പ്രപഞ്ചത്തിന് വിശദീകരണം സാധ്യമാണോ?

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-15

ബിനു തോമസ്, കിഴക്കമ്പലം

അനിശ്ചിതമായ (Contingent) പ്രപഞ്ചമാണ് നമ്മുടെ പ്രപഞ്ചം എന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ നാം കണ്ടു. ഈ പ്രപഞ്ചം ഉണ്ടായിരിക്കണമെന്ന് ഒരു നിര്‍ബന്ധമില്ല. പക്ഷേ, എന്നിട്ടും ഈ പ്രപഞ്ചം ഉണ്ട്. ഈ വസ്തുത പ്രത്യക്ഷത്തില്‍ ഒരു ലളിതമായ കാര്യമെന്ന് തോന്നാം. പക്ഷേ, ധ്യാനിക്കുന്തോറും, ആശ്ചര്യമേറുന്ന ഒരു വസ്തുതയാണത്.

അനിശ്ചിത പ്രതിഭാസങ്ങളുടെ വിശദീകരണങ്ങള്‍
നാം നമുക്കു ചുറ്റും കാണുന്ന സംഭവങ്ങളും വസ്തുക്കളുമൊക്കെ പ്രപഞ്ചത്തെപ്പോലെ തന്നെ അനിശ്ചിതമാണ്. അവയ്ക്കെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശദീകരണം ഉണ്ട് എന്നത് ഏതുകാര്യത്തിലുമുള്ള നമ്മുടെ അടിസ്ഥാന അനുമാനമാണ്. ശാസ്ത്രവും അന്വേഷണവും പരീക്ഷണവുമൊക്കെ നിലനില്‍ക്കുന്നതുതന്നെ, പ്രതിഭാസങ്ങള്‍ക്ക് വിശദീകരണം ഉണ്ട് എന്ന തത്ത്വത്തിന്‍റെ പുറത്താണ്. ഒരുപക്ഷേ, നമ്മുടെ വിശദീകരണങ്ങള്‍ തെറ്റായിരിക്കാം. അല്ലെങ്കില്‍, ഒരു വിശദീകരണമെങ്കിലും കണ്ടുപിടിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടെന്നു വരാം. പക്ഷേ, വിശദീകരണം ഇല്ല എന്ന് ആരും പറയില്ല.

പക്ഷേ, ഇതില്‍ ഒരു അപവാദം (Exception) ഉണ്ട്. നിര്‍ബന്ധമായും നിലനില്‍ക്കുന്ന ഒരു സംഗതി (a necessary thing) ഉണ്ടെന്നു കരുതുക. അതിന്‍റെ നിലനില്‍പ്പിന് വിശദീകരണം ആവശ്യമില്ല. അനിവാര്യമായ നിലനില്‍പ്പ് അതിന്‍റെ ഒരു ഗുണം പ്രോപ്പര്‍ട്ടി തന്നെയാണ്.

അപ്പോള്‍, സൂക്ഷ്മമായി പറഞ്ഞാല്‍, നാം വിശദീകരണങ്ങള്‍ തേടുന്നത് അനിശ്ചിതപ്രതിഭാസങ്ങളുടെ (Contingent phenomenon) കാര്യത്തിലാണ്.

അനിശ്ചിതപ്രപഞ്ചത്തിന്വിശദീകരണം ആവശ്യമുണ്ടോ?
പ്രപഞ്ചം ഒരു അനിശ്ചിത പ്രതിഭാസമാണെന്നു നാം കണ്ടുകഴിഞ്ഞു. അപ്പോള്‍, പ്രപഞ്ചത്തിന് ഒരു വിശദീകരണം ഉണ്ട് എന്ന് സാമാന്യേന നമുക്ക് പറയാന്‍ സാധിക്കും.

പക്ഷേ, അത്തരമൊരു വിശദീകരണം പ്രപഞ്ചത്തിന് ആവശ്യമില്ല എന്നതാണ് ഭൗതികവാദികള്‍ എടുക്കുന്ന നിലപാട്. അതിനു പറയുന്ന കാരണം ഇങ്ങനെയാണ്. നാം വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഏതു കാര്യത്തിന്‍റെയും കാരണം, കാര്യത്തിനും മുമ്പേ ഉണ്ടായിരിക്കും. കാരണത്തിനുശേഷം കാര്യം എന്ന തത്ത്വമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ഒരു പൂച്ചക്കുട്ടി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ആ പൂച്ചക്കുട്ടിക്കും മുമ്പേ ഉണ്ടായിരുന്ന രണ്ടു പൂച്ചകള്‍ ഇണചേര്‍ന്നു എന്നാണല്ലോ വിശദീകരണം. ഇതേ തത്ത്വം പ്രപഞ്ചത്തിന്‍റെ കാര്യത്തില്‍ ബാധകമാക്കുവാന്‍ ശ്രമിച്ചാല്‍ എന്താണ് സംഭവിക്കുക? ഭൗതികവാദികള്‍ പറയുന്നത്, പ്രപഞ്ചത്തിനും അപ്പുറം ഒന്നും ഇല്ല, അതുകൊണ്ട് പ്രപഞ്ചത്തിന്‍റെ കാര്യത്തില്‍ മാത്രം ഈ വിശദീകരണം ചോദിക്കാന്‍ സാധ്യമല്ല എന്നാണ്.

