Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> തിന്‍മയുടെ വിവിധ തലങ്ങള്‍

തിന്‍മയുടെ വിവിധ തലങ്ങള്‍

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-35

ബിനു തോമസ്, കിഴക്കമ്പലം

തിന്‍മയുടെ സമഗ്രമായ വീക്ഷണത്തില്‍, അതിനെ ധാര്‍മിക തിന്മയെന്നും പ്രാകൃതിക തിന്മയെന്നും വിഭജിക്കാമെന്നു നാം കണ്ടു. ഈ രണ്ടു തലങ്ങളെ വിശദമായി പരിശോധിക്കാം.

തിന്‍മ ധാര്‍മികതലം
പൊതുവേ മനുഷ്യന്‍ തിന്മ എന്നുദ്ദേശിക്കുന്നത് ധാര്‍മിക തിന്മയാണ് ദൈവത്തിന്‍റെ അടിസ്ഥാന നന്‍മയ്ക്ക് എതിരായി ബോധപൂര്‍വ്വം ചെയ്യപ്പെടുന്ന പ്രവൃത്തികള്‍. കൊലപാതകം പോലുള്ള വലിയ തിന്‍മകളും ചെറിയ വാക്കുതര്‍ക്കങ്ങളുമെല്ലാം ഈ ഗണത്തിലാണ് പെടുന്നത്. ധാര്‍മികതലത്തിലെ തിന്മകളെ വീണ്ടും രണ്ടായി തരം തിരിക്കാം:

ഒന്ന്, വ്യക്തിപരമായ തിന്‍മകള്‍: ഒരു വ്യക്തി സ്വന്തം അറിവോടെ ചെയ്യുന്ന തിന്മകള്‍. അത്, നേരിട്ടുള്ള പ്രവൃത്തികള്‍ വഴിയോ, ചെയ്യേണ്ട കാര്യം ചെയ്യാതെ അവഗണിക്കുന്നതു വഴിയോ ആകാം.

രണ്ട്, സാമൂഹികഘടനയുടെ തിന്മകള്‍: സമൂഹത്തിന്‍റെ വ്യവസ്ഥിതി മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തിന്മകള്‍. ഉദാഹരണത്തിന്, പണ്ട് നിലവിലുണ്ടായിരുന്ന സതി സമ്പ്രദായം. ഇത്തരം തിന്‍മകള്‍ തിരിച്ചറിയുന്നത് ശ്രമകരമാണ്. കാലചക്രത്തിന്‍റെ ഒഴുക്കിലാണ് പലപ്പോഴും ഇത്തരം തിന്‍മകള്‍ വെളിവാക്കപ്പെടുന്നത്.

ധാര്‍മികതിന്മകളുടെ ഉത്തരവാദിത്വം
ധാര്‍മിക തിന്‍മകളുടെ ഉത്തരവാദിത്വം അത്തരം തിന്മകള്‍ ചെയ്യുന്ന മനുഷ്യര്‍ക്കാണെന്ന് വ്യക്തമാണ്. പക്ഷേ, ദൈവത്തിന് എന്തെങ്കിലും പങ്കുണ്ടോ?

ധാര്‍മിക തിന്മകള്‍ ചെയ്യുന്ന മനുഷ്യരെ നിലനിര്‍ത്തുന്നതിലും, അവര്‍ക്ക് തിന്മകള്‍ ചെയ്യാന്‍ ആവശ്യമായ കഴിവുകള്‍ കൊടുക്കുന്നതിലും ദൈവത്തിന്‍റെ പങ്ക് ഒരു വിശ്വാസിക്കും തള്ളിക്കളയാനാവില്ല. പക്ഷേ, അതേസമയം, അത് പരോക്ഷമായ ഒരു ഉത്തരവാദിത്വം മാത്രമാണെന്നും നമുക്ക് കാണാം തിന്‍മയുടെ പശ്ചാത്തലമായ മനുഷ്യപ്രകൃതിയും പ്രാപഞ്ചിക സാഹചര്യങ്ങളും ഒരുക്കുന്നതിന്‍റെ പേരില്‍. അപ്പോള്‍, ധാര്‍മിക തിന്മകളില്‍ ദൈവത്തിന്‍റെ ഉത്തരവാദിത്വം, പ്രാകൃതികതലത്തിലെ തിന്‍മകളുടെ ഉത്തരവാദിത്വത്തില്‍ അധിഷ്ടിതമാണ്.

