Latest News
|^| Home -> Pangthi -> വിഭൂതിവഴികളില്‍ -> അന്‍പേറാനാവട്ടെ ഈ നോമ്പാചരണം

അന്‍പേറാനാവട്ടെ ഈ നോമ്പാചരണം

Sathyadeepam

വിഭൂതിവഴികളില്‍-5

മരിയ റാന്‍സം

നോമ്പാചരണത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കൊച്ചു ഗ്രന്ഥമുണ്ടല്ലോ? സ്ലീവാപാതയെന്നും വിളിക്കപ്പെടുന്ന കുരിശിന്‍റെ വഴി. ഈ വഴിയില്‍ കണ്ടുമുട്ടുന്ന ദൈവത്തിനു പച്ചമനുഷ്യന്‍റെ മണവും രൂപവുമാണ്. സ്ലീവാപാത പൂര്‍ണമാകുന്നതു സങ്കടപെരുമയില്‍ ഒറ്റയ്ക്കായ ദൈവത്തിനു കൂട്ടുപോകാന്‍ തയ്യാറായ അന്‍പുള്ള മനുഷ്യരുംകൂടി ചേരുമ്പോഴാണ്. ചോര വിയര്‍പ്പും കണ്ണീരുപ്പും കലര്‍ന്ന തിരുമുഖം ഒപ്പിയെടുക്കാന്‍ ഒരു പെണ്ണും കുരിശറ്റം താങ്ങാനായി ശിമയോനും പരസ്പരം ഒരു വാക്കുപോലും ഉരിയാടാതെ മനസ്സുകൊണ്ടവനെ മടിയില്‍ കിടത്തി ആശ്വസിപ്പിക്കുന്ന അമ്മയും സ്ലീവാപാതയില്‍ നമ്മുടെ ചങ്കുലയ്ക്കുന്നുണ്ട്. ഇവര്‍ മാത്രമല്ല കൂടെക്കൂടി ഒറ്റുകൊടുത്തും കുരിശേറ്റുമെന്നറിഞ്ഞ നിമിഷം ഓടി ഒളിച്ച്, അകാരണമായ ശിക്ഷയ്ക്ക് ഏല്പിച്ചുകൊടുത്തും വെല്ലുവിളിച്ചു കൂവിയാര്‍ത്തും ആകെയുള്ള ഉടുതുണി ഉരിഞ്ഞെടുത്താക്ഷേപിച്ചും അനുകമ്പയോടെ അവനെ നോക്കി മാറത്തടിച്ചും ഒടുവിലവനെ സുഗന്ധകൂട്ടു ചേര്‍ത്ത കച്ച പുതപ്പിച്ചും സാധാരണ മനുഷ്യരാണ് ഈ യാത്രയിലുടനീളമുള്ളത്. ഈ മനുഷ്യരെ – കുരിശിന്‍റെ കാഠിന്യം കൂട്ടിയവരെന്നും അവനോട് അന്‍പ് കാട്ടിയവരെന്നും-കുരിശിനപ്പുറവും ഇപ്പുറവുമായി രണ്ടായി പകുത്താണ് ഈ സ്ലീവാപാത അവസാനിക്കുന്നത് എന്നു തോന്നാറുണ്ട്. അമ്പതു നോമ്പിന്‍റെ തുടക്കം മുതല്‍ ചെയ്ത പാപങ്ങള്‍ക്കു പ്രായശ്ചിത്തമായി മാത്രമല്ല, മനസ്സിനുള്ളില്‍ കെട്ടുതുടങ്ങിയ അന്‍പിനെ ഊതിതെളിക്കാനള്ള ഒരു കാരണമായി കൂടി ഈ സ്ലീവാപാത മാറുന്നുണ്ട്. സങ്കടപ്പെരുമഴയില്‍ ഒറ്റയ്ക്കായി പോയ നേരം, നാട്ടുനടപ്പിന്‍റെ ഉറക്കം തൂങ്ങിയ കണ്ണുകൊണ്ടല്ലാതെ നമ്മളെ നോക്കി കണ്ടറിഞ്ഞു സഹായിച്ചവരും കുരിശോടെ നിലത്തുവീണ നേരത്തു ചവിട്ടി കടന്നുപോയവരുമൊക്കെ കുരിശിന്‍റെ വായനയ്ക്കിടയില്‍ മനസ്സോരത്തെത്തുന്നതു അതുകൊണ്ടായിരിക്കാം.

വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന അമ്മയെ തെറ്റില്ലാത്തവിധം ശുശ്രൂഷിക്കുന്ന ഒരു മരുമകളുണ്ട്. കിടപ്പിലായ അമ്മയ്ക്കൊപ്പം തളര്‍ന്നുപോയത് ഈ ചേച്ചിയുടെ ജീവിതം കൂടിയായിരുന്നു. പത്തു നിമിഷത്തില്‍ കൂടുതല്‍ അമ്മയെ ഒറ്റയ്ക്കാക്കാന്‍ ആവാത്തതിനാല്‍ ഞായറാഴ്ച കുര്‍ബാനയ്ക്കുപോലും വരാന്‍ കഴിയാത്ത ഒരു സാധുസ്ത്രീ. നോമ്പു തുടങ്ങിയതു മുതല്‍ എന്നുമിവരെ പള്ളിയില്‍ കാണാന്‍ തുടങ്ങിയതു കണ്ട്, പള്ളി കഴിഞ്ഞ് ഓടുന്നതിനിടയില്‍ പിടിച്ചുനിര്‍ത്തി അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്. “അയല്‍ക്കൂട്ടത്തിലെ ചില അമ്മമാര്‍ മാറിമാറി വന്ന് അമ്മയ്ക്കു കൂട്ടിരിക്കാന്‍ തുടങ്ങി. ആ നേരംകൊണ്ടു കുര്‍ബാന കണ്ടു മടങ്ങും.” കൂട്ടിരിപ്പുകാരെയും അവരുടെ മടുപ്പുകളെയും അവരുടെ അത്യാവശ്യങ്ങളെയും മറന്നുതുടങ്ങിയ നമ്മുടെ രോഗീസന്ദര്‍ശനങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കിയ ആ അമ്മമാരുടെ മുഖം എന്നെ വായിക്കുന്നവരുടെ ഹൃദയതൂവാലയിലും പതിക്കപ്പെടുന്നുണ്ടാവും. ഇത്രയും നാള്‍ ഒറ്റയ്ക്കു വഹിച്ച കുരിശറ്റം താങ്ങാന്‍ ആരോ ഉണ്ടെന്ന അറിവു നല്കിയ ഊര്‍ജ്ജം ആ ശബ്ദത്തില്‍ ഞാനും കേട്ടതാണ്.

