വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ശാസ്ത്രസമീപനം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-51

ശാസ്ത്രവും മതവിശ്വാസവും തമ്മിലുള്ള ഇടപഴകലുകളില്‍, ചരിത്രപരമായി ഏറ്റവുമധികം പ്രാമുഖ്യമുള്ളത് കത്തോലിക്കാ മതവിശ്വാസത്തിന്‍റെ ഇടപഴലുകള്‍ക്കാണ്. ആധുനികശാസ്ത്രത്തിന്‍റെ ചാലകശക്തികളായി പ്രവര്‍ത്തിച്ച സര്‍വകലാശാലകള്‍ ആരംഭിച്ചതും നടത്തിക്കൊണ്ടിരുന്നതും സഭയാണ്. ഒട്ടനേകം മഹാരഥന്മാരായ ശാസ്ത്രകാരന്മാരും സഭയുടെ ഉത്തമ വിശ്വാസികള്‍ തന്നെയായിരുന്നു. അതോടൊപ്പം ശാസ്ത്രത്തെയും സ്വതന്ത്രചിന്തയെയും ശ്വാസം മുട്ടിച്ചു എന്ന പഴി ഏറ്റവും കേട്ടുകൊണ്ടിരിക്കുന്നതും കത്തോലിക്കാ സഭ തന്നെ. അതുകൊണ്ടു തന്നെ, ചരിത്രത്തിലെ ഈ ഇടപഴലുകള്‍ ഏറ്റവും ഗഹനമായ ഒരു ശാസ്ത്ര സമീപനബോധം കത്തോലിക്കാ സഭയില്‍ രൂപപ്പെടുത്തിയെടുത്തിയിട്ടുണ്ട്. ശാസ്ത്രത്തെ എപ്രകാരമാണ് വിശാസികള്‍ സമീപിക്കേണ്ടത് എന്ന ഉത്തരം തേടി അധികം അലയേണ്ട ആവശ്യമേയില്ല. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലും, മാര്‍പാപ്പമാരുടെ ചാക്രികലേഖനങ്ങളിലും പ്രസ്താവനകളിലും അത് ലഭ്യമാണ്.

1. ആത്മവിശ്വാസം
വിശ്വാസികള്‍ ശാസ്ത്രതത്ത്വങ്ങളെ മടിയോടെ സമീപിക്കുന്നതിന്‍റെ ഏറ്റവും അടിസ്ഥാന കാരണം, ആ തത്ത്വങ്ങള്‍ തങ്ങളുടെ വിശ്വാസത്തെ തെറ്റെന്നു തെളിയിക്കുമോ എന്ന ഭയമാണ്. തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യത്തിലും സത്യത്തിലും ആത്മവിശ്വാസമുള്ള ഒരു വിശ്വാസിക്ക് അത്തരമൊരു സമീപനത്തിന്‍റെ ആവശ്യമില്ല. കാരണം, യാഥാര്‍ത്ഥ്യവും സത്യവും പരസ്പരവിരുദ്ധമാകുന്നില്ല. സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരമാണ് ഈ ആത്മ വിശ്വാസത്തെ അവതരിപ്പിക്കുന്നത്: 'ദൈവത്തെ അറിയാനുള്ള മനുഷ്യബുദ്ധിയുടെ കഴിവ് അംഗീകരിക്കുന്നതോടൊപ്പം മറ്റു മതങ്ങളോടും തത്ത്വചിന്തയോടും ശാസ്ത്രത്തോടും ദൈവത്തെപ്പറ്റി സംവദിക്കാനുള്ള ആത്മവിശ്വാസം സഭ രേഖപ്പെടുത്തുന്നു (ഖണ്ഡിക 31). ഈ ആത്മവിശ്വാസമാണ് ഓരോ വിശ്വാസിയേയും നയിക്കേണ്ടത്. ദൈവത്തെ അറിയാനാണ് ദൈവം മനുഷ്യന് ബുദ്ധിശക്തി നല്കിയതെന്നും, ആ ബുദ്ധിശക്തിയാല്‍ നയിക്കപ്പെടുന്ന ഏത് ചിന്താധാരയുമായും സംവദിക്കാന്‍ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസം. അവയെ കണ്ണടച്ചു തള്ളിക്കളയാനോ, അവയില്‍നിന്ന് ഒളിച്ചോടാനോ ഈ ആത്മവിശ്വാസമുള്ളവര്‍ക്ക് സാധിക്കില്ല.

