Latest News
|^| Home -> Pangthi -> വെറുതെ ഒരു വായന -> മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രന്‍ (നാറാപിള്ളയും കുഞ്ഞു അമ്മയും)

മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രന്‍ (നാറാപിള്ളയും കുഞ്ഞു അമ്മയും)

വിന്‍സന്‍റ് കുണ്ടുകുളം

ദേശത്തോടെന്നപോലെ കാലത്തോടും ചേര്‍ത്തുനിര്‍ത്തി മനുഷ്യനെ ഏകാന്തതയില്‍നിന്നു കരകയറ്റുക എന്ന ദൈവികധര്‍മ്മമാണു സാഹിത്യകൃതികള്‍ അനുഷ്ഠിക്കുന്നതെന്ന് എനിക്കു തോന്നാറുണ്ട്. ഇന്നലത്തെയും ഇന്നത്തെയും നാളെയിലെയും സംഭവവികാസങ്ങളെ നാടിന്‍റെ മുക്കിലും മൂലയിലും നിന്ന് ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളോടു കോര്‍ത്തു കെട്ടി നോവലിസ്റ്റ് വിവരിക്കുമ്പോള്‍ വായനക്കാരന് ആ പ്രകൃതിയുടെയും സസ്യജന്തുലോകങ്ങളുടെയും മനുഷ്യസഞ്ചയത്തിന്‍റെതന്നെയും ഭാഗമായിത്തീരുന്ന പ്രതീതിയുണ്ടാകുന്നു. താന്‍ ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാകുന്നു. അതോടെ ഏകാന്തതയ്ക്ക് അല്പം ശമനം ലഭിക്കുന്നു.

മനസ്സിലെ വ്രണങ്ങളെ സ്ഥല-കാല സൗന്ദര്യങ്ങളിലൂടെ ഉണക്കാന്‍ സുഭാഷ് ചന്ദ്രന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. പ്രകൃതിയിലെ വര്‍ണനകളുണ്ടതില്‍: “കറുത്ത മേഘങ്ങള്‍ തച്ചനക്കരയെ പൊതിഞ്ഞുതല്ലി… കാറ്റില്‍ വീണ കവുങ്ങുകള്‍ ഗുണനച്ചിഹ്നങ്ങളുണ്ടാക്കി… തെങ്ങും വാഴയും കൂമ്പറ്റം വെള്ളം വലിച്ച് ഏമ്പക്കം വിട്ടു.” മഴക്കാലത്തു കരകവിഞ്ഞൊഴുകുന്ന പെരിയാറിനെ അടയാളപ്പെടുത്തുന്നതു ശ്രദ്ധിക്കുക: “ഇക്കരെ തച്ചനക്കരയുടെയും അക്കരെ ഉളിയന്നൂരിന്‍റെയും തടങ്ങളിലിടിച്ചു കലങ്ങി, പാടങ്ങളിലേക്കു പടര്‍ന്നു കയറി പാലു കുറഞ്ഞ ചായയുടെ നിറത്തില്‍ ചുഴിയും മലരിയും വിടര്‍ത്തി ചുറ്റിച്ചുറ്റി പുഴ കുതിക്കുന്നതു കണ്ടുനിന്നപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കുശേഷം ചിന്നമ്മ മുരിങ്ങാട്ടിലെ ലീലയെ ഓര്‍മ്മിച്ചു.” തച്ചനക്കരത്തേവര്‍ വാഴുന്ന ക്ഷേത്രവളപ്പിലെ ഒരു ദൃശ്യം കാണുക: “ഭയപ്പെടുത്തുന്ന ഏകാന്തമയക്കത്തില്‍ അമ്പലപ്പറമ്പ് പൂണ്ടു കിടക്കുന്ന ഉച്ചസമയങ്ങളില്‍ രണ്ടോ മൂന്നോ പശുക്കളും അവയുടെ മുതുകത്തെ പ്രാണികളെ അശിക്കാനെത്തുന്ന കാക്കകളുമല്ലാതെ ആ ചുറ്റുവട്ടത്ത് ആരുമുണ്ടാകില്ല.” അമ്പലവളപ്പിന്‍റെ വിജനതയെ ഇതിലും അനുഭവപ്രദമായി വിവരിക്കുന്നതെങ്ങനെ!?

