യാചനാപ്രാർത്ഥനകളും ഫലപ്രാപ്തിയും

വിശദീകരണം തേടുന്ന വിശ്വാസം -31

ബിനു തോമസ്, കിഴക്കമ്പലം

പ്രാര്‍ത്ഥനയെ ചുറ്റിപ്പറ്റി ഉടലെടുക്കുന്ന ചോദ്യങ്ങളെപ്പറ്റിയാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ദൈവം ആരാധനയ്ക്ക് അര്‍ഹനാണെന്നും, ആരാധന ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അനിവാര്യതയാണെന്നും, മനുഷ്യന്‍റെ സാമൂഹികമാനത്തിന്‍റെ അനിവാര്യതയാണ് പരസ്യാരാധനയെന്നും നാം കണ്ടുകഴിഞ്ഞു.

ഇനി ഉടലെടുക്കാവുന്ന ചോദ്യം ഇതാണ്: ദൈവത്തെ ആരാധിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, ഒരു പ്രത്യേക കാര്യസാദ്ധ്യത്തിനു വേണ്ടി എന്തിനു പ്രാര്‍ത്ഥിക്കണം? വിരുദ്ധമായ കാര്യങ്ങള്‍ ആവശ്യപ്പെടുന്നവരില്‍ ആരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും? പ്രാര്‍ത്ഥന കൊണ്ട് ദൈവത്തിന്‍റെ മനസ്സ് മാറുമോ? മാറുമെങ്കില്‍, എന്തുകൊണ്ട് എല്ലാ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കുന്നില്ല?

ചുരുക്കത്തില്‍, ആരാധന- സ്തുതി-നന്ദി സൂചകമായ പ്രാര്‍ത്ഥനകള്‍ക്ക് അപ്പുറത്തുള്ള പല വിധത്തിലുള്ള യാചനാപ്രാര്‍ത്ഥനകളുടെ സാംഗത്യവും ഫലവുമാണ് ഈ ചോദ്യത്തിലൂടെ വെല്ലു വിളിക്കപ്പെടുന്നത്.

നിഗൂഢമായ ദൈവാസ്ഥിത്വം
ഈ ചോദ്യങ്ങള്‍ക്ക് പൊതുവായി ഒരു ഉത്തരമേ കൊടുക്കാന്‍ സാധിക്കൂ ദൈവാശ്രയബോധം. സ്രഷ്ടാവിലുള്ള ആശ്രയബോധത്തില്‍ നിന്നുമാണ് യാചനാപ്രാര്‍ത്ഥനകള്‍ ഉറവെടുക്കുന്നത്. പക്ഷേ, ദൈവമെന്ന വ്യക്തിത്വം നിഗൂഢമായതിനാലും, മനുഷ്യന്‍റെ ബുദ്ധിക്കും പദ്ധതികള്‍ക്കും അതീതനാകയാലും, ഈ ആശ്രയ ബോധത്തിന്‍റെ ഫലസത്തയും നിഗൂഢമാണെന്ന് സമ്മതിക്കാതിരിക്കാന്‍ ഒരു വിശ്വാസിക്ക് സാധിക്കില്ല. ഈ നിഗൂഢതയും അതില്‍നിന്ന് ഉളവാകുന്ന അജ്ഞതയും ഒരു ബലഹീനതയായി കാണാന്‍ സാധിക്കില്ല. കാരണം, ദൈവത്തിന്‍റെ സ്വഭാവം (Nature) തന്നെ ഈ നിഗൂഢത അനിവാര്യമാക്കി മാറ്റുന്നു. പക്ഷെ, നിഗൂഢമായത് യുക്തിരഹിതമാണ് എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് തെറ്റാണ്. അടിസ്ഥാനമുള്ള ആശ്രയബോധം യുക്തിസഹം തന്നെയാണ് – അതിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിലും.

യാചനകള്‍ ദൈവാശ്രയ ബോധത്തിന്‍റെ തുടര്‍ച്ച
ഇത് മനസ്സിലാകാന്‍ ഒരു ഉദാഹരണം സഹായിക്കും. മുന്‍പിലെ അധ്യായത്തില്‍ സൂചിപ്പിച്ച, ദൈവ-മനുഷ്യബന്ധത്തിനെ അവതരിപ്പിക്കുന്ന ഒരു മാതൃകയായ പിതൃ-പുത്ര ബന്ധം തന്നെ എടുക്കാം. ഒരു കുട്ടി ഒരു കടയില്‍ ചെന്ന് ചോക്കളേറ്റ് വേണമെന്ന് പിതാവിനോട് അഭ്യര്‍ത്ഥിക്കുകയാണ്. അവന്‍ അത് ചോദിക്കുന്നത് അവന്‍റെ ആശ്രയബോധം കൊണ്ടാണ്. അവന് ചില കാര്യങ്ങള്‍ അറിയാം ഒന്ന്, അവന്‍റെ പിതാവിന് അവനോട് സ്നേഹമുണ്ട്. രണ്ട്, ചോക്കളേറ്റ് വാങ്ങിച്ചുകൊടുക്കാന്‍ പിതാവിന്‍റെ കൈവശം പണമുണ്ട്. മൂന്ന്, ചോദിക്കുന്നത് നല്ലതെങ്കില്‍ അത് തരുന്നത് പിതാവാണ്. ഇത്തരമൊരു ആശ്രയബോധമാണ് ചോക്കളേറ്റിനു വേണ്ടിയുള്ള യാചനയില്‍ അടങ്ങിയിരിക്കുന്നത്. പക്ഷേ, ആ ആശ്രയബോധം തകര്‍ത്തുകൊണ്ട് പിതാവ് ചോക്കളേറ്റ് വാങ്ങിയില്ല എന്നു കരുതുക. അതിന് പിതാവിന്‍റേതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം. ഒരു പക്ഷേ, എക്സ്പയറി ഡേറ്റ് കഴിഞ്ഞിരിക്കാം. അല്ലെങ്കില്‍, അടുത്ത ദിവസം മറ്റെന്തെങ്കിലും സമ്മാനം മകനു വാങ്ങിക്കാന്‍ ഉദ്ദേശിച്ചിരിക്കാം. എന്തു കാരണമാണെങ്കിലും, ഫലപ്രാപ്തി ഉണ്ടായില്ല എന്നതുകൊണ്ട്, ആശ്രയബോധവും അതില്‍നിന്ന് ഉയരുന്ന യാചനയും യുക്തിരഹിതമാണ് എന്നു പറയാന്‍ പറ്റില്ല. അത് തികച്ചും യുക്തിസഹമാണ്.

