വൈരുദ്ധ്യങ്ങളോടുള്ള പ്രതികരണങ്ങള്‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-55

പശ്ചാത്തല ബന്ധമില്ലാത്ത അക്ഷരാര്‍ത്ഥത്തില്‍ ബൈബിള്‍ വായിക്കുമ്പോള്‍ ചില വൈരുദ്ധ്യങ്ങള്‍ പ്രകടമാണെന്ന് നാം കഴിഞ്ഞ അധ്യായത്തില്‍ കണ്ടു. ഇത്തരം പൊരുത്തക്കേടുകള്‍ കാണുമ്പോള്‍, ഒരു വിശ്വാസി എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നത് പരമപ്രധാനമാണ്. ആ പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

പൊരുത്തക്കേടുകളോടുള്ള പ്രതികരണങ്ങള്‍
ഒരു സാധ്യത, ഇത്തരം പൊരുത്തക്കേടുകളെ മറച്ചുപിടിക്കുക എന്നതാണ്. ഇത്തരമുള്ള പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട്, എടുക്കേണ്ടതു മാത്രം എടുത്തുകൊണ്ട് സംസാരിക്കുക എന്നതാണ് ഈ പ്രതികരണം. പക്ഷേ, ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണിത്. അവഗണിക്കപ്പെടുന്ന ചോദ്യങ്ങള്‍ ഒരു മൂലയില്‍ ആരുമറിയാതെ വളര്‍ന്ന് കാടുപിടിക്കുന്നു, പിന്നെ വെളിച്ചം വന്നാല്‍ പോലും അതിനെ തടയുന്ന രീതിയിലായി മാറുന്നു. വിശ്വാസത്തെ ഒരു ഇരുണ്ട മൂലയിലേക്ക് തള്ളിക്കളയുന്നതാണ് ഈ രീതി. ഇത് ഒട്ടും അഭിലഷണീയമല്ല.

അടുത്ത സാധ്യത, വിചിത്രവും മുഴച്ചുനില്‍ക്കുന്നതുമായ വ്യാഖ്യാനങ്ങള്‍ നല്‍കി ഏതെങ്കിലും ഒരു പ്രത്യേക പ്രശ്നത്തില്‍ നിന്ന് ഊരിപ്പോരുക എന്നതാണ്. ചില ഭാഗങ്ങള്‍ക്ക് അത്തരമൊരു സമീപനം ഭാഗികമായോ താല്‍ക്കാലികമായോ ഫലം ചെയ്തെന്നു വരാം. പക്ഷേ, മൊത്തത്തില്‍ നോക്കുമ്പോള്‍ പൊരുത്തപ്പെടാത്ത ഇത്തരം വ്യാഖ്യാനങ്ങളും കാലാന്തരത്തില്‍ ഗുണം ചെയ്യുമെന്ന് കരുതാനാവില്ല. കാരണം, ബൈബിള്‍പഠനവും ശാസ്ത്രീയപഠനവുമെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.

മൂന്നാമത്തെ സാധ്യത, പൊരുത്തക്കേടുകള്‍ പ്രസ്തുത ഭാഗത്തിന്‍റെ ഭാഗമാണെന്ന് അംഗീകരിക്കുകയും, തന്മൂലം അക്ഷരാര്‍ത്ഥത്തിലുള്ള വായനയില്‍ നിന്ന് അല്‍പ്പം കൂടി ആഴത്തിലേക്ക് വായിക്കുകയും ചെയ്യുക എന്നതാണ്. ഈ പ്രതികരണത്തില്‍, എപ്രകാരമാണ് നാം ബൈബിളിനെ വ്യാഖ്യാനിക്കേണ്ടതെന്ന് മനസ്സിലാക്കുക വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം, വ്യാഖ്യാനം എന്നത് ഓരോരുത്തരും താന്താങ്ങളുടെ മനോഗുണവും അറിവും കഴിവുകളും വച്ചാണ് ചെയ്യുന്നത്. അതുകൊണ്ട്, കൃത്യമായ വ്യാഖ്യാനരീതി മനസ്സിലാക്കിയില്ലെങ്കില്‍, തെറ്റു പറ്റാനുള്ള സാധ്യത വളരെയേറെയാണ്.

ബൈബിള്‍ വ്യാഖ്യാനം
എല്ലാ ബൈബിള്‍ ഭാഗങ്ങളും പശ്ചാത്തലത്തില്‍ നിന്നടര്‍ത്തിയെടുത്ത് അക്ഷരംപ്രതി വായിക്കാനോ മനസ്സിലാക്കാനോ അല്ല സഭ നമ്മോട് പറയുന്നത്. ഗ്രന്ഥകാരന്‍റെ കാലവും സംസ്കാരവും, എഴുതാനുപയോഗിച്ച സാഹിത്യരൂപവും, ആഖ്യാനത്തിന്‍റെ മട്ടും ഭാവവും ശൈലിയും എല്ലാം നമ്മുടെ വ്യാഖ്യാനത്തിന്‍റെ അടിസ്ഥാനമായിരിക്കണം എന്നാണ് സഭ പഠിപ്പിക്കുന്നത് (മതബോധനഗ്രന്ഥം 110). മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ട ഒരു പത്രറിപ്പോര്‍ട്ടോ കോടതിവിധിയോ പോലെയാണ് ബൈബിളിലെ എല്ലാ ഭാഗങ്ങളും എന്നു കരുതുന്നത് തികച്ചും അനുചിതമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നാം അക്ഷരാര്‍ത്ഥത്തില്‍ വായിക്കുമ്പോള്‍, അക്ഷരങ്ങളുടെ അര്‍ത്ഥം, മേല്‍പ്പറഞ്ഞ നാനാവിധ മാനങ്ങളില്‍ നിന്ന് ആവിഷ്കരിക്കപ്പെടുന്ന ഒന്നായിരിക്കണം. അതായത്, അക്ഷരാര്‍ത്ഥം വളരെ ഗഹനമായ അര്‍ത്ഥമായി മാറണം എന്നു സാരം.