പ്രകൃതിദൃശ്യങ്ങളില്‍ നിന്നു മാനുഷികവ്യാപാരങ്ങളെ അവതരിപ്പിക്കാനുള്ള രൂപകങ്ങളും നോവലിസ്റ്റ് കണ്ടെടുക്കുന്നുണ്ട്: “തച്ചനക്കരത്തേവരുടെ ക്ഷേത്രക്കുളത്തില്‍ പുലര്‍കാലത്ത് അരങ്ങേറാറുള്ള തവളക്കച്ചേരിപോലെ പത്മനാഭനും പങ്കജാക്ഷനും ചന്ദ്രനും തങ്കമ്മയും കുഞ്ഞു അമ്മയുടെ ഒക്കത്തിരുന്ന ചിന്നമ്മയും ഇളവില്ലാതെ ചുമയ്ക്കാന്‍ തുടങ്ങി… ജിതിന്‍ ജലദോഷത്തിന്‍റെ കൊമ്പ് മൂക്കിലേക്കു വലിച്ചുകേറ്റിക്കൊണ്ടു പറഞ്ഞു.”

നിലങ്കാരി ചുമയ്ക്കു പ്രതിവിധി നിര്‍ദ്ദേശിക്കുന്ന അച്ച്യൂട്ടന്‍ വൈദ്യരിലൂടെയാണു നാടന്‍ മരുന്നുകളുടെ നന്മകളിലേക്കു വായനക്കാരെ കൊണ്ടുപോകുന്നത്: “നമ്മുടെ പറമ്പിലൊക്കെ നിക്കണ കുറുന്തോട്ടിതന്നെയാണ് ഈ ബലാന്നു പറയണ സംഗതി. അതീത്തന്നെ ഔഷധഗുണം കൂടിയ ഇനമാണ് അതിബല! മനസ്സിലായോ…? ചെറുതുങ്ങയ്ക്ക് വയമ്പ് ചെറുതേനിലരച്ചു രണ്ടു നേരം കൊടുക്കണം.” തുടര്‍ന്ന് ഉലുവാകഷായത്തെയും ആടലോകത്തെയുംപറ്റിയുള്ള പ്രതിപാദനങ്ങളും കൂടിയാകുമ്പോള്‍ പച്ചമരുന്നുകള്‍ നിര്‍ലോഭം വളര്‍ന്നിരുന്ന മലയാളത്തിന്‍റെ ഗ്രാമീണപറമ്പുകളിലൂടെ വായനക്കാര്‍ ഗൃഹാതുരത്വത്തോടെ സഞ്ചരിക്കും.

പഴയ നാട്ടുചികിത്സാരീതികളുടെ ഓര്‍മ്മപ്പെടുത്തല്‍പോലെ പ്രധാനപ്പെട്ടതാണു നാടന്‍ ശീലുകളെപ്പറ്റിയുള്ള വിവരണവും. ഇപ്പോള്‍ അന്യംനിന്നു പോയ ഒരു പഴയകാല രീതിയാണു സ്ത്രീകളുടെ പേന്‍നോക്കല്‍. കൂട്ടുകുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മിലും അയല്‍പക്കക്കാര്‍ തമ്മിലുമുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചിരുന്ന ആ സമ്പ്രദായത്തിന്‍റെ വിവരണം നമ്മെ നാട്ടിന്‍പുറത്തെ അടുക്കളമുറ്റത്തേയ്ക്കു കൊണ്ടുചെല്ലുന്നു; “ഉച്ച തിരിഞ്ഞാല്‍ പേന്‍വാരിയും ഈരോലിയുമെടുത്തു കുഞ്ഞു അമ്മ വാടകക്കാരുടെ പിന്നാമ്പുറത്തെത്തും. ചെമ്പരത്തിത്താളി മണത്ത് അവരുടെ മുടിയിഴകള്‍ ഓരോന്നും ഒറ്റയ്ക്കെടുത്ത് ഓമനിക്കാന്‍ തക്കവിധം പവിത്രമാണെന്നു കുഞ്ഞു അമ്മ കണ്ടു. കുഞ്ഞു അമ്മയുടെ മുടിയിലാകട്ടെ പേനും ഈരും കായും കൂടുകെട്ടി പാര്‍ക്കുകയായിരുന്നു. ചാകരയില്‍ പൊക്കിയ വലപോലെ ഓരോ തവണയും പേന്‍വാരി തിളച്ചു തൂവിക്കൊണ്ടിരുന്നു.”