2. ശാസ്ത്രവും വിശ്വാസവുമായുള്ള പരസ്പരപൂരകത്വം
മതബോധനഗ്രന്ഥം ഖണ്ഡിക 159: 'വിശ്വാസം എന്നത് യുക്തിക്ക് ഉപരിയാണെങ്കിലും ഇവ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകുക സാധ്യമല്ല. കാരണം, വിശ്വാസത്തിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ദൈവം തന്നെയാണ് ബുദ്ധിക്ക് വെളിച്ചവും നല്കിയത്, ദൈവത്തിനും സത്യത്തിനും സ്വയം വിരുദ്ധമാകാന്‍ സാധ്യമല്ല, അതുകൊണ്ട്, തികച്ചും ശാസ്ത്രീയമായും ധാര്‍മികമായും നടക്കുന്ന ഗവേഷണങ്ങള്‍ക്ക് വിശ്വാസവുമായി സംഘര്‍ഷമുണ്ടാകാന്‍ സാധ്യമല്ല.'

വിശ്വാസവും യുക്തിയും തമ്മിലുള്ള ഈ പരസ്പരപൂരകമായ സഹവര്‍ത്തിത്വമാണ് ആധുനികശാസ്ത്രത്തിന്‍റെ തലതൊട്ടപ്പന്മാരായ ശാസ്ത്രജ്ഞരേയും നയിച്ചത് എന്ന യാഥാര്‍ത്ഥ്യം എടുത്തുപറയണം. ജ്യോതി ശാസ്ത്രജ്ഞന്‍ കെപ്ലറും സമകാലീനശാസ്ത്രകാരന്മാരും ദൈവത്തെ അറിയാനുള്ള ഒരു പുസ്തകമായിട്ടാണ് പ്രപഞ്ചത്തെ മനസ്സിലാക്കിയത്. അവരുടെ വീക്ഷണത്തില്‍, ദൈവം മനുഷ്യന് രണ്ടു പുസ്തകങ്ങളാണ് നല്കിയത് ഒന്ന്, പ്രപഞ്ചത്തിന്‍റെ പുസ്തകം, രണ്ട്, വിശുദ്ധഗ്രന്ഥം. ദൈവം തന്നെ എഴുതിയ ഈ രണ്ടു പുസ്തകങ്ങളും വെളിപ്പെടുത്തുന്നത് ഏകദൈവത്തിന്‍റെ സത്യമാണെന്ന് അവര്‍ വിശ്വസിച്ചു. ഇരണേവൂസ്, ക്രിസോസ്തോം മുതലായ ആദ്യകാലസഭാ പിതാക്കന്മാര്‍ തുടങ്ങി, അഗസ്തീനോസ്, തോമസ് അക്വീനാസ് മുതലായ വേദപാരംഗതന്മാര്‍ വരെ പിന്തുടര്‍ന്നിരുന്ന വീക്ഷണമാണിത്. വി. അക്വീനാസ് പറയുന്നു: 'വിശുദ്ധ ലിഖിതങ്ങള്‍ക്ക് രണ്ട് വോള്യം ഉണ്ട്. ഒന്ന്, വിശുദ്ധ ഗ്രന്ഥം, രണ്ട്, സൃഷ്ടപ്രപഞ്ചം.' ഇതേ സമീപനമാണ് കത്തോലിക്കാസഭയും ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത് എന്നത് മുകളിലെ പ്രസ്താവനയില്‍നിന്ന് വ്യക്തമാണ്.

3. ലക്ഷ്യങ്ങളിലുള്ള വ്യത്യാസം
മതബോധനഗ്രന്ഥം 282 മുതല്‍ 286 വരെയുള്ള ഖണ്ഡികകള്‍ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള പ്രധാന വ്യത്യാസത്തിലേക്ക് വെളിച്ചം വീശുന്നു. വ്യത്യസ്ത ലക്ഷ്യങ്ങളിലുള്ള ഊന്നലാണ് നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത്.

1. ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍, ഭൗതിക പ്രപഞ്ചത്തിലെ ദൈവമഹത്ത്വമാണ് നമുക്ക് വെളിപ്പെടുത്തിത്തരുന്നത്. ഓരോ പുതിയ ശാസ്ത്രീയസിദ്ധാന്തവും നമുക്ക് കാണിച്ചുതരുന്നത് പ്രപഞ്ചത്തിലെ പുതിയ പുതിയ നിഗൂഢതകളും അത്ഭുതാവഹമായ പ്രതിഭാസങ്ങളുമാണ്.

2. ഈ അവര്‍ണ്ണനീയമായ പ്രപഞ്ചത്തിന്‍റെ കാരണഭൂതനായ ദൈവത്തിന്‍റെ മഹത്ത്വത്തിലേക്കാണ് നമ്മുടെ കണ്ണുകള്‍ ഉയരേണ്ടത്. അത് സാധ്യമാക്കുന്നതാണ് വിശ്വാസം. ഈ പ്രപഞ്ചത്തിന്‍റെ അര്‍ത്ഥവും അത് തിരയാനായി നാം സൃഷ്ടിക്കപ്പെട്ടതിന്‍റെ രഹസ്യവും, നമ്മുടെ ആരംഭവും അവസാനവുമെല്ലാം തിരയേണ്ടത് ഭൗതികമായ നമ്മുടെ അന്വേഷണങ്ങള്‍ക്കും ഉപരിയായ ഒരു തലത്തിലാണ്. അതാണ് മനുഷ്യന്‍റെ ആദ്ധ്യാത്മികമായ അന്വേഷണം. ആ അന്വേഷണത്തിന്‍റെ ഉത്തരമാണ് ഒരുവന്‍റെ വിശ്വാസം. ക്ഷണികമായ ഈ ഭൗതികതയില്‍നിന്ന് നാം മനസ്സിലാക്കുന്ന കാര്യങ്ങള്‍ക്ക്, അതിനെല്ലാം കാരണഭൂതമായ ഒരു സ്ഥിരതയോട് ബന്ധമുണ്ടെന്നും, നമ്മുടെ ഭൗതികതയുടെ അര്‍ത്ഥം ആ സ്ഥിരതയിലാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു ശക്തിയാണ് വിശ്വാസം.

ചുരുക്കത്തില്‍, ശാസ്ത്രം പ്രപഞ്ചത്തിനുള്ളിലെ ദൈവമഹത്ത്വത്തെ തേടുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസം, ആ മഹത്ത്വവുമായുള്ള നമ്മുടെ ബന്ധവും ആ മഹത്ത്വത്തിലേക്ക് നമ്മെ നയിക്കാനുള്ള മാര്‍ഗവും ആരായുന്നു ചെയ്യുന്നു. ഒന്നിന്‍റെ ലക്ഷ്യം ഭൗതികസത്യങ്ങള്‍. മറ്റൊന്നിന്‍റെ ലക്ഷ്യം രക്ഷ.

4. ശാസ്ത്രം ധാര്‍മികമായി നടക്കേണ്ട ഒന്നാണ്
മതബോധനഗ്രന്ഥം 2292-2294. വളരെ വ്യക്തമായ ഒരു കാര്യമായതിനാല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. മനുഷ്യന്‍റെ ഏത് പ്രയത്നവും ധാര്‍മികതയുടെ കുടക്കീഴിലേ നടക്കാവൂ എന്നത് സംശയമില്ലാത്ത ഒന്നാണല്ലോ. വിസ്താരഭയത്താല്‍ മറ്റു വശങ്ങളിലേക്ക് കടക്കുന്നില്ല. ശരിയായ ദിശയിലുള്ള ഒരു ശാസ്ത്ര ബോധം ലഭിക്കാന്‍ ഈ പ്രാഥമികതത്ത്വങ്ങള്‍ ഒരു വിശ്വാസിയെ സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org