കഷ്ടപ്പാടിന്‍റെ കാലത്ത് ആര്‍ഭാടം തന്നെയായിരുന്ന ശീലങ്ങളെ ഒഴിവാക്കുന്നതും നേരമ്പോക്കുകള്‍ വെട്ടിച്ചുരുക്കുന്നതും കുരിശുപിടിച്ചും മല കയറിയുമൊക്കെ സ്ലീവാപാതയുടെ ഉരുക്കഴിക്കുന്നത്, നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്നുണ്ടോ? ഓരോ ജീവിതവും വ്യത്യസ്തമായിരിക്കേ സാമാന്യ നിര്‍ദ്ദേശങ്ങള്‍ക്കു പ്രസക്തി ഇല്ലല്ലോ. ശാരീരിക അസ്വസ്ഥതമൂലം ഉറങ്ങിയില്ല എന്നു മനസ്സിലാക്കി, കുറച്ചു നേരം കൂടി കിടക്കയില്‍ ചുരുളാന്‍ അനുവദിച്ച് അടുക്കളയിലെ ജോലികളേറ്റെടുക്കുന്ന ഭര്‍ത്താവ് എനിക്കു ശിമയോനായി മാറുന്നുണ്ട്. ഒപ്പം അനാവശ്യമായ ഹോണ്‍ മുഴക്കി അലോസരപ്പെടുത്തി അശ്ലീല ഗോഷ്ടി കാട്ടി മറയുന്നവന്‍ തോള്‍ഭാരം വല്ലാതെ കൂട്ടുകയും ചെയ്തു. കേള്‍വിക്കാര്‍ക്കു നിസ്സാരമെന്നു തോന്നുന്ന പലതുമാണു പലപ്പോഴും നമുക്കു കുരിശുവഴിയിലെ പതിന്നാലിടങ്ങളായി മാറുന്നത്. പോരായ്മകള്‍ നിരന്തരം നേരംപോക്കിന്‍റെ ലാഘവത്തോടെ സഹൃദയസദസ്സില്‍ ഫലിതമാക്കുന്ന സുഹൃത്തിനെയും മുന്നോട്ടൊരടി വയ്ക്കാന്‍ നിവൃത്തിയില്ലാതെ തളര്‍ന്നു എന്നു പറയാതറിഞ്ഞോടി എത്തിയ ചാര്‍ച്ചക്കാരിയെയും ചെങ്കടല്‍ പകുത്തു മാറ്റപ്പെട്ടപോലെ – കാഠിന്യം കൂട്ടിയവരെന്നും അന്‍പു കാട്ടിയവളെന്നും – മനസ്സ് പകുത്തു മാറ്റി നിര്‍ത്തുന്നുണ്ട്.

മറിച്ചൊന്നു പറഞ്ഞവസാനിപ്പിക്കാം. അന്‍പാണു നൊമ്പെങ്കില്‍ ചുറ്റുമുള്ളവരുടെ സ്ലീവാപാതയില്‍ എന്‍റെ സ്ഥാനം എവിടെയാണ്? കുരിശ് താങ്ങാനും ആശ്വസിപ്പിക്കാനും ആരെങ്കിലും എത്തുമെന്നു പ്രതീക്ഷിക്കുന്ന ഞാന്‍ തൊട്ടരികിലൂടെ വേച്ചുവേച്ച് നടന്നുനീങ്ങുന്ന ജീവിതത്തെയും കാണണ്ടേ? എന്‍റെ വഴി സ്ലീവാപാതയുടേതാണെങ്കില്‍ തീര്‍ച്ചയായും കാണും. വേറൊണിക്കയുടെയും ശീമോന്‍റെയും കണ്ണുകള്‍ കൊണ്ടു തന്നെ കാണും. ചോര വിയര്‍പ്പൊന്ന് ഒപ്പിയെടുക്കും. കുരിശൊന്നു താങ്ങാന്‍ തോളൊന്നു ചായ്ച്ച് നല്കുകയും ചെയ്യും. അന്‍പിന്‍റെ ഉറവ വറ്റാതിരിക്കാനുള്ള ശ്രമങ്ങളാവട്ടെ സ്ലീവാപാതകളെല്ലാം. അതല്ലായെങ്കില്‍ ഈശോയുടെ പാടുപീഡയോര്‍ത്തു കുരിശുപിടിച്ചു വഴിയോരത്തൂടെ നടന്നകലുന്ന നമ്മെ നോക്കി അവിടുന്നു പറയും – നിങ്ങളെയും സുതരെയും ഓര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍.

Leave a Comment

*
*