Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> ആദ്ധ്യാത്മികത ഒരു ജൈവയാഥാര്‍ത്ഥ്യം

ആദ്ധ്യാത്മികത ഒരു ജൈവയാഥാര്‍ത്ഥ്യം

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം-6

ബിനു തോമസ്, കിഴക്കമ്പലം

മനുഷ്യനും ആദ്ധ്യാത്മികതയും
വിശ്വാസത്തിന്‍റെ പൊതു ഉറവിടങ്ങള്‍ ഏതൊക്കെയാണെന്ന് നമ്മള്‍ കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടുകഴിഞ്ഞു. ഈ ഓരോ പൊതു ഉറവിടങ്ങളും വിശദമായി കൈകാര്യം ചെയ്യാം.

ആദ്ധ്യാത്മികത എന്ന ഒരാശയത്തില്‍ നിന്നാണ് മതവിശ്വാസങ്ങളുടെ തുടക്കം. പക്ഷേ, മതങ്ങളുടെ നിശിതമായ ചട്ടവട്ടങ്ങള്‍ക്ക് അപ്പുറത്തും അര്‍ത്ഥവ്യാപ്തിയുള്ള ഒരു വാക്കാണ് ആദ്ധ്യാത്മികത. കാരണം, മുഖ്യധാരാമതങ്ങളുടെ ആചാരങ്ങളും പ്രാര്‍ത്ഥനകളുമായി പൊരുത്തപ്പെട്ടു പോകാത്തവര്‍ പലപ്പോഴും പറയുന്ന ഒരു വാദമാണ് ആദ്ധ്യാത്മികരാകാന്‍ മതാചാരങ്ങള്‍ പിന്തുടരേണ്ട ആവശ്യമില്ല എന്ന്. അവര്‍ മതത്തേയും ആദ്ധ്യാത്മികതയേയും വേര്‍തിരിച്ചു കാണുന്നു. “സ്പിരിച്വല്‍” എന്ന പദവും “റിലീജിയസ്” എന്ന പദവും തമ്മില്‍ അര്‍ത്ഥവ്യത്യാസമുണ്ട് എന്ന തത്ത്വത്തിലേക്കാണ്അവര്‍ വിരല്‍ ചൂണ്ടുന്നത്. മതോന്മുഖരായാലും അല്ലെങ്കിലും വലിയൊരു വിഭാഗം ആളുകളും ആദ്ധ്യാത്മികത എന്ന ഒരു സംഗതി അവരുടെ ജീവിതത്തിന്‍റെ ഭാഗമായി അംഗീകരിക്കുന്നവരാണ്.

എന്താണ് ആദ്ധ്യാത്മികത? മനുഷ്യചരിത്രത്തില്‍ എന്നാണ് ആദ്ധ്യാത്മികത എന്ന ആശയം അവനില്‍ സൃഷ്ടിക്കപ്പെട്ടത്? വ്യത്യസ്തമായ അനേകം ഉത്തരങ്ങള്‍ ഉള്ള ഒരു ചോദ്യമാണിത്.

ആദ്ധ്യാത്മികതയുടെ ഒരു മതേതര ഭാഷ്യം
തികച്ചും മതേതരമായ കാഴ്ചപ്പാടില്‍നിന്ന് ചിന്തിച്ചാല്‍, ആദ്ധ്യാത്മികതയെ മനുഷ്യന്‍റെ പരിണാമ ചരിത്രത്തിലെ ഒരു പ്രതിഭാസമായിട്ടാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ശാരീരികമായി ദുര്‍ബലനായിരുന്ന മനുഷ്യന്‍, പരിണാമത്തിന്‍റെ ഏതോ ഒരു ദശയില്‍ പരസ്പര സഹകരണത്തിലൂടെ പ്രകൃതിയുടെ ഭക്ഷ്യശൃംഖലയില്‍ മുകളിലത്തെ തട്ടില്‍ എത്തി. പക്ഷേ, അപ്പോഴും അവന്‍ തന്‍റെ ചുറ്റുമുള്ള പ്രകൃതിശക്തികള്‍ക്ക് അടിമയായാണ് ജീവിച്ചിരുന്നത്. അവന്‍റെ ദൈനംദിനാവശ്യങ്ങള്‍ പോലും, മഴയിലും കാറ്റിലും മണ്ണിലും സമുദ്രത്തിലുമൊക്കെ അടിസ്ഥാനപ്പെട്ടതും, അവയാല്‍ നിയന്ത്രിക്കപ്പെട്ടതുമായിരുന്നു. ആകാശത്ത് കാണുന്ന സൂര്യ -ചന്ദ്ര-നക്ഷത്രാദികള്‍ അവന് അത്ഭുതമായിരുന്നു.