സ്ത്രീകള്‍ക്കു ജന്മസാഫല്യമേകുന്നതും എന്നാല്‍ പുറംലോകത്തിന് അജ്ഞാതവുമായ സംഭവമാണു പെണ്‍കുഞ്ഞിന്‍റെ ഋതുമതിയാകല്‍. എത്ര തന്മയത്വത്തോടെയാണു നോവലിസ്റ്റ് അതിവിടെ അവതരിപ്പിക്കുന്നത്: ചിന്നമ്മ പറമ്പിന്‍റെ തെക്കേയറ്റത്തുള്ള കക്കൂസിലേക്കോടി. കൗമാരത്തിന്‍റെ കൊക്കൂണ്‍ പൊളിഞ്ഞു യൗവ്വനം പുറത്തുവരികയായിരുന്നു. മൃദുലവും നിറപ്പകിട്ടുള്ളതുമായ പെണ്‍ ചിറകുകള്‍ വേദനിച്ചു വിടരുകയായിരുന്നു… അനിയത്തിയുടെ വിളികേട്ട് എത്തിയ തങ്കമ്മ പുല്ലുകള്‍ക്കിടയിലൂടെ തെക്കോട്ടേയ്ക്കു നീണ്ടുകിടന്ന നടചാലില്‍ മഞ്ചാടിപോലെ ചിതറിയ ചോരത്തുള്ളികള്‍ കണ്ടു. അതു പിന്‍പറ്റി അവള്‍ കക്കൂസിലെത്തി.” പ്രത്യക്ഷമായും പൊതുവായും സദാചാരത്തിന്‍റെ പേരില്‍ മൂടിവയ്ക്കുകയും എന്നാല്‍ തരംകിട്ടിയാല്‍ ഹീനമായി ഭര്‍ത്സിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണു ഭാരതത്തില്‍ സ്ത്രീത്വവും സ്ത്രീയുടെ ചാരിത്ര്യവും. പതിവിനു വിപരീതമായി ഋതുമതിയെന്ന യാഥാര്‍ത്ഥ്യത്തെ തുറന്നു വിവരിക്കുന്ന നോവലിസ്റ്റിന്‍റെ നടപടി കപടധാര്‍മ്മികതയ്ക്കെതിരെയുള്ള വെല്ലുവിളിയാണ്; ആരോഗ്യകരമായ ഒരു ലൈംഗികവിദ്യാഭ്യാസത്തിനുള്ള തുടക്കവും.

നാടന്‍ദൃശ്യങ്ങളും നാട്ടുനടപ്പുകളും കവിത്വം നിറഞ്ഞ അക്ഷരക്കൂട്ടുകളിലൂടെ കോറിയിടുന്നതിനൊപ്പം ജീവിതമെന്ന സമസ്യയുടെ രഹസ്യങ്ങള്‍ വെളിപ്പെട്ടു കിട്ടാവുന്ന ധൈഷണിക സംവാദത്തിലേര്‍പ്പെടാനും നോവല്‍ ശ്രമിക്കുന്നുണ്ട്. ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ മനുഷ്യായുസ്സിനെപ്പറ്റിയുള്ള ദാര്‍ശനികാന്വേഷണമാണു കൃതിയില്‍ പടര്‍ന്നു വിന്യസിച്ചിരിക്കുന്നത്.

മനുഷ്യന്‍ രണ്ടു തരമുണ്ട്; നന്മയുടെ തീരത്തുകൂടി നടക്കുന്നവരും തിന്മയുടെ ഓരത്തുകൂടിയുള്ള യാത്രയില്‍ സുഖം കണ്ടെത്തുന്നവരും.

“പാര്‍ക്കുമ്പോള്‍ ഗുണദോഷം മിശ്രമായിട്ടേ വരൂ
ആര്‍ക്കുമേ ഗുണജാലം ദോഷം കൂടാതെ വരാ”

