥര്‍ വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ സൗരോര്‍ജ്ജ ചാനലുകള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കണം. അപേക്ഷാഫോറം പൂരിപ്പിച്ചു വാങ്ങണം, പണം നേരിട്ടു സ്വീകരിക്കുകയോ ഓണ്‍ലൈന്‍ അടയ്ക്കാന്‍ സൗകര്യമൊരുക്കുകയോ വേണം. കാര്യക്ഷമമായി പാനലുകള്‍ സ്ഥാപിക്കാന്‍ കഴിവുറ്റ കമ്പനികള അവ സ്ഥാപിക്കാന്‍ നിയോഗിക്കണം. ഒരു മിഷന്‍ മോഡില്‍ നടപ്പിലാക്കുകയാണെങ്കില്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം മുഴുവനും വൈദ്യുതി ഉത്പാദനകേന്ദ്രമാകും. മിച്ചമുള്ള വൈദ്യുതി പുറത്തു വില്ക്കാനും കഴിയും.
സൗരോര്‍ജ്ജ പാനലുകളുടെ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവും വില കുറഞ്ഞ പാനലുകള്‍ ചൈനയില്‍ നിന്നു ലഭ്യമാണ്. ഇന്ത്യയിലും വില കുറഞ്ഞ പാനലുകള്‍ നിര്‍മിക്കാന്‍ കഴിയേണ്ടതാണ്. മാറിയ സാഹചര്യത്തില്‍ സോളാര്‍ വൈദ്യുതി ഏറ്റവും വില കുറഞ്ഞ വൈദ്യുതിയായി തീര്‍ന്നിട്ടുണ്ട്. മദ്ധ്യപ്രദേശിലെ റീവയിലെ സൗരോര്‍ജ്ജ പ്ലാന്‍റില്‍ നിന്നുള്ള വൈദ്യുതി കഴിഞ്ഞ ദിവസം ലേലം ചെയ്തതു യൂണിറ്റിനു 2.97 രൂപയ്ക്കാണ്. 25 കൊല്ലത്തേയ്ക്കു കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ 3.30 രൂപയ്ക്കു കിട്ടും.
തുറന്നു കിട്ടുന്ന അവസരങ്ങള്‍ മുതലാക്കാതെ വൈദ്യുതിക്ഷാമത്തെപ്പറ്റി ഭീഷണമായ മുന്നറിയിപ്പുകള്‍ നല്കിയിട്ട് ഒരു പ്രയോജനവുമില്ല. ചൂടു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സോളാര്‍ ഏസിയും വില കുറച്ചു ലഭ്യമാക്കാന്‍ ശ്രമിക്കണം. ഈ രംഗത്തു ഫലപ്രദമായ ഗവേഷണത്തിനു സര്‍ക്കാര്‍ മുന്‍ കയ്യെടുക്കണം. മന്ത്രിമാരെല്ലാവരും നാവടക്കി നാടിനു പ്രയോജനം ചെയ്യുന്ന പണികള്‍ ഇച്ഛാശക്തിയോടെ ചെയ്യുകയാണു വേണ്ടത്.

Comments

One thought on “വേണം നമുക്കൊരു സൗരോര്‍ജ്ജ മിഷന്‍”

  1. സഭക്ക് ഒരുപാടു സ്ഥാപനങ്ങള്‍ ഇല്ലേ? എത്രയിടങ്ങളില്‍ സോളാര്‍ പവര്‍ system install ചെയ്തിട്ടുണ്ട്? Let the charity begin from home. My house is fully powered by solar power. ANERT ന്‍റെ അഴകൊഴമ്പന്‍ നയമോ ഗവേഷണങ്ങളുടെ അഭാവമോ തടസ്സങ്ങള്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല.

Leave a Comment

*
*