ആദ്ധ്യാത്മികതയുടെ ആദ്യ നാമ്പുകള്‍ മനുഷ്യനില്‍ കാണുന്നത് പരിണാമത്തിന്‍റെ ആ ദശാസന്ധിയിലാണ്. ആദിമമനുഷ്യന്‍റെയോ സാമൂഹികമായ പരസ്പരസഹകരണത്തെ ഉത്തേജിപ്പിക്കാന്‍ പരിണാമം അവനു സമ്മാനിച്ച പ്രതിഭാസം. ആചാരങ്ങളുടേയും മതത്തിന്‍റേയും ആദ്ധ്യാത്മികതയുടേയുമെല്ലാം അടിസ്ഥാനം ഈ അനന്യമായ ദശാസന്ധിയെന്നാണ് മതേതരമായ ഒരു വീക്ഷണം.

ഈ മതേതരവീക്ഷണത്തിലെ രണ്ടുതരം ചിന്താധാരകളെ നാം വേര്‍തിരിച്ചു കാണേണ്ടതുണ്ട്.

ഒന്ന്, ആദ്ധ്യാത്മികത മനുഷ്യന്‍റെ ഒരു സാമൂഹികസങ്കല്‍പ്പം മാത്രമാണെന്ന ചിന്താധാര.

രണ്ട്, ആദ്ധ്യാത്മികത മനുഷ്യന്‍റെ ജൈവസത്തയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നാണെന്നുള്ള ചിന്താധാര.

ആദ്ധ്യാത്മികത ഒരു വെറും സാമൂഹികസൃഷ്ടിയോ?
മനുഷ്യസമൂഹത്തിന്‍റെ വളര്‍ച്ചയില്‍ അധികാരങ്ങളും വ്യവസ്ഥാപിതമായ ചട്ടവട്ടങ്ങളും മനുഷ്യന്‍ ബോധപൂര്‍വ്വം രൂപീകരിച്ചപ്പോള്‍, അവയെ വളര്‍ത്തുവാനും നിലനിര്‍ത്തുവാനും ഉണ്ടാക്കിയ ഒരു സംവിധാനം അതാണ് മതവും അതിനോട് ചേര്‍ന്നുള്ള ആദ്ധ്യാത്മികതയും എന്നതാണ് ഈ കാഴ്ചപ്പാട്. സമൂഹത്തിന്‍റെ നിലനില്‍പ്പിനായി മനുഷ്യന്‍ അവന്‍റെ ബുദ്ധിശക്തികൊണ്ട് മെനഞ്ഞെടുത്ത ഒരു മിത്ത്.

ആധുനിക കാലത്തെ പാശ്ചാത്യനിരീശ്വരവാദത്തിന്‍റെ പിതാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഫൊയര്‍ബാഗ് എന്ന ജര്‍മ്മന്‍ തത്ത്വചിന്തകന്‍ ഈ സങ്കല്‍പ്പത്തെ ജനകീയമാക്കി. സ്വന്തം ഉള്‍മനസ്സിന്‍റെ ആകുലതകളെ ബാഹ്യമായ ഒരു ദൈവസങ്കല്‍പ്പമാക്കി ചിത്രീകരിച്ച ആദിമ മനുഷ്യന്‍റെ ഒരു ചിത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. മരീചിക തേടുന്ന മനുഷ്യന്‍. ഫോയര്‍ബാഗിന്‍റെ വീക്ഷണം പിന്തുടര്‍ന്നവരാണ് കമ്യൂണിസത്തിന്‍റെ തത്ത്വചിന്തകള്‍ക്ക് രൂപംകൊടുത്ത മാര്‍ക്സും എംഗല്‍സും. “മതം മനുഷ്യനെ മയക്കുന്ന കറുപ്പ്” എന്ന് പറഞ്ഞുകൊണ്ട്, മനുഷ്യന്‍റെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് അവനെ ദൂരെയകറ്റുന്ന മയക്കുമരുന്നിന്‍റെ ഒരു മിഥ്യാലോകം പോലെയാണ് മതവും ആദ്ധ്യാത്മികതയും പ്രവര്‍ത്തിക്കുന്നത് എന്ന് മാര്‍ക്സ് അഭിപ്രായപ്പെട്ടു. അവരിലൂടെ ആദ്ധ്യാത്മികത മനുഷ്യന്‍റെ സാമ്പത്തിക-രാഷ്ട്രീയ ചരിത്രവുമായി ബന്ധിക്കപ്പെട്ടു.

