തിന്‍മ സമഗ്രമായ വീക്ഷണം

ബിനു തോമസ്, കിഴക്കമ്പലം

തിന്മയെപ്പറ്റിയുള്ള രണ്ടു വീക്ഷണങ്ങള്‍ നാം കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. ഒന്ന്, സമൂഹം അംഗീകരിച്ചിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി. രണ്ട്, ദൈവസ്വഭാവത്തിന് വിരുദ്ധമായ പ്രതിഭാസം.

തിന്മ ലളിതമായ നിര്‍വചനവും ഉത്തരവും
മാനുഷികമൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് തിന്മയെന്ന നിര്‍വചനം ആദ്യം പരിശോധിക്കാം. ഈ നിര്‍വചനത്തില്‍, പ്രപഞ്ചമാകമാനം മൂന്നു തരം പ്രക്രിയകളാണുള്ളത്. ഒന്ന്, നന്മയായിട്ടുള്ള പ്രവൃത്തികള്‍ രണ്ട്, തിന്‍മയായിട്ടുള്ള പ്രവൃത്തികള്‍. മൂന്ന്, നന്മയോ തിന്മയോ ആയി കണക്കാക്കാന്‍ പറ്റാത്ത സ്വാഭാവികപ്രതിഭാസങ്ങള്‍ (ethically neutral phenomena).

ഇപ്രകാരം തിന്മയെ നിര്‍വചിച്ചാല്‍, തിന്മയെന്ന പ്രശ്നത്തെ ദൈവാസ്തിത്വത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ സാധിക്കും. തിന്മ ചെയ്യുന്നത് മനുഷ്യനാണ്. സ്വതന്ത്ര ചിന്തയും തീരുമാനവുമുള്ള മനുഷ്യന്‍റെ പ്രവൃത്തിയാണ് തിന്മ എന്ന് വിശ്വാസിക്ക് വാദിക്കാം.

പക്ഷേ, അവിടെ ഒരു മറുചോദ്യം ഉയരുന്നു. മനുഷ്യന്‍റെ മേല്‍ ദൈവത്തിന് അധികാരമില്ലേ? തിന്മ ചെയ്യാന്‍ ഒരുങ്ങുന്ന മനുഷ്യനെ ദൈവം തടഞ്ഞാല്‍ പോരെ? തിന്മ ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമായിരുന്നില്ലേ?

ഈ ചോദ്യം, പൊതുവില്‍ സൃഷ്ടികര്‍മ്മത്തിന്‍റെ ചില പ്രത്യേകതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അപ്പോള്‍, കേവലം മനുഷ്യനെ അടിസ്ഥാനമാക്കി മാത്രം തിന്മയുടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ല എന്നു വരുന്നു. അതായത്, തിന്മയുടെ രണ്ടാമത്തെ നിര്‍വചനത്തിലേക്ക് – ദൈവസ്വഭാവത്തിനു വിരുദ്ധമായ ഒന്നായി തിന്മയെ കാണുന്ന വീക്ഷണത്തിലേക്ക് – കടക്കാന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നു.

തിന്മ സമഗ്രമായ ഒരു വീക്ഷണം
തിന്മയുടെ രണ്ടാമത്തെ നിര്‍വചനത്തിലൂടെ മാത്രമേ സമഗ്രമായി തിന്മയെ വീക്ഷിക്കാന്‍ സാധിക്കൂ എന്നതിന് പല കാരണങ്ങളുണ്ട്.

1) വിശ്വാസിയുടെ കാഴ്ചപ്പാടില്‍, മൂല്യബോധത്തിന്‍റെ അടിസ്ഥാനം ദൈവസ്വഭാവമാണ്. മനുഷ്യന്‍റെ നന്മയുടെ ഉറവിടമായി ഒരു വിശ്വാസി അംഗീകരിക്കുന്നത് ദൈവത്തിന്‍റെ തന്നെ സ്വഭാവമായ നന്മയേയാണ്. അപ്പോള്‍, ഒന്നാമത്തെ നിര്‍വചനത്തിന്‍റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് രണ്ടാമത്തെ നിര്‍വചനമാണ്.

2) ഗുഹയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനോ, വൈറസ് ഒഴിപ്പിക്കുവാനോ ഒക്കെ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ഒരാള്‍, ഇത്തരം ദുരന്തങ്ങളെ തിന്മയായി കാണുന്നതുകൊണ്ടാണ് അവയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നത്. തന്‍റെ പ്രിയതമന് നിപ്പ വൈറസ് ബാധിച്ചത് തിന്മയല്ല എന്ന് വിശ്വസിക്കുന്ന സ്ത്രീ, പ്രിയതമന്‍ രക്ഷപ്പെടാന്‍ വേണ്ടി എന്തിനു പ്രാര്‍ത്ഥിക്കണം? അപ്പോള്‍, ദുരന്തങ്ങളില്‍ നിന്ന് രക്ഷ നേടുന്നത് നന്മയായി കാണുന്ന ഒരു വിശ്വാസിക്ക്, ദുരന്തങ്ങളെ തിന്മയായിട്ട് അംഗീകരിക്കേണ്ടിവരും. ദുരന്തങ്ങളെ തിന്മയായി കാണുന്നതാണ് ചരിത്രാതീതകാലം മുതലേ മനുഷ്യന്‍റെ പ്രകൃതവും.

