പ്രപഞ്ചോത്ഭവവും കാരണവും

വിശദീകരണം തേടുന്ന വിശ്വാസം -22

ബിനു തോമസ്, കിഴക്കമ്പലം

ആരംഭമുള്ള എന്തിനും കാരണമുണ്ടെന്നും, പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നും നാം ഇതിനകം കണ്ടുകഴിഞ്ഞു. എന്തൊക്കെയാണ് സാധ്യമായ ആ കാരണങ്ങള്‍? നമുക്ക് പരിശോധിക്കാം.

പ്രപഞ്ചം തന്നെ പ്രപഞ്ചകാരണമോ !
ലോകത്തിലെതന്നെ എണ്ണപ്പെട്ട യുക്തിവാദിയും അറിയപ്പെടുന്ന തത്ത്വചിന്തകനുമായ ഡാനിയല്‍ ഡെന്നറ്റ് പ്രപഞ്ചാരംഭം അംഗീകരിക്കുന്നു. ആരംഭമുള്ള എന്തിനും കാരണമുണ്ടെന്നും അംഗീകരിക്കുന്നു. പക്ഷേ, അദ്ദേഹം പറയുന്ന കാരണം ഇതാണ് – പ്രപഞ്ചം തന്നെ പ്രപഞ്ചത്തിനു കാരണം! പ്രപഞ്ചം തന്നെ പ്രപഞ്ചത്തെ ഉണ്ടാക്കിയത്രെ.

അദ്ദേഹത്തിന്‍റെ വാദത്തിന്‍റെ യുക്തി എന്താണെന്ന് സ്ഥാപിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ല. ഒന്നുമില്ലായ്മയില്‍ നിന്ന്, അതിസ്വാഭാവികമായ കഴിവുകള്‍ ഒന്നും ഇല്ലാത്ത ഭൗതികപ്രപഞ്ചം പെട്ടെന്ന് സ്വയം ഉണ്ടായി വന്നു എന്നാണ് അദ്ദേഹം പറയുന്നത്. സാമാന്യയുക്തിക്കോ അസാമാന്യയുക്തിക്കോ വിശദീകരിക്കാനാവാത്ത ഈ കാരണം വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ ഉണ്ടെന്നും അവര്‍ സ്വയം യുക്തിവാദികള്‍ എന്നു വിളിക്കുന്നു എന്നതുമാണ് സങ്കടകരമായ കാര്യം.

ഈ ലോകത്തിലെ ഒന്നും സ്വയമേവ ഉണ്ടാകുന്നതായി നമ്മുടെ നിരീക്ഷണങ്ങളില്‍ കാണുന്നില്ല. ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തിന് സ്വയം ഉണ്ടാകാന്‍ കഴിവുണ്ടായിരുന്നെങ്കില്‍, എന്തുകൊണ്ട് അവ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നില്ല എന്ന ചോദ്യത്തിനും ഉത്തരമില്ല. എപ്പോഴും പുതുതായി സ്വയം ഉണ്ടാകുന്ന ഊര്‍ജ്ജം! ഭൗതികശാസ്ത്രത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ഒരു തത്ത്വം – ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല – പോലും അവഗണിച്ചുകൊണ്ടാണ് ഈ ഉത്തരം നമ്മുടെ മുമ്പിലേക്ക് എടുത്തിടുന്നതെന്ന് ശ്രദ്ധിക്കുക.

ഭൗതികവസ്തുക്കളെ നോക്കിയാല്‍, "കാരണം" "കാര്യ"ത്തിനും മുമ്പേ നിലനില്‍ക്കണം എന്നത് അടിസ്ഥാന യാഥാര്‍ത്ഥ്യം ആണ്. മാതാപിതാക്കള്‍ നിലനില്‍ക്കാതെ കുട്ടി ഉണ്ടാകുന്നില്ല. പ്രപഞ്ചം സ്വയം ഉണ്ടാകാന്‍ കാരണമായി എങ്കില്‍, പ്രപഞ്ചം പ്രപഞ്ചത്തിനും മുമ്പേ നിലനിന്നിരുന്നു എന്നാണ്. ഭീമമായ യുക്തിരാഹിത്യം നിറഞ്ഞിരിക്കുന്ന ഒരു പ്രസ്താവനയാണിത്.

ഗ്രാവിറ്റിയോ!
പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് ഒരുപടി കൂടി കടന്നുള്ള കാരണമാണ് കണ്ടെത്തുന്നത് പ്രപഞ്ചം ഉണ്ടായത് ഗ്രാവിറ്റി പോലുള്ള പ്രാപഞ്ചികനിയമങ്ങള്‍ കൊണ്ടാണത്രെ.

ഗ്രാവിറ്റി എന്നത് നിലനില്‍ക്കുന്ന ഈ പ്രപഞ്ചത്തിന്‍റെ ഒരു പ്രോപ്പര്‍ട്ടി (ഗുണം) മാത്രമാണ്. പ്രപഞ്ചം ഇല്ലാത്തപ്പോള്‍, ഗ്രാവിറ്റി എങ്ങനെ നിലനില്‍ക്കും എന്ന് അദ്ദേഹം പരിഗണിക്കുന്നില്ല. നിലനില്‍ക്കാത്ത ഗ്രാവിറ്റി എങ്ങനെയാണ് ഒരു പ്രപഞ്ചത്തെ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചിന്തിക്കുന്നില്ല.

