കാലഘട്ടത്തിന്‍റെ ആവശ്യം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-2

ബിനു തോമസ്, കിഴക്കമ്പലം

ഇന്നിന്‍റെ യുഗചേതനയും (Zeitgeist) പാരമ്പര്യമതസങ്കല്‍പ്പങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വിവിധതലങ്ങളെ ഒന്നു വിശദമായി പരിശോധിക്കാം.

1. ദൈവാസ്തിത്വത്തിന്‍റെ വിശദീകരണം
ദൈവം ഒന്നൊരാള്‍ ഉണ്ടെന്ന് എങ്ങനെ സമര്‍ത്ഥിക്കാനാകും? വ്യക്തിപരമായ എന്തെങ്കിലും ആന്തരികാനുഭവം – ദര്‍ശനമോ, അത്ഭുതകരമായ സൗഖ്യമോ ഒക്കെ നേടി – ദൈവത്തിന്‍റെ അസ്തിത്വം ബോധ്യമായ ആളുകള്‍ തുലോം കുറവാണ്.

മാത്രവുമല്ല, അത്തരം അവകാശവാദങ്ങളെ ആധുനിക മനശ്ശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങളിലൂടെ വിശദീകരിക്കുവാന്‍ സാധിച്ചെന്നും വരാം. മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തില്‍ അതീന്ദ്രിയമെന്നു കരുതപ്പെടുന്ന കാര്യങ്ങളെ മനശ്ശാസ്ത്രപരമായി വിശദീകരിച്ചത് ഉദാഹരണം. കൂടാതെ, ദൈവത്തിന്‍റെ പേരില്‍ പല മതവിഭാഗങ്ങളിലുമുള്ള അനേകം കള്ളനാണയങ്ങള്‍ അതീന്ദ്രിയാനുഭവങ്ങള്‍ വിറ്റ്, വിശ്വാസത്തിന്‍റെ വിശ്വാസ്യത കെടുത്തുന്നു.

2. മതവിശ്വാസങ്ങളും ആധുനികവിജ്ഞാനവും
ആധുനികശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ പരമ്പരാഗതമായ പല മതസങ്കല്‍പ്പങ്ങള്‍ക്കും ഒരു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഭൂമിയും മനുഷ്യനും കേന്ദ്രീകൃതമായ ഒരു പ്രപഞ്ചവീക്ഷണമല്ല ഇന്ന് ശാസ്ത്രം പ്രദാനം ചെയ്യുന്നത്. പ്രപഞ്ചത്തിന്‍റെ ഉദ്ഭവം മുതല്‍ മനുഷ്യന്‍ എങ്ങനെ രൂപപ്പെട്ടു എന്നുവരെ വിശദീകരിക്കുന്ന ശാസ്ത്രമാതൃകകള്‍ ലഭ്യമാണ്. മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി രൂപീകരിച്ചിട്ടുള്ള ലോക വീക്ഷണങ്ങള്‍ ആധുനികശാസ്ത്രം പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.

വ്യാച്യാര്‍ഥങ്ങളില്‍ നിന്ന് വ്യംഗ്യാര്‍ഥങ്ങളിലേക്ക് പല മതഗ്രന്ഥ ഭാഗങ്ങളും ചുവടുമാറ്റപ്പെടുന്നു. അങ്ങനെ മതഗ്രന്ഥങ്ങളും കെട്ടു കഥകളും തമ്മിലുള്ള വിടവ് നേര്‍ത്തുവരുന്നതായി വിമര്‍ശനാത്മകമായി മതത്തെ സമീപിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നു. മതം എന്നത് കെട്ടുകഥകളുടെ ഒരു വലിയ കൂമ്പാരമാണെന്ന് ചിലരെങ്കിലും ധരിച്ചുപോകുന്നു. മറ്റു ചിലര്‍ വിശ്വാസത്തിനു വേണ്ടി ശാസ്ത്രത്തെ നിഷേധിച്ച് പൊതുസമൂഹത്തിന്‍റെ പാര്‍ശ്വങ്ങളിലേക്ക് പിന്തള്ളപ്പെടുന്നു.

3. മൂല്യങ്ങളുടെ ആപേക്ഷികത എന്ന സങ്കല്‍പ്പം
മൂല്യങ്ങളെക്കുറിച്ച് മതഗ്രന്ഥങ്ങള്‍ നല്‍കുന്ന കാഴ്ച്ചപ്പാടുകള്‍ തകിടം മറിയുന്ന സാംസ്കാരിക പശ്ചാത്തലമാണ് ഇന്നുള്ളത്. മൂല്യങ്ങളും സാംസ്കാരികമുദ്രകളും തമ്മിലുള്ള വ്യതിയാനം നേര്‍ത്തുവരുന്നു. വ്യക്തികേന്ദ്രീകൃത ധാര്‍മികതയിലേക്കും ആപേക്ഷി കമൂല്യങ്ങളിലേക്കുമാണ് ലോക ധാര്‍മികത ഇന്ന് നടക്കുന്നത്.

4. തിന്മ എന്ന പ്രതിഭാസവും സര്‍വ്വനന്മയായ ദൈവവും
ദുഷ്ടന്മാരെ പനപോലെ വളര്‍ത്തുന്ന ദൈവത്തെ മനസ്സിലാക്കാന്‍ മാനുഷികനീതിക്ക് എന്നും ബുദ്ധിമുട്ടായിരുന്നു. മനുഷ്യന്‍റെ ചെയ്തികള്‍ മൂലം സംഭവിക്കുന്ന ധാര്‍മ്മികതിന്മകളെ ഒരു പരിധിവരെയെങ്കിലും മതവിശ്വാസങ്ങളാല്‍ വിശദീകരിക്കാം എന്ന് കരുതാം. പക്ഷേ, ഭൂകമ്പങ്ങള്‍ മൂലമോ സുനാമി മൂലമോ ലക്ഷങ്ങള്‍ കുരുതി ചെയ്യപ്പെടുമ്പോള്‍ ദൈവമെവിടെ എന്ന ചോദ്യം മുഴങ്ങുന്നു.

