മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രന്‍ തച്ചനക്കര

മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രന്‍ തച്ചനക്കര
Published on

മനുഷ്യന്‍റെ ആരംഭവും അവസാനവും ഒരേസമയം ദ്യോതിപ്പിക്കുന്ന കവര്‍ചിത്രത്തോടെയാണ് സുഭാഷ്ചന്ദ്രന്‍റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവല്‍ വായനക്കാരന്‍റെ മുന്നിലേക്കെത്തുന്നത്. കവര്‍ചിത്രത്തെ ആകമാനം വീക്ഷിച്ചാല്‍ ഒരമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തുവരുന്ന കുഞ്ഞിന്‍റെ തലയെന്നാണ് തോന്നുക. അതേസമയം നമ്മുടെ കാഴ്ച ചിത്രത്തിന്‍റെ നടുഭാഗത്തേക്കു മാത്രമായാലോ? മൃതദേഹം വെള്ളത്തുണികൊണ്ട് മറച്ച് നിലത്തു കിടത്തിയാല്‍ തലയ്ക്ക് പിറകില്‍ നിന്ന് ലഭിക്കുന്ന ദൃശ്യമായും അതിനെ മനസ്സിലാക്കാം. ഉത്തരംകിട്ടാത്ത സമസ്യകളായി ഇന്നും മനുഷ്യന്‍റെ മുന്നില്‍ നിലനില്ക്കുന്ന ജനനവും മരണവും തമ്മില്‍ എന്തെങ്കിലും അന്തരമുണ്ടോ എന്ന് ഇവിടെ നോവലിസ്റ്റ് നമ്മോട് ചോദിക്കുകയാകുമോ? 2010-ല്‍ ഡിസി-കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം 'പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യനെന്ന' ആമുഖനിര്‍വ്വചനത്തോടെയാണ് ആരംഭിക്കുന്നത്. അവസാനിക്കുന്നതോ ജീവിതം പൂര്‍ണ്ണമാക്കാനുള്ള അന്വേഷണം തുടര്‍ജന്മങ്ങളിലൂടെ സഫലമാകുമെന്ന പ്രതീക്ഷയിലും.

കഥ നടക്കുന്ന തച്ചനക്കര ഗ്രാമത്തെ ഒരു ചരിത്രഗവേഷകന്‍റെ സൂക്ഷ്മതയോടെയാണ് കാന്‍വാസിലെന്നപോലെ അദ്ദേഹം വരച്ചിടുന്നത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് പടിഞ്ഞാറ് പെരിയാറിന്‍റെ മടിത്തട്ടില്‍ ഉളിയന്നൂരിന് അക്കരെ തോട്ടക്കാട്ടുകരയ്ക്കും ഏലൂര്‍ക്കരയ്ക്കും മംഗലപ്പുഴയ്ക്കും ഇടയിലുള്ള ദേശമായി ആ ഗ്രാമത്തെ അടയാളപ്പെടുത്തുമ്പോള്‍ തച്ചനക്കരയുടെ അസ്തിത്വത്തെപ്പറ്റി ആര്‍ക്കാണ് സംശയം തോന്നുക? മണല്‍പ്പുറത്തെ ശിവരാത്രിയും, പുതുവാശ്ശേരിയിലെ ഇഷ്ടികക്കളങ്ങളും, കണിയാന്‍കുന്നും, യു.സി. കോളേജുമെല്ലാം ഗൂഗിള്‍മാപ്പിലെന്നപോലെ തികഞ്ഞ ദൃഷ്ടാന്തങ്ങളായി പരന്നുകിടക്കുകയല്ലേ! ഒപ്പം ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, കൊച്ചിരാജാവ്, സാമൂതിരിപ്പാട് തുടങ്ങി മലയാളത്തിന് മറക്കാനാവാത്ത ഭരണകര്‍ത്താക്കളെ ചേര്‍ത്തുള്ള സംഭവങ്ങള്‍. ചരിത്രത്തിന്‍റെ കണ്ണികളായ വര്‍ഷങ്ങളും വിശേഷങ്ങളും കൂട്ടിനെത്തുമ്പോള്‍ വിവരണവിശദാംശങ്ങള്‍ തനി ഒറിജിനല്‍ ചരിത്രമാണെന്ന പ്രതീതിയുണ്ടാകുന്നു. ഉദാഹരണങ്ങള്‍ക്കു പഞ്ഞമില്ല: "അങ്ങനെ ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയേഴില്‍ തച്ചനക്കരത്തേവരുടെ മുന്നില്‍വച്ച് കമ്മ്യൂണിസ്റ്റുകാരനായ ശങ്കരന്‍ എട്ടു പവന്‍റെ പൊന്നിട്ട് നിന്ന ചിന്നമ്മയെ മിന്നുകെട്ടി." "ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയേഴില്‍ ഈയെമ്മസ്സ് മന്ത്രിസഭ അധികാരമേറ്റദിവസം തച്ചനക്കരയിലൂടെ ഒരു ആഹ്ലാദപ്രകടനം കടന്നുപോകുമ്പോള്‍ അതിന്‍റെ മുന്‍നിരയില്‍ നാറാപിള്ളയുടെ രണ്ടു മരുമക്കളും ഉണ്ടായിരുന്നു."