ശാസ്ത്രനിയമം എന്നത് കാര്യകാരണബന്ധങ്ങളില്‍ പങ്കെടുക്കാന്‍ കെല്‍പ്പുള്ള ഒരു ഭൗതിക യാഥാര്‍ത്ഥ്യം അല്ല. ഒരു ഭൗതിക യാഥാര്‍ത്ഥ്യത്തിന് ഊര്‍ജ്ജം അഥവാ ദ്രവ്യം ഉണ്ടാകും. പക്ഷേ, നിയമങ്ങള്‍ സ്വയമേവ ഊര്‍ജ്ജം ഉള്ള ഒന്നല്ല. സാങ്കല്‍പ്പികമായി പറഞ്ഞാല്‍, ഒരു കിലോ ഗ്രാവിറ്റി നമുക്ക് തൂക്കിയെടുക്കാന്‍ ആവില്ല എന്നര്‍ത്ഥം. മറിച്ച്, ഒരു ഭൗതിക യാഥാര്‍ത്ഥ്യങ്ങളുടെ കാര്യകാരണബന്ധങ്ങള്‍ക്കുള്ള വിശദീകരണമാണ് നിയമങ്ങള്‍. ഭൗതികപ്രപഞ്ചത്തിന്‍റെ ചില പ്രതിഭാസങ്ങള്‍ക്കുള്ള ഒരു വിശദീകരണം മാത്രമാണ് ഗ്രാവിറ്റി.

ഇതൊക്കെ ഹോക്കിംഗിന് നന്നായി അറിയാം. ശാസ്ത്രനിയമങ്ങള്‍ കൊണ്ട് ഒരു പ്രോട്ടോണോ ന്യൂട്ട്രോണോ പോലും പുതുതായി ഉണ്ടാകുന്നുവെന്ന് ഹോക്കിംഗ് പറയുന്നില്ല. എന്നുമാത്രമല്ല, അത് ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹത്തിന് അറിയാം. പക്ഷേ, അനിവാര്യമായ മറ്റൊരുത്തരത്തെ അതിഭൗതികമായ ഒരു യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍, ഇത്തരമൊരു ബുദ്ധിപരമായ മന്ത്രജാലവിദ്യ നടത്താന്‍ അദ്ദേഹത്തിന്‍റെ നിരീശ്വരത്വം അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു എന്നു മാത്രം.

അതിഭൗതികമായ മറ്റൊരു യാഥാര്‍ത്ഥ്യം പ്രപഞ്ചത്തിന്‍റെ ആരംഭത്തിന് യഥാര്‍ത്ഥ കാരണം
യുക്തിഹീനമായ കാരണങ്ങളെ ഒഴിവാക്കിയാല്‍, പിന്നെ നമ്മുടെ മുന്‍പില്‍ അവശേഷിക്കുന്ന ഒരേയൊരു ഉത്തരമേ ഉള്ളൂ, അതിഭൗതികമായ എന്തോ ഒരു യാഥാര്‍ത്ഥ്യമാണ് പ്രപഞ്ചോത്ഭവത്തിന്‍റെ ഹേതു.

നാം ഒരു ബഹിരാകാശ യാത്ര നടത്തുന്നു എന്നു സങ്കല്‍പ്പിക്കുക. വിശാലമായ, ശൂന്യമായ ബഹിരാകാശത്ത് നാം നമ്മുടെ പേടകത്തില്‍ യാത്ര ചെയ്യുമ്പോള്‍, അകലെ മറ്റൊരു പേടകം കാണുന്നു. ആ പേടകം എങ്ങനെ അവിടെ വന്നു എന്ന് ചോദിച്ചാല്‍, അത് സ്വയം പൊട്ടിമുളച്ചതാണ് എന്നു പറയാം. അത് സ്വന്തം ഗ്രാവിറ്റി മൂലം ഉണ്ടായി വന്നതാണ് എന്നു വേണമെങ്കിലും പറയാം. അല്ലെങ്കില്‍, അത് മറ്റേതോ ബഹിരാകാശ സഞ്ചാരി ഉണ്ടാക്കിയതാണെന്നും പറയാം. വിവേചനശേഷിയുള്ള ഒരാള്‍ക്ക് ഇതില്‍ ഏതാണ് ഏറ്റവും യുക്തിപരമായ ഉത്തരമെന്ന് കാണാന്‍ വലിയ വിഷമമൊന്നും ഇല്ലല്ലോ.

ജനസേവകര്‍ പറയുന്നതെല്ലാം ജനസേവനമല്ല. വിശ്വാസികള്‍ പ റയുന്നതെല്ലാം വിശ്വാസമല്ല. ശാസ്ത്രജ്ഞന്മാര്‍ പറയുന്നതെല്ലാം ശാസ്ത്രമല്ല. യുക്തിവാദികള്‍ പറയുന്നതെല്ലാം യുക്തിയുമല്ല. ഇതാണ് നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org