Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> ബൈബിളും ശാസ്ത്രവൈരുദ്ധ്യവും – ഒരു ആമുഖം

ബൈബിളും ശാസ്ത്രവൈരുദ്ധ്യവും – ഒരു ആമുഖം

ബിനു തോമസ്, കിഴക്കമ്പലം

ഒരു വിശ്വാസി ശാസ്ത്രത്തെ എപ്രകാരം സമീപിക്കണം എന്ന വിഷയമാണ് നാം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്‍റെ വിശദീകരണങ്ങളെ യാന്ത്രിക -ദ്വിതീയ വിശദീകരണമായും, ദൈവസാന്നിധ്യത്തെ പ്രാഥമിക-കര്‍ത്തൃത്വ കാരണമായും കണക്കാക്കിയാല്‍ പരസ്പരപൂരകങ്ങളായി വിശ്വാസത്തെയും ശാസ്ത്രത്തെയും കാണാന്‍ സാധിക്കുമെന്നാണ് നാം ഇതുവരെ കണ്ടത്.

പക്ഷേ, എപ്രകാരമാണ് വിശ്വാസികള്‍ വെളിപാടായി അംഗീകരിക്കുന്ന ഗ്രന്ഥങ്ങളിലെ പ്രകടമായ ശാസ്ത്രവൈരുദ്ധ്യവുമായി ഈ തത്ത്വചിന്തയെ കോര്‍ത്തിണക്കുവാന്‍ സാധിക്കുന്നത്? ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്‍റെ നേരിട്ടുള്ള വെളിപാടാണ് അവന്‍റെ വിശുദ്ധഗ്രന്ഥം. (ഒരു ക്രൈസ്തവന്‍ എന്തുകൊണ്ടാണ് ബൈബിളിനെ വിശുദ്ധഗ്രന്ഥമായി പരിഗണിക്കുന്നത് എന്ന ചോദ്യം ഇവിടെ കടന്നുവരുന്നുണ്ട്. അതിനുള്ള വിശദീകരണവും പ്രധാനമാണ്, അത് മറ്റൊരു അധ്യായത്തില്‍ നമുക്ക് പരിഗണിക്കാം). അപ്പോള്‍, ദൈവത്തിന്‍റെ ഒരു പൊതുവെളിപാടാണ് സൃഷ്ട പ്രപഞ്ചമെന്നും, നേരിട്ടുള്ള വെളിപാടാണ് വിശുദ്ധഗ്രന്ഥമെന്നും അംഗീകരിച്ചാല്‍ പോലും, സ്വാഭാവികമായും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

പക്ഷേ, ചില കാര്യങ്ങളിലെങ്കിലും ബൈബിള്‍ ഭാഗങ്ങളും ശാസ്ത്രീയസിദ്ധാന്തങ്ങളും തമ്മില്‍ പൊരുത്തക്കേടോ വിടവോ തികച്ചും പ്രകടമാണ്. പ്രത്യേകിച്ചും ഉല്പ്പത്തിയിലെ സൃഷ്ടിവിവരണങ്ങള്‍, സ്ത്രീപുരുഷസൃഷ്ടിവിവരണങ്ങള്‍, ആദിപാപത്തിന്‍റെ സംഭവം, നോഹയുടെ പ്രളയം, മനുഷ്യവംശത്തിന്‍റെ വളര്‍ച്ച മുതലായ കാര്യങ്ങളില്‍ ഇത് വളരെ വ്യക്തമാണ്. അപ്പോള്‍, ഏതെങ്കിലും ഒരു വെളിപാട് അസത്യമല്ലേ എന്ന സംശയം ഉദിക്കുന്നു. ശാസ്ത്രത്തിന്‍റെ അറിവിന് കൃത്യമായ തെളിവുകള്‍ ഉള്ളപ്പോള്‍, അത്തരം തെളിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇല്ലാത്ത വിശുദ്ധഗ്രന്ഥത്തിന് തെറ്റുപറ്റിയില്ലേ എന്ന സംശയം ഉടലെടുക്കുന്നു. അതുകൊണ്ട്, പൊരുത്തക്കേടുകള്‍ ദൃശ്യമാകുന്ന ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ഒരു വ്യാഖ്യാനം ഉണ്ടായിരിക്കുക എന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു വി ശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. സങ്കീര്‍ണ്ണമായ ഇത്തരം ചില പ്രശ്നങ്ങളെ ഇനിയുള്ള ഏതാനും അധ്യായങ്ങളില്‍ നമുക്ക് പരിശോധിക്കാം.

ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഗുണകരമാകുമെന്നു തോന്നുന്നു.

ഒന്ന്, ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഈ പരമ്പരയുടെ ഉള്ളടക്കത്തില്‍ ചര്‍ച്ച ചെയ്യുക എന്നത് പ്രായോഗികമല്ല. ഈ ലേഖനങ്ങളുടെ ലക്ഷ്യവും അതല്ല. പകരം, ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഏതാനും കാര്യങ്ങള്‍ ഉദാഹരണമായി പരിഗണിച്ചുകൊണ്ട്, അപ്രകാരമുള്ള ഒരു ആഖ്യാനത്തിന്‍റെ രീതിശാസ്ത്രം (methodology) എന്തായിരിക്കും എന്നു പരിചയപ്പെടുത്തുക എന്നതു മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. രീതിശാസ്ത്രം ലഭ്യമായാല്‍, മുമ്പിലുള്ള ഏതു പ്രശ്നവും ആ മാര്‍ഗ്ഗത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും, ചുരുങ്ങിയത് കാതലുള്ള ഒരു ശ്രമമെങ്കിലും നടത്താന്‍ സാധിക്കും.

രണ്ട്, ഇത്തരം വിഷയങ്ങളിലെ ചര്‍ച്ചകള്‍ പലപ്പോഴും വളരെ അക്കാഡമിക്കല്‍ ആണ്. അതുകൊണ്ട്, വളരെ വിശദമായ തലങ്ങളിലേക്ക് ഈ ലേഖനങ്ങളില്‍ അവയെ പരാമര്‍ശിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട്, ഉപരിപ്ലവവും സംക്ഷിപ്തവുമായി മാത്രമേ അവയെ സമീപിക്കാന്‍ സാധിക്കൂ.

മൂന്ന്, ഇത്തരം പ്രശ്നങ്ങള്‍ക്ക്, വിവിധങ്ങളായ ആഖ്യാനങ്ങളുടെ പരിഹാരങ്ങള്‍ സാധ്യമാണ്. അതുകൊണ്ട്, പലതരം ആഖ്യാനങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല. ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത് അവയില്‍ ചിലതു മാത്രമാണ്. ശാസ്ത്രം നമുക്ക് പരിചയപ്പെടുത്തുന്ന അറിവുകള്‍ സത്യമാണ് എന്നൊരു മുന്‍വിധി (assumption) യോടെയാണ് ഞാന്‍ ഈ പ്രശ്നങ്ങളെ സമീപിക്കുന്നത്. ബൈബിളും ശാസ്ത്രവും സമന്വയിപ്പിക്കുന്ന ഒരു രീതിശാസ്ത്രത്തില്‍, നേരിട്ട് നമുക്ക് സത്യമാണെന്ന് അറിവുള്ള കാര്യങ്ങളെ സത്യമായി എടുക്കാതെ മുമ്പോട്ടു പോകാന്‍ സാധിക്കില്ല എന്ന ഒരു ബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഇത്തരമൊരു മുന്‍വിധിയോടെ ഈ വിഷയത്തെ സമീപിക്കുന്നത്. ആ മുന്‍വിധി ശരിയായിക്കൊള്ളണമെന്നില്ല. പക്ഷേ, അത്തരമൊരു മുന്‍വിധി, ഏതു കഠിനമായ വെല്ലുവിളിയേയും സമചിത്തതയോടെ സമീപിക്കുന്ന രീതി ശാസ്ത്രം വാര്‍ത്തെടുക്കുന്നതില്‍ ഒരു വിശ്വാസിയെ സഹായിക്കുമെന്നാണ് എന്‍റെ ബോധ്യം.