പക്ഷേ, ഈ വാദത്തിന്‍റെ മുനയൊടിക്കുന്നതാണ് ആധുനിക നരവംശശാസ്ത്രത്തിന്‍റെയും ന്യൂറോസയന്‍സിന്‍റേയും കണ്ടുപിടുത്തങ്ങള്‍.

ആദ്ധ്യാത്മികത മനുഷ്യന്‍റെ ജൈവസത്തയുടെ ഭാഗം
മനുഷ്യരെ “ഹോമോ സാപിയന്‍സ്” എന്ന സ്പീഷീസ് ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. “ഹോമോ” എന്ന ജനുസ്സിലെ ഒരു സ്പീഷീസ് മാത്രമാണ് ഹോമോ സാപിയന്‍സ്. ഈ “ഹോമോ” ജനുസ്സില്‍പ്പെട്ട “നിയാണ്ടര്‍താല്‍” സ്പീഷീസ്, ആചാരപ്രകാരം തങ്ങളുടെ മരിച്ചവരെ സംസ്കരിച്ചിരുന്നതായി നരവംശശാസ്ത്രത്തിന്‍റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയായിലെ മുംഗോ തടാകത്തില്‍ നിന്നു ലഭിച്ച “മുംഗോ സ്ത്രീ”യുടെ അവശിഷ്ടങ്ങള്‍ “ഹോമോ സാപിയന്‍സ്” നാല്‍പ്പതിനായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചവരെ സംസ്കരിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്‍റെ ഭാഷയും കലയുമെല്ലാം ഉരുത്തിരിയുന്ന കാലം മുതലേ മതപരമായ ചിന്തകള്‍ അവന്‍റെ കൂടെയുണ്ടെന്നാണ് ആധുനികമനുഷ്യചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ഇതില്‍നിന്ന് നാം എന്താണ് മനസ്സിലാക്കുന്നത്? മനുഷ്യരാശി ഒന്നാകെ എന്നും പങ്കുവച്ചുപോന്നിട്ടുള്ള ഒന്നാണ് ആധ്യാത്മികതയുടെ പാരമ്പര്യം. വളരെ പ്രാചീനകാലം മുതലേ, സംഘടിതമതങ്ങള്‍ ആവിര്‍ഭവിക്കുന്നതിനും മുമ്പേ തന്നെ, മനുഷ്യന്‍ ആദ്ധ്യാത്മികനായിരുന്നു എന്ന് നരവംശ ശാസ്ത്രം തെളിയിക്കുന്നു. കാല- ദേശ-ജാതി-കുല വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യര്‍ പങ്കുവച്ചിട്ടുള്ള ഒരു ജൈവചേതനയാണ് ആദ്ധ്യാത്മികത.

ഇതു കൂടാതെ, മനുഷ്യന്‍റെ ആത്മീയഭാവം അവന്‍റെ തലച്ചോറിലെ ന്യൂറല്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി പല ന്യൂറോ സയന്‍റിസ്റ്റുകളുടേയും പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. മനുഷ്യന്‍റെ തലച്ചോറിന്‍റെ പരിണാമത്തിന്‍റെ ഭാഗമായിട്ടുതന്നെയാണ് ആധുനികശാസ്ത്രം ആദ്ധ്യാത്മികതയേയും അവതരിപ്പിക്കുന്നത്.

അതായത്, മനുഷ്യന്‍റെ ജൈവസത്തയില്‍ തന്നെ പതിഞ്ഞിരിക്കുന്ന ഒന്നാണ് ആദ്ധ്യാത്മികത. വിശപ്പും ദാഹവും വേദനയും സുഖവും പോലെ മനുഷ്യന്‍റെ കൂടപ്പിറപ്പായിരിക്കുന്ന ഒരു വാസന. മനുഷ്യന്‍ സ്വന്തം ബുദ്ധിശക്തി കൊണ്ട് മെനഞ്ഞെടുത്ത ഒരു ബോധപൂര്‍വ്വമായ സങ്കല്‍പ്പമാണ് ആത്മീയത എന്ന വാദത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ വളര്‍ച്ചയെത്താത്ത ശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട തത്ത്വശാസ്ത്രങ്ങള്‍ ഇന്നും മുറുകെപ്പിടിക്കുന്നവര്‍ മാത്രമേ ആദ്ധ്യാത്മികത മനുഷ്യന്‍റെ സത്തയുടെ ഭാഗമാണെന്ന സത്യം തള്ളിക്കളയുകയുള്ളൂ.

ആദ്ധ്യാത്മികത മനുഷ്യന്‍റെ ജൈവസത്തയുടെ ഭാഗമാണെന്നുള്ള തിരിച്ചറിവിന് ചില പ്രായോഗികമാനങ്ങളുണ്ട്. അത് അടുത്ത അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യാം.

Leave a Comment

*
*