തിന്‍മ പ്രാകൃതികതലം
പ്രകൃതിയുടെ സ്വാഭാവികമായ പ്രക്രിയകളില്‍ പെടുന്ന മനുഷ്യന്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഈ ഗണത്തില്‍ പെടുന്നത്. ഇവ പല രീതിയിലാണ് നമുക്ക് തിന്‍മയായി അനുഭവപ്പെടുന്നത്.

ഒന്ന്, പ്രാപഞ്ചികക്രമത്തിന്‍റെ രൂപഘടനയുടെ തിന്മകള്‍. മനുഷ്യനെ വിഷമിപ്പിക്കുന്ന പലതിന്‍റെയും കാരണം പ്രപഞ്ചത്തിന്‍റെ രൂപഘടനയും നിയമങ്ങളുമാണ്. ജനിച്ചാല്‍ മരിക്കണം എന്നത് പ്രകൃതിയുടെ ജൈവപ്രക്രിയയാണ്. പക്ഷേ, സ്നേഹിക്കുന്ന ഒരാളുടെ മരണം നമുക്ക് കയ്പേറിയ അനുഭവമായി മാറുന്നു. പ്രകൃതിയുടെ നിയമങ്ങളുടെ അഭംഗുരമായ പ്രവാഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, രോഗങ്ങള്‍ മുതലായവ പ്രാപഞ്ചികക്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. പക്ഷേ, ഈ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ പെട്ടുപോകുന്ന മനുഷ്യന് വലിയ തിന്‍മയുടെ അനുഭവമായി ഇവ അനുഭവപ്പെടുന്നു.

രണ്ട്, പ്രാപഞ്ചിക പ്രക്രിയകളുടെ അപൂര്‍ണ്ണത മൂലമുള്ള തിന്മകള്‍. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ട ജൈവപ്രക്രിയയുടെ ഭാഗമായി, ചിലപ്പോള്‍ ജന്മനാലേ ശാരീരികമായ വ്യത്യസ്ഥതകളുള്ള കുഞ്ഞുങ്ങളും പിറക്കുന്നു. ആ കുഞ്ഞുങ്ങള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും അത് വിഷമതകളുടെ അനുഭവമായി മാറുന്നു. അതുപോലെ തന്നെയാണ്, മനുഷ്യന്‍റെ ജൈവപരിമിതികള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന വികലമായ സാമൂഹികസംവിധാനങ്ങളും അവയിലൂടെ കടന്നുവരുന്ന കഷ്ടതകളും. ഈ ലോകത്തിലെ എല്ലാവരുടെയും പട്ടിണി മാറ്റാനുള്ള സമ്പത്ത് ഇവിടെയുണ്ടല്ലോ. പക്ഷേ, പലരും പട്ടിണി ആയിരിക്കുന്നത് ഏതാനും വ്യക്തികളുടെ തിന്മ കൊണ്ടു മാത്രമല്ല, മനുഷ്യന്‍റെ സാമൂഹിക വ്യവസ്ഥിതികളുടെ നൈസര്‍ഗിക പരിമിതികള്‍ കൊണ്ടുകൂടിയാണ്.

