Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> വിദ്യാഭ്യാസരംഗത്തിലെ ക്രൈസ്തവികത വീണ്ടെടുക്കണം

വിദ്യാഭ്യാസരംഗത്തിലെ ക്രൈസ്തവികത വീണ്ടെടുക്കണം

സിജോ കണ്ണമ്പുഴ OM

ആതുര ശുശ്രൂഷാരംഗത്തെന്നതുപോലെ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവസഭയുടെ സംഭാവനകള്‍ക്ക് സമാനതകളില്ല. ആയിരക്കണക്കിന് അല്മായരും സന്യസ്തരും വൈദീകരുമടങ്ങുന്ന സഭാമക്കളുടെ വിയര്‍പ്പിന്റെയും കഷ്ടപ്പാടിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായാണ് ഈ അവസ്ഥ സംജാതമായത്. സെക്കുലര്‍ സമൂഹത്തില്‍പോലും വൈദീകരും സന്യസ്തരും മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാള്‍ ‘ഡിമാന്‍ഡ്’ ഉള്ളത് ഇതിന്റെ തെളിവാണ്. എങ്കിലും ഏറ്റവും അധികം പഴി കേള്‍ക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതുമായ ഒരു ശുശ്രൂഷാ മേഖലയാണ് ഇതെന്നതില്‍ തര്‍ക്കമില്ല. എല്ലാ അദ്ധ്വാനങ്ങള്‍ക്കും ശേഷം ‘കാശുണ്ടാക്കാനുള്ള’ ഒരു മാര്‍ഗ്ഗം മാത്രമായി വിദ്യാഭ്യാസമേഖലയെ ലേബലൊ ട്ടിക്കുന്ന പരിതാപകരമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. ഇത്രയധികം സന്ന്യസ്തരും വൈദീകരും അല്മായരും സേവനം ചെയ്യുന്ന ഈ ശുശ്രൂഷാ മേഖല അതര്‍ഹിക്കുന്ന മതിപ്പോടും മൂല്യത്തോടും കൂടി പൊതു ജനങ്ങള്‍ക്കിടയില്‍ പരിഗണിക്കപ്പെടുവാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സന്ന്യാസിവര്യരും വൈദീക ജ്ഞാനികളും നയിച്ചിരുന്ന വിദ്യാഭ്യാസ മേഖലയില്‍ എന്നും പുതുമകളുണ്ടായിരുന്നു. ആദിമകാല മിഷനറിമാരും ചാവറയച്ച നെപ്പോലെയുള്ള തദ്ദേശീയരായ വൈദീകശ്രേഷ്ഠരും ദൈവീക ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ പ്രാവര്‍ത്തികമാക്കിയ പല ആശയങ്ങളും അന്നത്തെ സമൂഹത്തിനു പുതുമ മാത്രമല്ല അത്ഭുതവും ആശ്വാസവും പ്രദാനം ചെയ്തിരുന്നു. പലപ്പോഴും അവരുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ ഉതകുന്നതായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം മാതൃകയാക്കിയിരുന്നതും നമുക്ക് അറിവുള്ളതാണ്.

എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുകളായി കാര്യമാത്ര പ്രസക്തമായ നേട്ടങ്ങളോ, സമൂഹത്തിനു ബലം നല്‍കുന്ന നൂതനാവിഷ്‌കാരങ്ങളോ സമൂഹത്തിന്റെ പൊതുബോധത്തിനു ദിശ നല്‍കുന്ന സംഭാവനകളോ ഈ മേഖല യില്‍നിന്ന് ഉരുത്തിരിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ കടന്നുവന്ന വഴികളിലൂടെ മുമ്പോട്ട് പോകുന്നു എന്നു പറയാനേ നമുക്കാകൂ. ഇതുവരെ ഉണ്ടായിരുന്നവയുടെ പുരോഗമനം ഉറപ്പാക്കിയെങ്കിലും കാലാനുസൃതമായ മാറ്റങ്ങളും നവീകരണങ്ങളും വിദ്യാഭ്യാസമേഖലയില്‍ സഭയുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടോ എന്ന് ചോദ്യമുയര്‍ത്തേണ്ട സമയമായി.

