ഭൗതികതിന്മകളും വിശദീകരണവും

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-41

ധാര്‍മ്മിക തിന്മകളും ദൈവാസ്ഥിത്വവുമായുള്ള പൊരുത്തം നാം കഴിഞ്ഞ അധ്യായങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്തു. പക്ഷേ, ധാര്‍മ്മിക തിന്മകള്‍ മാത്രമല്ല ഒരു വിശ്വാസിയുടെ മുമ്പിലുള്ള വെല്ലുവിളി. ഭൗതികതിന്മകളെ ദൈവാസ്ഥിത്വവുമായി പൊരുത്തപ്പെടുത്താന്‍ കഴിയുമോ? നമുക്ക് പരിശോധിക്കാം.

ഭൗതികതിന്മകള്‍ ഇല്ലാത്ത സൃഷ്ടലോകം സാധ്യമാണോ?
ചോദ്യം(8): (ചോദ്യത്തിന്‍റെ നമ്പര്‍ കഴിഞ്ഞ അധ്യായത്തിന്‍റെ തുടര്‍ച്ചയാണ്). ദൈവം എന്തു കൊണ്ടാണ് പ്രാപഞ്ചികക്രമത്തിലെ തിന്മകള്‍ അനുവദിച്ചിരിക്കുന്നത്? ഇത്തരം തിന്മകള്‍ ഇല്ലാതെയുള്ള ഒരു സൃഷ്ടിക്ക് ദൈവത്തിനു സാധ്യമാകുമായിരുന്നില്ലേ? കോടാനുകോടി വര്‍ഷങ്ങളിലെ പരിണാമവും തല്ഫലമായിട്ടുള്ള നാശവും ഇല്ലാതെ ഈ ലോകം സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമായിരുന്നില്ലേ? ഇതൊരു തെറ്റായ രൂപകല്പ്പന (Design) അല്ലേ? മനുഷ്യജീവന് ഇത്രമേല്‍ വില കല്പ്പിക്കുന്ന ദൈവം എന്തുകൊണ്ട് കോടാനുകോടി കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ നശിപ്പിച്ചിരിക്കുന്നു (മനുഷ്യര്‍ നടത്തുന്ന ഭ്രൂണഹത്യയല്ല, മറിച്ച് സ്വാഭാവിക അബോര്‍ഷനുകള്‍). അവയൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? 2004-ലെ സുനാമിയുടെ കാഠിന്യം അല്പ്പം കുറച്ചിരുന്നെങ്കില്‍ എത്രയോ ജീവനും ദുരിതവും രക്ഷപ്പെടുമായിരുന്നു? ശരിക്കും ഏറ്റവും വലിയ സാഡിസ്റ്റ് (അന്യന്‍റെ ദുഃഖം ആസ്വദിക്കുന്നയാള്‍) ദൈവമല്ലേ? ഇത്തരം ചോദ്യങ്ങള്‍ എത്രവേണമെങ്കിലും നമുക്ക് ഉന്നയിക്കാന്‍ സാധിക്കും. അനര്‍ഹമായ തിന്മ (Gratuitious Evil) ഈ ലോകത്തില്‍ വളരെയേറെ ഉണ്ട്. എങ്ങനെയാണ് ഒരു ദൈവവിശ്വാസി അതിനോട് പ്രതികരിക്കാനുള്ളത്?

ഉത്തരം: പ്രാപഞ്ചികക്രമത്തിലെ തിന്മകളെ പരിശോധിച്ചാല്‍ ആദ്യം കാണുന്ന വസ്തുത, നിയതമായ ചില ഭൗതികനിയമങ്ങള്‍ പാലിച്ചുകൊണ്ട് സംഭവിക്കുന്ന മാറ്റങ്ങളാണ് ഇത്തരം തിന്മകളിലേക്ക് നയിക്കുന്നതെന്നാണ്. പ്രപഞ്ചമാകെ ഒരു പ്രയാണത്തിലാണ്. ആ പ്രയാണത്തിന്‍റെ കാല്‍വയ്പ്പുകള്‍ പതിയുന്നിടത്തൊക്കെ മാറ്റങ്ങളും മാറ്റങ്ങള്‍ വഴിയുള്ള തിന്മകളും ഭവിക്കുന്നു. സൂര്യന്‍റെ പ്രതലത്തില്‍ ഓരോ സെക്കന്‍ ലും നടക്കുന്നത് വിനാശകരമായ ന്യൂക്ലിയര്‍ ഫ്യൂഷന്‍ ആണ്. അത് മനുഷ്യര്‍ക്ക് നന്മയായി ഭവിക്കു ന്നു. പക്ഷേ, അതേ ഫ്യൂഷന്‍ ഭൂമിയില്‍ സംഭവിച്ചാല്‍ അതികഠിനമായ ദുരന്തമായി മാറുന്നു. ദൈവമാണ് ഇത്തരം അടിസ്ഥാനനിയമങ്ങളും പ്രക്രിയകളും പ്രപഞ്ചത്തിനു നല്കിയതെങ്കില്‍, നാം അംഗീകരിക്കേണ്ട ഒരു വസ്തുതയുണ്ട് സ്രഷ്ടാവിനൊപ്പം പൂര്‍ണ്ണമല്ല ഒരു സൃഷ്ടിയും. ദൈവം പൂര്‍ണ്ണതയാണെങ്കില്‍, പ്രപഞ്ചം അപൂര്‍ണ്ണമാണ്. നന്മയിലും സൗന്ദര്യത്തിലും നിയമങ്ങളിലും ക്രമത്തിലും പൂര്‍ണ്ണതയുള്ള ഒരു പ്രപഞ്ചം ദൈവത്തിനു തുല്യമാണ്. അത് സംഭാവ്യമാണോ? ഒഥല്ലോ എന്ന കൃതി ഷേക്സ്പിയറിന്‍റെ ഭാവനയ്ക്ക് തുല്യമാണോ? പിയേത്ത എന്ന ശില്പ്പം മൈക്കിള്‍ ആഞ്ചലോയുടെ ശില്പ്പവൈഭവത്തിനു സമാനമാണോ? മോണോലിസയും ഒടുവിലത്തെ അത്താഴവും കൂട്ടിവച്ചാല്‍ ഡാവിഞ്ചിയുടെ കരവിരുതിനൊപ്പമാകുമോ? അല്ല, അല്ല, അല്ല എന്നാണ് ഉത്തരം. സ്രഷ്ടാവിനൊപ്പം വരില്ല ഒരു സൃഷ്ടിയും.