പ്രത്യക്ഷത്തില്‍ നല്ല ഒരു വാദമായി തോന്നാവുന്ന ഒന്നാണിത്. പക്ഷേ, ഇതില്‍ ഒരു തെറ്റ് പതിയിരിക്കുന്നു. പ്രപഞ്ചത്തിനും അപ്പുറത്ത് ഒന്നും ഇല്ല എന്ന് ഭൗതികവാദികള്‍ പറയുന്നത് അവരുടെ ഒരു ഊഹമാണ്. ഏത് അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്? ഭൗതികവാദം ശരിയാണെങ്കില്‍ മാത്രമാണ് ഈ ഊഹം ശരിയാകുന്നുള്ളൂ. അതായത്, പ്രപഞ്ചത്തിന് വിശദീകരണം ആവശ്യമില്ല എന്നു പറയുന്ന ഒരാള്‍, ഏകപക്ഷീയമായി സ്വന്തം നിലപാട് ശരിയാണെന്നു പ്രഖ്യാപിച്ചിട്ട്, അത് ഒരു വാദത്തിന്‍റെ തെളിവായി എടുക്കുകയാണ്. തത്ത്വചിന്തയില്‍ "ബെഗ്ഗിംഗ് ദ ക്വസ്റ്റ്യന്‍" (begging the question) എന്നാണ് ഇതിനു പറയുന്നത്.

ഇതിന് ഒരു ലളിതമായ ഉദാഹരണം ഇതാ: 1) ഈശോ പറയുന്നത് എല്ലാം സത്യമാണ്. 2) ഈശോ ദൈവമാണെന്നു പ്രഖ്യാപിച്ചു. 3) അതുകൊണ്ട്, ഈശോ ദൈവമാണ്. ഇത് "ബെഗ്ഗിംഗ് ദ ക്വസ്റ്റ്യന്‍" ആണ്. ഈശോ ദൈവമാണെന്ന് ആദ്യം തന്നെ ഊഹിക്കുന്ന ഒരാള്‍ക്കു മാത്രമേ ഈശോ പറയുന്നതെല്ലാം സത്യമാണെന്ന ആദ്യത്തെ പ്രസ്താവന ശരിയാണെന്നു വാദിക്കാന്‍ സാധിക്കൂ. അതായത്, തെളിയിക്കപ്പെടേണ്ടത് ആദ്യമേ തന്നെ സ്വന്തം നിലപാടായിട്ട് ഊഹിക്കുക, എന്നിട്ട് അതൊരു തെളിവായി ചൂണ്ടിക്കാട്ടുക. പ്രപഞ്ചത്തിന് വിശദീകരണം ആവശ്യമില്ല എന്നു പറയുന്ന ഭൗതികവാദിയും ചെയ്യുന്നത് ഇതുതന്നെ. ദൈവമില്ല, ഭൗതികപ്രപഞ്ചം മാത്രമേ ഉള്ളൂ എന്ന് ഊഹിക്കുക. എന്നിട്ട്, അത് തെളിവായി എടുത്ത്, പ്രപഞ്ചത്തിന്‍റെ വിശദീകരണം നിഷേധിക്കുക.

റിച്ചാര്‍ഡ് ടെയ്ലര്‍ എന്ന തത്ത്വചിന്തകന്‍ ഈ നിലപാടിന്‍റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ഒരു ഉദാഹരണം പറയുന്നത് ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങുന്നു. പെട്ടെന്ന് ഒരു പന്ത് ആകാശത്തുനിന്ന് നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഇതിന് ഒരു വിശദീകരണം കണ്ടെത്താന്‍ നോക്കും. ഒരുപക്ഷേ, കുട്ടികള്‍ കളിക്കുമ്പോള്‍ തെറിച്ചുവീണതായിരിക്കും. അല്ലെങ്കില്‍, ഒരാള്‍ എറിഞ്ഞതായിരിക്കും. അങ്ങനെ എന്തെങ്കിലും വിശദീകരണം. ഈ പന്തിനു പകരം ഒരല്‍പ്പം വലിയ പന്ത് കണ്ടാലും ഇതുപോലെ എന്തെങ്കിലും വിശദീകരണം സാധ്യമാണ്. ഇനി, ഒരു ആനയോളം വലിപ്പമുള്ള പന്ത് ആയാലും ഒരു വിശദീകരണം സാധ്യമാണ്. ഇനി, ഈ പന്ത് ഒരു നക്ഷത്രത്തിന്‍റെയോ ഗ്യാലക്സിയുടേയോ വലിപ്പമായാലും വിശദീകരണം സാധ്യമല്ലേ? അപ്പോള്‍, ഈ പ്രപഞ്ചത്തിന്‍റെ വലിപ്പത്തില്‍ ഉള്ള ഒരു പന്ത് ആയാലോ? അതിന് വിശദീകരണം വേണ്ട എന്ന് എങ്ങനെ പറയാന്‍ സാധിക്കും? വിശദീകരണത്തിന് വലിപ്പമോ മറ്റെന്തെങ്കിലും ഗുണമോ തടസ്സമല്ല. അപ്പോള്‍, പ്രപഞ്ചത്തിന് വിശദീകരണം സാധ്യമല്ല എന്ന് പറയാന്‍ പറ്റില്ല.

ചുരുക്കത്തില്‍, എല്ലാ അനിശ്ചിത പ്രതിഭാസത്തിനും വിശദീകരണം ഉണ്ടെന്നും, പ്രപഞ്ചം ഒരു അനിശ്ചിതപ്രതിഭാസമാണെന്നും പ്രപഞ്ചത്തിനും ഒരു വിശദീകരണം സാധ്യമാണെന്നും നമ്മള്‍ കണ്ടുകഴിഞ്ഞു. എന്താണ് ആ വിശദീകരണം? ആ വിശദീകരണത്തെക്കുറിച്ച് നമുക്ക് എന്തൊക്കെ യുക്തിപരമായി അനുമാനിക്കാന്‍ കഴിയും? അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org