വിദ്യാഭ്യാസ വിചക്ഷണന്മാരായ നമ്മുടെ പൂര്‍വ്വികര്‍ വിദ്യാഭ്യാസശുശ്രൂഷകളുടെ പ്രധാനപ്പെട്ട ഉപഭോക്താക്കളായി തിരഞ്ഞെടുത്തത് സമൂഹത്തിലെ പാവങ്ങളെ ആയിരുന്നു. എന്നാല്‍ ഇന്നു നമ്മുടെ വിദ്യാഭ്യാസ ശുശ്രൂഷകളുടെ ഉപഭോക്താക്കള്‍ നല്ലൊരു ശതമാനവും സമൂഹത്തിലെ വരേണ്യവര്‍ഗ്ഗമാണ് എന്നു പറയേണ്ടിവരും. പാവപ്പെട്ടവര്‍ അവിടെ തുലോം കുറവാണ്. പാവപ്പെട്ടവനും ചൂഷണം ചെയ്യപ്പെടുന്നവരുമായവരെ നമ്മുടെ ശുശ്രൂഷകളുടെ ഫലമനു ഭവിക്കുന്നവരാക്കുവാന്‍ നമുക്ക് കഴിയുമ്പോഴേ നമ്മുടെ ശുശ്രൂഷകള്‍ക്ക് ക്രൈസ്തവമായ മാനം സിദ്ധിക്കുകയുള്ളൂ. ഇങ്ങനെ ഒരു മാറ്റം സാമ്പത്തികമായി മോശമല്ലാത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കാം. അവയെ നേരിടാനും ക്രിസ്തീയമായ കാഴ്ചപ്പാടുകളോടെ വിദ്യാഭ്യാസ മേഖലയെ മുന്‍പോട്ട് കൊണ്ടുപോകാനും നമുക്ക് കഴിയണം. കലാകാലങ്ങളായുള്ള ചില രീതികളും പാരമ്പര്യമായി കൈമാറിക്കിട്ടിയ മാമൂലുകളും ചിലപ്പോഴെങ്കിലും നമ്മുടെ സംവിധാനങ്ങളില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ നിന്നു നമ്മെ തടയുന്നുണ്ടാകാം. ഇനിയുള്ള സമയം ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഒരു ഗൗരവമായ ഇടപെടലും അനിവാര്യമായ മാറ്റങ്ങളും സംഭവിച്ചില്ലെങ്കില്‍ നമ്മുടെ വിലപ്പെട്ട സംഭാവനകള്‍ ‘കാശുണ്ടാക്കാനുള്ള’ വഴികള്‍ മാത്രമായി ഇനിയും സമൂ ഹത്തില്‍ അവതരിപ്പിക്കപ്പെടും.

ഫലം നല്‍കാത്ത, വിരസമായ സമ്പ്രദായങ്ങള്‍ക്ക് പകരമായി പുതുമയുള്ള, സമൂഹത്തെ പ്രചോദിപ്പിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്ന എല്ലാറ്റിനുമുപരി ദൈവത്തിനു മഹത്വം നല്‍കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം രൂപംകൊള്ളേണ്ട സമയമായി. ഇപ്പോഴുള്ളതിന്റെ കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ ‘വെളിച്ചവും, വായുവും’ കടക്കുന്ന രീതികളിലേക്ക് നമ്മള്‍ കാലെടുത്തുവച്ചില്ലെങ്കില്‍ സമൂഹത്തിന്റെ കുത്തുവാക്കുകളും ശാപസ്വരങ്ങളും കൂടുതല്‍ ഉച്ചത്തില്‍ നമ്മുടെ ചെവിയിലെത്തിക്കൊണ്ടേയിരിക്കും.

