ശാസ്ത്രവും വിശ്വാസവും-ചില പൊതുധാരണകള്‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-46

ചില ട്രോളുകള്‍
മതവിശ്വാസവും ആധുനികവിജ്ഞാനീയവും എന്ന വിഷയത്തെപ്പറ്റിയുള്ള അപഗ്രഥനമാണ് ഇനിയുള്ള അദ്ധ്യായങ്ങളില്‍ നാം കാണാന്‍ പോകുന്നത്. ഈ വിഷയം കേള്‍ക്കുമ്പോള്‍ തന്നെ അനേകം ചോദ്യങ്ങള്‍ ഏവരുടെയും മനസ്സില്‍ ഉയരുന്നു, അതിനുള്ള പലതരം പ്രതികരണങ്ങളും. അതു കൊണ്ടു തന്നെ, പതിയെ, സൂക്ഷ്മതയോടെ മാത്രം, ഈ വിഷയത്തിലേക്ക് കടക്കാം.

ഒരു ഉദാഹരണത്തില്‍ നിന്ന് തുടങ്ങാം. കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞു നിന്ന ഒരു സംഭവമാണ് നിപ്പ വൈറസ് ബാധ. കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് ബാധിച്ചപ്പോഴും, അതിനെ എതിര്‍ത്തു തോല്‍പ്പിച്ചപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ചില ട്രോളുകള്‍ നിറഞ്ഞിരുന്നു. ഏതാണ്ട് അതേ സമയത്തുതന്നെ, തായ്ലാന്‍ഡില്‍ ഒരു ഗുഹയില്‍ കുറെ കുട്ടികള്‍ കുടുങ്ങിയതിന്‍റെ വാര്‍ത്തയും വന്നിരുന്നു. ആ വിഷയത്തിലും ഏറെ രസകരമായ, ചിന്തനീയമായ ചില ട്രോളുകള്‍ വന്നിരുന്നു.

നിപ്പയുടെ കാര്യത്തില്‍ വന്നിരുന്ന പല ട്രോളുകളുടെയും അര്‍ത്ഥം ഇതായിരുന്നു – പ്രാര്‍ത്ഥനകളല്ല, ശാസ്ത്രമാണ് നിപ്പവൈറസിനെ തളച്ചത്. ദൈവം പറഞ്ഞുവിട്ട മഹാമാരിയില്‍നിന്ന് മനുഷ്യനെ രക്ഷിച്ചത് ശാസ്ത്രമാണ്. തായ് ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയതിനു ശേഷം കണ്ട രസകരമായ ഒരു ട്രോള്‍ ഇങ്ങനെ: സീന്‍ 1: പ്രാര്‍ത്ഥന കേട്ട് ഉറക്കത്തില്‍നിന്നു ചാടിയെണീല്ക്കുന്ന ദൈവം. സീന്‍ 2: കുട്ടികളെ ഗുഹയില്‍ ആക്കിയത് താന്‍ ആണെന്ന് ദൈവം ഓര്‍ത്തെടുക്കുന്നു. സീന്‍ 3: ശാസ്ത്രം കുട്ടികളെ ഗുഹയില്‍നിന്നു പുറത്താക്കട്ടെ എന്നു പറഞ്ഞു കിടന്നുറങ്ങുന്ന ദൈവം.

ഏറ്റവും സങ്കീര്‍ണ്ണമായ ചോദ്യങ്ങളെപ്പോലും ഏതാനും ചെറിയ ചിത്രങ്ങളില്‍ ഒതുക്കുന്ന സൃഷ്ടിപരത ശ്ലാഘനീയം തന്നെ. ഈ ചെറിയ ട്രോളുകള്‍ ഉയര്‍ത്തുന്ന പ്രതിപാദ്യവിഷയങ്ങള്‍ ഏതൊക്കെയാണ്?

പ്രതിപാദ്യ വിഷയങ്ങള്‍
ഒന്നാമത്തെ വിഷയം, സര്‍വ്വ നന്മയും സര്‍വ്വശക്തനുമായ ദൈവം ഉള്ളപ്പോള്‍ തിന്മ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ്. ഇതിന്‍റെ വിശദമായ ഉത്തരം കഴിഞ്ഞ അധ്യായങ്ങളില്‍ നാം കണ്ടുകഴിഞ്ഞതാണ്. രണ്ടാമത്തെ വിഷയം പ്രാര്‍ത്ഥനയുടെ ഫലദായകത്വമാണ്. ഇതും നാം മുമ്പുള്ള അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട്, ഇവ രണ്ടിലേക്കും ഇപ്പോള്‍ കടക്കേണ്ടതില്ല.