എന്തുകൊണ്ടാണ് സഭ ഇപ്രകാരം പറയുന്നതെന്നു മനസ്സിലാക്കുന്നതും പ്രധാനമാണ്. ഏതൊരു എഴുത്തിനോടും കാണിക്കേണ്ട ഒരു അടിസ്ഥാന സമീപനം ഇതായതുകൊണ്ടാണ് സഭയും ഇപ്രകാരമുള്ള വ്യാഖ്യാനരീതി പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്നത്.

ഒരുദാഹരണമെടുക്കുക: '…കഥ മാറും ചേവകനാകും ഉറുമിയെടുക്കും പടവീരന്‍…' കേരളത്തില്‍ ഹിറ്റായ ഒരു ചലച്ചിത്രത്തില്‍, വിവാഹം കഴിഞ്ഞുള്ള നാളുകളെപ്പറ്റിയുള്ള ഒരു ഗാനത്തിന്‍റെ വരികളാണിത്. ഈ വരികള്‍ കേട്ടിട്ട്, ആ ഗാനത്തില്‍ സൂചിപ്പിക്കപ്പെടുന്ന ഭര്‍ത്താവ് പിന്നീട് ഒരു ചേവകന്‍ ആകുമെന്ന് പ്രേക്ഷകന്‍ വ്യാഖ്യാനിച്ചാല്‍ എങ്ങനെയിരിക്കും? ഇതൊരു ചലച്ചിത്രഗാനമായതുകൊണ്ട്, ആ രീതിയില്‍ മാത്രമേ ആ വാക്കുകളെ വ്യാഖ്യാനിക്കാന്‍ പാടുള്ളൂ. എങ്കില്‍ മാത്രമേ ആ വാക്കുകളോട് നീതി പുലര്‍ത്തിയതായി നമുക്ക് അവകാശപ്പെടാന്‍ സാധിക്കൂ, ഈ ഗാനത്തിലെ വാക്കുകളുടെ അര്‍ത്ഥം ലളിതമാണ്, കേള്‍ക്കുന്നവര്‍ക്ക് അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം പിടികിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ, സങ്കീര്‍ണ്ണമായ സാഹിത്യരൂപങ്ങള്‍ക്കും അന്തരാര്‍ത്ഥമുണ്ടെന്നും അതു കണ്ടെത്തണമെന്നും മനസ്സിലാക്കേണ്ടത് എത്രയോ അനിവാര്യമാണ്.

ദൈവനിവേശിതങ്ങളെന്ന് സഭ അംഗീകരിക്കുന്നതുകൊണ്ട്, ബൈബിളിലേയും ഒരു വാക്കു പോലും അതിന്‍റെ സ്വാഭാവികമായ സാംസ്കാരിക-സാഹിത്യ-കാലിക പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റപ്പെടുന്നില്ല. അപ്രകാരം അടര്‍ത്തിമാറ്റുന്ന ഒരു വായനയും ആ വാക്കുകളോട് നീതി പുലര്‍ത്തുന്നില്ല. ഇത് വായനയുടെയും വ്യാഖ്യാനത്തിന്‍റെയും ഒരു പൊതുനിയമമാണ്. ഇത് വിശ്വാസികള്‍ക്ക് മാത്രമല്ല, അവിശ്വാസികള്‍ക്കും ബാധകമാണ്. ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ ദൈവം ലോകം സൃഷ്ടിച്ചത് ആറു ദിവസങ്ങള്‍ കൊണ്ടാണെന്നും അതുകൊണ്ടുതന്നെ ബൈബിള്‍ ശാസ്ത്രവിരുദ്ധമാണെന്നും പറയുന്ന അവിശ്വാസിയും ചേവകനെ കാത്തിരിക്കുന്ന ചലച്ചിത്രപ്രേക്ഷകനു തുല്യനാണ്. ഒരു പുസ്തകത്തെ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വായിക്കാന്‍ പരിശ്രമിക്കേണ്ടത് എല്ലാ വായനക്കാരുടെയും ഉത്തരവാദിത്വമാണ് – അവിടെ വിശ്വാസി-അവിശ്വാസി-കത്തോലിക്ക-പ്രൊട്ടസ്റ്റന്‍റ് ഭേദമില്ല. വ്യാഖ്യാനങ്ങളില്‍ യഥാര്‍ത്ഥമായ അഭിപ്രായവ്യത്യാസം ഉണ്ടായെന്നു വരാം. പക്ഷേ, വ്യാഖ്യാനിക്കേണ്ട രീതിയില്‍ വ്യാഖ്യാനിക്കില്ല എന്ന പിടിവാശി ഒരു നല്ല അനുവാചകനു ചേര്‍ന്നതല്ല.

കാലാകാലങ്ങളില്‍, ഈ പൊതുതത്ത്വം മനസ്സി ലാക്കുന്നതിലോ അതനുസരിച്ച് വചനം വായിക്കുന്നതിലോ ഏതെങ്കിലും സഭാധികാരിക്കോ പണ്ഡിതനോ വീഴ്ച വന്നിട്ടുണ്ടെങ്കില്‍, സഭ ആ തെറ്റ് ഏറ്റു പിടിക്കേണ്ടതില്ല. വ്യാഖ്യാനത്തിലെ ഈ പൊതുതത്ത്വം സഭ സ്വന്തം സമീപനമായി അംഗീകരിച്ചെങ്കില്‍, അത് ഒരു സൂത്രപ്പണിയായി കണക്കാക്കാനും ആവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org