ക്രൈസ്തവദര്‍ശനത്തിലൂന്നിയ, സഹോദരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന, ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ ‘അരികുകളിലും വെളിമ്പ്രദേശങ്ങളിലും ദൈവരാജ്യം പ്രഘോഷിക്കുന്ന’ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഉദയം ചെയ്യേണ്ടതായിട്ടുണ്ട്. അല്ലെങ്കില്‍ ‘മറ്റുള്ളവരെപ്പോലെ’ മാത്രം പണവും അദ്ധ്വാനവും സമയവും സഭയുടെ പേരില്‍ മുടക്കുന്ന ഒരുകൂട്ടം ‘ജോലിക്കാരായി’ നമ്മള്‍ സമൂഹത്തില്‍ അവതരിപ്പിക്കപ്പെടും. നാം മറ്റുള്ളവരില്‍നിന്ന് ക്രൈസ്തവമായി വ്യത്യസ്തരല്ലെങ്കില്‍ നാം എന്താണ് ഈ ശുശ്രൂഷകൊണ്ട് അര്‍ത്ഥമാക്കുന്നത്?

മാറ്റം വേണ്ട മേഖലകള്‍ പലതുണ്ടെങ്കിലും സ്ഥാപനങ്ങളിലെ പ്രവേശനത്തെക്കുറിച്ച് മാത്രം മേല്‍സൂചിപ്പിച്ച ആശയങ്ങളില്‍ നിന്നുകൊണ്ട് ഏതാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

പ്രവേശനത്തിനുള്ള മാനദണ്ഡം പലപ്പോഴും കുട്ടികളുടെ പഠിക്കാനുള്ള കഴിവും അവരുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനുള്ള ശേഷിയുമാണ് എന്നതില്‍ രണ്ടുപക്ഷം ഉണ്ടാകാന്‍ ഇടയില്ല. ആ മാനദണ്ഡങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുകയും അല്പംകൂടി തുറന്ന, സുതാര്യമായ, അതേസമയം പാവങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന സാധ്യതകളും നിലനിര്‍ത്തണം.

1. സ്ഥാപനത്തിലെ പകുതി യെങ്കിലും വിദ്യാര്‍ഥികള്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വരായിരിക്കട്ടെ.

2. ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സംവരണം നല്‍കട്ടെ.

3. ജീവിതപങ്കാളിയുടെ ആശ്രയമില്ലാതെ (single parent) സംരക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ നല്‍കട്ടെ.

4. ജോലിയില്ലാത്ത, ഭവനമില്ലാത്ത കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകട്ടെ.

5. മൂന്നോ അതിലധികമോ കുട്ടികളുള്ള വീടുകളില്‍ നിന്നും പ്രാതിനിധ്യമുണ്ടാകട്ടെ.

6. കര്‍ഷകരുടെ കുട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിച്ചിടട്ടെ.

7. ഉന്നതവിജയം നേടും എന്ന് ഉറപ്പുള്ളവര്‍ മാത്രമല്ല പഠിക്കാന്‍ കഴിവ് കുറഞ്ഞവരും നമ്മുടെ സ്ഥാപനങ്ങളില്‍ പഠിക്കട്ടെ. അവര്‍ക്കും ഈ സമൂഹത്തില്‍ അവകാശങ്ങളുണ്ട്. നമുക്കത് നിഷേധിക്കാതിരിക്കാം.

8. സ്ഥാപനങ്ങളില്‍ നിന്നു സഹായം സ്വീകരിക്കുന്ന, ഫീസ് ഇളവുകളുള്ളവരുടെ ലിസ്റ്റ് അവരുടെ സ്വകാര്യത നഷ്ടപ്പെടുത്താതെ അറിയിക്കാനുള്ള സംവിധാനമുണ്ടാകട്ടെ.

ഇതെല്ലാം ഏതാനും നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. തുറവിയോടെ കര്‍ത്തൃസന്നിധിയിലിരുന്നാല്‍ കൂടുതല്‍ യോജ്യമായ ആശയങ്ങളും ലഭിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും അസാധ്യമല്ല. വിദ്യാഭ്യാസമേഖലയിലെ ‘ക്രൈസ്തവികത’ തിരിച്ചുകൊണ്ടുവരാന്‍ ഇത് അനിവാര്യമാണ്. അവശരെ സഹായിക്കുന്നതും അറിവില്ലാത്തവരെ പഠിപ്പിക്കുന്നതും കാരുണ്യപ്രവര്‍ത്തികളാണ്, നമുക്കത് മറക്കാതിരിക്കാം.

Leave a Comment

*
*