മൂന്നാമത്തെ വിഷയം, ശാസ്ത്രത്തിനു മുമ്പില്‍ ദൈവവിശ്വാസത്തിനുള്ള സ്ഥാനമെന്ത് എന്നുള്ളതാണ്. പക്ഷേ, നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കണം. മനുഷ്യന്‍ ഗുഹാമനുഷ്യനായി നടന്നിരുന്ന കാലത്തും ആരെങ്കിലുമൊക്കെ ഏതെങ്കിലും ഗുഹയില്‍ നഷ്ടപ്പെട്ടുപോയിരിക്കണം. അന്ന്, ആ മനുഷ്യന്‍റെ കൂട്ടുകാര്‍ ബുദ്ധിപൂര്‍വ്വം ഏതെങ്കിലും കാട്ടുവള്ളിയോ മരക്കമ്പോ ഒക്കെ ഇട്ടുകൊടുത്ത് ആ മനുഷ്യനെ രക്ഷിച്ചിരിക്കണം. ട്രോള്‍ ഉണ്ടാക്കുന്ന ആളുകള്‍ ആ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി തായ്ലാന്‍ഡിലും നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാണുന്നതെന്താണ്? കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ. അന്നത്തെ ഒരു ചെറിയ കാട്ടുവള്ളിക്കു പകരം, ഇന്ന് കിലോമീറ്ററുകള്‍ നീളുന്ന ദൃഢമായ നൈലോണ്‍ കയര്‍, വീഡിയോ ടെക്നോളജി, അങ്ങനെ പലതും. സാങ്കേതികവിദ്യയുടെ വികാസം, പണ്ട് അസാധ്യമായ പല രക്ഷപ്പെടുത്തലുകളും ഇന്ന് സാധ്യമാക്കി. അപ്പോള്‍, വളരുന്ന ശാസ്ത്രമല്ലേ മനുഷ്യന് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്.

ശാസ്ത്രവും മതവും
ശാസ്ത്രത്തെ വിശ്വാസത്തിന് പകരം വയ്ക്കാന്‍ സാങ്കേതികവിദ്യയോടൊപ്പം പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യമാണ് പ്രാപഞ്ചിക പ്രക്രിയകളെപ്പറ്റിയുള്ള അറിവ്. പണ്ട് മനുഷ്യന് അത്ഭുതമായിരുന്ന – മനുഷ്യന് ദേവന്മാര്‍ വരെ ആയിരുന്ന – സൂര്യനും ചന്ദ്രനും എന്താണെന്ന് ശാസ്ത്രം മനുഷ്യന് പറഞ്ഞു തന്നിരിക്കുന്നു. എന്തിന്, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുകവരെ ചെയ്തിരിക്കുന്നു. ബൈബിളില്‍ ഏഴു ദിവസം എന്ന് പറഞ്ഞിരിക്കുന്ന സൃഷ്ടികര്‍മ്മം യഥാര്‍ത്ഥത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമാണെന്ന് ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. മനുഷ്യര്‍ മണ്ണില്‍നിന്ന് കുഴച്ചുണ്ടാക്കപ്പെട്ടവനല്ല, മറിച്ച് മറ്റുജീവികളില്‍ നിന്ന് പരിണമിച്ചുണ്ടായവന്‍ ആണെന്ന് ശാസ്ത്രം വിശദീകരിക്കുന്നു. ഇപ്രകാരം, പ്രാചീനമായ ഗ്രന്ഥങ്ങളിലെ അറിവുകള്‍ തെറ്റാണെന്ന് ശാസ്ത്രം കാണിച്ചുതരുന്നു.

അതോടൊപ്പം, ചില ജനകീയ മാധ്യമങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും ചരിത്രകാരന്മാരും നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രമുണ്ട്-ശാസ്ത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മതവിശ്വാസത്തിന്‍റെ ഒരു ചിത്രം. ഗലീലിയോവിവാദവും അതുപോലുള്ള സംഭവങ്ങളും ചൂണ്ടിക്കാണിച്ച് മതാധികാരം എപ്രകാരം ശാസ്ത്രത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, മതവിശ്വാസത്തോടൊപ്പം മനുഷ്യര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആധുനിക വിജ്ഞാനീയത്തിന് ഘടകവിരുദ്ധമായ ഒന്നാണ് മതവിശ്വാസം എന്ന ആഖ്യാനം പ്രചരിപ്പിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.

ഇപ്രകാരം സങ്കീര്‍ണ്ണമായ, പരസ്പരം എതിര്‍ക്കുന്ന, ഒരു ബന്ധത്തിന്‍റെ ചിത്രമാണ് പൊതുസമൂഹത്തിന്‍റെ ബോധമനസ്സില്‍ മതത്തെപ്പറ്റിയും ശാസ്ത്രത്തെപ്പറ്റിയും ഉള്ളത്. ഈ ചിത്രത്തെ നാം എപ്രകാരം മനസ്സിലാക്കണം എന്നത് അറിയുക ആധുനികകാലത്ത് ജീവിക്കുന്ന ഒരു വിശ്വാസിക്ക് അത്യന്താപേക്ഷിതമാണ്. നമുക്ക് അതിലേക്ക് നീങ്ങാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org