ക്രിസ്ത്യാനി ക്രിസ്തു ആകേണ്ട സമയം

വിഭൂതിവഴികളില്‍-1

നിബിന്‍ കുരിശിങ്കല്‍

കാലടിക്കടുത്തുള്ള ഒരു തട്ടുകടയിലിരുന്നു പാതിരാത്രി ഒരു കട്ടന്‍ അടിച്ചോണ്ടിരിക്കുവാ. കൂടെ ഉള്ളത് ഒരു കൂട്ടുകാരനായിരുന്നു. മൂന്ന് വര്‍ഷത്തെ കഷ്ടപ്പാടിന്‍റെ പ്രവാസജീവിതത്തിനു ശേഷം രണ്ടു മാസത്തെ ലീവ്. വിശേഷം മുഴുവനും ഒരാളില്‍ തന്നെ ഒതുങ്ങി നിന്നു; അവന്‍റെ അപ്പച്ചനില്‍. അപ്പനില്ലാത്ത വീട്ടിലേക്കാണ് അവന്‍ അവധിക്ക് വന്നത്. ദുബായില്‍ ജോലിക്ക് കയറി നാലാം മാസമാണ് അപ്പച്ചന്‍റെ മരണവാര്‍ത്ത കടല്കടന്നു അവന്‍റെ കാതിലെത്തിയത്. ആധാരം പണയം വച്ചും അമ്മയുടെ കയ്യിലെ വള വിറ്റും വിമാന ടിക്കറ്റ് എടുത്ത് കപ്പല് കയറിയ ഒരാള്‍ക്ക് എങ്ങനെയാണ് അപ്പന്‍റെ നെറ്റിയില്‍ അവസാനത്തെ ഉമ്മ കൊടുക്കാനായി എത്താന്‍ പറ്റുക? മുറിയില്‍ കിടന്നു മുഖം പൊത്തി കരയുന്ന ആ മകന്‍റെ അരികില്‍ ആത്മാവിന്‍റെ ചിറകു ധരിച്ചു കൊണ്ട് ആ അപ്പന്‍ ഇരുന്നു കാണണം. 'അപ്പച്ചന്‍ മരിച്ചിട്ട് ഇത്രയും നാളായിട്ടും ആ സൈക്കിളില്‍ ഒരു തരി പൊടി പിടിക്കാന്‍' അമ്മ അനുവദിച്ചിട്ടില്ല… ഷര്‍ട്ടും മുണ്ടുമൊക്കെ തേച്ചു വെച്ചേക്കുവാ… ചെരുപ്പ് പോലും അലമാരിയില്‍ ഉണ്ട്. ആ മരുഭൂമിയില്‍ കിടന്നു പണിയെടുക്കുന്ന നേരത്തൊക്കെ ഒരൊറ്റ സങ്കടെ ഉണ്ടാര്‍ന്നുള്ളൂ… അപ്പനെ ഒന്ന് കാര്യമായിട്ട് സ്നേഹിക്കാന്‍ പറ്റിയില്ലല്ലോ എന്ന്. 'അടുത്തുള്ളവരുടെയൊക്കെ വില എന്തെന്ന് മനസ്സിലാക്കാന്‍ ഇടയ്ക്കൊന്ന് അകന്നു നില്‍ക്കുന്നത് നല്ലതാണ്.

വീടും നാടുമൊക്കെ വിട്ടു ദൂരദേശത്തായിരിക്കുന്നവര്‍ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പഴയ കാര്യങ്ങളെക്കുറിച്ചുമൊക്കെ ആവലാതിപെട്ട് വാചാലരാകുന്നത് കേട്ടിട്ടില്ലേ. പ്രവാസികളെ പരിചയമുള്ളവര്‍ക്കറിയാം ഓരോ ക്രിസ്മസും ഈസ്റ്ററും ഓണവുമൊക്കെ അവര്‍ക്ക് കൊടുക്കുന്നത് കണ്ണീരിന്‍റെ ഉപ്പുരസമുള്ള ഓര്‍മ്മകളും തിരിച്ചറിവുകളുമാണ്. അത് മറ്റൊന്നും കൊണ്ടല്ല, ചില കാഴ്ചകള്‍ അങ്ങനെയാണ്, അകന്നു നിന്നാലേ വ്യക്തമാകൂ. ഓരോ ക്രിസ്ത്യാനിയും പ്രവാസി ആകേണ്ട സമയമാണ് നോമ്പുകാലം. ക്രിസ്തു അലഞ്ഞു നടന്ന ആ മരുഭൂമിയിലേക്ക് ഒരു തീര്‍ത്ഥാടനം.

