Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> തിന്മയെന്ന പ്രശ്നം ആമുഖം

തിന്മയെന്ന പ്രശ്നം ആമുഖം

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം -33

ബിനു തോമസ്, കിഴക്കമ്പലം

കഴിഞ്ഞ മുപ്പത്തിരണ്ട് അധ്യായങ്ങളിലൂടെ മൂന്നു കാര്യങ്ങളാണ് നാം സമര്‍ത്ഥിച്ചത്. ഒന്ന്, മതഗ്രന്ഥങ്ങള്‍ക്കും അവയുടെ വ്യാഖ്യാനങ്ങള്‍ക്കും അപ്പുറമായി, മനുഷ്യരെല്ലാവരും പങ്കുവയ്ക്കുന്ന ഉറവിടങ്ങളിലൂടെ തിരിച്ചറിയാവുന്ന ദൈവാസ്ഥിത്വം. രണ്ട്, ആ ദൈവാസ്ഥിത്വത്തിന്‍റെ ചില അടിസ്ഥാനസ്വഭാവങ്ങള്‍. മൂന്ന്, ആ ജഗന്നിയന്താതാവിന് ആരാധനയും യാചനകളും അര്‍പ്പിക്കുന്നതിലെ സാംഗത്യം.

ഇവിടെ ഒരു ചോദ്യമുയരുന്നു. ഇതെല്ലാം ശരിയാണെങ്കില്‍, എന്തുകൊണ്ട് മനുഷ്യര്‍ ദൈവത്തെ നിഷേധിക്കുന്നു? എന്തുകൊണ്ട് ദൈവാരാധനയില്‍ നിന്ന് അകലുന്നു?

ഉജ്ജ്വലമായി കത്തിയെരിയുന്ന സൂര്യനെ മറയ്ക്കാന്‍ ഒരു പൂര്‍ണ്ണസൂര്യഗ്രഹണത്തിനു സാധിക്കും. ജനനം മുതലേ അന്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് വെളിച്ചത്തിന്‍റെ പ്രഭ അന്യമാണ്. ഇതു പോലെ, ദൈവമെന്ന സൂര്യനെ മറയ്ക്കുന്ന ഒരു ഗ്രഹണമുണ്ട്. ദൈവത്തിന്‍റെ വെളിച്ചത്തെ തടയുന്ന ഒരു അന്ധതയുണ്ട്. മനുഷ്യന്‍ അനുഭവിക്കുന്ന തിന്മയാണത്.

ദൈവാസ്ഥിത്വത്തിനെതിരായ ഏറ്റവും വലിയ വെല്ലുവിളി ഏതാണെന്ന് ചോദിച്ചാല്‍, നിസ്സംശയം പറയാവുന്ന ഒരുത്തരമാണ് തിന്‍മയുടെ അനുഭവം. ദൈവമെന്ന സര്‍വ്വശക്തനും സര്‍വ്വനന്മയുമായ ഒരു ജഗന്നിയന്താതാവ് ഉണ്ടായിരിക്കേ, എന്തുകൊണ്ട് ഈ ലോകത്തില്‍ തിന്മ ഉണ്ടാകുന്നു?

ഈ ചോദ്യത്തിന് പലപ്പോഴും ഒരു വിശ്വാസി പറയുന്ന ഉത്തരം, തിന്മ ചെയ്യുന്നത് ദൈവമല്ല, മനുഷ്യനാണ് എന്നതാണ്. പക്ഷെ, അത് തിന്മയെന്ന പ്രശ്നത്തെ ഭാഗികമായി മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. അത് തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. കാരണം, തിന്മ എന്ന വാക്കിന് ഈ പ്രശ്നമുയര്‍ത്തുന്നവര്‍ കൊടുക്കുന്നത് വളരെ വിശാലമായ അര്‍ത്ഥമാണ്.

എന്താണ് തിന്മ?
ഏതെങ്കിലും മാനുഷികമൂല്യത്തിന് എതിരായ പ്രവൃത്തിയാണ് തിന്മ (പ്രവൃത്തി ആദ്ധ്യാത്മികമോ മാനസികമോ ശാരീരികമോ ആകാം) എന്നതാണ് ഒരു നിര്‍വചനം. ഉദാഹരണം, നുണ പറയുന്നത് സത്യം എന്ന മൂല്യത്തിന് എതിരായതുകൊണ്ട് അത് തിന്മയാണ്. ഈ നിര്‍വചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു വിശ്വാസി തിന്‍മയുടെ കാരണത്തെ മനുഷ്യനിലേക്ക് ഒതുക്കുന്നത്.

തിന്മയുടെ ഈ മൂല്യാധിഷ്ഠിത നിര്‍വചനം മാത്രമാണോ പൊതുബോധത്തില്‍ തിന്മ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്? കഴിഞ്ഞ ഏതാനും ചില വര്‍ഷങ്ങളില്‍, നാം കേട്ടിട്ടുള്ള ഏതാനും വാര്‍ത്തകളും, അവയെപ്പറ്റി സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിച്ച അഭിപ്രായങ്ങളും ഉദാഹരണങ്ങളാക്കി നമുക്ക് തിന്‍മയെപ്പറ്റി മനുഷ്യന്‍റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

തിന്മ ചില ഉദാഹരണങ്ങള്‍
ഒന്ന്, ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടിയെ കൂട്ടബലാല്‍ക്കാരം ചെയ്ത സംഭവം. അവിടെ, രണ്ടു തരത്തിലുള്ള തിന്മയാണ് സമൂഹം കണ്ടത്. ഒന്നാമതായി, ഏതാനും ചില നരാധമന്‍മാര്‍ ചെയ്ത തിന്മ. രണ്ട്, സ്ത്രീകളുടെ ജീവിതങ്ങളെ ദുരിതപൂര്‍ണ്ണമാക്കുന്ന സമൂഹത്തിന്‍റെ നിലവിലിരിക്കുന്ന വ്യവസ്ഥിതിയുടെ തിന്‍മ. അതായത്, മനുഷ്യന്‍ വ്യക്തിപരമായോ സാമൂഹികമായോ മറ്റു മനുഷ്യരുടേയോ ജീവികളുടേയോ മേല്‍ പ്രയോഗിക്കുന്ന തിന്മ.

