ആദികാരണത്തിന്‍റെ സ്വഭാവം-2

വിശദീകരണം തേടുന്ന വിശ്വാസം -24

ബിനു തോമസ്, കിഴക്കമ്പലം

ആദികാരണത്തിന്‍റെ സ്വഭാവത്തെപ്പറ്റിയുള്ള യുക്തിപരമായ അനുമാനങ്ങളാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആദികാരണത്തിന്‍റെ അതിഭൗതികതയും, അനാദിത്വവും അനന്തതയും നാം കണ്ടുകഴിഞ്ഞു.

അതിശക്തനും ജ്ഞാനിയുമായ ആദികാരണം
പ്രപഞ്ചത്തെ സങ്കല്‍പ്പിച്ചു സൃഷ്ടിക്കുക എന്നത് നിസാരമായ ഒരു കാര്യമല്ല. അതുകൊണ്ട്, സര്‍വാതിശായിയായ ഒരു ജ്ഞാനം ഈ ആദികാരണത്തിനുണ്ട് എന്നത് യുക്തിപരമായി ഊഹിച്ചെടുക്കാവുന്ന ഒരു കാര്യമാണ്. അതു പോലെ, പ്രപഞ്ചത്തെ സൃഷ്ടിച്ച ആദികാരണത്തിന് പ്രപഞ്ചത്തെ അതിശയിക്കുന്ന അധികാരവും ഉണ്ടെന്ന് ഊഹിക്കാം.

പക്ഷേ, അതിഭൗതികതയും അനാദിത്വവും പോലെ, നിശ്ചിതമായി അനുമാനിക്കാവുന്ന സവിശേഷതകള്‍ അല്ല ഈ ശക്തിയും ജ്ഞാനവും എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ. ഉദാഹരണത്തിന്, ഒരു സൂപ്പര്‍കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച മനുഷ്യന്, ആ സൂപ്പര്‍കമ്പ്യൂട്ടര്‍ ചെയ്യുന്ന എല്ലാം അറിയാന്‍ സാധിക്കുമോ എന്നു ചോദിച്ചാല്‍, ചിലപ്പോള്‍ സാധ്യമല്ല എന്നു പറയേണ്ടിവരും. പക്ഷേ, ആ സൂപ്പര്‍കമ്പ്യൂട്ടര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഒരു ലോഗ്- ബുക്കില്‍ രേഖപ്പെടുത്തുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടെയാണ് നിര്‍മ്മിച്ചതെങ്കില്‍, അതിനെക്കുറിച്ച് എല്ലാം അറിയാന്‍ സാധിക്കും എന്നു പറയാം. അതുപോലെ, ഒരു കലാസൃഷ്ടിയെപ്പറ്റി കലാകാരനുള്ള സങ്കല്‍പ്പത്തെ അതിശയിക്കുന്ന രീതിയില്‍ കലാസൃഷ്ടിയുടെ സംവേദനവും സാധ്യമാണല്ലോ.

ശക്തിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തന്നേക്കാള്‍ ശക്തമായ യന്ത്രങ്ങള്‍ ഉണ്ടാക്കാന്‍ ഒരു മനുഷ്യനു കഴിയുമല്ലോ. പക്ഷേ, സാധാരണഗതിയില്‍, തനിക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒന്നും മനുഷ്യന്‍ ഉണ്ടാക്കാറുമില്ല.

അപ്പോള്‍, എപ്രകാരമാണ് സൃഷ്ടി നടന്നിരിക്കുന്നത് എന്നതനുസരിച്ചാണ് ആദികാരണത്തിന്‍റെ ജ്ഞാനവും ശക്തിയും എന്നു പറയേണ്ടിവരും. പക്ഷേ, പൊതുവായി സ്വന്തം സൃഷ്ടിയെപ്പറ്റി ഒരു ആധികാരികമായ ജ്ഞാനവും, അതിനെ നിയന്ത്രിക്കുന്ന ശക്തിയും സൃഷ്ടാവിന് ഉണ്ടെന്ന പൊതു തത്ത്വം മുന്‍നിര്‍ത്തി, ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനും ഈ പ്രപഞ്ചത്തെ അതിശയിക്കുന്ന ഒരു ജ്ഞാനവും ശക്തിയും ഉണ്ടാകാനുള്ള സാധ്യതയാണ് കൂടുതല്‍ എന്നു പറയുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. മാത്രവുമല്ല, സൃഷ്ടിയുടെ നിലനില്‍പ്പിന്‍റെ അനിവാര്യമായ ഹേതുവായി ഈ ആദികാരണത്തെ അംഗീകരിക്കുമ്പോള്‍, ഈ സര്‍വ്വാതിശായിയായ ജ്ഞാനവും ശക്തിയും ഉറപ്പിക്കുവാനും കഴിയും.