സാധാരണ രീതിയില്‍ നോമ്പ് ഉപേക്ഷയുടേതാണ് വര്‍ജ്ജിക്കലിന്‍റേതാണ്. പക്ഷെ ക്രിസ്തുവിന്‍റെ നാല്പത് ദിവസത്തെ ജീവിതത്തിലേക്ക് യാത്ര ചെയ്താല്‍ വ്യത്യസ്തമായ മറ്റു ചില സംഗതികള്‍ കൂടി വ്യക്തമാകും. അന്ന് വരെ കൂടെ ഉണ്ടായിരുന്നവരുടെ ചാരെ നിന്നും സ്വന്തം അപ്പന്‍റെ അടുത്തേക്കുള്ള ഒരു പോക്ക്. തന്നെ സ്നേഹിച്ചിരുന്നവരുടെ അരികില്‍ നിന്നും താന്‍ സ്നേഹിക്കേണ്ട ആള്‍ടെ അടുത്തേക്ക് ഒരു യാത്ര. അയാള്‍ക്കറിയാമായിരുന്നിരിക്കണം, നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു പ്രദക്ഷിണത്തിന് ഒരുങ്ങുന്നതിനു മുന്‍പേ ഉള്ളിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി ശക്തി ആര്‍ജ്ജിക്കേണ്ടതുണ്ട് എന്ന്. ആയിരങ്ങളോട് സ്നേഹത്തെക്കുറിച്ച് പറയും മുന്‍പ് ഒരായിരം മടങ്ങു തീവ്രമായി സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന്.

"എന്‍റെ കുട്ടിക്കാലത്ത്, പണ്ഡിതനായ ഒരു ദൈവശാസ്ത്രജ്ഞന്‍ സാന്‍ റൂഫിനോ പള്ളിയില്‍ ക്രിസ്മസിന് പ്രസംഗിക്കാന്‍ വന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രസംഗം. മനുഷ്യാവതാരം, ലോകരക്ഷ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഭയങ്കര പ്രസംഗം. എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. സഹികെട്ട് ഞാന്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു 'അച്ചന്‍ ശകലനേരം ഒന്ന് മിണ്ടാതിരുന്നാല്‍ ഉണ്ണീശോ പുല്‍ക്കൂട്ടില്‍ കിടന്നു കരയുന്നത് കേള്‍ക്കാമായിരുന്നു.' പാതിരാക്കുര്‍ബാന കഴിഞ്ഞു വീട്ടിലെത്തിയ എന്നെ അപ്പന്‍ ശാസിക്കുകയും അമ്മ അഭിനന്ദിക്കുകയും ചെയ്തു." നിക്കോസ് കസന്‍ദ്സാക്കിസിന്‍റെ സെ. ഫ്രാന്‍സിസിലെ ഈ രംഗം വായനക്കാരന്‍റെ നെറ്റി ചുളിപ്പിക്കും. മറ്റൊന്നും കൊണ്ടല്ല, സൗമ്യതയുടെയും ആത്മീയതയുടെയും ആള്‍രൂപമായ പീക്ക പ്രഭ്വി (ഫ്രാന്‍സിസിന്‍റെ അമ്മ) എന്തു കൊണ്ട് അയാളെ അഭിനന്ദിച്ചുവെന്നും കച്ചവടത്തിന്‍റെ മുറിയിലിരുന്നു കല്ല് പോലെയായി പോയ അപ്പന്‍ ബര്‍ണദീനോ എന്തുകൊണ്ട് ഫ്രാന്‍സിസിനെ ശാസിച്ചുവെന്നും ആശ്ചര്യം തോന്നും. ഉത്തരം മറ്റൊന്നുമല്ല… ആത്മീയത, അത് ഒച്ചയും ബഹളവുമല്ല… തിരക്കും തള്ളലുമല്ല… സ്നേഹിക്കുന്നവരുടെ അരികില്‍ ശാന്തമായും സൗമ്യമായും ആയിരിക്കാന്‍ കഴിയുന്നതാണ്. 'താങ്കള്‍ അല്‍പനേരം ഒന്ന് മിണ്ടാതിരുന്നാല്‍ ഉണ്ണി കരയുന്നത് കേള്‍ക്കാം' എന്ന് പറഞ്ഞ ഫ്രാന്‍സിസിനു പിഴച്ചിട്ടില്ല. ഒച്ചപ്പാടിലും ലഹളയിലും ആരവത്തിലും ആള്‍ക്കൂട്ടത്തിലുമൊക്കെ കേള്‍ക്കപ്പെടാതെ പോകുന്നത് ചില കരച്ചിലുകളും തേങ്ങലുകളുമൊക്കെയാണ്. പഠനത്തിന്‍റെയും പ്രേമത്തിന്‍റെയും പിക്നിക്കിന്‍റെയുമൊക്കെ തിരക്കില്‍ മക്കള്‍ കേള്‍ക്കാതെയും കാണാതെയും പോകുന്നത് മാതാപിതാക്കളുടെ മിഴിയും മിഴിനീരുമൊക്കെയാണ്. ജോലിയുടെയും ആകു ലതയുടെയും തിരക്കില്‍ മാതാപിതാക്കള്‍ക്കു നഷ്ടമാകുന്നത് കുഞ്ഞുങ്ങളുടെ നേര്‍ത്ത സ്വരവ്യതിയാനങ്ങളാണ്. പരസ്പരം മിണ്ടാനും പറയാനും നേരമില്ലാത്ത ഈ കാലത്തു ഓരോരുത്തര്‍ക്കും നഷ്ടമാകുന്നത് വീടിന്‍റെ മച്ചുമ്പുറങ്ങളിലെ പ്രാവിന്‍റെ കുറുകലും പൂച്ചയുടെ കരച്ചിലുമൊക്കെയാണ്.

