Latest News
|^| Home -> Pangthi -> വിഭൂതിവഴികളില്‍ -> നോമ്പ് : രുചിഭേദങ്ങളുടെ ഉത്സവകാലം

നോമ്പ് : രുചിഭേദങ്ങളുടെ ഉത്സവകാലം

Sathyadeepam

വിഭൂതിവഴികളില്‍-4

ഫാ. അജോ രാമച്ചനാട്ട്

ദിവസവും നമ്മുടെയൊക്കെ ജീവിതങ്ങളെ മുന്നോട്ട് തള്ളിനീക്കുന്നത് എന്താണ്? ജീവിതം വച്ചുനീട്ടുന്ന കുറെ അധികം രുചികള്‍ തന്നെ. രുചിയുള്ള ടൂത്ത് പേസ്റ്റ് വാങ്ങിക്കൊടുത്തപ്പോള്‍ മുതല്‍ KG യില്‍ പഠിക്കുന്ന മകന്‍ നേരത്തെ ഉണരാന്‍ തുടങ്ങി എന്നൊരാള്‍ പറഞ്ഞതോര്‍ക്കുന്നു. പ്രഭാതത്തില്‍ കണ്ണുതുറക്കുന്നതു മുതല്‍ അന്തിയില്‍ തലചായ്ക്കുമ്പോള്‍ വരെ എന്തുമാത്രം രുചികള്‍! നോമ്പുകാലം അടുക്കുമ്പോള്‍ ചിലരൊക്കെ അസ്വസ്ഥരാകുന്നതിന്‍റെ കാരണവും ഇതുതന്നെയാണ്. നോമ്പുകാലം രുചിഭേദങ്ങളുടെ കാലം കൂടിയാണ്.

നോമ്പ് ആവശ്യമുണ്ടോ?
നോമ്പ് എടുക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം പലയിടത്തും നിന്ന് ഉയര്‍ന്ന് കേട്ടിട്ടുണ്ട്. ‘ഞങ്ങളൊക്കെ നല്ല കുടുംബപാരമ്പര്യത്തില്‍ ജീവിക്കുന്നവരാണ്’, ‘ദിവസവും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവരാണ്’, ‘സഭയുടെ നിയമങ്ങളും ചട്ടങ്ങളും സൂക്ഷിക്കുന്നവരാണ്’, ‘എടുത്ത് പറയാന്‍ തക്കവണ്ണം ഒരു തിന്മ യിലുംപെടാതെ ജീവിക്കുന്നവരാണ് ഞങ്ങള്‍’, ‘ഈ ഭക്ഷണത്തില്‍ അല്പം വ്യത്യാസം വരുത്തുന്നതില്‍ പ്രത്യേകിച്ച് വല്ല കാര്യവുമുണ്ടോ?’, ‘കഷ്ടപ്പെട്ട് കുരിശുമലകളൊക്കെ വലിഞ്ഞു കേറേണ്ട കാര്യമുണ്ടോ?’, ‘അല്ലെങ്കിലും എല്ലാവരും നോമ്പു നോക്കുന്നില്ലല്ലോ’ അങ്ങനെ കുറെ ചോദ്യങ്ങള്‍!

ഈ പ്രാവശ്യത്തെ നോമ്പ് തുടങ്ങുന്നതിനു മുന്‍പ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് തോന്നി. ത്യാഗംനിറഞ്ഞ ഒരു ജീവിതം, ശരീരത്തിലെ ഇച്ഛകള്‍ക്ക് ഒക്കെയും ഒരു നിയന്ത്രണം. എവിടെയാണ് അടിസ്ഥാനം?

വളരെ പെട്ടെന്ന് ഉത്തരമായി, ക്രിസ്ത്യാനി-ക്രിസ്തുവിന്‍റെ അനുയായി-വേറെ ആരില്‍ നോക്കണം, ക്രിസ്തുവില്‍ അല്ലാതെ? പരസ്യജീവിതത്തിന് മുന്നോടിയായി അവന്‍റെ മരുഭൂമിവാസവും നാല്‍പത് ദിവസത്തെ കഠിനമായ ഉപവാസവും നമ്മളെ ചിലതൊക്കെ ഓര്‍മ്മപ്പെടുത്തുന്നു.

ഒന്ന്, ദൈവകൃപയില്‍ വേരുറയ്ക്കാനും, പരി. ആത്മാവിനാല്‍ നിറയാനും.

രണ്ട്, ജീവിതം വച്ചു നീട്ടുന്ന പരീക്ഷണങ്ങളില്‍ ഇടറിപ്പോകാതിരിക്കാന്‍.

