Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> ദൈവാസ്തിത്വം-ഒരു അടിസ്ഥാന സങ്കല്പം

ദൈവാസ്തിത്വം-ഒരു അടിസ്ഥാന സങ്കല്പം

ബിനു തോമസ്, കിഴക്കമ്പലം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-45

ഒരു തിരിഞ്ഞു നോട്ടം
ക്രൈസ്തവവിശ്വാസത്തിന്‍റെ ബൗദ്ധിക പശ്ചാത്തലത്തെപ്പറ്റിയുള്ള ഈ പരമ്പര നാല്പത്തി നാല് അദ്ധ്യായങ്ങള്‍ പിന്നിട്ടിരിക്കുമ്പോള്‍, ആദ്യത്തെ അദ്ധ്യായത്തില്‍ നമ്മള്‍ അവതരിപ്പിച്ച വിഷയങ്ങളിലേക്ക് ഒന്ന് പിന്നോട്ടു നോക്കുന്നത് ഉചിതമായിരിക്കും.

ഇന്നിന്‍റെ യുഗചേതനയും (Zeitgeist) പാരമ്പര്യമത സങ്കല്പ്പങ്ങളും തമ്മിലുള്ള സംഘര്‍ഷം പ്രധാനമായും അഞ്ച് മാനങ്ങളിലായി തരംതിരിച്ചാണ് നമ്മുടെ ചര്‍ച്ച ആരംഭിച്ചത്.
1. ദൈവാസ്തിത്വത്തിന്‍റെ വിശദീകരണം
2. തിന്മ എന്ന പ്രതിഭാസവും സര്‍വനന്മയായ ദൈവവും
3. മതവിശ്വാസങ്ങളും ആധുനികവിജ്ഞാനവും
4. മൂല്യങ്ങളുടെ ആപേക്ഷികത എന്ന സങ്കല്പ്പം
5. ഒരു ദൈവവും പല വഴികളും
6. വിശ്വാസികളുടെ വീഴ്ചകള്‍ (Scandals)

ഇവയില്‍, ആദ്യത്തെ രണ്ടു മാനങ്ങളാണ് നാം ഇതുവരെ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഈ രണ്ട് ഭാഗങ്ങളിലുമായി, ദൈവാസ്ഥിത്വത്തെ എപ്രകാരം മനുഷ്യ ന്‍റെ സ്വാഭാവിക ബുദ്ധി പ്രകാശത്താല്‍ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, ഖണ്ഡിക 36) സമര്‍ത്ഥിക്കാമെന്ന് നാം കണ്ടു. അതുപോലെ, ഇപ്രകാരം മനസ്സിലാക്കാവുന്ന ദൈവാസ്തിത്വത്തെ, തിന്മയുടെ നിലനില്‍പ്പെന്ന പ്രഹേളികയുമായി എപ്രകാരം സമരസപ്പെടുത്താമെന്നും നാം മനസ്സിലാക്കി.

വസ്തുതകളും സങ്കല്‍പ്പങ്ങളും നിലപാടുകളും
ഇനിയുള്ള വിഷയങ്ങളിലേക്ക് കടക്കുമ്പോള്‍, ദൈവാസ്തിത്വത്തിന്‍റെ ഈ തിരിച്ചറിവും, അതില്‍ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനവും അനിവാര്യമാണ്. ഒരു വിഷയത്തെ നമുക്ക് പലതരം അടിസ്ഥാനസങ്കല്‍പ്പങ്ങളില്‍ (fundamental notions) അധിഷ്ഠിതമായി സമീപിക്കാന്‍ സാധിക്കും. നാം പുലര്‍ത്തുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക് അനുസരിച്ച് ആ വിഷയത്തെ നാം സമീപിക്കുന്ന വീക്ഷണകോണ്‍ വളരെ വ്യത്യ സ്തമായിരിക്കും. ശരിയായ വീക്ഷണകോണ്‍ ഇല്ലെങ്കില്‍, യാഥാര്‍ത്ഥ്യത്തെ കൃത്യമായി മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടും.