ബൈബിളിലെ പൊരുത്തക്കേടുകള്‍
ഉദാഹരണമായി, മത-ശാസ്ത്ര സംവാദത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഭാഗമെടുക്കാം. ഉല്പ്പത്തിയുടെ ആദ്യ അധ്യായങ്ങള്‍-കൃത്യമായി പറഞ്ഞാല്‍ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള ഭാഗങ്ങള്‍. ഒരുപക്ഷേ, ക്രൈസ്തവവിശ്വാസത്തെ മുഴുവന്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ ഒരു ശാസ്ത്രകുതുകിക്ക് പ്രേരണ നല്കുന്ന ഒന്നാണ് ഈ അദ്ധ്യായങ്ങള്‍. വിശുദ്ധഗ്രന്ഥത്തെ വാച്യാര്‍ത്ഥത്തില്‍ മാത്രം വ്യാഖ്യാനിക്കുന്നതിന്‍റെ അപകടം കഴിഞ്ഞ അധ്യായങ്ങളില്‍ നാം ചര്‍ച്ച ചെയ്തതാണ്. ഉല്പ്പത്തിയുടെ ആദ്യഭാഗങ്ങളെ എപ്രകാരമാണ് ഒരു വിശ്വാസി സമീപിക്കേണ്ടത്?

ഈ കാലത്തും നമ്മുടെ പള്ളികളിലും മതബോധനക്ലാസ്സുകളിലും ധ്യാനകേന്ദ്രങ്ങളിലും കൂടുതലായി നാം കേള്‍ക്കാറുള്ളത് ഉല്പ്പത്തിയുടെ അക്ഷരങ്ങളും വാക്കുകളും എന്തു പറയുന്നുവോ, ആ അര്‍ത്ഥത്തിലുള്ള വായനകളും, അതിലൂന്നിയുള്ള വിചിന്തനങ്ങളുമാണ്. ആറു ദിവസം കൊണ്ട് ദൈവം ഉണ്ടാക്കിയ ലോകവും, മണ്ണില്‍നിന്ന് മെനഞ്ഞെടുത്ത ആദവും, ആദത്തിന്‍റെ വാരിയെല്ലില്‍ നിന്ന് സൃഷ്ടിച്ച ഹവ്വായും, പഴം തിന്നതാണ് ആദിപാപമെന്ന സങ്കല്പ്പവും (ആ പഴം ആപ്പിള്‍ ആയിരുന്നുവെന്ന സങ്കല്പ്പം അതിനൊപ്പവും) എല്ലാം ഇന്നും ക്രിസ്തീയ വചനവ്യാഖ്യാനങ്ങളില്‍ അക്ഷരം പ്രതി പ്രത്യക്ഷപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

പക്ഷേ, ഈ ഭാഗങ്ങളുടെ ഇത്തരമുള്ള അക്ഷരാര്‍ത്ഥത്തിലുള്ള വായന ശാസ്ത്രീയസത്യങ്ങളോട് പൊരുത്തപ്പെടില്ല എന്നും നമുക്കറിയാം. എന്നു മാത്രമല്ല, ഇത്തരം വായന, ഈ ഭാഗങ്ങള്‍ക്കുള്ളില്‍ തന്നെ പൊരുത്തക്കേട് സൃഷ്ടിക്കുന്നതായും നമുക്ക് കാണാന്‍ സാധിക്കും. ഏറ്റവും ലളിതവും പ്രത്യക്ഷവുമായ ഒരുദാഹരണം മാത്രം പറയാം – സൃഷ്ടിവിവരണത്തില്‍ ആദ്യത്തെ മൂന്നു ദിവസങ്ങളിലും സന്ധ്യയും പ്രഭാതവും ഉണ്ടാകുന്നു. അതിനുശേഷം നാലാം ദിവസമാണ് രാവും പകലും വേര്‍തിരിക്കാന്‍ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഉണ്ടാകുന്നത്! അപ്പോള്‍, ആദ്യത്തെ മൂന്നു ദിവസങ്ങളിലെ സന്ധ്യയും പ്രഭാതവും എങ്ങനെ ഉണ്ടായി? വാച്യാര്‍ത്ഥത്തില്‍ ഇത് വായിക്കുമ്പോള്‍ തന്നെ ഈ പൊരുത്തക്കേട് വ്യക്തമാണ്. സൂക്ഷ്മമായി വായിച്ചാല്‍ ഇത്തരം അനവധി ‘പിശകുകള്‍’ ബൈബിളില്‍ പ്രകടമാണ്.

ഇത്തരം പൊരുത്തക്കേടുകള്‍ കാണുമ്പോള്‍, ഒരു വിശ്വാസി എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നത് പരമപ്രധാനമാണ്. ആ പ്രതികരണങ്ങള്‍ നമുക്ക് അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Leave a Comment

*
*