എന്ന് എഴുത്തച്ഛന്‍ രാമായണത്തില്‍ പറയുന്നുണ്ടെങ്കിലും ചിലരില്‍ നന്മ ഏറിയും വേറെ ചിലരില്‍ തിന്മ ഏറിയും ഇരിക്കുന്നുവെന്നതും സത്യമാണ്. കുഞ്ഞു അമ്മയും നാറാപിള്ളയും നന്മ-തിന്മകളുടെ ഏറ്റക്കുറച്ചിലുകള്‍ക്കു ദൃഷ്ടാന്തമായി നിലകൊള്ളുന്നു: “അവര്‍ക്കു പിറന്ന അഞ്ചു മക്കളും നാറാപിള്ളയുടെയും കുഞ്ഞു അമ്മയുടെയും വൈരുദ്ധ്യങ്ങളുടെ പലതരത്തിലുള്ള കലര്‍പ്പുകളായിരുന്നെങ്കില്‍ ഇളയ മകള്‍ ചിന്നമ്മ നൂറ്റിക്കു നൂറും നാറാപിള്ള തന്നെയായിരുന്നു. മൂത്ത മകന്‍ ഗോവിന്ദന് അമ്മയുടെ പ്രകൃതത്തോടായിരുന്നു കൂടുതല്‍ സാമ്യമെങ്കില്‍ താഴേക്കു ക്രമത്തില്‍ കുഞ്ഞുഅമ്മ കുറഞ്ഞുകുറഞ്ഞ് നാറാപിള്ള കൂടി വന്നു. അവസാനം ചിന്നമ്മയില്‍ അയാള്‍ പൂര്‍ണവും അമ്മ പൂജ്യവുമായിരുന്നത്രേ!”

എറിക് ഫോം പോലുള്ള മനഃശാസ്ത്രജ്ഞര്‍ വ്യക്തിത്വങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. വ്യക്തിത്വത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളെ പരിശോധിക്കുമ്പോള്‍ കണ്ടെത്തുക നാറാപിള്ള-കുഞ്ഞുഅമ്മ എന്നീ വൈരുദ്ധ്യങ്ങളുടെ പലതരത്തിലുള്ള കലര്‍പ്പുകള്‍ തന്നെയാണ്. ഈ വൈരുദ്ധ്യങ്ങളുടെ പാരസ്പര്യത്തില്‍ നിന്നു മക്കള്‍ ഉണ്ടാകുമ്പോഴും അവിടെ ചേരുംപടി ചേര്‍ക്കാനാവാത്തവിധം മനുഷ്യവ്യക്തിത്വത്തിന്‍റെ രണ്ടു ഭാവങ്ങള്‍ – നാറാപിള്ളയും കുഞ്ഞു അമ്മയും – തലമുറകളിലൂടെ സംക്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യത്വത്തിന്‍റെ എതിര്‍ധ്രുവങ്ങളിലിരുന്ന് അവര്‍ മനുഷ്യായുസ്സുകളെ മുഴുവന്‍ സുഖദുഃഖസമ്മിശ്രങ്ങളായ അനുഭവങ്ങളാല്‍ തലോടുകയും പ്രഹരിക്കുകയും ചെയ്യുന്നു.

മനുഷ്യത്വത്തിന്‍റെ സാന്ത്വനമായ കുഞ്ഞു അമ്മയെ അപ്പാടെ പകര്‍ത്തിയവനായിരുന്നു മൂത്ത മകന്‍ ഗോവിന്ദന്‍. ഗോവിന്ദന്‍റെ കവിതയോടുള്ള പ്രേമം കണ്ടുപിടിച്ചത് കുഞ്ഞുഅമ്മയാണ്. അടുക്കളയില്‍ കയ്യൊഴിവു കിട്ടുന്ന നേരങ്ങളില്‍ അവള്‍ ഗോവിന്ദന്‍റെ പുസ്തകങ്ങളില്‍ വസന്തം വാസനിക്കുന്ന വരികള്‍ അവനറിയാതെ വായിച്ചുനോക്കി. തൊട്ടടുത്ത വാടകവീട്ടിലെ മേനോന്‍മാഷിനോടാണു നാറാപിള്ളയേക്കാള്‍ ഗോവിന്ദന് ചേര്‍ച്ചയെന്നു കുഞ്ഞു അമ്മയ്ക്കു തോന്നിയിരുന്നു. എന്തുകൊണ്ടു തന്നെ മേനോന്‍മാഷിനെപ്പോലെയുള്ള ഒരാളോടു ചേര്‍ത്തുവയ്ക്കാതെ നാറാപിള്ളയെ വേളി കഴിപ്പിച്ചെന്ന് അവള്‍ ഈശ്വരനോടു ചോദിച്ചിരിക്കണം. മേനോന്‍ മാഷും ഭാര്യ പത്മിനിയും, ഗോവിന്ദനും സുലോചനയും അപ്പുക്കുട്ടന്‍നായരുമെല്ലാം കുഞ്ഞുഅമ്മയെന്ന മനുഷ്യത്വത്തിന്‍റെ കുലീനഭാവം ഉറഞ്ഞുകൂടിയവരാണ്. സാഹിത്യത്തെയും സമാധാനത്തെയും പ്രണയിക്കുന്ന മനസ്സാണവരുടേത്.