3) സര്‍വ്വശക്തനും സര്‍വ്വനന്മയുമായ ദൈവത്തില്‍ വിശ്വസ്സിക്കുന്ന ഒരാള്‍ക്ക്, ഈ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ ദൈവത്തിന്‍റെ നിയന്ത്രണത്തിനപ്പുറമായി സങ്കല്‍പ്പിക്കാന്‍ ആവില്ല. അത് യുക്തിവൈരുദ്ധ്യമായി മാറുന്നു. ദൈവത്തിന് ഈ പ്രപഞ്ചത്തിനു മേല്‍ നിയന്ത്രണമുണ്ടെങ്കില്‍, ഈ പ്രപഞ്ചത്തിലെ ദൈവസ്വഭാവത്തിന് വിരുദ്ധമായി സംഭവിക്കുന്നതെന്തും തിന്‍മയായി കണക്കാക്കേണ്ടി വരും. അതായത്, ദൈവത്തെ സംബന്ധിച്ചിടത്തോളം, നന്മയോ തിന്മയോ അല്ലാത്തതായ (ethically neutral) ഒന്നും പ്രപഞ്ചത്തില്‍ ഇല്ല. ഒന്നുകില്‍, പ്രപഞ്ചത്തിനുവേണ്ടി ഈശ്വരന്‍ കല്‍പ്പിച്ചിട്ടുള്ള ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രതിഭാസങ്ങള്‍, അല്ലെങ്കില്‍ അതിനെതിരായി നീങ്ങുന്ന പ്രവൃത്തികള്‍.

4) ആദ്യത്തെ നിര്‍വചനം കേവലം മനുഷ്യനെ അടിസ്ഥാനമാക്കി മാത്രം രൂപീകരിച്ചതാണ്. പക്ഷേ, തിന്മയുടെ പ്രശ്നം ദൈവ വിശ്വാസത്തിന് വിരുദ്ധമായി ചിലര്‍ അവതരിപ്പിക്കുന്നതിന്‍റെ കാരണം, ദൈവാസ്ഥിത്വവും തിന്മയും ഒരുമിച്ച് നിലനില്‍ക്കില്ല എന്ന കാഴ്ചപ്പാട് മൂലമാണ്. അപ്പോള്‍, തിന്മയെ ദൈവത്തിന്‍റെ സ്വഭാവത്തിലൂടെ കാണുക എന്നത് അനിവാര്യമാണ്.

തിന്മയുടെ രണ്ടു തലങ്ങള്‍
ദൈവസ്വഭാവത്തിന്‍റെ സവിശേഷതകളില്‍ നിന്ന് നോക്കിയാല്‍ പ്രധാനമായും രണ്ടു തലങ്ങളിലുള്ള തിന്മകളാണ് മനുഷ്യന്‍ അനുഭവിക്കുന്നത്.

1) ധാര്‍മിക തലം: മനുഷ്യന്‍ ദൈവത്തെ സര്‍വ്വനന്മയായി കണക്കാക്കുന്നു. ഈ നന്മയ്ക്ക് വിരുദ്ധമായി സ്നേഹം, സാഹോദര്യം, സമാധാനം മുതലായവയ്ക്ക് വിരുദ്ധമായി ലോകത്തില്‍ കാണപ്പെടുന്ന തിന്മകള്‍ ദൈവസ്വഭാവത്തിന് വിരുദ്ധമാണെന്ന് ഒരു വിശ്വാസിക്ക് അംഗീകരിക്കേണ്ടിവരും. ഇത്തരം തിന്മകളെ ധാര്‍മിക തിന്മകള്‍ എന്നു പറയാം.

2) പ്രാകൃതിക തലം: മനുഷ്യന്‍ ദൈവത്തെ സര്‍വ്വശക്തനായി കണക്കാക്കുന്നു. ദൈവനന്മയ്ക്ക് വിരുദ്ധമായി ലോകത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍, അതിനെ തടയാന്‍ ദൈവത്തിന് ശക്തിയുണ്ടെന്നുള്ള ഒരു അനുമാനം സ്വാഭാവികമാണ്. യുക്തിസഹവുമാണ്. പ്രകൃതിയുടെ അടിസ്ഥാന പ്രക്രിയകള്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെങ്കില്‍, ഈ അടിസ്ഥാന പ്രക്രിയകളിലും ദൈവത്തിന്‍റെ നന്മയും കരുണയും ഉണ്ടായിരിക്കണം. പക്ഷേ, പ്രത്യക്ഷത്തില്‍, പ്രാകൃതികശക്തികളും പ്രക്രിയകളും ഉളവാക്കുന്ന ചില പരിണിതഫലങ്ങള്‍ മനുഷ്യന് തിന്മയായിട്ടാണ് അനുഭവപ്പെടുന്നത്. രോഗങ്ങള്‍, പ്രകൃതീക്ഷോഭങ്ങള്‍ വഴിയുള്ള നാശങ്ങള്‍, അംഗവൈകല്യമുള്ള ജനനങ്ങള്‍, മരണം എന്നിവയൊക്കെ ഉദാഹരണങ്ങള്‍. ഇങ്ങനെ, പ്രകൃതിയിലെ പ്രക്രിയകളുടെ സവിശേഷതകളും അപൂര്‍ണ്ണതയും തിന്മയിലേക്ക് നയിക്കുന്നതിനെ തിന്മയുടെ പ്രാകൃതികതലം എന്നു വിളിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org