പ്രപഞ്ചത്തിന്‍റെ അനിശ്ചിതത്വം

വിശദീകരണം തേടുന്ന വിശ്വാസം-14

ബിനു തോമസ്, കിഴക്കമ്പലം

പ്രപഞ്ചത്തിന്‍റെ മതിയായ കാരണത്തെ (Principle of sufficient reason) കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തിന്‍റെ രണ്ട് അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്നു തുടങ്ങാം.

പ്രപഞ്ചവും യാഥാര്‍ത്ഥ്യവും
പ്രപഞ്ചത്തിന്‍റെ യാഥാര്‍ഥ്യം നമ്മുടെ ഗ്രഹണത്തിനും അപ്പുറത്താണ് എന്ന രീതിയിലുള്ള ആശയങ്ങളുണ്ട്. അവയെല്ലാം സ്വയം ഖണ്ഡിക്കുന്ന (self-refuting), സ്വയമേവ പരാജയപ്പെടുത്തുന്ന, ചിന്തകളാണ്. ഈ പ്രപഞ്ചത്തിന്‍റെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധ്യമല്ലെന്നുള്ള സത്യം അവര്‍ എങ്ങനെയാണ് അറിഞ്ഞത്? ആ സത്യം യാഥാര്‍ത്ഥ്യമാണോ? സത്യമല്ലെങ്കില്‍, അതിനു ചെവികൊടുക്കേണ്ട ആവശ്യമില്ല. സത്യമാണെങ്കില്‍, ഒരു യാഥാര്‍ത്ഥ്യമെങ്കിലും നമ്മള്‍ കണ്ടുപിടിച്ചിരിക്കുന്നു. അതുകൊണ്ട്, മറ്റു യാഥാര്‍ത്ഥ്യങ്ങളും കണ്ടുപിടിക്കാന്‍ സാധിച്ചേക്കും. അങ്ങനെ, ആ വാദം പരാജയപ്പെടുന്നു. സര്‍വ്വതും മായയും മിഥ്യയുമാണെന്നു പറയുന്നവരും ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും ഉറുമ്പു കടിക്കുമ്പോള്‍ ചൊറിയുകയും ചെയ്യുമല്ലോ. അതുകൊണ്ട്, ഈ പ്രപഞ്ചത്തില്‍ നിന്ന് നമ്മുടെ പഞ്ചേന്ദ്രിയങ്ങളും പരീക്ഷണനിരീക്ഷണങ്ങളും മൂലം അറിയുന്ന സത്യങ്ങള്‍ യാഥാര്‍ത്ഥ്യം തന്നെയാണെന്ന് അംഗീകരിച്ചുകൊണ്ട് നമുക്ക് മുമ്പോട്ട് നീങ്ങാം.