സുകൃതസമ്പന്നമായ കുഞ്ഞു അമ്മമാരും ധാര്‍ഷ്ട്യത്തിന്‍റെ ആള്‍ രൂപമായ നാറാപിള്ളമാരും തമ്മിലുള്ള യുദ്ധമാണു മനുഷ്യജീവിതമെന്നു പറഞ്ഞാല്‍ അതിശയോക്തിയുണ്ടാവില്ല. ഈ പോരാട്ടത്തില്‍ ആക്രമണങ്ങള്‍ താങ്ങാനാവതാവുമ്പോള്‍ കുഞ്ഞുഅമ്മമാര്‍ ഓടിയൊളിക്കുകയാണു പതിവ്. മേനോന്‍ മാഷിന്‍റെ കുടുംബം നാടുവിട്ടത് ഒരു ഉദാഹരണം മാത്രം. ഒളിച്ചോടാന്‍ സാധിക്കാതെ വന്നാലോ? പിന്നെ ജീവിതം പലപ്പോഴും മാനസികഭ്രമത്തില്‍ ചെന്നു പെട്ടു മുരടിക്കുവാനേ തരമുള്ളൂ. കുഞ്ഞു അമ്മയുടെ ദാരുണമായ അന്ത്യം തെളിയിക്കുന്നത് അതാണ്. 1955-ല്‍ നാറാപിള്ളയുടെ തനിസ്വരൂപമായ ചിന്നമ്മയ്ക്കു 16 തികയുന്ന അതേ നാളില്‍ തിരിച്ചറിയപ്പെടാനാവാത്ത ഒരു രോഗം കുഞ്ഞു അമ്മയെ പിടികൂടി വട്ടം കറക്കാന്‍ തുടങ്ങിയെന്നു നോവല്‍ പറയുന്നു: “നീണ്ടുനിന്ന ചിത്തഭ്രമത്തിന്‍റെ ലക്ഷണങ്ങളോടെ ഒന്നര മാസം അവര്‍ മുറിയില്‍ ചുറ്റിയടിക്കുകയും ചുമരില്‍ തുടര്‍ച്ചയായി തലയിടിച്ചു ചോരപ്പാടുകള്‍ വരുത്തുകയും ചെയ്തു.” അവസാനം നാറാപിള്ളയെന്ന ജീവിതവൈരുദ്ധ്യത്തിന്‍റെ ചട്ടേറ്റാണു കുഞ്ഞുഅമ്മ മരിച്ചത്. അതു വളരെ വ്യംഗ്യമായി എന്നാല്‍ സുഗ്രാഹ്യമായ രീതിയില്‍ നോവലിസ്റ്റ് അവധാനപൂര്‍വം ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു: “തച്ചനക്കര ക്ഷേത്രത്തിലെ കുളത്തിലേക്കു പുലരിക്കുളിക്കായി പുറപ്പെടുന്ന നാറാപിള്ളയുടെ രൂപം, നരച്ച ഇരുട്ടില്‍ അകന്നുപോകുന്നതു കണ്ട തന്‍റെ ശരീരത്തിനു സാദ്ധ്യമായ പരമാവധി ശക്തിയില്‍ ചുമരില്‍ ശിരസ്സുകൊണ്ടു കുത്തിക്കൊണ്ടു കുഞ്ഞു അമ്മ ഉദ്ധരിച്ച മരണമൊഴി ഇതായിരുന്നു: കാലന്‍.”

മാനുഷികതയുടെ സാന്ത്വനഭാവത്തെ ഇങ്ങനെ നിഷ്കാസിതമാക്കുന്ന ധാര്‍ഷ്ട്യസാമ്രാട്ടുകള്‍ക്കു സംഭവിക്കുന്നത് ഇതിനേക്കാള്‍ ദാരുണമായ അന്ത്യമാണ്. അതിനെക്കുറിച്ച് അടുത്ത ലക്കത്തില്‍…

kundu1962@gmail.com

Leave a Comment

*
*