അതെ, മിത്തും ചരിത്രവും കൂട്ടിക്കുഴയ്ക്കുന്നതാണ് ഇന്നത്തെ നോവലെഴുത്തിന്‍റെ രീതി. ടി.ഡി.രാമകൃഷ്ണന്‍റെ 'ഫ്രാന്‍സീസ് ഇട്ടിക്കോര' മറ്റൊരു ഉദാഹരണം. ചരിത്രത്തിലുള്ള വസ്തുതകള്‍ വിവരിക്കുന്നതിനിടയിലൂടെ ഭാവനാലോകത്തു ചിറകുവിരിക്കുന്ന കാല്പനികതകള്‍ പറഞ്ഞ് കഥ മുന്നോട്ടുനീങ്ങുമ്പോള്‍ വായനക്കാരന്‍റെ വേരുകളെ തേടുന്ന തൃഷ്ണയ്ക്കും സ്ഥലകാലപരിമിതികളെ അതിജീവിക്കാനുള്ള വെമ്പലിനും ഒരേസമയം ശമനം നല്കാനാവുമെന്നായിരിക്കാം സാഹിത്യകാരന്മാരുടെ കണക്കുകൂട്ടല്‍. കേവലം ഐതിഹ്യമായ പരശുരാമനെ തച്ചനക്കാരുടെ ദേവനായി നോവല്‍ പ്രതിഷ്ഠിക്കുന്നതിന്‍റെ സാംഗത്യം അതായിരിക്കാം.

