ആദ്ധ്യാത്മികത ജൈവസത്തയുടെ പ്രായോഗികമാനങ്ങള്‍

അധ്യായം-7

ബിനു തോമസ്, കിഴക്കമ്പലം

ആദ്ധ്യാത്മികത മനുഷ്യന്‍റെ ജൈവസത്തയുടെ ഭാഗമാണെന്ന് നമ്മള്‍ കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടുകഴിഞ്ഞു. ഈ അനുമാനത്തിന് ചില പ്രായോഗികമായ മാനങ്ങളുണ്ട്.

ഒന്ന്, അത് മനുഷ്യന്‍റെ നിലനില്‍പ്പിന്‍റെ ഭാഗമാണ്. വിശപ്പോ ദാഹമോ ലൈംഗികത ചോദനയോ ഒക്കെ ഒഴിവാക്കിക്കൊണ്ട് ഒരു മനുഷ്യസമൂഹത്തെ സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. അപ്പോള്‍, ആദ്ധ്യാത്മികതയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മനുഷ്യസമൂഹസങ്കല്‍പ്പവും നില നില്‍ക്കുന്നതല്ല.

രണ്ട്, ആദ്ധ്യാത്മികത എല്ലാ വ്യക്തികളിലും ഉള്ള ഒന്നാണ്. മനുഷ്യന്‍റെ ജൈവസത്തയുടെ ഭാഗമായ ആദ്ധ്യാത്മികത എല്ലാ മനുഷ്യരിലും ഉണ്ട്. ഏതെങ്കിലും മനുഷ്യന് വിശപ്പോ ദാഹമോ ഇല്ലെന്നു സങ്കല്‍പ്പിക്കുക. അത് ആ മനുഷ്യന്‍റെ ശാരീരികമായ ഒരു "ഡിഫക്റ്റ്" ഒരു കുറവ് ആയിട്ടാണ് നാം കണക്കാക്കുന്നത്. അതു പോലെ, ആരെങ്കിലും ആദ്ധ്യാത്മികത ഇല്ല എന്നു പറയുന്നത് ഒന്നുകില്‍ അജ്ഞതയാണ്, ഇല്ലെങ്കില്‍ ഒരു ഡിഫക്ട് ആണ്. പക്ഷേ, ജൈവസത്തയിലെ എല്ലാ ഘടകങ്ങളെപ്പോലെയും ആദ്ധ്യാത്മികതയും ഒരു വ്യക്തിക്ക് നിയന്ത്രിക്കാവുന്നതാണ്, അടിച്ചമര്‍ത്താവുന്നതുമാണ്. ജീവിതകാലം മുഴുവനും ലൈംഗികചോദന അടിച്ചമര്‍ത്തുന്ന അനേകം പേരുണ്ട്.

മൂന്ന്, ആദ്ധ്യാത്മികതയ്ക്ക് ഒരു സാമൂഹികമാനം അനിവാര്യമാണ്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സ്വന്തം സത്തയില്‍ ഉള്ള എന്തിനേയും അവന്‍ സാമൂഹികമായിട്ട് പ്രകടിപ്പിക്കുന്നു. മനുഷ്യന്‍റെ വിശപ്പിന്‍റെയും ദാഹത്തിന്‍റെയും പ്രചോദനമല്ലേ സമൂഹത്തില്‍ കൃഷിയും വ്യാപാരവുമൊക്കെയായി മാറിയത്? സ്നേഹത്തിന്‍റെ ത്വരയല്ലേ ത്യാഗവും സേവനവുമായി സമൂഹത്തില്‍ പരിണമിക്കുന്നത്? ലൈംഗികതയുടെ പ്രകടനമല്ലേ സമൂഹത്തില്‍ പ്രണയവും വിവാഹവുമായി പൂത്തുലയുന്നത്? അതുപോലെ, ആദ്ധ്യാത്മികചോദനയുടെ പ്രകടനമാണ് മതങ്ങള്‍. മനുഷ്യന്‍ തന്‍റെ ഉള്ളിലുള്ള ആദ്ധ്യാത്മികസത്തയെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്നതാണ്, അതിന് ഊടും പാവും നെയ്യുന്നതാണ് മതങ്ങളും മതാചാരങ്ങളും.

