തിന്മയുടെ പ്രശ്നം-ഒരു ഉപസംഹാരം

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-44

ബിനു തോമസ്, കിഴക്കമ്പലം

കഴിഞ്ഞ ഏതാനും അധ്യായങ്ങളില്‍, തിന്മയെന്ന പ്രശ്നത്തെ നാം വിശദമായി ചര്‍ച്ച ചെയ്തുവല്ലോ. ഈ ചര്‍ച്ചയുടെ ഒരു സംഗ്രഹം ഈ സമയത്ത് ഉചിതമായിരിക്കും.

1) തിന്മയെ ധാര്‍മ്മികതിന്മ, ഭൗതികതിന്മ എന്ന് രണ്ടായിട്ടു വിഭജിക്കാന്‍ സാധിക്കും. സ്വതന്ത്രമനസ്സും വിവേചനാശേഷിയുമുള്ള ഒരു വ്യക്തി, ദൈവികസ്വഭാവത്തിന് വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങളെയാണ് ധാര്‍മ്മിക തിന്മയെന്ന് നാം വിളിക്കുന്നത്. പ്രപഞ്ചത്തിന്‍റെ ഭൗതികാവസ്ഥയും പ്രാപഞ്ചികനിയമങ്ങളും മൂലം മനുഷ്യരും സൃഷ്ടികളും അനുഭവിക്കുന്ന പ്രതികൂലാനുഭവങ്ങളെയാണ് ഭൗതികതിന്മയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്.

2) തിന്മയുടെ പ്രശ്നം ഉന്നയിക്കുന്ന ഒരാള്‍, ദൈവത്തിന്‍റെ അസ്തിത്വത്തെ ഒരു അടിസ്ഥാനമായിട്ടു തന്നെ സ്വീകരിക്കുന്നു. ദൈവാസ്തിത്വം അംഗീകരിച്ചില്ലെങ്കില്‍, തിന്മയുടെ പ്രശ്നം ഉദിക്കുന്നതേയില്ല. അഥവാ, തിന്മയുടെ പ്രശ്നം എന്നത് വിശ്വാസികള്‍ക്ക് മാത്രമല്ല, അവിശ്വാസികള്‍ക്കും ബൗദ്ധികമായ ഒരു വെല്ലുവിളി തന്നെയാണ്.

3) തിന്മയോട് രണ്ടു രീതിയിലാണ് മനുഷ്യന്‍ പ്രതികരിക്കുന്നത്. ഒന്ന്, വൈകാരികമായി. രണ്ട്, ബൗദ്ധികമായി.

4) തിന്മയുടെ വൈകാരികവശത്തെ നേരിടാന്‍ വൈകാരികമായ തണലും, സഹാനുഭൂതിയോടെയുള്ള സഹവര്‍ത്തിത്വവുമാണ് പ്രധാനം. അതിനപ്പുറമുള്ള ഒരു മറുപടിക്കും തിന്മയുടെ വൈകാരികവശത്തിന് പരിഹാരം നല്‍കാന്‍ സാധ്യമല്ല എന്നത് നമ്മുടെ മാനുഷികമായ അനുഭവങ്ങളില്‍നിന്നുള്ള തിരിച്ചറിവാണ്. പക്ഷേ, വൈകാരികമായ പ്രതികരണങ്ങള്‍, ബൗദ്ധികമായ തലങ്ങളിലേക്ക് കാലക്രമേണ എത്തുമ്പോള്‍, യുക്തിസഹമായ മറുപടികള്‍ക്ക് സാംഗത്യം കൈവരുന്നു.

5) സ്വതന്ത്രമനസ്സിന്‍റെ തീരുമാനങ്ങളാണ് ധാര്‍മ്മികതിന്മകളിലേക്ക് നയിക്കുന്നത്. സ്വതന്ത്രമായ പ്രകൃതീനിയമങ്ങളാണ് ഭൗതികതിന്മകളിലേക്ക് നയിക്കുന്നത്.

6) എന്തുകൊണ്ടാണ് സ്വാതന്ത്ര്യമെന്ന മൂല്യമുള്ള ഒരു ലോകത്തെ ദൈവം സൃഷ്ടിച്ചത്? അനുമാനിക്കാവുന്ന ഒരു കാരണം ഇതാണ് – സ്നേഹം ഉളവാകണമെങ്കില്‍ സ്വാതന്ത്ര്യം അനുപേക്ഷണീയമാണ്. സ്വാതന്ത്ര്യം ഇല്ലാതെ സ്നേഹം അസാധ്യമാണ്. സ്നേഹം തന്നെയായ ദൈവം സൃഷ്ടിച്ച ലോകത്തില്‍, സ്നേഹവും അതിന്‍റെ അടിസ്ഥാനമായ സ്വാതന്ത്ര്യവും ഇല്ലാതിരിക്കുക ദൈവസ്വഭാവത്തിന് വിരുദ്ധമാണ്.

7) സ്വാതന്ത്ര്യത്തിന്‍റെ ഒഴിച്ചു കൂടാനാവാത്ത ഒരു സാധ്യതയാണ് അതിന്‍റെ ദുരുപയോഗവും തല്‍ഫലമുണ്ടാകുന്ന തിന്മകളും. ആ സാധ്യതയില്ലാത്ത സ്വാതന്ത്ര്യം അര്‍ത്ഥരഹിതമാണ്, പരസ്പര വിരുദ്ധവുമാണ്.