മൂന്ന്, നമ്മിലൂടെ സംഭവിക്കേണ്ട ദൈവികപദ്ധതികള്‍ മടുപ്പില്ലാതെ പൂര്‍ത്തീകരിക്കാന്‍.

സാക്ഷാല്‍ ദൈവപുത്രന്‍ പരിത്യാഗത്തിന്‍റെ മാര്‍ഗം തെരഞ്ഞെടുത്തെങ്കില്‍. സത്യമാണ് സുഹൃത്തേ, നോമ്പ് പരാജിതന്‍റെയല്ല, സ്വര്‍ഗം വെട്ടിപ്പിടിക്കാന്‍ പോകുന്നവന്‍റെ ജീവിതശൈലിയാണ്.

നോമ്പ് നോവാണ്

നോമ്പുകാലത്തെ നോവുകാലം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.

ഇഷ്ടപെട്ട രുചികള്‍-അത് എന്തുമാകട്ടെ-വേണ്ടാന്നു വയ്ക്കുന്നിടത്ത് അല്പം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലാതില്ല. ചില നേരങ്ങളില്‍ വലിയ പ്രതിസന്ധികള്‍ തന്നെയാവും അവ സൃഷ്ടിക്കുക. എങ്കിലും, എന്‍റെയോ എന്‍റെ പ്രിയപ്പെട്ടവരുടെയോ ആത്മീയവളര്‍ച്ചയ്ക്കു വേണ്ടിയാവുമ്പോള്‍ ഈ അസ്വസ്ഥതകളൊക്കെ സുഖമുള്ള അനുഭവങ്ങളായി മാറുകയാണ്. എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ചില മനുഷ്യരുണ്ട്. നോമ്പും ഉപവാസവും പരിത്യാഗവും ഒക്കെ അവര്‍ക്ക് ഒരു ലഹരി തന്നെയാണ്. മകന്‍ സെമിനാരിയില്‍ ചേര്‍ന്ന അന്നു മുതല്‍ മദ്യപാനവും പുകവലിയും പരിപൂര്‍ണമായി ഉപേക്ഷിച്ച അപ്പനെ എനിക്കറിയാം. മകന്‍ പട്ടമേല്‍ക്കുവോളം മധുരമേ വേണ്ടെന്ന് വെച്ച അമ്മമാര്‍ പലരുണ്ട്. എല്ലാ 25 നോമ്പും 50 നോമ്പും ചെരിപ്പില്ലാതെ ജീവിക്കുന്ന അപ്പന്‍, ദിവസവും മൂന്നു മണിക്കൂര്‍ മക്കള്‍ക്കുവേണ്ടി കരിങ്കല്ലില്‍ മുട്ടുകുത്തി കുരിശിന്‍റെ വഴിയും ജപമാലയും ചൊല്ലുന്ന അമ്മമാര്‍, 50 നോമ്പ് മുഴുവനും പകല്‍ ഉപവാസം എടുത്തു ജീവിക്കുന്ന ഒരു യുവസുഹൃത്ത്, ദിവസവും മുട്ടിന്മേല്‍നിന്ന് കുരിശിന്‍റെ വഴി ചൊല്ലുന്നവര്‍, ചെരിപ്പില്ലാതെ സ്ലീവാപ്പാത ചവിട്ടുന്നവര്‍.

ചില മനുഷ്യര്‍ക്ക് നോമ്പ് കാലം ഉത്സവകാലമാണ്. പുണ്യം പൂത്തുവിളയുന്ന ഉത്സവകാലം. അരുചികളെ സുഖമുള്ള അനുഭവങ്ങള്‍ ആക്കുന്ന മാന്ത്രികര്‍ നിങ്ങള്‍, നമോവാകം.

നോമ്പിന്‍റെ രുചിഭേദങ്ങള്‍
നോമ്പ് ഒരു സമസ്യതന്നെയാണ്. ഇന്നോളം രുചി ആയിരുന്നത് ഒക്കെയും 50 ദിവസത്തേക്ക് എനിക്ക് രുചികള്‍ അല്ലാതാകുന്നു. ഇന്നോളം അരുചികള്‍ ആയിരുന്ന പലതും കുറേ ദിവസങ്ങളില്‍ എന്‍റെ ഇഷ്ടങ്ങള്‍ ആയി മാറുകയാണ്. പ്രഭാതത്തിലെ മഞ്ഞും, മീനത്തിന്‍റെ കൊടും ചൂടും, കറികളില്ലാത്ത ഊണും, കൂട്ടില്ലാത്ത കിടക്കയും എല്ലാം ലോകത്തിന്‍റെ പോക്കില്‍ നിന്നൊരു ചുവടുമാറ്റം. ഒന്നുണ്ട്, ഇതൊക്കെ ആത്മീയതലത്തില്‍ നിന്ന് ചിന്തിക്കുമ്പോഴെ അര്‍ഥമുള്ളവയായി മാറുന്നുള്ളൂ.