ഏകമായ ആദികാരണം
"ആദികാരണം" അനേകം കാരണങ്ങള്‍ ആയിക്കൂടേ? അല്ല, ആദികാരണം ഏകമാണ് എന്നു യുക്തിപരമായി പ്രത്യക്ഷത്തില്‍ അനുമാനിക്കുവാന്‍ സാധ്യമല്ല. പക്ഷേ, ഇവിടെ യുക്തിചിന്തയിലെ ഒരു സുപ്രധാന തത്ത്വം നമുക്ക് കണക്കിലെടുക്കേണ്ടി വരും.

ഒക്കാംസ് റേസര്‍ (Occam's Razor): മദ്ധ്യകാലയുഗത്തിലെ തത്ത്വചിന്തകനായിരുന്ന വില്യം ഒക്കാം ആണ് യുക്തിചിന്തയിലെ ഈ തത്ത്വം അവതരിപ്പിച്ചത്. ഒരു കാര്യം വിശദീകരിക്കുന്ന കാരണങ്ങള്‍ അനാവശ്യമായി കൂട്ടാന്‍ പാടില്ല എന്നതാണ് ഈ തത്ത്വം. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ദാഹിക്കുന്നു എന്നു കരുതുക. ശരീരത്തിലെ ജലാംശം കുറഞ്ഞു എന്നത് ഈ പ്രതിഭാസം വിശദീകരിക്കാന്‍ മതിയായ കാരണമാണ്. അപ്പോള്‍, നിങ്ങളുടെ വയറ്റില്‍ വെള്ളം ആഗിരണം ചെയ്യുന്ന ഒരു സ്പോഞ്ച് ഉണ്ടെന്ന് കരുതേണ്ട ആവശ്യമില്ല. അത്, അനാവശ്യമായ ഒരു വിശദീകരണമാണ്. അഥവാ, വയറ്റില്‍ ഒരു സ്പോഞ്ച് ഉണ്ടെങ്കിലും, അതുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. അപ്പോള്‍, ജലാംശം കുറയുന്നു എന്ന കാരണത്തില്‍, മറ്റ് എല്ലാ കാരണങ്ങളും അടങ്ങിയിരിക്കുന്നു. അതുപോലെ, ആദികാരണമായി ഏകമായ ഒരു യാഥാര്‍ത്ഥ്യത്തെ മാത്രമേ അനുമാനിക്കേണ്ട ആവശ്യമുള്ളൂ. നിലനില്‍പ്പ്, ആരംഭം എന്നീ പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ ഏകമായ ഒരു കാരണം ധാരാളം മതി. ഈ ഏകമായ കാരണത്തില്‍, മറ്റെല്ലാ കാരണങ്ങളും അവ ഉണ്ടെങ്കില്‍ കൂടി അടങ്ങിയിരിക്കുന്നു.

വ്യക്തിയായ ആദികാരണം
പെട്ടെന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്ന ഒരു സവിശേഷതയാണിത്. ഭൗതികപ്രപഞ്ചത്തിന്‍റെ ആദികാരണമായി ഒരു "വ്യക്തി"യെ പ്രതിഷ്ഠിക്കാന്‍ യുക്തിപരമായി എങ്ങനെ സാധിക്കും?

ആദ്യമായി "വ്യക്തി" (Person) എന്ന വാക്കിന് ഒരു വിശദീകരണം ആവശ്യമുണ്ട്. മനുഷ്യവ്യക്തി എന്ന രീതിയിലല്ല "വ്യക്തി" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഈ നീണ്ട പ്രാപഞ്ചികകാലഘട്ട ത്തിലെ ഒരു ചെറിയ സമയത്തു മാത്രം പ്രത്യക്ഷപ്പെട്ട, വളരെ പരിമിതനായ മനുഷ്യന്‍ എന്ന ജീവി വര്‍ഗ്ഗത്തിലെ ഒരു വ്യക്തി ഈ പ്രപഞ്ചത്തിന്‍റെ ആദികാരണം എന്നു പറയുന്നത് വിചിത്രമാണെന്ന് പറയേണ്ടതില്ലല്ലോ. അപ്പോള്‍, "വ്യക്തി" എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഒരു പ്രത്യേകതരം യാഥാര്‍ത്ഥ്യത്തെ ഉദ്ദേശിച്ചാണ്.

"സജീവമായ ബോധമുള്ള ഒരു യാഥാര്‍ത്ഥ്യം" (A Living Conscious Reallity) എന്നാണ് വ്യക്തിക്ക് വിശാലമായി നമുക്ക് അര്‍ത്ഥം കൊടുക്കാവുന്നത്. തന്നെപ്പറ്റിയും തനിക്ക് അപരമായ യാഥാര്‍ത്ഥ്യങ്ങളെയും പറ്റി ബോധം പ്രാപിക്കുവാന്‍ ശേഷിയുള്ള ഒരു യാഥാര്‍ത്ഥ്യമാണ് വ്യക്തി.

എങ്ങനെയാണ് ആദികാരണം ഒരു വ്യക്തിയാണെന്ന് പറയാന്‍ സാധിക്കുന്നത്? അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org