പൂര്‍ണ്ണത എന്നത് ഏകമാണ്. പൂര്‍ണ്ണമായ രണ്ടു വ്യത്യസ്ത യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട് എന്നു പറയു ന്നത് യുക്തിവൈരുദ്ധ്യമാണ്. കാരണം, ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ വ്യത്യസ്തമാണെങ്കില്‍, അതിനര്‍ത്ഥം ഒന്നിലില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ രണ്ടാമത്തെ യാഥാര്‍ത്ഥ്യത്തില്‍ ഉണ്ട് എന്നാണല്ലോ. അപ്പോള്‍, രണ്ടും അപൂര്‍ണ്ണമാണെന്നു വരും. അതു പോലെ, സൃഷ്ടിയും സ്രഷ്ടാവും ഒരുമിച്ച് പൂര്‍ണ്ണമായിരിക്കുകയില്ല. (ദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ടെങ്കിലും ദൈവം ഒന്നാണെന്ന് പറയുമ്പോള്‍ ഒഴിവാകുന്നതും ഈ യുക്തിവൈരുദ്ധ്യമാണ്. ദൈവം മൂന്നാണെങ്കില്‍, മൂന്ന് അപൂര്‍ണ്ണ ദൈവങ്ങളായി മാറുന്നു).

അപ്പോള്‍, അപൂര്‍ണ്ണമായ പ്രപഞ്ചത്തിന്‍റെ രൂപകല്പ്പനയുടെ ഭാഗമാണ് നിയതമായ നിയമങ്ങളും പ്രക്രിയകളും അവയുടെ സ്വാഭാവികമായ പാര്‍ശ്വഫലങ്ങളും. ആ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കിയുള്ള ഒരു പ്രപഞ്ചസൃഷ്ടി നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന്‍റെ യഥാര്‍ത്ഥ പൊരുള്‍ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന്, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രക്രിയകള്‍ മാത്രം നടക്കുന്ന ഒരു ലോകം സൃഷ്ടിക്കുക. പക്ഷേ, പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത പ്രക്രിയ എന്നത് അസംഭാവ്യമാണ്, യുക്തി വൈരുദ്ധ്യമാണ് (കഴിഞ്ഞ അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്ത 'സ്വാതന്ത്ര്യമില്ലാത്ത സ്നേഹം' എന്ന സങ്കല്പ്പംപോലെ തന്നെ). രണ്ട്, പൂര്‍ണ്ണത നിറഞ്ഞ ഒരു സ്വതന്ത്രസൃഷ്ടിയെ മറ്റൊരു ദൈവത്തെത്തന്നെ നിര്‍മ്മിക്കുക. ഇതു രണ്ടും അസംഭവ്യമാണ്. (ഒരു ദൈവത്തിന് മറ്റൊരു ദൈവത്തെ സൃഷ്ടിക്കാന്‍ സാധിക്കുമോ? കൗതുകകരമായ ഒരു ചോദ്യമാണത്. ഒരു ദൈവം മറ്റൊരു ദൈവത്തിന് കാരണഭൂതമായാല്‍ത്തന്നെ, രണ്ടാമത്തെ ദൈവം ആദ്യത്തെ ദൈവത്തില്‍ ഒരുമിക്കാതിരിക്കാന്‍ ആവില്ല, കാരണം, മുകളില്‍ പറഞ്ഞതുപോലെ, പൂര്‍ണ്ണതയ്ക്ക് പൂര്‍ണ്ണതയില്‍നിന്ന് വ്യതിരിക്തമാകാന്‍ സാധ്യമല്ല.)

ചുരുക്കത്തില്‍, സൃഷ്ടി എന്ന നിലയില്‍ പ്രപഞ്ചം പേറുന്ന അപൂര്‍ണ്ണതയുടെ പ്രതിഫലനമാണ് പ്രാപഞ്ചികതിന്മകള്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപൂര്‍ണ്ണമല്ലാത്ത പ്രപഞ്ചം ദൈവത്തോട് തുല്യമാണ്. അപ്പോള്‍, ഭൗതികതിന്മകള്‍ ഇല്ലാത്ത ഒരു ലോകം ദൈവത്തില്‍ ഒന്നായി മാറിയ ഒരു ലോകം ആയിരിക്കും. നമ്മുടെ ഇപ്പോഴത്തെ ലോകം അങ്ങനെയല്ല എന്ന് സുവ്യക്തമാണല്ലോ.

ഈ വസ്തുത അംഗീകരിച്ചാലും, ഭൗതികതിന്മകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ചില പ്രധാനപ്പെട്ട ഉപചോദ്യങ്ങള്‍ നമുക്ക് അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org