സാധ്യമായ പ്രപഞ്ചങ്ങള്‍
(Possible Worlds)
പ്രപഞ്ചത്തെക്കുറിച്ചുള്ള ആധുനികതത്ത്വചിന്തയിലെ ഒരു ആശയമാണ് സാധ്യമായ പ്രപഞ്ചങ്ങള്‍ (പോസ്സിബിള്‍ വേള്‍ഡ്സ്) എന്താണിത്?
നാം ജീവിക്കുന്ന ഈ പ്രപഞ്ചം മാത്രമേ ഉള്ളോ എന്ന ചോദ്യത്തില്‍ നിന്നാണ് സാധ്യമായ പ്രപഞ്ചങ്ങള്‍ എന്ന ആശയം ഉരുത്തിരിയുന്നത്. നമ്മുടെ പ്രപഞ്ചത്തില്‍നിന്നും വ്യത്യസ്തമായ പ്രപഞ്ചങ്ങള്‍ മറ്റു നിയമങ്ങളും വസ്തുതകളുമൊക്കെയുള്ളവ സങ്കല്‍പ്പിക്കാന്‍ നമുക്ക് സാധിക്കും. അത് സാങ്കല്‍പ്പികം മാത്രമല്ല, ശാസ്ത്രീയമാതൃകകളിലും സാധ്യമാണ്. ഉദാഹരണത്തിന്, നാം ഇപ്പോള്‍ ജീവിക്കുന്ന ഈ പ്രപഞ്ചം ആരംഭിക്കുന്നത് ഏകദേശം 13.7 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച "ബിഗ് ബാംഗ്" എന്ന പ്രതിഭാസത്തില്‍ നിന്നാണ് എന്നാണ് ശാസ്ത്രത്തിന്‍റെ അനുമാനം. (ബിഗ് ബാംഗ് ആവിഷ്കരിച്ച ലെ മായറ്റര്‍ എന്ന കത്തോലിക്കാ പുരോഹിതന്‍റെ പേര് ഈ സിദ്ധാന്തത്തോടൊപ്പം ചേര്‍ത്തത് ഈയിടെയാണ്. ശാസ്ത്രം മതവിശ്വാസത്തിന് എതിരാണ് എന്നൊക്കെ പറയുന്നവര്‍ക്കു മുമ്പിലുള്ള അനേകം ചോദ്യചിഹ്നങ്ങളിലെ ശ്രദ്ധേയമായ ഒരു മുഖം). പ്രപഞ്ചത്തിന്‍റെ ആരംഭമായ ആ അവസ്ഥയ്ക്കും അപ്പുറത്ത് നമുക്ക് അറിയാവുന്ന ശാസ്ത്രനിയമങ്ങള്‍ അപ്രസക്തമാണ്. ആ അവസ്ഥയില്‍നിന്ന് ഒരു പ്രപഞ്ചം ആരംഭിക്കുമ്പോള്‍, വ്യത്യസ്തങ്ങളായിട്ടുള്ള ഭൗതിക- രാസനിയമങ്ങളും ഊര്‍ജ്ജാവസ്ഥകളും നിലനില്‍ക്കുന്ന പ്രപഞ്ചങ്ങള്‍ ഭൗതികമായി സാധ്യമാണ്. അത്തരം പ്രപഞ്ചങ്ങളുടെ സൈദ്ധാന്തികമാതൃകകള്‍ ശാസ്ത്രം വികസിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഈയിടെ അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ അവസാനത്തെ ശാസ്ത്രലേഖനത്തില്‍, ഇത്തരം പ്രപഞ്ചങ്ങളുടെ സൈദ്ധാന്തിക സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ സൈദ്ധാന്തികമായി സാധ്യമായ പ്രപഞ്ചങ്ങളിലെ യഥാര്‍ത്ഥമായ ഒരു പ്രപഞ്ചത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

പ്രപഞ്ചത്തിന്‍റെ അനിശ്ചിതത്വം
(Contingency)
ആധുനികശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍, സര്‍വ്വപ്രപഞ്ചവും സൂക്ഷ്മകണികകളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് (ക്വാര്‍ക്കുകള്‍). ഒരു ചോദ്യം: നമ്മുടെ ഒരു ചെറിയ രോമത്തിലെ കണികകള്‍ ഇല്ലാത്ത ഒരു പ്രപഞ്ചം സാധ്യമാണോ? അങ്ങനെയൊരു ഒരു പ്രപഞ്ചം സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? (ചോദ്യം ശ്രദ്ധിക്കുക. ഒരു രോമം ഇല്ലാത്ത പ്രപഞ്ചം എന്നല്ല, രോമത്തിലെ കണികകള്‍ ഇല്ലാത്ത പ്രപഞ്ചം എന്നാണ് ചോദ്യം).

തീര്‍ച്ചയായും സാധിക്കും. ഈ പ്രപഞ്ചത്തിലെ ക്വാര്‍ക്കുകളുടെ എണ്ണം X ആണെങ്കില്‍, X1 എണ്ണം ക്വാര്‍ക്കുകള്‍ ഉള്ള ഒരു പ്രപഞ്ചം സാധ്യമാണ്. അതുമല്ലെങ്കില്‍, മറ്റൊരു കൂട്ടം ക്വാര്‍ക്കുകള്‍ നിറഞ്ഞ പ്രപഞ്ചം സാധ്യമാണ്. അതായത്, ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു കണിക എടുത്താല്‍, സാധ്യമായ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്ന – എല്ലാ പ്രപഞ്ചങ്ങളിലും അത് ഉണ്ടായിരിക്കണം എന്നു നിര്‍ബന്ധമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ പ്രപഞ്ചത്തിലെ ഒരു കണികയും അനിവാര്യമല്ല (Not Necessary) എന്നു പറയാം. ഈ പ്രതിഭാസത്തിനെയാണ് Contingency (അനിവാര്യതയില്ലായ്മ അല്ലെങ്കില്‍ അനിശ്ചിത്വം) എന്ന വാക്കു കൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മുടെ പ്രപഞ്ചം അനിവാര്യം (Necessary) അല്ല, അനിശ്ചിതം (Contingent) ആണ്.