അല്ലെങ്കില്‍ നഷ്ടങ്ങള്‍ തന്നെ, സംശയമില്ല. ‘ലോകസുഖങ്ങളൊക്കെ എനിക്ക് കയ്പ്പായി പകര്‍ത്തണേ എന്ന് അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചത് ഈ കണ്ണില്‍ നിന്ന് നോക്കിയാലേ മനസ്സിലാവൂ!

നോമ്പും സേഫ് സോണും
ഒന്ന് മാറി ചിന്തിക്കുകയാണ്. നോമ്പും ഉപവാസവും ഒക്കെ സാധ്യമാണ്, ആര്‍ക്കാണെന്നോ? ജീവിതം ഭദ്രമായിരിക്കുന്നവര്‍ക്ക്. കാര്യമായ ദുരിതങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുന്നവര്‍ക്ക്. അത്യാവശ്യം നല്ലൊരു വീടും, വാഹനവും, ആവശ്യത്തിന് പണവും, സമാധാനമുള്ള കുടുംബാന്തരീക്ഷവും ഉള്ളപ്പോള്‍ രാവിലെ കുര്‍ബാനയ്ക്ക് പോകുന്നതും മാംസ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നതും മല ചവിട്ടുന്നതും ഒക്കെ എളുപ്പം തന്നെയാണ്.

എന്നാല്‍, ഈ സേഫ് സോണിന് പുറത്ത് ജീവിക്കുന്നവരുണ്ട്. വര്‍ഷങ്ങളായി രോഗകിടക്കയില്‍ കിടക്കുന്നവര്‍, കഠിനമായ സാമ്പത്തികപ്രതിസന്ധിയില്‍ ജീവിക്കുന്നവര്‍, സ്വന്തമായി ഒരു കൂര ഇല്ലാത്തവര്‍, ആരും കരുതാനോ ആരും കേള്‍ക്കാനോ ഇല്ലാത്തവര്‍. നോമ്പിനേക്കാളും വലിയ നോമ്പില്‍ ജീവിക്കുന്നവര്‍!

അത്തരം ചില പ്രതിസന്ധികളുടെ നടുവില്‍ നിനക്ക് ദൈവത്തെ സ്നേഹിക്കാന്‍ ആവുന്നുണ്ടോ? ദാനിയേലിനെപോലെ സിംഹക്കുഴിയില്‍ കിടക്കുമ്പോഴും നിന്‍റെ ത്യാഗങ്ങളെ പ്രാര്‍ത്ഥനയുടെ ഭാഗമാക്കി മാറ്റുന്നുണ്ടോ? അങ്ങനെ ചിലരുണ്ട്. ജീവിതം കയ്പ് മാത്രം സമ്മാനിക്കുമ്പോഴും പരാതി ഇല്ലാതെ ക്രിസ്തുവിനെ സ്നേഹിക്കുന്നവര്‍. അവര്‍ക്ക് ക്രൂശിന്‍ച്ചോട്ടില്‍ നില്‍ക്കുന്ന അമ്മ മേരിയുടെ സ്ഥാനമാണ്.

അവരുടെ നോമ്പിന് വല്ലാത്ത ശോഭയുണ്ടാകും. അവരുടെ ത്യാഗങ്ങള്‍ക്ക് പൊന്നിന്‍റെ തിളക്കമുണ്ടാകും.

അതുകൊണ്ട് പ്രിയ സുഹൃത്തേ, നോമ്പിന് ഒരു പുതിയ മാനം ഉണ്ടാകട്ടെ, സേഫ് സോണുകളില്‍നിന്ന് പുറത്തുകടന്ന് ഞാന്‍ ഇടറാന്‍ ഇടയുള്ള മേഖലകളില്‍ നോമ്പ് എടുത്ത് തുടങ്ങുക. പരാജയങ്ങളുടെ തീരത്തുനിന്ന്, എന്‍റെ ബലഹീനതകളുടെ നടുവില്‍ നിന്ന് ഞാന്‍ തുടങ്ങുന്ന ആത്മീയ മുന്നേറ്റങ്ങള്‍ക്ക് AC റൂമിലെ ഉപവാസ പ്രാര്‍ത്ഥനകളേക്കാള്‍ കൃപ നല്‍കാനാവും.

Leave a Comment

*
*