മൂന്ന്, ആകസ്മികത മൂലമുള്ള തിന്മകള്‍. ഒരു വിമാന ദുരന്തമെടുക്കുക. ആകസ്മികത മൂലമാണ് ഒരു പറ്റം സഞ്ചാരികള്‍, തകര്‍ന്നു വീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവരുന്നത്. ആ വിമാനയാത്രയില്‍ നിന്ന് അവസാന നിമിഷം മാറി നിന്നയാള്‍ ദൈവത്തിന് നന്ദി പറയുന്നു. അപ്പോള്‍, ആ ദുരന്തത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ എന്തു പറയണം? ഒരു ഇടിമിന്നല്‍ ഒരാളുടെ തലയില്‍ പതിക്കുന്നത് തികച്ചും ആകസ്മികമാണ്. അയാള്‍ ഒരല്പം പതുക്കെ നടന്നിരുന്നെങ്കില്‍, ഒരുപക്ഷേ, ഇടിമിന്നല്‍ വീണ സ്ഥലത്ത് എത്തുമായിരുന്നില്ല. ഇതൊക്കെ പ്രപഞ്ചത്തില്‍ ആകസ്മികമായി സംഭവിക്കുന്നതാണ്.

പ്രാപഞ്ചികതിന്മകളുടെ ഉത്തരവാദിത്വം
പ്രാകൃതികതിന്മകള്‍ തിന്‍മകളല്ല എന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, തിന്‍മയുടെ ഗണത്തില്‍ നിന്ന് പ്രാകൃതികതിന്മകളെ ഒഴിവാക്കാനാവില്ല. വില്യം റോവ് എന്ന തത്ത്വചിന്തകന്‍റെ വാക്കുകളില്‍, ‘ഒരു ഇടിമിന്നലില്‍ ഉണ്ടാകുന്ന കാട്ടുതീയില്‍പ്പെട്ടു വെന്തുകരിഞ്ഞു യാതനകള്‍ അനുഭവിച്ചു മരിക്കുന്ന ഒരു മാന്‍പേട’ അനുഭവിക്കുന്ന വേദനയ്ക്കു മുമ്പില്‍ പരമകാരുണികനായ ദൈവം ഉണ്ടെന്ന് എങ്ങനെ പറയാന്‍ സാധിക്കും? സര്‍വ്വജ്ഞനായ ഒരു ദൈവത്തിന്, നാശം ഒഴിവാക്കിയുള്ള ഒരു പ്രാപഞ്ചികക്രമം സൃഷ്ടിക്കാന്‍ എന്തു കൊണ്ട് സാധിച്ചില്ല?

ഭ്രൂണഹത്യ(അബോര്‍ഷന്‍)യെ അനുകൂലിക്കുന്നവരുടെ രസകരമായ ഒരു വാദം ഇപ്രകാരമാണ്: ലോകത്തില്‍ മനുഷ്യര്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഗര്‍ഭകാല മരണം സ്വാഭാവികമായി സംഭവിക്കുന്നു. അപ്പോള്‍, ദൈവമല്ലേ ഏറ്റവും വലിയ അബോര്‍ഷനിസ്റ്റ്? ജീവന്‍റെ മേല്‍ ദൈവത്തിന്‍റെ ഉടമസ്ഥത അംഗീകരിക്കാത്ത ഒരു വാദമായതിനാല്‍ ബാലിശമെങ്കിലും, ഈ ചോദ്യം മറ്റൊരു ചോദ്യത്തിലേക്ക് നയിക്കുന്നു: എന്തുകൊണ്ട് ഇത്തരം തിന്മകള്‍ ഒഴിവാക്കിയുള്ള ഒരു പ്രപഞ്ചക്രമം സര്‍വ്വശക്തനായ ദൈവം സൃഷ്ടിച്ചില്ല? ദൈവത്തിന്‍റെ സര്‍വ്വനന്മയും സര്‍വ്വശക്തിയും പ്രത്യക്ഷത്തില്‍ അധാര്‍മികമായ ഇത്തരം സംഭവങ്ങളും അനുരഞ്ജിപ്പിക്കുന്ന ഒരു ഉത്തരം കൊടുക്കാന്‍ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. ഒരു വിശ്വാസിക്ക് സൗകര്യപൂര്‍വ്വം അവഗണിക്കാനാവുന്ന ഒന്നല്ല പ്രാകൃതിക തിന്മകള്‍.

Leave a Comment

*
*