ഇതുപോലെ, ദൈവാശ്രയ ബോധം ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം എന്നും കൂടെയുള്ള, കൂടെയുണ്ടാകേണ്ട ഒന്നാണ്. അത്തരം ആശ്രയബോധം യാചനകളിലേക്ക് നയിക്കുന്നു. ഫലപ്രാപ്തി നിഗൂഢമായിരിക്കെത്തന്നെ, ആശ്രയബോധത്തില്‍ നിന്നുള്ള യാചനകള്‍ സ്വാഭാവികമായ ഒരു ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ലക്ഷണമാണ്.

യാചനകള്‍ ഇല്ലാത്ത ദൈവബന്ധം അനാരോഗ്യകരം
ഇനി, നേരെ തിരിച്ച്, പിതാവിനോട് യാതൊന്നും യാചിക്കുന്നില്ലാത്ത ഒരു മകനെ സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന്, വളര്‍ന്ന് പ്രായമായി സ്വന്തം ജോലിയും വീടും സമ്പത്തുമൊക്കെ ഉള്ള ഒരു മകന്‍. അത്തരമൊരു വ്യക്തി പിതാവിനോട് യാചിക്കുന്നില്ല. അതിനു കാരണം, പിതാവിനോടുള്ള അവന്‍റെ ആശ്രയബോധം ഇല്ലാതായി എന്നതുകൊണ്ടാണ്. അതായത്, പിതാവിനോളം വളര്‍ന്നു, പിതാവില്‍നിന്ന് ഒന്നും ലഭിക്കാനില്ല എന്ന മനോനില കൈവരിച്ചതു കൊണ്ട്. പക്ഷേ, ദൈവ-മനുഷ്യ ബന്ധത്തില്‍ അത്തരമൊരു നില കൈവരിക്കാന്‍ മനുഷ്യനു സാധ്യമല്ല എന്നത് ഒരു വസ്തുതയാണല്ലോ. അപ്പോള്‍, യാചനാപ്രാര്‍ത്ഥനകള്‍ ഇല്ലാത്ത ഒരു ദൈവ-മനുഷ്യബന്ധം സൂചിപ്പിക്കുന്നത് ആശ്രയബോധം ഇല്ലാത്ത ഒരു മനുഷ്യനേയാണ്. ആശ്രയബോധം ഇല്ലാത്ത ഒരു ദൈവ-മനുഷ്യ ബന്ധം അസ്വാഭാവികവുമാണ്.

ഒരു വിശ്വാസി, ജീവിക്കുന്ന ദൈവത്തെയാണ് വിളിക്കുന്നത്. പ്രപഞ്ചനിയന്താതാവ് എന്ന് അവന്‍ വിശ്വസിക്കുന്നയാളെ. അതേ സമയം, ആ ദൈവത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ അവന് അജ്ഞാതവുമാണ്. അതുകൊണ്ട്, താന്‍ ചോദിക്കുന്നത് പ്രീതികരമാണ് എന്ന പ്രതീക്ഷയോടും, എന്നാല്‍ താന്‍ ചോദിക്കുന്നത് ദൈവപരിപാലനയ്ക്ക് ചേര്‍ന്നതാണോ എന്നറിയില്ല എന്ന എളിമയോടും കൂടിയാണ് അവന്‍റെ അഭ്യര്‍ത്ഥന.

നിങ്ങള്‍ക്ക് അറിയാവുന്ന ഒരു കുട്ടി, അവന് ഇഷ്ടമുള്ള കാര്യങ്ങള്‍ അവന്‍റെ മാതാപിതാക്കന്മാരോട് ചോദിക്കാതിരിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. തീര്‍ച്ചയായും അനാരോഗ്യകരമായ ഒരു ബന്ധമാണ് അവര്‍ തമ്മിലുള്ളത് എന്നു തിരിച്ചറിയാനും, ഒരു മനഃശാസ്ത്രകൗണ്‍സിലിംഗിന് അവരെ ഉപദേശിക്കാനും നിങ്ങള്‍ തയ്യാറാകില്ലേ? അപ്പോള്‍, ദൈവത്തില്‍ വിശ്വസിക്കുകയും, അതേ സമയം ഏതെങ്കിലും രീതിയില്‍ യാചനകള്‍ അര്‍പ്പിക്കാതെയും ഇരിക്കുന്ന ഒരു വിശ്വാസി യുക്തിസഹമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയാന്‍ കഴിയുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org