8) ദൈവം പൂര്‍ണ്ണതയാണെങ്കില്‍, ദൈവത്തില്‍ നിന്നു വ്യതിരിക്തമായ ഒരു യാഥാര്‍ത്ഥ്യം – ഈ സൃഷ്ടപ്രപഞ്ചം – അപൂര്‍ണ്ണമായിരിക്കും. സൃഷ്ടപ്രപഞ്ചത്തിന്‍റെ അനിവാര്യമായ ഈ അപൂര്‍ണ്ണതയാണ് പ്രാപഞ്ചികക്രമത്തില്‍ മനുഷ്യസഹനങ്ങളിലേക്ക് നയിക്കുന്ന തിക്താനുഭവങ്ങളുടെ അടിസ്ഥാനം.

9) പ്രപഞ്ചത്തിന്‍റെ അപൂര്‍ണ്ണതയെന്നത് ദൈവസ്വഭാവത്തിലെ അപൂര്‍ണ്ണതയെന്ന് തെറ്റിദ്ധരിക്കാന്‍ പാടില്ല. പ്രപഞ്ചമെന്നത് ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ട് പിന്നീട് സ്ഥിരസ്വഭാവത്തില്‍ ആയിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമല്ല, മറിച്ച് ദൈവത്തിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചലനാത്മക യാഥാര്‍ത്ഥ്യമെന്നാണ് വിശ്വാസം. അതായത്, സൃഷ്ടികര്‍മ്മം തുടര്‍ച്ചയുള്ള ഒരു പ്രതിഭാസമാണ്. അവസാനമെത്തിയിട്ടില്ലാത്ത ആ പ്രതിഭാസത്തിന്‍റെ സൃഷ്ടിപ്രക്രിയയുടെ ഒരു പ്രതിഫലനമാണ് അപൂര്‍ണ്ണതയായി നാം ദര്‍ശിക്കുന്നത് എന്ന സങ്കല്‍പ്പത്തില്‍, പ്രപഞ്ചത്തിന്‍റെ അപൂര്‍ണ്ണത ദൈവസ്വഭാവത്തിന്‍റെ അപൂര്‍ണ്ണതയല്ലാതാകുന്നു.

10) തിന്മകളില്‍ നിന്ന് നന്മകള്‍ വിരിയുന്ന ഒരു പ്രകൃതിക്രമം നമ്മുടെ ചുറ്റും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ഭൗതികപ്രപഞ്ചത്തില്‍ തന്നെ ഈ പ്രതിഭാസം ദൃശ്യമായിരിക്കേ, സര്‍വ്വശക്തനും സര്‍വ്വനന്മയുമായ ഒരു ദൈവമുണ്ടെന്നു പരിഗണിച്ചാല്‍, എല്ലാത്തരം തിന്മകളില്‍നിന്നും നന്മ ഉണ്ടാക്കാന്‍ ദൈവത്തിനു സാധിക്കും എന്ന് അനുമാനിക്കുവാന്‍ കഴിയും.

11) ദൈവത്തിന്‍റെ സര്‍വ്വനീതിയും പൂര്‍ണ്ണതയും ഒരു കേവല സൃഷ്ടിയായ മനുഷ്യന് അജ്ഞാതമാണ്. അതുകൊണ്ടുതന്നെ, സ്നേഹം, സ്വാതന്ത്ര്യം, നന്മ, തിന്മ മുതലായവയുടെ പൊരുള്‍ തിരിച്ചറിയാന്‍ മനുഷ്യന് പരിമിതികളുണ്ട്. അതുകൊണ്ട്, തികച്ചും മാനുഷികമായ അനുഭവങ്ങളില്‍നിന്ന് ദൈവസ്വഭാവത്തെ അളക്കുമ്പോള്‍, ആ പരിമിതികളെ തിരിച്ചറിയുക എന്നത് പ്രധാനപ്പെട്ട ഒരു മനോഭാവമാണ്. ദൈവത്തിന്‍റെ സ്വഭാവത്തെ വിധിക്കുവാന്‍ മനുഷ്യനു സാധ്യമല്ല. തിന്മയുടെ പ്രശ്നത്തിന്‍റെ പേരില്‍ ദൈവസ്വഭാവത്തെയോ ദൈവാസ്തിത്വത്തെയോ നിഷേധിക്കുന്നത് ഈ തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ യുക്തിവിരുദ്ധമാണ്. ദൈവത്തെ മുഴുവനായും മനുഷ്യന്‍റെ കേവലബുദ്ധിയില്‍ മനസ്സിലാക്കാമെങ്കില്‍, പിന്നെ എന്തു ദൈവം?

അടിക്കുറിപ്പ്: തിന്മയുടെ പ്രശ്നം ഒരു നാടകരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ബൈബിള്‍ പുസ്തകമാണ് പഴയനിയമത്തിലെ "ജോബ്" എന്ന സാരോപദേശകഥ. അതിന്‍റെ ക്ലൈമാക്സ് സീനില്‍ ദൈവം പ്രത്യക്ഷപ്പെടുമ്പോള്‍, നീതിമാന്‍ എന്തിനു സഹിക്കണം എന്നതിന്‍റെ ഉത്തരം അറിയാന്‍ ആകാംക്ഷയോടെ അനുവാചകന്‍ കാത്തിരിക്കുന്നു. പക്ഷേ, ഒരു ഉത്തരമല്ല അവന് കിട്ടുന്നത്, പകരം ദൈവത്തിന്‍റെ ചോദ്യമാണ്: "ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയുക" (ജോബ് 38:4). ദൈവത്തിന്‍റെ സ്വഭാവത്തെയും പദ്ധതിയേയും അളക്കാന്‍ നോക്കുന്ന മനുഷ്യനോടുള്ള ചോദ്യമാണത്. തിന്മയെന്ന പ്രശ്നം ഉയര്‍ത്തുന്നവരുടെ നേരെ ഉയരുന്ന ചോദ്യവും അതുതന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org