അത്ര കാര്യമായിട്ടൊക്കെ ചിന്തിക്കാത്തത് കൊണ്ടാകും നമുക്ക് ചുറ്റുമുള്ള തിരക്കിനെ കുറിച്ചും ശബ്ദത്തെക്കുറിച്ചുമൊക്കെ നാം തിരിച്ചറിയാതെ പോകുന്നത്. സ്മാര്‍ട്ട്ഫോണ്‍ കയ്യില്‍ കിട്ടിയ നാളില്‍ വലിയ തിരക്കായിരുന്നു അതിനുള്ളില്‍ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ഇന്ന് അതെ തിരക്ക് മൊബൈലില്‍ നിന്നും ജീവിതത്തിലേക്ക് വ്യാപിച്ചപ്പോള്‍ അടുത്തുള്ള ആരെയും കാണാനും സാധിക്കുന്നില്ല, അവരുടെ വാക്കുകള്‍ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല. എഞ്ചിനീയറിംഗിന് പഠിക്കുന്ന ഒരു യുവാവ് പറഞ്ഞതോര്‍ക്കുന്നു, 'അമ്പത് ദിവസത്തെ നോമ്പിന്‍റെ താഴിട്ട് ആദ്യം പൂട്ടേണ്ടത് ഈ മൊബൈലിനെ'യാണ്. ഒരക്ഷരം പഠിക്കാനും പറ്റണില്ല, ഒരു കാര്യം പോലും നേരെ ചൊവ്വേ ചെയ്യാനും പറ്റണില്ല… ഇതില്ലാതെ ഇരിക്കാന്‍ ഒരുപാടാഗ്രഹിക്കുന്നുണ്ട്.'

5000 സുഹൃത്തുക്കളില്‍നിന്നും അകന്ന് ഒന്നൊറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ബി.ടെക്ക്കാരന്‍! ഉടലിന്‍റെ വെളിയിലുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും മാത്രമല്ല ഒരാള്‍ അകലം പാലിക്കേണ്ടത്. ഒറ്റയ്ക്കിരിക്കുന്ന നേരത്ത് പോലും ഒരായിരം അക്ഷരങ്ങളുമായി ഓടിയെത്തുന്ന ഓണ്‍ലൈന്‍ തിരക്കില്‍ നിന്ന് കൂടിയാണ്.

മരുഭൂമിയിലെ തനിച്ചിരിപ്പില്‍ അവസാനിച്ചതോ മൗനത്തില്‍ മൂടിപ്പോയതോ ആയിരുന്നില്ല ക്രിസ്തുവിന്‍റെ ജീവിതം. വര്‍ഷങ്ങളുടെ മൗനത്തിന്‍റെ ചിതല്‍പുറ്റില്‍നിന്നും കാട്ടാളന്‍ ഋഷി ആയി പുനര്‍ജനിച്ചത് പോലെ അന്‍പത് ദിവസത്തെ മൗനത്തിനും അപാരസ്നേഹത്തിനും ശേഷം ക്രിസ്ത്യാനി ക്രിസ്തുവായി പുനര്‍ജനിക്കണം. അയാള്‍ നന്മകള്‍ ചെയ്തു കൊണ്ട് ചുറ്റി സഞ്ചരിച്ചതു പോലെ ഒരു സഞ്ചാരം. ആ യാത്രയില്‍ നാം ചേക്കേറണം, മുടങ്ങാത്ത ബലിയര്‍പ്പണത്തിന്‍റെ അള്‍ത്താരകളിലേക്ക്, കൂടെ പഠിച്ച പഴയ സൗഹൃദങ്ങളിലേക്ക്, പദ്യവും പട്ടികയും പഠിപ്പിച്ച പഴയ ചില അധ്യാപകരുടെ വീടുകളിലേക്ക്, കുഞ്ഞുനാളില്‍ നമ്മളെ കാലില്‍ കിടത്തി കുളിപ്പിച്ച നാണിത്തള്ളയുടെ കുടിലിലേക്ക്, പള്ളി പണിയിപ്പിച്ച പഴയ പാതിരി വികാരിമാരുടെ വിശ്രമമുറികളിലേക്ക്, പഴയ വീടിന്‍റെ അയല്പക്കങ്ങളിലേക്ക്, അപ്പനോ അമ്മയോ അകന്നു പോയപ്പോള്‍ സ്നേഹം കൊണ്ടടുത്തേക്ക് വന്ന ചില മനുഷ്യരിലേക്ക്… സാധിക്കുമെങ്കില്‍ നമ്മെ വേദനിപ്പിച്ച ആ ആളുകളുടെ ജീവിതത്തിലേക്ക് വീണ്ടും ചിരിച്ചുകൊണ്ട് ഒരു കടന്നുചെല്ലല്‍കൂടി സാധ്യമാകട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org