നാല്, ആദ്ധ്യാത്മികതയുടെ നിലനില്‍പ്പ് സാമൂഹികമായി അഭിലഷണീയമാണ്. ജൈവികചോദനകളെ ഒരു വ്യക്തി എന്ന നിലയില്‍ അടിച്ചമര്‍ത്താന്‍ സാധിക്കും എന്നു നമ്മള്‍ കണ്ടുകഴിഞ്ഞു. ഒരു വൈദികന്‍ ലൈംഗികചോദനയെ അടിച്ചമര്‍ത്തുന്നതുപോലെ. പക്ഷെ, ജൈവസത്തയുടെ സാമൂഹികമാനം ഉപേക്ഷിക്കുന്നത് ഗണ്യമായ വിപരീതഫലങ്ങള്‍ ഉളവാക്കുന്നു. ഒരു സമൂഹം മുഴുവനും ലൈംഗികചോദനയെ അടിച്ചമര്‍ത്തിയാല്‍? അതിന്‍റെ പ്രത്യാഘാതം ഗുരുതരമാണ്. അതുപോലെതന്നെയാണ് എല്ലാത്തരം ജൈവസത്തയുടെ സാമൂഹികമാനങ്ങളും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൃഷി നശിച്ചാല്‍ വിശപ്പ് എന്ന സത്ത പ്രതിസന്ധിയില്‍ ആകുന്നതുപോലെ, പ്രണയപ്രകടനങ്ങള്‍ നശിച്ചാല്‍ ലൈംഗികത ദിശതെറ്റുന്നതുപോലെ, മതങ്ങളും ആചാരങ്ങളും ഇല്ലാതായാല്‍ ആദ്ധ്യാത്മികതയും അപകടത്തിലാകുന്നു. അതിന്‍റെ വ്യക്തിപരവും സാമൂഹികവുമായ പരിണിതഫലങ്ങള്‍ കൃത്യമായി നിര്‍വചിക്കാന്‍ നമുക്ക് സാധിച്ചെന്നു വരില്ല. പക്ഷേ, സത്തയില്‍ അലിഞ്ഞിരിക്കുന്ന ഒന്നിനെ സാമൂഹികമായി അവഗണിച്ചാല്‍ തിക്തഫലങ്ങള്‍ ഉണ്ടാകും എന്ന് അനുഭവത്തിലൂടെ നമ്മള്‍ മനസ്സിലാക്കുന്ന ഒന്നാണ്.

അഞ്ച്, ആദ്ധ്യാത്മികതയും മതങ്ങളും മനുഷ്യയാഥാര്‍ത്ഥ്യത്തിന്‍റെ ഭാഗമാണ്. മനുഷ്യന്‍റെ ഉള്ളിലെ ആദ്ധ്യാത്മികഭാവം മതത്തിന്‍റെയോ പൗരോഹിത്യസംവിധാനങ്ങളുടെയോ ഒക്കെ ഒരു സാങ്കല്‍പ്പിക സൃഷ്ടിയായി അവതരിപ്പിക്കുന്ന അനേകര്‍ ഉണ്ട്. പക്ഷേ, ഈ വീക്ഷണം യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു കൂട്ടം മനുഷ്യര്‍ സ്വാര്‍ത്ഥലക്ഷ്യത്തിനു വേണ്ടി പടച്ചുണ്ടാക്കിയ ഒരു ഭാവനാരൂപമല്ല ആദ്ധ്യാത്മികത. മറിച്ച്, മനുഷ്യന്‍റെ ഡി.എന്‍.ഏ.യില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒരു ചോദന, മനുഷ്യസംസ്കാരത്തിന്‍റെ വളര്‍ച്ചയില്‍ സ്വയം പ്രകാശിതമായി മാറിയതാണ്. മനുഷ്യന്‍റെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോട് ഇതിനെ ഉപമിക്കാം. ആദിമ മനുഷ്യന്‍ വേട്ടയാടാന്‍ വേണ്ടി കല്ലുകളോ കമ്പുകളോ ഉപയോഗിച്ചു. ഇത്, അവന്‍റെ സത്തയുടെ ഭാഗമായ ബുദ്ധിയുടെ പ്രകാശനമായിരുന്നു. ഇന്ന്, നമ്മള്‍ തോക്കുകള്‍ ഉപയോഗിക്കുന്നു. ഈ വളര്‍ച്ച, ബുദ്ധിയുടെ പ്രകാശനത്തിലെ ഒരു വളര്‍ച്ചയാണ്. ഇതു പൊലെ തന്നെയാണ് മതങ്ങളുടേയും ആചാരങ്ങളുടേയും ആധ്യാത്മികതയുടേയും വളര്‍ച്ച. ഇവയുടെ ഉള്‍പ്രേരകമായ ചോദന അന്നും ഇന്നും നിലനില്‍ക്കുന്നു. ഈ ചോദനയുടെ പ്രകാശനങ്ങള്‍ വളരുന്നു, വിസ്തൃതമാകുന്നു, വ്യത്യസ്തങ്ങളാകുന്നു. അത്രമാത്രം.

