വിലപിക്കുന്നവരുടെ മാനവികത

വിലപിക്കുന്നവരുടെ മാനവികത

വിശുദ്ധയായ എവുപ്രാസിയായുടെ കത്തുകള്‍ ശ്രദ്ധയോടെ വായിച്ചിട്ടുണ്ട്. അതു വായിച്ചപ്പോള്‍ യേശുവിന്‍റെ സഹനത്തില്‍ വിലപിക്കുന്നതിന്‍റെ വലിയ ആശ്വാസം അവര്‍ക്കുണ്ടായിരുന്നു എന്നു തോന്നി. ഇതുതന്നെ പാശ്ചാത്യനാടുകളിലെ മിസ്റ്റിക്കുകളും വിശുദ്ധരുമായ സ്ത്രീകളുടെ ലിഖിതങ്ങളിലും കണ്ടിട്ടുണ്ട്. യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ എഴുത്തുപലകയായി സ്വന്തം ശരീരം മാറിയതായി അവര്‍ കാണുന്നു. ക്രൂശിക്കാന്‍ കൊണ്ടുപോയവരെ നോക്കിനിന്നു കരഞ്ഞ ജെറുസലേം സ്ത്രീകളെപ്പോലെ.

കരയുന്നതു സന്തോഷിക്കാനല്ലല്ലോ. എന്നാലും പിന്നെ എന്തിനു കരയുന്നു? അവര്‍ക്ക് അതേ കഴിയൂ. പക്ഷേ, അതു കഴിയുന്നു എന്നതും പ്രധാനമാണ്. സഹനം നോക്കി ചിരിക്കാന്‍ കഴിയുന്നവരില്ലേ? എന്തുകൊണ്ട്? ആ സഹനത്തെ അവര്‍ ന്യായീകരിക്കുന്നു, ആ സഹനത്തില്‍ അവര്‍ സന്തോഷിക്കുന്നു. ഇതിനു നേരെ വിപരീതമാണു സഹനം കണ്ടു കരയുന്നവര്‍. കാരണം ആ സഹനത്തെ അവര്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല. മാത്രമല്ല അവര്‍ അതില്‍ കരയുന്നതിനു കാരണവുമുണ്ട്. തന്‍റെ കൂടി ഏതോ കുറ്റംകൊണ്ടാണ് ആ സഹനമുണ്ടായത് എന്ന ഏറ്റുപറച്ചിലുമാണ് ആ വിലാപം. ഉത്തരവാദിത്വത്തില്‍ എനിക്കു വന്ന വീഴ്ചയോ പോരായ്മയോ മൂലമാണു സഹനം സംഭവിച്ചത് എന്ന വല്ലാത്ത വേദന. ഏതു സഹനവും ഇവിടെ ഉണ്ടാകുന്നത് എന്‍റെ കൂടി വീഴ്ചയിലാണ് എന്നു വിലപിക്കുന്നവനാണു നീതിമാന്‍.

ക്രിസ്ത്യാനി കുരിശു ധരിക്കുന്നു, ക്രൂശിതന്‍റെ മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നു, ധ്യാനിക്കുന്നു, വിലപിക്കുന്നു. മകന്‍റെ വേദനയില്‍ സന്തോഷിക്കുന്ന പിതാവായിട്ടല്ല ദൈവത്തെ ക്രൈസ്തവികത അവതരിപ്പിക്കുന്നത്. പീഡനത്തില്‍ പുത്രനോട് ഒന്നാകുന്ന പിതാവിനെയാണ്. ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ പീഡനത്തില്‍ താനും ഉത്തരവാദിയായി കാണുന്നു. ലോകത്തിലെ സകല പീഡനങ്ങളും അവന്‍റെ പീഡനങ്ങളായി മനസ്സിലാക്കുന്നു. ആ പീഡനം തന്‍റെയും പാപഫലമായി, ചെയ്യേണ്ടതു ചെയ്യാത്ത വീഴ്ച മൂലമാണ് എന്നറിഞ്ഞു നിലവിളിക്കുന്നു. ഒരു സഹനത്തിനും ന്യായം കണ്ടെത്താത്തവന്‍; സഹനങ്ങളെ ന്യായീകരിക്കുന്നതു പൈശാചികതയായി കാണുന്നു. പീഡനങ്ങളും അതിന്‍റെ ന്യായീകരണങ്ങളും പൈശാചികമാണ്. പീഡനത്തിന്‍റെ വേദനകള്‍ ഏറ്റു വിലപിക്കാന്‍ ഒരു പിശാചിനും കഴിയില്ല. പീഡനത്തിന്‍റെ വേദനയും ഉത്തരവാദിത്വവും ഏറ്റു വിലപിക്കുന്നതിലാണു ദൈവികത. അതിന്‍റെ മാനവികതയാണ് മഹത്ത്വപൂര്‍ണമായത്.

വിലപിക്കുന്നവളുടെ ശരീരം ക്ഷുഭിതമാണ്. അത് എന്തോ നിരന്തരം പറയുന്നു. വിലപിക്കുന്ന ശരീരത്തിന്‍റെ ഭാഷ, വിലാപത്തിന്‍റെ ഭാഷ. പീഡനത്തില്‍ രോഗാതുരമായ സമൂഹശരീരത്തെ സുഖമാക്കുന്ന വിലാപത്തിന്‍റെ വ്രണിതവും ആതുരവുമായ ശരീരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org