ആധുനികതയിലേക്കു കാലുകുത്തിയ മലയാളി നഗരവത്ക്കരണത്തിന്‍റെ സുഖങ്ങളിലേക്കും സൗകര്യങ്ങളിലേക്കും ചേക്കേറുമ്പോള്‍ ഉത്തരാധുനികരോടൊപ്പം യാത്രചെയ്യുന്ന നോവല്‍ തറവാടുകളിലേക്കും കടവുകളിലേക്കും കാവുകളിലേക്കും ചായപ്പീടികകളിലേക്കും ഓണക്കളികളിലേക്കും തിരിച്ചുനടക്കുകയാണ്. തച്ചനക്കരയിലെ ഉള്‍നാടന്‍ ദൃശ്യങ്ങളില്‍ മാമ്മോദീസാ മുങ്ങുമ്പോള്‍ ശീതീകരിച്ച മുറികളിലിരുന്ന് നരകിക്കുന്ന കാലികമനുഷ്യന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ നീറ്റലിന് സാന്ത്വനമുണ്ടാകും. കാവ്യഭംഗിയുള്ള ഗ്രാമക്കാഴ്ചകള്‍ ശ്രദ്ധിക്കുക: "പ്രഭാതത്തിലെ കിളിന്തുവെയില്‍ വീണ് തെളിയാന്‍ തുടങ്ങുന്ന പുത്തന്‍പുരയുടെ കറുത്തു തുടങ്ങിയ ഓടുകള്‍ക്കുമീതെ അലിഞ്ഞുതീരുന്ന വെണ്‍മേഘങ്ങളുടെ ഛായയുള്ള പുക വിടര്‍ത്തിക്കൊണ്ട് ചിന്നമ്മയുടെ അടുക്കള ഉണര്‍ന്നു കോട്ടുവായിട്ടു." "മൃദുവായ കൈത്തലങ്ങള്‍ ചേര്‍ത്ത് പെണ്ണുങ്ങള്‍ തീര്‍ത്ത കൈയ്യടിയൊച്ചകള്‍ക്കു പഴുത്ത വാളന്‍ പുളികള്‍ ചില്ല കുലുക്കി ഒന്നായി വീഴ്ത്തുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തോടായിരുന്നു കൂടുതല്‍ സാമ്യം." "ഉറഞ്ഞ സര്‍പ്പങ്ങളെപ്പോലുള്ള വരണ്ട വേരുകള്‍ മണ്ണിനു മുകളിലേക്കു എമ്പാടും പടര്‍ത്തിനിന്ന വലിയൊരു മരത്തിനു ചുവട്ടില്‍ അയാള്‍ കാവലിരുന്നു." ആര്‍ക്കും വേണ്ടാത്ത, ആരും കാത്തിരിക്കാനില്ലാത്ത, എവിടേയും നങ്കൂരമിടാനില്ലാത്ത ജീവിതങ്ങള്‍ക്കു തീര്‍ച്ചയായും പ്രകൃതിയൊരുക്കുന്ന ഇത്തരം ഗ്രാമ്യസൗന്ദര്യങ്ങള്‍ തന്നെയാണ് കൂട്ടും ഔഷധവും.

1950-കള്‍ വരെ കേരളത്തില്‍ സജീവമായി നിലനിന്നിരുന്ന ജാതിതിരിവിന്‍റെ അവശിഷ്ടങ്ങള്‍ തച്ചനക്കരയില്‍ പ്രകടമാണ്. നായരായതുകൊണ്ട് ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനേക്കാളം അയ്യന്‍കാളിയേക്കാളും മഹാനാണ് എന്ന് വിശ്വസിക്കുന്നവനായിരുന്നു കേന്ദ്രകഥാപാത്രമായ നാറാപിള്ള. എന്നാല്‍ അയല്‍പക്കത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന മേനോന്‍ മാഷ് "ശര്‍ക്കരക്കു മധുരമുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ പഞ്ചസാരക്കു മധുരോല്ലിന്ന്" വാദിക്കേണ്ടതില്ല എന്ന പക്ഷക്കാരനായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് "കൂര്‍ക്കേം കാട്ടോം തിരിച്ചറിയില്ലെന്ന്" പരിതപിക്കുന്ന നാറാപിള്ളയ്ക്ക് മൂത്തമകന്‍ ഗോവിന്ദന്‍ നായര്‍ ഈഴവവിഭാഗത്തില്‍പ്പെട്ട സുലോചനയെ വേളി കഴിക്കുന്നത് തടയാനായില്ല. മാത്രമല്ല മതത്തിലും ജാതിയിലും വിശ്വാസമില്ലാത്ത മാര്‍ക്സിസ്റ്റുകാരനായ കുമാരനും ശങ്കരനും നാറാപിള്ളയുടെ രണ്ടു പെണ്‍മക്കളായ തങ്കമ്മയെയും ചിന്നമ്മയെയും സ്വന്തമാക്കിയപ്പോള്‍ നോവല്‍ നാറാപിള്ളയുടെ ജാതിവിചാരത്തെ പ്രതിരോധിക്കുകയായിരുന്നു.