5. ഒരു ദൈവവും പല വഴികളും
ദൈവം എന്നൊരാള്‍ ഉണ്ടെങ്കില്‍ത്തന്നെ ആ ദൈവത്തിലേക്ക് പല വഴികള്‍ക്ക് സാധ്യതയുണ്ട് എന്ന ബഹുസ്വരമായ സങ്കല്‍പ്പം ആധുനികസമൂഹത്തിന്‍റെ അടിസ്ഥാനപ്രമാണമാണ്. മതനിരപേക്ഷമായ ഇന്നത്തെ ലോകത്തില്‍, ഒരു പ്രത്യേക ദൈവത്തിലൂടെ മാത്രം സത്യം എന്ന ചിന്തയുടെ യുക്തി ശക്തമായി ചോദ്യം ചെയ്യപ്പെടുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ചിന്ത രൂഢമൂലമാകുന്നു.

6. വിശ്വാസികളുടെ വീഴ്ചകള്‍ (Scandals)
സംശയങ്ങളുടെ ചൂടില്‍ വിയര്‍ത്തു നില്‍ക്കുന്ന മനസ്സുകളിലേക്ക് തീക്കട്ട പോലെയായിരിക്കും വിശ്വാസസമൂഹത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ വീഴ്ചകള്‍ കടന്നുവരുന്നത്. അപവാദങ്ങള്‍ ഒരു സമൂഹത്തെ എത്ര മാത്രം തളര്‍ത്തുമെന്ന് തെളിവുകള്‍ നിരത്തേണ്ട ആവശ്യമേയില്ല. ബോധ്യങ്ങള്‍ കുറവുള്ള മനസ്സുകളില്‍ വിശ്വാസത്തിന്‍റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയായി ദുര്‍മാതൃകകള്‍ മാറുന്നു.

സംശയങ്ങള്‍ ദൂരീകരിക്കേണ്ടതിന്‍റെ പ്രസക്തി
ദൈവവിശ്വാസം എന്നത് മനുഷ്യന്‍റെ യുക്തിക്കു നിരക്കുന്നതല്ല എന്നൊരു വീക്ഷണം സര്‍വ്വസാധാരണയാകുന്ന ഒരു കാലഘട്ടമാണിത്. വിശ്വാസം എന്നത് കണ്ണുമടച്ച് വിശ്വസിക്കുന്നതല്ലേ?, യേശു രക്ഷിക്കും എന്ന് ഒരു മുതിര്‍ന്നയാള്‍ പറയുന്നതും സൂപ്പര്‍മാന്‍ രക്ഷിക്കും എന്ന് ഒരു കൊച്ചുകുട്ടി പറയുന്നതും ഒരുപോലെയാണ്. ഇത്തരം ചിന്തകള്‍ സര്‍വ്വസാധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഈ മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞാല്‍, മതവിശ്വാസം എന്നത് ഒരു ക്ലബ്ബ് ജീവിതമായി ചുരുങ്ങുകയായി. ആളുകളുമായി ഇടപഴകാന്‍, സമൂഹത്തില്‍ വിലയുണ്ടാക്കുവാന്‍, മുന്‍ തലമുറക്കാരുടെ ആചാരങ്ങള്‍ തുടരുവാന്‍. ചിലര്‍, ആ ക്ലബ്ബില്‍ മരണം വരെ അംഗത്വം തുടരുന്നു. മറ്റു ചിലര്‍, പാതിവഴി അംഗത്വം ഉപേക്ഷിക്കുന്നു.

മനുഷ്യന്‍റെ സ്വാഭാവിക ബുദ്ധിപ്രകാശത്താല്‍ ദൈവത്തെ അ റിയുവാന്‍ സാധിക്കും എന്നുള്ളത് സഭ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്ന ഒരു കാര്യമാണ് (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, ഖണ്ഢിക 36). അതായത്, വിശ്വാസം എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു പ്രക്രിയയല്ല എന്ന് സാരം. പരമസത്യമായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, നാനാവിധ ശാസ്ത്രങ്ങളുടെയും മനുഷ്യയുക്തിയുടേയും സത്യങ്ങളെ ആ പരമസത്യത്തിന്‍റെ വെളിച്ചത്തില്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. ഏറ്റു പറയുന്ന വിശ്വാസത്തെക്കുറിച്ചുള്ള ബോധ്യം ഓരോ വിശ്വാസിക്കും ഉണ്ടാവണം. അത്, ആധുനികവിജ്ഞാനീയങ്ങള്‍ പകര്‍ന്നുനല്‍കുന്ന സത്യത്തിന്‍റെ പ്രഭയില്‍നിന്ന് ഒളിച്ചോടിക്കൊണ്ടാകരുത്. മറിച്ച്, ആ പ്രഭയുമായി വിശ്വാസത്തിന്‍റെ ജ്വാല ഒന്നിപ്പിച്ചും പൊരുത്തപ്പെടുത്തിയും കൊണ്ടാകണം. ആ തിരിച്ചറിവില്‍ നിന്നുകൊണ്ട്, കത്തോലിക്കാ വിശ്വാസത്തിന്‍റെ യുക്തിപരമായ അടിത്തറ പരിചയപ്പെടുത്തുക എന്നതാണ് ഈ പംക്തിയിലൂടെ ലക്ഷ്യമാക്കുന്നത്.

binu.thomaz@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org