ഈ ഉദാഹരണത്തില്‍, തിന്മ എന്നത് മൂല്യങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനമായി മനസ്സിലാക്കുന്നതില്‍ തെറ്റില്ല.

രണ്ട്, കേരളത്തില്‍ നിപ്പ എന്ന വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍, ഉയര്‍ന്നു വന്ന ഒരു ട്രോള്‍ ഇപ്രകാരമായിരുന്നു: സീന്‍ 1. ദൈവം ചില വൈറസുകളെ കേരളത്തിലേക്ക് വിടുന്നു. സീന്‍ 2: ആരോഗ്യപ്രവര്‍ത്തകര്‍ വൈറസുകളെ സമര്‍ത്ഥമായി പ്രതിരോധിക്കുന്നു. സീന്‍ 3: ഭക്തജനങ്ങള്‍ എല്ലാവരും വൈറസുകളെ വിട്ട ദൈവത്തോട് വൈറസ് മാറിയതില്‍ നന്ദി പറയുന്നു. എന്തൊരു വിരോധാഭാസം!

ഈ ട്രോളും തിന്‍മയുടെ പ്രശ്നവുമായി എന്താണ് ബന്ധം? വൈറസ് ബാധിച്ച് ആളുകള്‍ മരിക്കുന്നത് ഒരു തിന്മയാണോ?

മൂന്ന്, തായ്ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയതിനു ശേഷം കണ്ട രസകരമായ ഒരു ട്രോള്‍ ഇങ്ങനെ: സീന്‍ 1: പ്രാര്‍ത്ഥന കേട്ട് ഉറക്കത്തില്‍നിന്നു ചാടിയെണീല്‍ക്കുന്ന ദൈവം. സീന്‍ 2: കുട്ടികളെ ഗുഹയില്‍ ആക്കിയത് താന്‍ ആണെന്ന് ദൈവം ഓര്‍ത്തെടുക്കുന്നു. സീന്‍ 3: ശാസ്ത്രം കുട്ടികളെ ഗുഹയില്‍നിന്നു പുറത്താക്കട്ടെ എന്നു പറഞ്ഞു കിടന്നുറങ്ങുന്ന ദൈവം.

കുട്ടികള്‍ ഗുഹയില്‍ പെട്ടു പോയത് തിന്മയാണോ? വിശ്വാസിയുടെ പ്രാര്‍ത്ഥന കേട്ട്, ഗുഹയില്‍നിന്ന് കുട്ടികളെ ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്താത്തത് തിന്മയാണോ?

പ്രത്യക്ഷമായി ഏതെങ്കിലും മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ആരും ഈ രണ്ടു സാഹചര്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ട്, മുകളിലെ നിര്‍വചനപ്രകാരം ഇതൊന്നും തിന്‍മയായി പരിഗണിക്കാനാവില്ല. പക്ഷേ, എന്തുകൊണ്ടാണ് ഈ ട്രോളുകള്‍ ഇതെല്ലാം തിന്‍മയായി കണക്കാക്കുന്നത്? തിന്‍മയുടെ രണ്ടാമതൊരു നിര്‍വചനം ഇവിടെ പ്രസക്തമാണ്.

തിന്മ ദൈവസ്വഭാവത്തിന് വിരുദ്ധമായ പ്രതിഭാസം
ദൈവത്തിന്‍റെ സവിശേഷസ്വഭാവത്തിന് വിരുദ്ധമാണെന്ന് മനുഷ്യന് അനുഭവപ്പെടുന്ന പ്രതിഭാസങ്ങളാണ് തിന്മ എന്നത് മറ്റൊരു നിര്‍വചനമാണ്. ഈ പ്രപഞ്ചം ആകമാനം ദൈവസൃഷ്ടിയാണ്. അപ്പോള്‍, ഈ സൃഷ്ടിയില്‍ ദൈവത്തിന്‍റെ സ്വഭാവത്തിന് അനുഗുണമല്ലാതെ പ്രകടമാകുന്ന എന്തും തിന്‍മയായി ഈ നിര്‍വചനം കണക്കാക്കുന്നു. സാംക്രമിക രോഗത്തെ തിന്‍മയായി മനുഷ്യന്‍ കാണുന്നത്, അത് മനുഷ്യനോടു കരുതലുള്ള ദൈവത്തിന്‍റെ സ്വഭാവത്തിന് പ്രത്യക്ഷത്തില്‍ വിരുദ്ധമായതുകൊണ്ടാണ്.

ഈ രണ്ടു നിര്‍വചനങ്ങളുടേയും വെളിച്ചത്തില്‍, തിന്മയെന്ന പ്രശ്നത്തിന് ഉത്തരം നല്‍കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. ആ ഉത്തരങ്ങളാണ് അടുത്ത കുറെ അദ്ധ്യായങ്ങളില്‍ നാം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

Leave a Comment

*
*