ആറ്, ആദ്ധ്യാത്മികതയെ നിരാകരിക്കുന്ന ലോകവീക്ഷണങ്ങള്‍ അശാസ്ത്രീയവും അമാനവികവുമാണ്. മനുഷ്യന്‍റെ ആദ്ധ്യാത്മികഭാവത്തെ സങ്കല്‍പ്പമായി തള്ളിക്കളയുന്ന അനേകം ലോകവീക്ഷണങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ, ആദ്ധ്യാത്മികത മനുഷ്യന്‍റെ ജൈവയാഥാര്‍ത്ഥ്യമാണെങ്കില്‍, അതിനെ തള്ളിക്കളയുകയോ അത് ഇല്ലാത്ത ഒരു മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കുകയോ ചെയ്യുന്ന ലോകവീക്ഷണങ്ങള്‍ അശാസ്ത്രീയമെന്നുതന്നെ പറയേണ്ടിവരും. അശാസ്ത്രീയമെന്നതിനപ്പുറം, അവ മനുഷ്യ സത്തയ്ക്കുമെതിരാണ്, അമാനവികമാണ്.

ഏഴ്, മനുഷ്യന്‍റെ ആദ്ധ്യാത്മികത ജൈവബദ്ധവും ക്ലിപ്തവും അപൂര്‍ണ്ണവുമാണ്. ആദ്ധ്യാത്മികതയെ തള്ളിപ്പറയുന്ന ലോകവീക്ഷണങ്ങള്‍ അശാസ്ത്രീയവും അമാനവികവുമാണെന്നതിന്‍റെ അര്‍ത്ഥം ആദ്ധ്യാത്മികതയുടെ പ്രകാശനങ്ങള്‍ എല്ലാം ശരിയാണെന്നോ പൂര്‍ണ്ണമാണെന്നോ അല്ല. മനുഷ്യന്‍ ജൈവബദ്ധനാണ്. അവന്‍ പരിമിതികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, അവന്‍റെ സത്തയിലുള്ള എല്ലാ യാഥാര്‍ത്ഥ്യങ്ങളും അവയുടെ പ്രകാശനങ്ങളും അതേ പരിമിതികളും കുറവുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിശപ്പിനെ സമ്പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന ആഹാരമില്ല. ലൈംഗികചോദനയെ എന്നേക്കുമായി തൃപ്തിപ്പെടുത്തുന്ന ഇണയുമില്ല. അതുപോലെ, ആദ്ധ്യാത്മികതയെ പൂര്‍ണ്ണമായി ലയിപ്പിക്കുന്ന പ്രകാശനങ്ങളുമില്ല.

ആദ്ധ്യാത്മികത ജൈവസത്തയും ദൈവോന്മുഖതയും
ആദ്ധ്യാത്മികത ജൈവസത്തയുടെ ഭാഗമാണെന്നതിന് പ്രായോഗികമായ മാനങ്ങള്‍ ഉണ്ടെന്നത് അംഗീകരിച്ചാലും, ഒരു വിശ്വാസിയുടെ മുമ്പില്‍ ഒരു വലിയ പ്രശ്നം അവശേഷിക്കുന്നു എങ്ങനെയാണ് ഈ ആദ്ധ്യാത്മികതയെ അഭൗതികമായ ഒന്നുമായി ദൈവസങ്കല്‍പ്പവുമായി കൂട്ടിയോജിപ്പിക്കുക? തികച്ചും മതേതരമായി ആദ്ധ്യാത്മികതയെ വിശദീകരിക്കാന്‍ സാധിക്കുന്നെങ്കില്‍, പിന്നെ ദൈവം എന്നൊരു സങ്കല്‍പ്പത്തിന് എന്താണ് പ്രസക്തി?

അടുത്ത അദ്ധ്യായങ്ങളില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org