അറിവിനെക്കുറിച്ചുള്ള ഒരു പുനര്‍വായനയ്ക്കും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. കുറ്റിപ്പുഴ കൃഷ്ണപിള്ളയും മേനോന്‍സാറും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് അതിന് വഴിതുറക്കുന്നത്. "വെറും ധിഷണാബലം കൊണ്ടുമാത്രം ഒരാള്‍ക്കു മഹത്ത്വമാര്‍ജിക്കാനാവില്ല. ഹൃദയശൂന്യനായ ഒരു ബുദ്ധിമാന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തില്‍ കവിഞ്ഞൊന്നുമല്ല." ഒരു വെളിപാടു കണക്കെ വന്നുവീഴുന്ന ഈ പ്രസ്താവനയേക്കാള്‍ ശക്തമാണ് മേനോന്‍മാഷിന്‍റെ വീട്ടു ലൈബ്രറിയുടെ മുന്നില്‍ രസമൂറി നില്ക്കുന്ന ഗോവിന്ദന്‍കുട്ടിയുടെ ഭാവങ്ങളിലൂടെ ലഭിക്കുന്ന വായനാനുഭവം. "ഞായറാഴ്ചയെത്താന്‍ ഗോവിന്ദന്‍ കൈ ഞൊട്ട പൊട്ടിച്ച് കാത്തിരുന്നു. പുസ്തകങ്ങള്‍ നിറഞ്ഞ അലമാരയുടെ മുന്നില്‍ നില്ക്കുമ്പോള്‍ തന്‍റെ ഹൃദയത്തിലെ അജ്ഞാതമായ ഒരിടത്ത് വെളിച്ചം നിറയുന്നത് ഗോവിന്ദന്‍ അറിയും. അപ്പോള്‍ അവന്‍ അച്ചനെ മറക്കും. സ്വന്തം നിശ്വാസം പോലും മുഴങ്ങിക്കേള്‍ക്കാവുന്ന വിധത്തില്‍ നേര്‍ത്ത തണലുള്ള ഒരു നിശബ്ദത അവനെ പൊതിയും. മേനോന്‍ മാഷ് അലമാര തുറക്കുമ്പോള്‍ ദീപാരാധനയ്ക്ക് തച്ചനക്കരത്തേവരുടെ നട തുറക്കുമ്പോഴുള്ളതിനേക്കാള്‍ ശക്തമായ ഒരു ദൈവികത അവനെ ആക്രമിക്കാന്‍ തുടങ്ങും."

വിദ്യാദേവിയുടെ ആവാസം ഗോവിന്ദനെ പരാക്രമിയാക്കിയ പല സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്ന് പുഴക്കടവില്‍ വച്ചായിരുന്നു. പുഴയില്‍ കുളിച്ചതിന് പൊതിരെ തല്ലിയ നാറാപിള്ള ഗോവിന്ദന്‍റെ കുപ്പായത്തിനരികത്തുകിടന്ന രണ്ടു പുസ്തകങ്ങളും പുഴയിലേക്കു വലിച്ചെറിഞ്ഞു. തത്സമയം ഏതോ ഒരു അദൃശ്യശക്തി ആവസിച്ചാലെന്നപോലെ അലറിക്കൊണ്ട് അവനെ തല്ലിയ അതേ പത്തലെടുത്ത് അവന്‍ അച്ചനെ ആവോളം തല്ലി. ഒരുതരം പിതൃഹത്യ; ജ്ഞാനത്തിന്‍റെ പിതൃത്വം കൈക്കലാക്കാനുള്ള ബലി. ആ ബലി നവോത്ഥാന നായകരായ ഗുരുക്കന്മാര്‍ സ്വീകരിച്ചെന്നതിന് തെളിവായി നോവലിസ്റ്റ് ഇങ്ങനെ എഴുതുന്നു: "ഗോവിന്ദന്‍മാഷും സുലോചനടീച്ചറും തങ്ങളുടെ കൊച്ചുവീടിന്‍റെ പൂമുഖത്ത് നാരായണഗുരുവിന്‍റെയും ചട്ടമ്പിസ്വാമികളുടെയും ചില്ലുപടങ്ങള്‍ തൊട്ടുതൊട്ടു വച്ചു. വീട്ടില്‍ രണ്ടു മഹാത്മാക്കളുടേയും പ്രസാദം നിറഞ്ഞു." ആ പ്രസാദത്തില്‍ "നീ നാറാണക്കല്ലു പറിക്കും. കുത്തുപാളയെടുത്ത് തെണ്ടും" എന്ന നാറാപിള്ളയുടെ ശാപവാക്കുകള്‍ നിര്‍വീര്യമായിപ്പോയി.
kundu1962@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org