ഒരുദാഹരണം എടുക്കാം. നമ്മുടെ കണ്‍മുന്‍പില്‍ വച്ച് ഒരു അത്ഭുതം നടന്നു എന്ന് കരുതുക. മാനസികപ്രതിഭാസങ്ങളുടെ സ്വാധീനം ഒഴിവാക്കാന്‍, ഒരു യൂക്കറിസ്റ്റിക് മിറാക്കിള്‍ – പരിശുദ്ധ കുര്‍ബാനയുടെ അപ്പം മാംസമായി മാറുന്ന അത്ഭുതം – ക്യാമറയില്‍ ചിത്രീകരിക്കപ്പെട്ടു എന്നു കരുതുക. ആ ക്യാമറാദൃശ്യവും മാംസവും ഫോറന്‍സിക് പരിശോധനകളില്‍ അകൃത്രിമമായി ബോധ്യപ്പെട്ടു എന്നും സങ്കല്‍പ്പിക്കുക. ഇത്തരമൊരു സംഭവം – വസ്തുതകളില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഇല്ലാത്ത ഒരു അതിഭൗതികപ്രതിഭാസം – നടന്നാല്‍ പോലും, ദൈവാസ്തിത്വത്തെപ്പറ്റിയുള്ള അടിസ്ഥാനവീക്ഷണകോണ്‍ അനുസരിച്ച്, ആളുകള്‍ അതിനോട് പ്രതികരിക്കുന്നത് പലതരത്തിലായിരിക്കും. വ്യത്യസ്തമായ ചില പ്രതികരണങ്ങള്‍ ഇതാ:

ഒന്ന്, അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ഒരു കത്തോലിക്കാ വിശ്വാസി – ഇത് ശരിക്കും ഒരു യൂക്കരിസ്റ്റിക് മിറാക്കിള്‍ തന്നെയാണ്.

രണ്ട്, അത്ഭുതങ്ങളെ സംശയിക്കുന്ന ഒരു കത്തോലിക്കാ വിശ്വാസി – ഇതില്‍ എന്തോ ദുരൂഹതയുണ്ട്. നമുക്ക് അറിയാന്‍ പാടില്ലാത്ത എന്തെങ്കിലുമൊക്കെ സംഭവിച്ചിരിക്കാനാണ് സാധ്യത കൂടുതല്‍. അപ്പം മാംസമാക്കിയിട്ട് ദൈവത്തിന് എന്തുകിട്ടാന്‍?

മൂന്ന്, ഒരു ഭൗതികവാദി – ഇതൊന്നും ഒരു അത്ഭുതമായി കണക്കാക്കാന്‍ പറ്റില്ല. ഇനിയും കണ്ടുപിടിക്കാനിരിക്കുന്ന ഏതോ ഭൗതികപ്രതിഭാസമാണിത്.

നാല്, ഒരു സഭാവിരോധി – ഇത് സഭ, ഫോറന്‍സിക് ലബോറട്ടറിക്ക് പണം കൊടുത്ത് അവരെ കീശയിലാക്കി നടത്തുന്ന ഒരു തട്ടിപ്പാണ്.

ഇതുപോലെ, പ്രത്യക്ഷമായ ഒരേ വസ്തുതകളിന്‍മേല്‍ തന്നെ അനേകം വിശദീകരണങ്ങള്‍ മനുഷ്യര്‍ സൃഷ്ടിക്കുന്നു. അതിന്‍റെ കാരണം, അടിസ്ഥാനസങ്കല്‍പ്പങ്ങളിലുള്ള വ്യത്യാസമാണ് – വസ്തുതകളിലുള്ള വ്യത്യാസമല്ല.

ദൈവാസ്തിത്വത്തെ കേവല യുക്തിയില്‍നിന്ന് സമര്‍ത്ഥിച്ചു കഴിഞ്ഞാല്‍, അത് ഒരു അടിസ്ഥാന സങ്കല്പമായി സ്വീകരിക്കുന്നതാണ് ബൗദ്ധികമായ നേര്‍രീതി. അതുകൊണ്ട്, ഇപ്രകാരം ദൈവാസ്തിത്വത്തെ അംഗീകരിക്കുന്ന ഒരു ബൗദ്ധികമനോഭാവവുമായി പിന്നീടുള്ള വിഷയങ്ങളിലേക്ക് കടന്നാല്‍ മാത്രമേ അവയെ കൃത്യമായ ഒരു കോണില്‍നിന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

ഈ തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ നമുക്ക് ഇനിയുള്ള അദ്ധ്യായങ്ങളില്‍, മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. ആദ്യമായി, ആധുനികശാസ്ത്രവിജ്ഞാനവും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തെ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. ശാസ്ത്രവും മതവിശ്വാസവും പൊരുത്തപ്പെടുമോ? അവ വിരുദ്ധധ്രുവങ്ങളിലാണോ? അതോ റെയില്‍പാളങ്ങള്‍ പോലെ സമാന്തരമാണോ അവ? ഈ നൂറ്റാണ്ടിന്‍റെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് നാം വരുന്ന അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

Leave a Comment

*
*