മുകളില്‍ സൂചിപ്പിച്ച പോസ്സിബിള്‍ വേള്‍ഡ്സ് എന്ന ആശയത്തിലെ സൈദ്ധാന്തിക മാതൃകകളും സൂചിപ്പിക്കുന്നത് ഇതു തന്നെയാണ് – നമ്മുടെ ഈ പ്രപഞ്ചം ഒരു അനിവാര്യമായ പ്രപഞ്ചമല്ല.

പക്ഷേ, ഒരു എതിര്‍വാദം നാം പരിഗണിക്കേണ്ടതാണ്. ദ്രവ്യം അല്ലെങ്കില്‍ ഊര്‍ജ്ജം നശിപ്പിക്കുവാന്‍ സാധ്യമല്ല എന്ന പ്രശസ്തമായ തത്ത്വമുണ്ട്. അതായത്, ഈ പ്രപഞ്ചത്തിലെ ഒരു കണികപോലും നശിപ്പിക്കപ്പെടുന്നില്ല. ഈ പ്രപഞ്ചത്തിലെ എല്ലാ ദ്ര്യവ്യവും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഈ പ്രപഞ്ചത്തില്‍ നിര്‍ബന്ധമായും കാണപ്പെടുന്നു. അപ്പോള്‍, എല്ലാ കണികകളും അനിവാര്യമല്ലേ? അതിനുള്ള ഉത്തരം ഇതാണ്: ഒരു പ്രപഞ്ചത്തില്‍ അനിവാര്യമാണെങ്കിലും, സാധ്യമായ എല്ലാ പ്രപഞ്ചങ്ങളിലും അനിവാര്യമല്ലാത്തതിനാല്‍, അനിവാര്യത എന്ന സവിശേഷത 'പ്രോപ്പര്‍ട്ടി' ഒരു പ്രപഞ്ചത്തിലേയും ഒരു കണികയ്ക്കും ഇല്ല. അതു മാത്രമല്ല, ഒരു ബിഗ് ബാംഗ് സിംഗുലാരിറ്റിയില്‍ ആരംഭിച്ചതെങ്കില്‍, ഒരു കണിക എങ്ങനെ അനിവാര്യമാകും? ആരംഭമുള്ള ഒന്നും അനിവാര്യമല്ല.

ഈ പ്രപഞ്ചം അനിവാര്യമാണ് എന്നു പറയുന്നവര്‍ നാം പ്രപഞ്ചത്തില്‍ നിന്നു തിരിച്ചറിയുന്ന വസ്തുതകള്‍ക്ക് വിരുദ്ധമായാണ്വാദിക്കുന്നത്. നമ്മുടെ മുമ്പില്‍ നടക്കുന്ന എല്ലാ പ്രതിഭാസങ്ങളും വസ്തുക്കളും തികച്ചും യാദൃശ്ചികവും അവയുടെ നിലനില്‍പ്പിന് മറ്റേതെങ്കിലും വസ്തുവിലോ പ്രതിഭാസത്തിലോ ആശ്രയിച്ചുമാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും കണികയോ വസ്തുതയോ നിര്‍ബന്ധമായും നിലനില്‍ക്കേണ്ടതാണ് എന്നു വാദിക്കുവാനുള്ള തെളിവും ആര്‍ക്കും നല്‍കാന്‍ സാധ്യമല്ല.

ചുരുക്കത്തില്‍, രണ്ടു കാര്യങ്ങള്‍ നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒന്ന്, ഈപ്രപഞ്ചം യഥാര്‍ത്ഥമാണ്. രണ്ട്, ഈ പ്രപഞ്ചം അനിവാര്യമല്ല. അനിശ്ചിതമായുള്ള (Contingent) ഒരു യഥാര്‍ത്ഥപ്രപഞ്ചം – ഈ വസ്തുതയില്‍നിന്ന് നമുക്ക് ലഭിക്കാവുന്ന ഒരു വലിയ തിരിച്ചറിവുണ്ട്. അത് അടുത്ത അധ്യായത്തില്‍ കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org